തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ എസ്ഐടി അന്വേഷണം പുരോഗമിക്കുന്നതിനിടെ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. മുൻപ് സോണിയ ഗാന്ധിയെ കാണാൻ പോയപ്പോൾ താൻ പോറ്റിയോടൊപ്പം ഉണ്ടായിരുന്നുവെന്നും എന്നാൽ, അയാൾ ഒരു കൊള്ളസംഘത്തിന്റെ തലവനാണെന്ന് അന്ന് അറിയില്ലായിരുന്നുവെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.
‘ഉണ്ണികൃഷ്ണൻ പോറ്റി എൻ്റെ നിയോജക മണ്ഡലത്തിലെ വ്യക്തിയാണ്. ആ നിലയിലാണ് പരിചയപ്പെട്ടത്. ശബരിമലയിൽ അന്നദാനം നടത്തുന്നുണ്ടെന്നും ഉദ്ഘാടനം നടത്തണമെന്നും ആവശ്യപ്പെട്ടാണ് പോറ്റി എന്നെ സമീപിച്ചത്. അതിൽ പങ്കെടുത്തിരുന്നു. അതുകഴിഞ്ഞാണ് സോണിയാ ഗാന്ധിക്ക് പ്രസാദം നൽകാനായി പോറ്റി ഡൽഹിയിലെത്തിയത്. സോണിയാ ഗാന്ധിയെ കാണാനുള്ള മുൻകൂർ അനുവാദം പോറ്റിക്കുണ്ടായിരുന്നു. ഞാൻ കൂടെപ്പോകുക മാത്രമാണ് ചെയ്തത്. ഞാൻ മുഖാന്തരമല്ല പോറ്റി സോണിയാ ഗാന്ധിയെ കണ്ടത്’, അടൂർ പ്രകാശ് പറഞ്ഞു.
ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു പാർലമെന്റ് അംഗമാണ് ഈ ഇടപാടുകൾക്കെല്ലാം നേതൃത്വം നൽകിയത്. സിപിഎമ്മിനും ബിജെപിക്കും ഇടയിൽ ഒരു പാലമായി ഇദ്ദേഹം പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഈ വ്യക്തി പോറ്റിയെ പലതവണ ഫോണിൽ വിളിച്ചിട്ടുണ്ടെന്നും ആ ഫോൺ കോളുകൾ കൃത്യമായി പരിശോധിച്ചാൽ ഗൂഢാലോചന പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ മുഖ്യമന്ത്രി തന്റെ ഓഫീസിൽനിന്ന് നേരിട്ട് താഴെവന്ന് ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുവന്ന വാഹനത്തിന്റെ താക്കോൽ ഏറ്റുവാങ്ങിയതായി തെളിഞ്ഞിട്ടുണ്ട്. ഇതിനെക്കുറിച്ച് കൃത്യമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തനിക്കെതിരായ എസ്‌ഐടി അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും അതോടൊപ്പം ഉന്നതതല ബന്ധങ്ങളെക്കുറിച്ചും അന്വേഷണം വേണമെന്നാണ് തൻ്റെ ആവശ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട വ്യക്തികളുടെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് വിശദമായ അന്വേഷണം വേണം. ഇതിനു പിന്നിൽ പ്രവർത്തിച്ചവരുടെ സാമ്പത്തിക ഇടപാടുകൾ കൂടി പുറത്തുകൊണ്ടുവന്നാൽ മാത്രമേ സത്യം തെളിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: UDF Convenor Adoor Prakash makes critical disclosures regarding the Unnikrishnan Potty controversy, shedding light on alleged links and demanding thorough investigation.
Published: 03 Jan 2026, 11:58 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented