
പി.ടി. തോമസും ഉമ തോമസും (ഫയൽ ചിത്രം) - ഫോട്ടോ - മാതൃഭൂമി
കൊച്ചി: 'ഡ്രൈവര്‍ നിങ്ങളെ പറ്റിച്ചെന്ന് ഞാന്‍ നടിയോട് സൂചിപ്പിച്ചു. എനിക്കും സംശയം തോന്നുന്നുവെന്നും ആക്രമിക്കപ്പെട്ടപ്പോള്‍ അയാള്‍ വളരെപ്പതുക്കെയാണ് വണ്ടിയോടിച്ചതെന്നും നടി പറഞ്ഞു. ധൈര്യമായിരിക്കണം, നിങ്ങളുടെ ധൈര്യമാകും ഈ കേസിന്റെ ഭാവി നിര്‍ണയിക്കുകയെന്നും ഞാന്‍ അവരോട് പറഞ്ഞു...'
നടി ആക്രമിക്കപ്പെട്ട ദിവസം അവരെ കണ്ട പി.ടി. തോമസ് എംഎല്‍എ കുറിച്ചിട്ട വാക്കുകളാണിത്. അകാലത്തില്‍ പൊലിഞ്ഞ പി.ടി.യുടെ ആ വാക്കുകള്‍ പിന്നീട് സത്യമാകുന്നതാണ് കേസിന്റെ തുടക്കം മുതല്‍ ലോകം കണ്ടത്. നടിയുടെ മാത്രമല്ല, നിലപാടുകളില്‍നിന്ന് ഒരുകാലത്തും ഒരിഞ്ചുപോലും പിന്നോട്ട് പോകാന്‍ തയ്യാറാകാതിരുന്ന പി.ടി. തോമസിന്റെ ധൈര്യവും കേസിന്റെ ഭാവി നിര്‍ണയിച്ചു. ഇടപെടാതിരിക്കാനും മൊഴി കൊടുക്കാതിരിക്കാനും പല കോണുകളില്‍നിന്നും സമ്മര്‍ദമുണ്ടായിട്ടും പി.ടി. വഴങ്ങിയില്ല...
'അന്ന് രാത്രി പി.ടി. ഉറങ്ങാന്‍ കിടന്നതായിരുന്നു. ഞാന്‍ ഓഫീസിലെ കുറച്ച് ജോലികള്‍ ബാക്കിയുള്ളത് തീര്ക്കാനായിരിക്കുകയായിരുന്നു...' പാലാരിവട്ടം വൈലാശ്ശേരി റോഡിലെ വീട്ടില്‍ പി.ടി. തോമസിന്റെ ചിത്രത്തിന് മുന്നിലിരുന്ന് ഭാര്യ ഉമ തോമസ് എംഎല്‍എ 2017 ഫെബ്രുവരി 17-ന്റെ രാത്രിയെക്കുറിച്ച് പറഞ്ഞു തുടങ്ങി.
'പതിനൊന്നു മണിയായപ്പോള്‍ പി.ടി.യ്ക്കൊരു ഫോണ്‍ വന്നു. ഉടനെ എഴുന്നേറ്റ് പുറപ്പെടാന്‍ തയ്യാറായി, എങ്ങോട്ടാണെന്ന് ചോദിച്ചെങ്കിലും പറഞ്ഞില്ല. പോയി വന്നിട്ട് പറയാം എന്ന് പറഞ്ഞിറങ്ങി....ഏറെ വൈകി തിരികെയെത്തിയ പി.ടി. അസ്വസ്ഥനായിരുന്നു... അങ്ങനെ ഞാനതുവരെ കണ്ടിട്ടില്ല. ചാരുകസേരയില്‍ കിടന്നുകൊണ്ട് നടന്ന സംഭവങ്ങളെല്ലാം എന്നോട് പറഞ്ഞു...നമ്മുടെ വീട്ടിലെ ഒരു മകള്‍ക്കാണിത് സംഭവിച്ചതെങ്കിലോ.. പി.ടി. ചോദിച്ചു....അന്ന് ഉറങ്ങിയിട്ടേയില്ല, ഞങ്ങള്‍ രണ്ടാളും...' ഉമാ തോമസ് പറഞ്ഞു.
പി.ടി.യ്ക്ക് ആ രാത്രിയില്‍ വന്ന ഫോണ്‍കോള്‍ നിര്‍മാതാവ് ആന്റോ ജോസഫിന്റേതായിരുന്നു. ആക്രമിക്കപ്പെട്ട ശേഷം യുവനടി അഭയം തേടിയത് നടനും സംവിധായകനുമായ ലാലിന്റെ വീട്ടിലായിരുന്നു. പി.ടി.യുടെ വീടിന്റെ അടുത്ത് താമസിച്ചിരുന്ന ആന്റോ, സംഭവമറിഞ്ഞ് ലാലിന്റെ വീട്ടിലേക്ക് പോകാനൊരുങ്ങവേ വിവരം പി.ടി.യോട് പറഞ്ഞു. ആന്റോയുടെ കാറില്‍ പി.ടി.യും കയറി. ലാലിന്റെ വീട്ടിലെത്തിയപ്പോള്‍ അവിടെ തൃക്കാക്കര പോലീസ് അസിസ്റ്റന്റ് കമ്മീഷണറും രണ്ടുമൂന്ന് പോലീസുകാരുമുണ്ടായിരുന്നു. ലാലും കുടുംബാംഗങ്ങളും വീടിന് പുറത്തുണ്ടായിരുന്നു. അകത്ത് സോഫയില്‍ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി യുവനടിയും.
'ഞാനിപ്പോ ചാകുവേ' എന്ന കള്ളക്കരച്ചില്
എംഎല്‍എ ആണെന്ന് പരിചയപ്പെടുത്തിയപ്പോള്‍, നടി ഉണ്ടായ സംഭവം വിശദമായി പറഞ്ഞു. അക്രമികള്‍ വണ്ടിയില്‍ കയറാനുണ്ടായ സാഹചര്യം പി.ടി. ചോദിച്ചു. അപകടമുണ്ടാക്കിയ ശേഷം അവര്‍ ബലമായി കയറുകയായിരുന്നെന്ന് നടി പറഞ്ഞു. ഡ്രൈവര്‍ രക്ഷിക്കാന്‍ ശ്രമിച്ചില്ലേ എന്ന് പി.ടി. ചോദിച്ചപ്പോള്‍ അവന് പാവമാണെന്നും അവനേയും ഉപദ്രവിച്ചു എന്നാണ് നടി പറഞ്ഞത്.
അടിവയറ്റില്‍ അമര്‍ത്തിപ്പിടിച്ച്, 'ഞാനിപ്പോ ചാകുവേ' എന്ന് കരഞ്ഞു കൊണ്ടാണ് ഡ്രൈവര്‍ മാര്ട്ടിന് കാര്യങ്ങള്‍ വിവരിച്ചത്. നടിയെ ആക്രമിച്ചവര്‍ തന്നെയും മര്‍ദ്ദിക്കുകയും വയറ്റില്‍ ചവിട്ടുകയും ചെയ്തെന്നും കഠിനമായ വേദനയുണ്ടെന്നും മാര്ട്ടിന് പറഞ്ഞു. ഇത് കണ്ട പി.ടി. തോമസ് മാര്‍ട്ടിനെ ആശുപത്രിയില്‍ കൊണ്ടുപോകാമെന്നാണ് ആദ്യം കരുതിയത്. കുറേ കഴിഞ്ഞ് ജനാലയിലൂടെ നോക്കുമ്പോള്‍ അതുവരെ വേദനയെന്ന് പറഞ്ഞ് കരഞ്ഞ മാര്ട്ടിന്, വളരെ കൂളായി നില്‍ക്കുന്നത് കണ്ടു. അപ്പോള്‍ തന്നെ പോലീസുകാരോട് രഹസ്യമായി അയാളെ സംശയമുണ്ടെന്ന് പി.ടി. പറഞ്ഞു. അതായിരുന്നു കേസിലെ ആദ്യ വഴിത്തിരിവ്.
അസിസ്റ്റന്റ് കമ്മിഷണര്‍ അയാളെ ചോദ്യം ചെയ്തു, ഫോണ്‍ പിടിച്ചു വാങ്ങി. അതില്‍ സിം ഇല്ലായിരുന്നു. നീ ഫോണില്‍ നിന്ന് സുനിയെ വിളിച്ചില്ലേടാ എന്ന പോലീസിന്റെ ചോദ്യത്തില്‍ തന്നെ വിളിച്ച കാര്യം മാര്ട്ടിന് സമ്മതിച്ചു. മാര്‍ട്ടിനില്‍നിന്ന് നമ്പര്‍ വാങ്ങി ആന്റോ ജോസഫ് പള്‍സര്‍ സുനിയെ വിളിച്ചു. പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു വിളി. രണ്ടുവട്ടം വിളിച്ചിട്ടും എടുത്തില്ല, അല്പം കഴിഞ്ഞ് സുനി തിരിച്ചുവിളിച്ചു, ആന്റോയാടാ എന്ന് പറഞ്ഞതും ഫോണ്‍ കട്ട് ചെയ്തു. വീണ്ടും വിളിച്ചു, ഫോണെടുത്തതും അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കൈമാറി അയാള്‍ ഹലോ പഞ്ഞതും പള്‍സര്‍ സുനി ഫോണ്‍ കട്ട് ചെയ്തു. അതിനകം പള്‍സര്‍ സുനിയുടെ ടവര്‍ ലൊക്കേഷന്‍ ഗാന്ധിനഗര്‍ ഭാഗത്താണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
അന്നത്തെ ഐ.ജി. പി. വിജയനെ പി.ടി. തോമസ് ഫോണില്‍ വിളിച്ചു. വിജയന് ആവശ്യപ്പെട്ടത് പ്രകാരം നടിക്ക് ഫോണ്‍ കൈമാറി. ഏതാണ്ട് 25 മിനിറ്റോളം നടന്ന സംഭവങ്ങള്‍ നടി, ഐജിയോട് വിശദീകരിച്ചു.
'ഞാനൊട്ടും കൂട്ടിപ്പറയില്ല, കുറച്ചു പറയാനും തയ്യാറല്ല...'
നടി ആക്രമിക്കപ്പെട്ട കേസില്‍ ഇടപെടാതിരിക്കാനും മൊഴി നല്കാതിരിക്കാനും പി.ടി.ക്കുമേല് ശക്തമായ സമ്മര്‍ദ്ദം 'എല്ലാ മേഖലകളില്‍'നിന്നും ഉണ്ടായിരുന്നുവെന്ന് ഉമാ തോമസ് എം.എല്‍.എ. പറയുന്നു. 'ഇതിലൊന്നും പെടേണ്ട, ഇത്രയും ആക്ടീവ് ആയി നില്‍ക്കണ്ട, മൊഴി കൊടുക്കാനൊന്നും പോകേണ്ട എന്നൊക്കെ പി.ടി.യോട് പറഞ്ഞവരുണ്ട്. അതില്‍ പി.ടി.യോട് സ്നേഹമുള്ളവരും ഉണ്ടായിരുന്നു. പല മേഖലകളില്‍നിന്നും സ്നേഹപൂര്‍വം വിളിച്ച് സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടായിരുന്നു. അങ്ങനെ വിളിച്ചവരോടെല്ലാം പി.ടി. പറഞ്ഞത് ഒറ്റവാചകമായിരുന്നു, 'ഞാനൊട്ടും കൂട്ടിപ്പറയില്ല, കുറച്ചു പറയാനും തയ്യാറല്ല...' അത് പി.ടി. അക്ഷരംപ്രതി പാലിക്കുകയായിരുന്നു. പലരേയും രക്ഷിക്കാന്‍ പലരും ഇടപെട്ടതായി പി.ടി.ക്ക് തോന്നലുകളുണ്ടായിരുന്നു. ഒരാളെക്കുറിച്ചും പി.ടി. പേരെടുത്ത് പരാമര്‍ശം നടത്തിയിട്ടുമില്ല.' ഉമാ തോമസ് പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് പി.ടി. തോമസ് കത്ത് നല്‍കിയിരുന്നു. എന്നാല്‍ സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി പരസ്യമായി പറഞ്ഞതിനെതിരേ പി.ടി. തോമസ് ശക്തമായി രംഗത്തുവന്നു. 'മുഖ്യമന്ത്രി പിണറായി വിജയന് അത് അന്വേഷിക്കാതെ പറയാന്‍ പാടില്ലായിരുന്നു എന്നായിരുന്നു പി.ടി. അന്ന് സ്വീകരിച്ച നിലപാട്...' ഉമാ തോമസ് പറഞ്ഞു. വിവാദമായതോടെ ഗൂഢാലോചനയില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
സ്ത്രീകള്‍ക്ക് നേരെ വര്‍ധിച്ചുവരുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് പി.ടി. തോമസ് 24 മണിക്കൂര്‍ ഉപവാസം സമരവുമിരുന്നു. 'ഇതിനിടെ പി.ടി.യെ അപകടപ്പെടുത്താന്‍ ശ്രമമുണ്ടായി. കാറിന്റെ ടയറുകളുടെ നാല് ബോള്‍ട്ടുകള്‍ ലൂസ് ആക്കി വെച്ചിരുന്നു. സര്‍വീസ് ചെയ്ത് കൊണ്ടുവന്നതിന്റെ രണ്ടാം ദിവസമായിരുന്നു അത്. വീട്ടില്‍ നിന്നുള്ള പോക്കറ്റ് റോഡില്‍ വെച്ചേ നാട്ടുകാരിലൊരാള്‍ കണ്ടതിനാല്‍ രക്ഷപ്പെട്ടു. ഹൈവേയിലേക്ക് കയറി വേഗതയെടുത്താല്‍ ഉറപ്പായും അപകടമുണ്ടായേനേ...ആശുപത്രി കിടക്കയില്‍ വെച്ചും കേസിന്റെ കാര്യങ്ങള്‍ പി.ടി. ബന്ധപ്പെട്ടവരോട് ആരായുമായിരുന്നു.' ഉമതോമസ് പറയുന്നു.
‘ചേച്ചി, ഞാന്‍ പറഞ്ഞിരുന്നില്ലേ എനിക്ക് നീതി കിട്ടുമോ എന്ന് സംശയമുണ്ടെന്ന്’
ആക്രമിക്കപ്പെട്ട നടിയോട് പി.ടി. പലപ്പോഴും ഫോണില്‍ സംസാരിക്കുകയും ധൈര്യം കൊടുക്കുകയും ചെയ്തിരുന്നു. പി.ടി. തോമസിന്റെ മരണശേഷം ഭാര്യ ഉമാ തോമസും അത് തുടരുന്നു. 'കഴിഞ്ഞ ദിവസം കൂടി ഞാന്‍ വിളിച്ചിരുന്നു, ആ കുട്ടി പറഞ്ഞ വാചകങ്ങള്‍ ഇപ്പോഴും മനസ്സിലുണ്ട്, ഡിസംബര്‍ എട്ട് എന്ന് പറഞ്ഞാല്‍ സത്യത്തില്‍ ടെന്‍ഷനാണ് ചേച്ചി, ഞാന്‍ പറഞ്ഞിരുന്നില്ലേ എനിക്ക് നീതി കിട്ടുമോ എന്ന് സംശയമുണ്ടെന്ന്. എല്ലാവരും പറയുമ്പോ ചിലപ്പോള്‍ നീതി കിട്ടിയാലോ എന്ന പ്രതീക്ഷയുമുണ്ട്...'
'വലിയ മനസ്സ്, ഒരിക്കലും മറക്കാനാകില്ല...'
'പി.ടി. തോമസ് സാറിനെ എനിക്കും എന്റെ കുടുംബത്തിനും ഒരിക്കലും മറക്കാനാകില്ല...' ആക്രമിക്കപ്പെട്ട നടി, പി.ടി. തോമസിന്റെ മരണ ശേഷം ഒരു ചടങ്ങില്‍ പങ്കെടുക്കവേ പറഞ്ഞതിങ്ങനെയായിരുന്നു. 'ജീവിതത്തില്‍ വലിയൊരു പ്രതിസന്ധിയുണ്ടായപ്പോള്‍ എന്റെ കൂടെ വളരെ ശക്തമായി നിന്നൊരാളാണ്. ജീവിതത്തില്‍ ഒരുപാട് പേരെ നമുക്കങ്ങനെ കണ്ടുമുട്ടാനാകില്ല. വളരെ അണ്‍കണ്ടീഷണലായി മറ്റുള്ളവരുടെ പ്രശ്നത്തിന് കൂടെ നില്ക്കാന് വലിയൊരു മനസ്സുവേണം. അദ്ദേഹത്തിന്റെ ഭാര്യ ഉമചേച്ചി വിളിക്കുമ്പോള്‍ എനിക്ക് അത് സാര്‍ വിളിക്കുന്നത് പോലെ തന്നെയാണ്....' അവര്‍ പറഞ്ഞു.
Published: 09 Dec 2025, 04:42 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented