കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) ചോദ്യംചെയ്യാനല്ല തന്നെ വിളിപ്പിച്ചതെന്നും മൊഴിയെടുക്കാനാണെന്നും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി. രഹസ്യമായല്ല എസ്‌ഐടിക്ക് മുന്നിൽ പോയതെന്നും എന്നാൽ ഇതുസംബന്ധിച്ച് ചില മാധ്യമങ്ങൾ പല കഥകളും സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.

To advertise here,

''നേരേ വന്ന് കാര്യങ്ങൾ പറയാനുള്ള അന്തസ്സും അഭിമാനവും കാണിക്കുന്ന ഒരാളാണ് ഞാൻ. ഞാൻ ഒളിച്ചോട്ടം നടത്തി, എന്റെ മുഖഭാവം കണ്ടില്ലേ, അത് മാറിക്കൊണ്ടിരിക്കുന്നു എന്നുപറഞ്ഞൊന്നും ദയവായി വാർത്തകൾ സൃഷ്ടിക്കരുത്. വളരെ ആത്മാർഥതയോടെ സന്തോഷത്തോടെ ഇക്കാര്യം പറയാൻ ആഗ്രഹിക്കുന്നു. അത് പറഞ്ഞില്ലെങ്കിൽ ഞാൻ വെറും ഒരു മടയനായി ഇവിടെവന്ന്, മടയത്തരം വല്ലതും പറഞ്ഞുപോയെന്ന് നിങ്ങളും ധരിക്കും.

ഇന്നലെ എന്നെ ചോദ്യംചെയ്യാനല്ല വിളിച്ചത്. എന്റെ മൊഴിയെടുക്കാൻ വേണ്ടിയാണ് വിളിച്ചത്. മൊഴി കൊടുത്തു. ഉണ്ണികൃഷ്ണൻ പോറ്റിയുമായിട്ടുള്ള എന്റെ ചിത്രംവന്നു. ആ ചിത്രം വന്നതിന്റെ അടിസ്ഥാനത്തിൽ അതേക്കുറിച്ച് ചോദിച്ചു. ചോദിച്ച ചോദ്യങ്ങൾക്കെല്ലാം കൃത്യമായ മറുപടി പറഞ്ഞിട്ടുണ്ട്. മറുപടി എഴുതിയെടുത്ത ഉദ്യോഗസ്ഥന്മാരുണ്ട്.

എന്നാൽ, ഇന്നലെ ചാനലുകളിൽ സ്‌ക്രോളിങ് വാർത്തവന്നത് അടൂർ പ്രകാശിനെയും ഉണ്ണികൃഷ്ണൻ പോറ്റിയെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്തുകൊണ്ടിരിക്കുന്നു എന്നാണ്. ആടിനെ പട്ടിയാക്കുന്ന സ്വഭാവത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്'', അടൂർ പ്രകാശ് പറഞ്ഞു.

എസ്‌ഐടി ഇപ്പോൾ അന്വേഷണം വളച്ചൊടിക്കുകയാണെന്നും തനിക്കെതിരായ വാർത്തകൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. എന്ത് ഗൂഢാലോചന നടത്തിയാലും യുഡിഎഫ് അധികാരത്തിൽ വരുമെന്നും അടൂർ പ്രകാശ് പറഞ്ഞു.

''പലരും എന്റെ ചിത്രമെടുക്കാറുണ്ട്. ഞാൻ ആരോടും കൈതട്ടിമാറ്റി ചിത്രമെടുക്കരുതെന്ന് പറയാറില്ല. അവരോടൊപ്പം നിന്ന് പടമെടുക്കും. പക്ഷേ, കള്ളന്മാരും ദുഷ്ടമാരുമാണെന്ന് മനസിലാക്കിയാൽ അവരെ മാറ്റിനിർത്തും. അങ്ങനെ മാറ്റിനിർത്തുന്ന പലയാളുകളുമുണ്ട്. അങ്ങനെ മാറ്റിനിർത്തപ്പെടേണ്ട പലയാളുകളുമുണ്ടെന്ന് എല്ലാവർക്കുമറിയാം.

എന്റെ മൊഴിയെടുക്കണമെന്ന് എസ്‌ഐടി അറിയിച്ചിരുന്നു. അങ്ങനെയാണ് ഇന്നലെ സമയം കണ്ടെത്തി അവിടെ പോയത്. എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകി. പക്ഷേ, അത്തരം കാര്യങ്ങൾ അവിടെ രേഖപ്പെടുത്തുന്ന അവസരത്തിലാണ് പുറത്ത് മാധ്യമങ്ങളിൽ ഇല്ലാത്ത വാർത്തവന്നത്. സത്യാവസ്ഥയുമായി എന്തെങ്കിലും ബന്ധമുണ്ടോ. ഇത്തരം വാർത്ത കൊടുക്കാനായി എൽഡിഎഫ് സർക്കാർ ചില ഉദ്യോഗസ്ഥന്മാരെ അവിടെ നിയോഗിച്ചിരിക്കുന്നു. അത്തരം ഉദ്യോഗസ്ഥരുടെ പേരുകൾ പുറത്തുപറയും.

യുഡിഎഫ് അധികാരത്തിൽവരുമെന്നതിൽ ഒരുസംശയവും വേണ്ട. ആരൊക്കെ ഗൂഢാലോചന നടത്തിയാലും നല്ല ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിൽവരും.

മൊഴിയെടുക്കലിന് ശേഷം മാധ്യമങ്ങളെ കാണാതെ പോകാനുള്ള വഴിയുണ്ടെന്ന് ചില ഉദ്യോഗസ്ഥർ പറഞ്ഞു. അവരെ കണ്ടിട്ടേ പോവുകയുള്ളൂവെന്ന് ഞാൻ പറഞ്ഞു. അവർ എന്നെ കാണാൻ വന്നതാണെങ്കിൽ അവരെ കണ്ടിട്ടേ പോവുകയുള്ളൂവെന്ന് പറഞ്ഞു. ഇന്നലെ എന്റെ മുഖഭാവത്തിൽ മാറ്റമുണ്ടായോ എന്ന് എനിക്കറിയില്ല. എസ്‌ഐടി ഇന്ന് അന്വേഷണം വളച്ചൊടിച്ച് കൊണ്ടുപോകുന്നു. ആരുടെയെങ്കിലും ചിത്രംവെച്ചാണോ എസ്‌ഐടി അന്വേഷണം. ഇത് ഏത് രീതിയിലുള്ള അന്വേഷണമാണ്. എല്ലാ മാധ്യമങ്ങളെയും ഞാൻ വിമർശിച്ചിട്ടില്ല. വിമർശിക്കേണ്ട ചില മാധ്യമങ്ങളെ വിമർശിച്ചിട്ടുണ്ട്. അത് ഇന്ന് അല്ല നാളെ ആയാലും അവരുടെ മുഖത്തുനോക്കി പറയും. അതാണ് അടൂർ പ്രകാശ്'' അദ്ദേഹം പറഞ്ഞു.