കൊച്ചി: തൃക്കാക്കര എം.എല്‍.എ. ഉമാ തോമസിന്റെ ചികിത്സയുടെ ഭാഗമായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. എല്ലാ ചികിത്സാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

To advertise here,

'എം.എല്‍.എയെ പ്രവേശിപ്പിച്ചിരുന്ന ആശുപത്രി അധികൃതരുമായും ഡോക്ടര്‍മാരുമായും സംസാരിച്ചിരുന്നു. നിലവില്‍ എം.എല്‍.എ വെന്റിലേറ്റഡാണ്. അവിടെയൊരു മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചുകൊണ്ട് എം.എല്‍.എയുടെ ആരോഗ്യസ്ഥിതി വിലയിരുത്തി ചികിത്സ നടത്തുകയാണ്. 24 മണിക്കൂര്‍ മുതല്‍ 48മണിക്കൂറിനുള്ളില്‍ റിക്കവര്‍ ചെയ്യുമെന്നാണ് പറഞ്ഞിട്ടുള്ളത്. ആരോഗ്യ വകുപ്പ് മെഡിക്കല്‍ വിദഗ്ദ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ഈ സംഘം ഇന്നുതന്നെ ആശുപത്രിയിലെത്തും. മെഡിക്കല്‍ ബുള്ളറ്റിന്‍ അല്‍പ്പ സമയത്തിനുള്ളില്‍ ഇറക്കും. വേണ്ട ക്രമീകരണങ്ങളെല്ലാം ചെയ്തിട്ടുണ്ട്'- വീണ ജോര്‍ജ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു

കലൂര്‍ നെഹ്രു സ്റ്റേഡിയത്തില്‍ ഗിന്നസ് റെക്കോഡുമായി ബന്ധപ്പെട്ട് 12000 നര്‍ത്തകര്‍ അണിനിരക്കുന്ന നൃത്തപരിപാടി കാണാനെത്തിയതായിരുന്നു ഉമാ തോമസ് എം.എല്‍.എ. ഗിന്നസ് റെക്കോര്‍ഡിനായി സംഘടിപ്പിച്ച മൃദംഗനാദം നൃത്തപരിപാടിക്കിടെയാണ് അപകടം സംഭവിച്ചത്. ആളുകളോട് സംസാരിച്ചുകൊണ്ട് ഇരിപ്പിടത്തില്‍ ഇരിക്കാനായുമ്പോള്‍ വി.ഐ.പി സുരക്ഷയ്ക്കായി ഒരുക്കിയ ബാരിക്കേഡില്‍ പിടിത്തം കിട്ടാതെ വീഴുകയായിരുന്നു. ബാരിക്കേഡിന്റെ സ്ഥാനത്ത് റിബ്ബണ്‍ കെട്ടിവച്ചായിരുന്നു നിര്‍മാണമെന്നും ആരോപണമുണ്ട്.