ഇരിട്ടി: പങ്കാളിത്തക്കൃഷിയുടെ പേരില്‍ ആറളം ഫാമിലെ ആദിവാസിഭൂമി വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ദീര്‍ഘകാലത്തേക്ക് പാട്ടത്തിന് നല്‍കിയ ഫാം മാനേജ്മെന്റിന്റെ നടപടിക്കെതിരേ നിലപാട് കടുപ്പിച്ച് സി.പി.എമ്മിന്റെ ആദിവാസി സംഘടനയായ ആദിവാസി ക്ഷേമസമിതി.

To advertise here,

സര്‍ക്കാരിന്റെയോ പട്ടികവര്‍ഗ വികസന വകുപ്പിന്റെയോ അനുമതി ഇല്ലാതെ ചില വകുപ്പുമേധാവികള്‍ സ്വന്തം ഇഷ്ടപ്രകാരം ഭൂമി ദീര്‍ഘകാലത്തേക്ക് പാട്ടക്കരാര്‍ ഉണ്ടാക്കുകയായിരുന്നുവെന്ന് ആദിവാസി ക്ഷേമസമിതി കുറ്റപ്പെടുത്തി. ആദിവാസിഫണ്ട് ഉപയോഗിച്ച് 42.09 കോടി രൂപയ്ക്ക് കേന്ദ്രസര്‍ക്കാരില്‍നിന്ന് വാങ്ങിയ ഭൂമി ആദിവാസികള്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്. ഈ ആദിവാസിമണ്ണിനെ സംരക്ഷിക്കാന്‍ ഫെബ്രുവരി ആദ്യവാരം പാട്ടക്കരാര്‍ നല്‍കിയ ഭൂമിയിലേക്ക് ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി കൊടികുത്തി കുടില്‍കെട്ടി അവകാശം സ്ഥാപിക്കുമെന്ന് ആദിവാസി ക്ഷേമസമിതി നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

പങ്കാളിത്ത കൃഷിയുടെ പേരില്‍ ഫാം ബ്ലോക്ക് ഒന്നില്‍ മാലൂര്‍ അഗ്രോ ഫാം പ്രൈവറ്റ് ലിമിറ്റഡിന് 530 ഏക്കര്‍ ഭൂമി 30 വര്‍ഷത്തേക്കും എറണാകുളത്തെ അഗ്രി ഫാമിന് 1000 ഏക്കര്‍ കൈതച്ചക്ക കൃഷിക്ക് നാലുവര്‍ഷത്തേക്കും എറണാകുളത്തെ കെ.വി.എസ്. ഫുഡ് പ്രൊഡക്ഷന്‍ കമ്പനിക്ക് 25 ഏക്കര്‍ 30 വര്‍ഷത്തേക്ക് പന്നിഫാം നടത്താനും ഇരിട്ടി ബാവലി കമ്യൂണ്‍ കമ്പനിക്ക് 100 ഏക്കര്‍ 30 വര്‍ഷത്തേക്കും പാട്ടത്തിന് നല്‍കിയിട്ടുണ്ടെന്ന് നേതാക്കള്‍ പറഞ്ഞു. പാട്ടക്കരാര്‍ ഉണ്ടാക്കിയ കമ്പനികളുടെ വിശ്വാസ്യത ഉറപ്പാക്കുകയോ ഈ മേഖലയില്‍ അവര്‍ക്കുള്ള മുന്‍കാല പരിചയസമ്പത്ത് വിലയിരുത്തുകയോ ചെയ്തിട്ടില്ല.

ആദിവാസികള്‍ക്ക് തൊഴില്‍ നല്‍കുമെന്ന പ്രഖ്യാപനവും തട്ടിപ്പാണ്. തോട്ടവിളകള്‍ ഉത്പാദിപ്പിച്ച് ഫാമിന്റെ ആസ്തി വര്‍ധിപ്പിക്കുന്നതിന് ആദിവാസി ക്ഷേമസമിതി എതിരല്ല. എന്നാല്‍ അതിന്റെ പേരില്‍ ഭൂമാഫിയകളുടെ വിളയാട്ടം അനുവദിക്കില്ല. ആദിവാസി ക്ഷേമസമിതി ജില്ലാ സെക്രട്ടറി കെ. മോഹനന്‍, ജില്ലാ കമ്മിറ്റി അംഗം കൃഷ്ണന്‍ കോട്ടി, ഏരിയാ സെക്രട്ടറി കെ.എ. ജോസ് എന്നിവര്‍ പറഞ്ഞു.

സി.പി.എമ്മിന് തലവേദനയാകും

എ.കെ.എസിന്റെ സമരം സി.പി.എമ്മിനും വലിയ തലവേദനയായി മാറും. പാര്‍ട്ടി അധികാരത്തില്‍ ഉള്ളപ്പോള്‍ പട്ടികവര്‍ഗ വികസന വകുപ്പിന്റെ അധീനതയിലുള്ള ഭൂമി സ്വകാര്യ സംരംഭകര്‍ക്ക് ദീര്‍ഘകാലത്തേക്ക് കൈയടക്കി വെക്കാനുള്ള അവകാശം ലഭിച്ചത് ഏത് വഴിയിലൂടെയാണെന്ന ചോദ്യം ശക്തമായി ഉയരുന്നുണ്ട്. ഫാമില്‍നിന്ന് കോടികള്‍ വിലവരുന്ന മരത്തടികള്‍ പാഴ്മരങ്ങളുടെ മുറിച്ചുനീക്കിയതും വിവാദമായി നില്‍കുമ്പോഴാണ് ഭൂമി പാട്ടത്തിന് കൊടുക്കാനുള്ള തീരുമാനവും ഉണ്ടായത്.