കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് നടൻ ജയറാമിനെ ഇ.ഡി. ചോദ്യം ചെയ്യും. അടുത്ത ചൊവ്വാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ജയറാമിന് ഇ.ഡി. നോട്ടീസ് നൽകി.
ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധവും സാമ്പത്തിക ഇടപാടുംകളും സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കാര്യങ്ങളുമടക്കം ഇ.ഡി. പരിശോധിക്കുമെന്നാണ് വിവരം. നേരത്തെ ജയറാമിനെ സാക്ഷിയെന്ന നിലയിൽ എസ്ഐടി ചോദ്യംചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇ.ഡിയും ചോദ്യംചെയ്യലിനായി ജയറാമിനെ വിളിപ്പിച്ചിരിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയേയും ചോദ്യംചെയ്യലിനായി ഇ.ഡി. വിളിപ്പിച്ചേക്കുമെന്നാണ് വിവരം.
ശബരിമലയിലെ സ്വർണപ്പാളികൾ പൂജിച്ചതുമായി ബന്ധപ്പെട്ട് ജയറാം നൽകിയ വിശദീകരണങ്ങളിൽ പൊരുത്തക്കേടുള്ളതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എസ്‌ഐടി ജയറാമിന്റെ മൊഴിയെടുത്തത്.
സ്മാർട്ട് ക്രിയേഷൻസിൽ പൂജ നടന്ന അതേദിവസമാണ് തന്റെ വീട്ടിലും പൂജ നടന്നത് എന്നായിരുന്നു നടൻ നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ, സ്മാർട്ട് ക്രിയേഷൻസിൽവെച്ച് നടന്ന, ജയറാം പങ്കെടുത്ത പൂജയിലുണ്ടായിരുന്നത് സ്വർണ കട്ടിളപ്പാളികളായിരുന്നു. ഇത് 2019 ജൂൺ മാസത്തിലായിരുന്നു നടന്നത്. ജയറാമിന്റെ വീട്ടിൽ നടന്നത് ദ്വാരപാലകപാളികൾ വെച്ചുള്ള പൂജയായിരുന്നു. ഇത് നടന്നതാകട്ടെ സെപ്റ്റംബർ മാസത്തിലുമായിരുന്നു. രണ്ട് മാസങ്ങളിൽ നടന്ന പൂജകൾ എന്തിന് ഒരേദിവസം നടന്നു എന്ന് ജയറാം പറഞ്ഞു എന്നത് ചോദ്യങ്ങൾ ഉയർത്തിയിരുന്നു. ഇതെല്ലാം സംബന്ധിച്ച വിവരങ്ങൾ എസ്‌ഐടി ആരാഞ്ഞിരുന്നതായാണ് വിവരം.
ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്തബന്ധമുണ്ടായിരുന്നെന്ന് നേരത്തെ ജയറാം മൊഴിനൽകിയിരുന്നു. ശബരിമലയിലെ പ്രധാനപ്പെട്ട ഒരാൾ എന്ന നിലയ്ക്കായിരുന്നു പരിചയം. മകരവിളക്ക് സമയത്താണ് പോറ്റിയെ പരിചയപ്പെട്ടത്. ശേഷം പോറ്റി പലവട്ടം ചെന്നൈയിലെ വീട്ടിൽ വന്നിട്ടുണ്ട്. ദ്വാരപാലകപാളികൾ തന്റെ വീട്ടിൽ കൊണ്ടുവന്നപ്പോഴാണ് പൂജ നടത്തിയത്. സ്മാർട്ട് ക്രിയേഷൻസിൽ സ്വർണപ്പാളികൾ വെച്ച് നടത്തിയ പൂജയിൽ പങ്കെടുത്തിട്ടുമുണ്ട്. പോറ്റി ക്ഷണിച്ചിട്ടാണ് പോയത്. സ്മാർട്ട് ക്രിയേഷൻസുമായോ സ്‌പോൺസർമാരുമായോ പരിചയമില്ലെന്നും അന്ന് എസ്ഐടിക്ക് മുമ്പിൽ ജയറാം മൊഴി നൽകിയെന്നായിരുന്നു വിവരം.
Content Highlights: Actor Jayaram Summoned by ED in Sabarimala Gold Smuggling Case
Published: 10 Feb 2026, 08:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented