കൊട്ടാരക്കര: നാടിനെ ഞെട്ടിച്ച് വിക്ടറി ഗ്രൂപ്പ് ഉടമ എ.സി തോമസിന്റെയും ഭാര്യ ലൊവേനി തോമസിന്റെയും അപകടമരണം. വിയറ്റ്‌നാമിലെ ഫുക്വോക്കിന് സമീപം ബോട്ട് മറിഞ്ഞുണ്ടായ ദുരന്തത്തിൽ ഇരുവരും അകപ്പെട്ടതായി സർക്കാർ സ്ഥിരീകരിച്ചു. ഇരുവരുടേയും മൃതദേഹങ്ങൾ ഉടൻ നാട്ടിലേക്കെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.

To advertise here,

ജൂലൈ ഏഴിനാണ് തോമസും ഭാര്യയും വിയറ്റ്‌നാമിലേക്ക് യാത്ര പോയത്. ചെന്നൈയിലേക്ക് ട്രെയിൻ മാർഗം സഞ്ചരിച്ച് അവിടെനിന്ന് വിമാനമാർഗമാണ് വിയറ്റ്‌നാമിലെത്തിയത്. സംഘമായാണ് ഇവർ യാത്ര നടത്തിയത്. ബിസിനസ്സുമായി ബന്ധപ്പെട്ട് ലഭിച്ച ടൂർ പാക്കേജിലാണ് ഇരുവരും യാത്രചെയ്തതെന്ന സൂചനയുണ്ട്.

വിയറ്റ്‌നാമിലെ വിനോദസഞ്ചാര കേന്ദ്രമായ ഫുക്വോക് ദ്വീപിന് സമീപത്ത് പ്രാദേശിക സമയം 10.30 ഓടെയാണ് അപകടമുണ്ടായത്. 32 ഇന്ത്യൻ യാത്രികരും മൂന്ന് ക്രൂ അംഗങ്ങളും ഒരു അറ്റൻഡന്റുമാണ് ബോട്ടിലുണ്ടായിരുന്നത്. 21 പേരെ രക്ഷപ്പെടുത്തി. മരണപ്പെട്ട 15 പേരിൽ രണ്ട് പേർ കേരളത്തിൽനിന്നും മൂന്ന് പേർ ആന്ധ്രപ്രദേശിൽനിന്നും പത്ത് പേർ തമിഴ്‌നാട്ടിൽ നിന്നുമുള്ളവരാണ്. ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങും രാഷ്ട്രപതിയും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

1968 മുതൽ മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും വിൽക്കുന്ന വ്യവസായസ്ഥാപനമാണ് വിക്ടറി. അപകടമുണ്ടായതിന് പിന്നാലെ ഇരുവരേയും കാണാനില്ലെന്ന അറിയിപ്പ് കൊല്ലം ജില്ലാഭരണകൂടത്തിനും സർക്കാരിനും ലഭിച്ചിരുന്നു.