കൊച്ചി: തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രത്തിന് സമീപം ചൂരക്കാട് ഒരാളുടെ മരണത്തിനിടയാക്കിയ സംഭവത്തിന് സമാനമായ സ്‌ഫോടനം 36 വര്‍ഷം മുമ്പും. അന്ന് പക്ഷേ വെടിമരുന്ന് ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ പത്ത് സ്ത്രീകള്‍ക്കാണ് ജീവന്‍ നഷ്ടമായത്. മരിച്ചവര്‍ എല്ലാവരും വെടിമരുന്ന് ശാലയിലെ തൊഴിലാളികള്‍.

To advertise here,

1988 മാര്‍ച്ച് അഞ്ചിന് ഉച്ചയ്ക്ക് 12.25-ഓടെയായിരുന്നു സംഭവം. തൃപ്പൂണിത്തുറ വടക്കേ കോട്ടവാതിലിനടുത്ത് ചക്കാലമുട്ടം കടക്കോടത്ത് കുട്ടേഴത്ത്‌ ജോര്‍വില്‍ കെ.എക്‌സ് ജോസഫിന്റെ വീടിനുപിന്നുലുള്ള ചതുപ്പു നിലത്തിന് നടുവില്‍ പ്രവര്‍ത്തിക്കുന്ന വെടിമരുന്നുശാലയിലായിരുന്നു സ്‌ഫോടനം. ജോസഫിന്റെ അളിയന്‍ തോമസ് എന്നയാളുടെ പേരിലായിരുന്നു ലൈസന്‍സ്. പുതിയകാവ് കൊട്ടാരത്തില്‍ വിജയമ്മ (25), സനജ (22), ഫിലോമിന (28), ത്രേസ്യാമ്മ (45), മാധവി (50), രമ (മനോരമ- 38), മറിയക്കുട്ടി (50), കുഞ്ഞമ്മ (50), ചിന്നമ്മ (40), ഏരിയാമ്മ (35) എന്നിവരാണ് അന്ന് മരിച്ചത്. അഞ്ചുപേര്‍ സംഭവസ്ഥലത്തുതന്നെയും മറ്റുള്ള അഞ്ചുപേര്‍ ആശുപത്രിയിലും മരിച്ചു.

പാറപൊട്ടിക്കുന്ന മരുന്നുണ്ടാക്കുന്ന വെടിമരുന്നുശാലയിലാണ് അപകടമുണ്ടായത്. പൊട്ടാസ്യം നൈട്രേറ്റും ഗന്ധകവും കരിയും ഉലക്കകൊണ്ടിടിച്ചായിരുന്നു വെടിമരുന്നുണ്ടാക്കിയിരുന്നത്. ഇതിനിടെയാവാം സ്‌ഫോടനമുണ്ടായത് എന്നായിരുന്നു നിഗമനം. അന്ന് 13 വര്‍ഷപ്പഴക്കം വെടിമരുന്നുപുരയ്ക്കുണ്ടായിരുന്നു. നാലുവര്‍ഷംവരെ ഇവിടെ ജോലിചെയ്തുവരുന്നവരായിരുന്നു മരിച്ചവര്‍. തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന കൊച്ചി റിഫൈനറിയില്‍ സ്‌ഫോടനമുണ്ടായെന്നായിരുന്നു ആളുകള്‍ പലരും ധരിച്ചത്. സ്‌ഫോടനത്തിന്റെ ശക്തിയില്‍ വെടിമരുന്നുശാലയുടെ മേല്‍ക്കൂര തെറിച്ചുപോയി.

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ മരുന്നിടിക്കുന്ന ഒരു ഉലക്ക തെറിച്ച് വടക്കേക്കോട്ടവാതിലിലെ ഒരു പെട്രോള്‍ പമ്പിലാണ് ചെന്നുവീണത്. 11 വീടുകളുടെ ജനല്‍ച്ചില്ലകള്‍ തകര്‍ന്നു. ചില വീടുകളുടെ ഓടുകള്‍ ഇളകിത്തെറിച്ചു. സ്‌ഫോടനത്തില്‍ തെറിച്ച വസ്തു വീണ് ഒരു സ്ത്രീക്ക് പരിക്കേറ്റു. 22 തെങ്ങുകള്‍ കരിഞ്ഞു. തോട്ടിലൂടെ പോയ താറാവുകളും കൊക്കുകളും ചത്തു. മരിച്ചുവീണ ഒരു സ്ത്രീയുടെ ശരീരം തോട്ടില്‍നിന്നായിരുന്നു കണ്ടെടുത്തത്. രണ്ടുപേരുടെ കൈകള്‍ തെറിച്ചുപോയി. കടയാകെ കരിഞ്ഞുപോയ തെങ്ങിന്റെ ഓലകള്‍ക്കിടയിലായിരുന്നു ഒരാളുടെ മൃതദേഹം തങ്ങിനിന്നത്.

പിറ്റേന്ന് പോലീസ് നടത്തിയ തിരച്ചിലില്‍ അറ്റുപോയ തലയും രണ്ട് കാലുകളും കണ്ടെത്തി. മരിച്ച ഫിലോമിനയുടെ ഒരുകാലും മാധവിയുടെ തലയും വലതുകാലുമായിരുന്നു കണ്ടെത്തിയത്. എല്ലാ മൃതദേഹങ്ങളും 75% മുതല്‍ 90 ശതമാനംവരെ പൊള്ളലേറ്റിരുന്നു. പൊട്ടിത്തെറിയില്‍ രണ്ടു സ്ത്രീകള്‍ വളരെ ഉയരത്തില്‍ പൊങ്ങിയശേഷമാണ് നിലത്തുവീണത്. ദേഹമാസകലം കരിഞ്ഞിരുന്നു.  പാറപൊട്ടിക്കുന്ന വെടിമരുന്നിന് ഡിമാന്റ് തീര്‍ന്നതിനെത്തുടര്‍ന്ന് ആറുമാസത്തേക്കങ്കിലും മരുന്നുപുര അടച്ചിടുന്നതിന് ഒരുമണിക്കൂര്‍ മുമ്പായിരുന്നു അപകടം നടന്നത്. 18 രൂപ ദിവസക്കൂലിക്ക് പണിയെടുക്കുന്നവരായിരുന്നു മരിച്ചവര്‍.