തിരുവനന്തപുരം: തുടരെയുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെ സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ വന്‍ അഴിച്ചുപണി. മുന്‍ എം.പിയും മന്ത്രി കെ. രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയുമായ എ. സമ്പത്തിനെ സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കിയതാണ് ഇതില്‍ ശ്രദ്ധേയമായ മാറ്റം. അനുപമയുടെ കുട്ടിയെ ആന്ധ്രയിലേക്ക് അനധികൃതമായി ദത്തുനല്‍കിയ സംഭവത്തില്‍ ആരോപണ വിധേയനായ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാനെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

To advertise here,

സമ്പത്ത് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കൊടുക്കുന്നില്ല എന്ന വിമര്‍ശനം ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്നിരുന്നു. 46 അംഗങ്ങളുള്ള ജില്ലാകമ്മിറ്റിയില്‍ ഒന്‍പത്  പേര്‍ പുതുമുഖങ്ങളാണ്. ഷിജുഖാന് പുറമെ എസ്.എഫ്.ഐ പ്രസിഡന്റ് വി.എ. വിനീഷ്, ഡി.വൈ.എഫ്.ഐ നേതാവ് കെ.പി. പ്രമോഷ്, എസ്.പി ദീപക് എന്നിവരെയും ജില്ലാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ എം.എല്‍.എ വി.കെ പ്രശാന്തിനെയും തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെയും ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ശിശുക്ഷേമ സമിതി മുന്‍  ജനറല്‍ സെക്രട്ടറിയാണ് എസ്.പി. ദീപക്. പട്ടിണി കാരണം കൈതമുക്കിലെ കുട്ടികള്‍ മണ്ണുവാരി തിന്നെന്ന പരാമര്‍ശത്തെ തുടര്‍ന്ന് അന്ന് വഞ്ചിയൂര്‍ ഏരിയ കമ്മിറ്റിയംഗമായിരുന്ന ദീപക്കിനെ പേട്ട ലോക്കല്‍ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയിരുന്നു. അന്ന് സര്‍ക്കാര്‍ നിലപാടിനെതിരെ നിന്നിട്ടും ഇത്തവണ ജില്ലാ കമ്മിറ്റിയിലേക്ക് ഉള്‍പ്പെടുത്തിയെന്നതാണ് ശ്രദ്ധേയം.

Content Highlights : A Sampath was expelled from the CPM Thiruvananthapuram District Committee