കൊച്ചി: അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണ് ആലുവയിലേതെന്നും അത് കോടതിയില്‍ തെളിയിക്കാന്‍ കഴിഞ്ഞതിനാലാണ് പ്രതിക്ക്‌ പരമാവധി ശിക്ഷ ലഭിച്ചതെന്നും എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍. അസ്ഫാക് മറ്റുനിരവധി കേസുകളിലും പ്രതിയായാണ്‌. അതിനാല്‍ ഇത്തരം കുറ്റവാളികള്‍ വീണ്ടും കേസില്‍പെടുമ്പോള്‍ അവരെ പെട്ടെന്നു തിരിച്ചറിയാനും കണ്ടെത്താനുമുള്ള സംവിധാനം രാജ്യത്തുണ്ടാകണമെന്നും അജിത് കുമാര്‍ പറഞ്ഞു. കേസില്‍ പ്രതിക്ക് വധശിക്ഷ വിധിച്ചതിന് പിന്നാലെ കോടതിക്ക് പുറത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

'സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകമായിരുന്നു ഇത്. കേരളത്തില്‍ സാധാരണ കാണാത്ത രീതിയിലുള്ള കുറ്റകൃത്യമാണ് നടന്നത്. ഇരയും പ്രതിയുമെല്ലാം അന്യസംസ്ഥാനത്തുനിന്നും ജോലി ചെയ്യാന്‍വന്ന ആളുകളാണ്. ഈ കേസ് റിപ്പോര്‍ട്ട് ചെയ്തതുവഴി സമ്മൂഹത്തില്‍ കുട്ടികള്‍ക്കെതിരെ ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടക്കാമെന്ന അറിവാണ് ആദ്യം ഉണ്ടായത്. തിരിച്ചറിയാന്‍ സാധിക്കാതിരുന്ന പ്രതിയെ കേസ് റിപ്പോര്‍ട്ട് ചെയ്ത് ഏതാണ്ട് ആറു മണിക്കൂറിനുള്ളില്‍ പിടികൂടാനായി. ഇല്ലെങ്കില്‍ പ്രതിയെ പിടികൂടാന്‍  കഴിയുമായിരുന്നില്ല. പ്രതിയെ പിടികൂടാന്‍ ഏറ്റവും അധികം സഹായിച്ചത് അവിടെയുള്ള നാട്ടുകാരാണ്' - അജിത് കുമാര്‍

ഡല്‍ഹി, പശ്ചിമ ബംഗാള്‍, ബിഹാര്‍, യുപി എന്നിവിടങ്ങളില്‍ പോയി അവിടത്തെ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. ശാസ്ത്രീയമായ എല്ലാ തെളിവുകള്‍ ശേഖരിച്ചിരുന്നു. പോക്‌സോ കേസുകളില്‍ എങ്ങനെ വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി പറഞ്ഞതുപോലെ വളരെ കൃത്യമായി, അധിക സമയമിരുന്നാണ് കോടതി വാദം പൂര്‍ത്തിയാക്കിയത്. ഇത് നീതിന്യായ വ്യവസ്ഥയുടെ ശക്തിയാണ് കാണിക്കുന്നത്. 30 ദിവസത്തിനുള്ളില്‍ കേസ് അന്വേഷിച്ചു, 60-ാം ദിവസം വിചാരണ പൂര്‍ത്തിയാക്കി. 100-ാം ദിവസം വിധി പറഞ്ഞു. 110-ാം ദിവസം ശിക്ഷ വിധിച്ചെന്നും അജിത് കുമാര്‍ പറഞ്ഞു.