റഷ്യയില്‍ നിന്നും ഇന്ത്യയെക്കാള്‍ കൂടുതല്‍ റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യം ചൈനയാണ്. പക്ഷേ, ചൈനയ്ക്ക് 30 ശതമാനം അധികത്തീരുവ ചുമത്തിയ ട്രംപ് ഇന്ത്യയ്ക്ക് 50 ശതമാനമാക്കി ഉയര്‍ത്തിയിരിക്കുന്നു. ഇന്ത്യയെ അമേരിക്ക ടാര്‍ഗറ്റ് ചെയ്യുകയാണോ

To advertise here,

ഇന്ത്യയും അമേരിക്കയുമായുള്ള ബന്ധങ്ങള്‍ ദശകങ്ങളോളം വലിയ തോതിലുള്ള കയറ്റിറക്കങ്ങള്‍ നിറഞ്ഞതായിരുന്നു. റോളര്‍കോസ്റ്റര്‍ റൈഡ് എന്നു പറയാം. ഓരോ പ്രസിഡണ്ട് വരുമ്പോഴും അവരുടെ രീതികളും സ്വഭാവ സവിശേഷതകളും അനുസരിച്ച് മാറ്റങ്ങള്‍ വരും. പണ്ട് നമ്മളെ- ഇന്ത്യയെയും അമേരിക്കയെയും- വിളിച്ചിരുന്നത് വേര്‍പിരിഞ്ഞ (എസ്ട്രെയ്ന്‍ജ്ഡ്) ജനാധിപത്യരാജ്യങ്ങള്‍ എന്നായിരുന്നു. അവിടെ നിന്നും നമ്മള്‍ പരസ്പരബന്ധമുള്ള (എന്‍ഗേജ്ഡ്) ജനാധിപത്യങ്ങളായി വളര്‍ന്നു. ട്രംപിന്റെ ആദ്യ ടേമിന്റെ തുടക്കത്തില്‍ പരസ്പരം ആലിംഗനം ചെയ്യുന്ന (എംബ്രെയ്സിങ്) ജനാധിപത്യങ്ങളായി നമ്മള്‍ മാറി. ട്രംപ്-മോദി ബ്രോമന്‍സിന്റെ കാലം ആയിരുന്നു അത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളില്‍ വലിയ കുതിച്ചുചാട്ടമുണ്ടായി.

ട്രംപ് ഒരിക്കലും യുക്തിക്കു നിരക്കുന്ന രീതിയിലല്ല, അപ്പപ്പോള്‍ തോന്നുന്നത് പോലെയാണ് പെരുമാറുക. ട്രംപിന് ആഗ്രഹമുള്ള ഒന്നാണ് സമാധാനത്തിനുള്ള നോബല്‍ സമ്മാനം. അദ്ദേഹം റഷ്യ-യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കാന്‍ നോക്കി, ഗാസയിലെ യുദ്ധം അവസാനിപ്പിക്കാന്‍ നോക്കി. രണ്ടും വിജയിച്ചില്ല. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നത്തില്‍ ഇടപെട്ട് സമാധാനസ്ഥാപകന്‍ എന്ന പ്രതിച്ഛായ നേടാന്‍ അദ്ദേഹം ആഗ്രഹിച്ചു. പക്ഷേ നമ്മള്‍ അത് വല്ലാതെ നിഷേധിച്ചു കളഞ്ഞു. അതിശക്തമായ നിരാസം. ഓപ്പറേഷന്‍ സിന്ദൂര്‍ സമയത്ത് ട്രംപ് നേരിട്ടിടപെട്ടില്ല എന്നത് ശരി. പക്ഷേ വൈസ് പ്രസിഡണ്ട് ജെ.ഡി വാന്‍സ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിളിച്ചിരുന്നു. ഈ വിഷയത്തില്‍ ഇന്ത്യ നടത്തിയ പ്രതികരണം ട്രംപിന് ഇഷ്ടമായില്ല.

അതേസമയത്താണ് ഇസ്രയേലും പാകിസ്താനും ട്രംപ് വലിയ പീസ്മേക്കറാണ്, അദ്ദേഹത്തിനു നോബല്‍സമ്മാനം കൊടുക്കണം എന്നു നാമനിര്‍ദ്ദേശം നടത്തിയത്. അതാണ് ട്രംപിന്റെ നിബന്ധന- അമേരിക്കയുമായി നല്ല ബന്ധം വേണമെങ്കില്‍ തന്നെ 'പീസ്മേക്കര്‍' ആയി കണക്കാക്കണം, തനിക്ക് നോബല്‍ പ്രൈസ് വാങ്ങിത്തരണം എന്ന്. യുക്തിക്ക് നിരക്കാത്ത ഈ വ്യവസ്ഥകള്‍ പാകിസ്താനും ഇസ്രയേലും അംഗീകരിച്ചു. അടുത്ത സൗഹൃദമുള്ള മോദിയും അതുചെയ്യും എന്നാണ് ട്രംപ് പ്രതീക്ഷിച്ചത്. പക്ഷേ, ട്രംപിന്റെ അവകാശവാദത്തെ വല്ലാതെ നിരസിക്കുകയാണ് ഇന്ത്യ ചെയ്തത്. 'താങ്ക്യൂ ഫോര്‍ യുവര്‍ ഹെല്‍പ്പ്' എന്നോ മറ്റോ പറയാമായിരുന്നു. പക്ഷേ, നമ്മള്‍ നേരിട്ട് അദ്ദേഹത്തെ വെല്ലുവിളിക്കുകയാണ് ചെയ്തത്.

പ്രസിഡന്റ് പറയുന്നതനുസരിച്ചാണ് അമേരിക്കയുടെ നയം നടപ്പാക്കുന്നത്, ഒരൊറ്റയാള്‍ തീരുമാനമെടുക്കുന്ന രീതിയാണ് അവിടെ. മറ്റു പ്രസിഡന്റുമാരെ പോലെയല്ല ട്രംപ്, വളരെ അയുക്തികമായി തീരുമാനമെടുക്കുന്ന ആളാണ്. അദ്ദേഹത്തിന്റെ സ്വഭാവപ്രത്യേകതകളെക്കുറിച്ച് നമുക്കൊരു ബോധം വേണം. അദ്ദേഹത്തെ നാം ശരിയായി വിലയിരുത്തിയില്ല. നമ്മള്‍ കുറച്ചുകൂടി മൃദുവായി പെരുമാറണമായിരുന്നു.

പക്ഷേ, ട്രംപിന്റെ അവകാശവാദത്തിന് ഇന്ത്യ നല്‍കിയ മറുപടി ദുര്‍ബലമായി പോയി, ട്രംപിനോടു തോറ്റു എന്നായിരുന്നു പ്രതിപക്ഷത്തിന്റെ വാദം

അതെയതെ. നമ്മുടെ പ്രതികരണം ട്രംപിനെ ചൊടിപ്പിച്ചു എന്നതാണ് മനസ്സിലാക്കേണ്ടത്. അതിനുശേഷം അദ്ദേഹം യുക്തിസഹമല്ലാത്ത നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങി. ഇന്ത്യയെക്കാള്‍ പാകിസ്താന് മുന്‍ഗണന കൊടുക്കാന്‍ അദ്ദേഹം വളരെ പെട്ടെന്ന് തീരുമാനിക്കുന്നു... ഇപ്പോള്‍ വ്യാപാരചര്‍ച്ചകള്‍ നടക്കുകയാണല്ലോ. ചില ഇളവുകള്‍ കൊടുത്താല്‍ അമേരിക്കന്‍ നിലപാടില്‍ മാറ്റം വരും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം കാര്‍ഷികോല്‍പ്പന്ന മേഖല വളരെ നിര്‍ണായകമാണ്. അവിടെ ഇളവൊന്നും ചെയ്യാന്‍ പറ്റില്ല. എന്തായാലും ഒരുപാട് ഭയക്കേണ്ട കാര്യമില്ല. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് തോന്നുന്നത്.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ നടക്കുന്നത് ഓഗസ്റ്റ് 25നാണ്. അധികത്തീരുവ നടപ്പാക്കുക രണ്ടുദിവസം കഴിഞ്ഞും. ആ ചര്‍ച്ചകളില്‍ മേല്‍ക്കൈ നേടാന്‍ വേണ്ടിയാണോ ട്രംപിന്റെ ഭീഷണി

അതെ, അത്രയേ ഉള്ളൂ. അദ്ദേഹം ഭീതി സൃഷ്ടിക്കുകയാണ്. ഇതുവരെ നമ്മളോട് വളരെ സ്നേഹമായിരുന്നു, ഇപ്പോള്‍ അതു മാറി. അതാണ് സംഭവിച്ചത്. നമുക്ക് ബന്ധം മെല്ലെ പുനര്‍നിര്‍മിക്കേണ്ടിയിരിക്കുന്നു. പക്ഷേ ഇന്ത്യയില്‍ ഈ വിഷയം വലിയ പ്രശ്നമെന്ന രീതിയില്‍ ചര്‍ച്ച ചെയ്യുന്നു, ഇന്ത്യക്കെതിരെ യുദ്ധം പ്രഖ്യാപിച്ച പോലെ. അതിന്റെ ആവശ്യമില്ല. വ്യാപാരചര്‍ച്ചകള്‍ തുടരുകയും ചില ഇളവുകള്‍ കൊടുക്കുകയും ചെയ്താല്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാവുന്നതേയുള്ളൂ.

മോദി ചൈനയിലേക്ക് പോകുമെന്നും അവിടെ വെച്ച് റഷ്യന്‍ പ്രസിഡണ്ട് പുതിനും ചൈനീസ് പ്രസിഡണ്ട് ഷീ ജിന്‍പിങുമായി ചര്‍ച്ച നടത്തുമെന്നും കേള്‍ക്കുന്നു. റഷ്യ- ഇന്ത്യ- ചൈന സഖ്യം (ആര്‍ഐസി) പുനരുജീവിപ്പിക്കുന്നത് ആലോചിക്കുന്നത്രെ

എല്ലാ സാധ്യതകളും ആരായുന്നുണ്ടാവും. പക്ഷേ, ത്രിരാഷ്ട്രസഖ്യം സംബന്ധിച്ച് ഉടനെ തീരുമാനമെടുക്കാന്‍ കഴിയില്ല. ഇതു സംബന്ധിച്ച ചര്‍ച്ചകളില്‍ നിന്നും നമ്മള്‍ നേരത്തെ പിന്മാറിയിരുന്നു. ഉടനെ നാടകീയമായി ഒന്നും സംഭവിക്കാനിടയില്ല. ഈ തീരുവകള്‍ പോലും അത്ര പെട്ടെന്ന് നടപ്പാക്കാന്‍ കഴിയില്ലല്ലോ. നമ്മള്‍ കുറച്ച് അമിതമായി പ്രതികരിക്കുന്നു എന്നാണ് എനിക്ക് തോന്നുന്നത്.

ബ്രിക്സ് കൂട്ടായ്മയ്ക്കെതിരായ നിലപാട് ട്രംപ് ശക്തിപ്പെടുത്തുകയാണല്ലോ

മുമ്പ് ബ്രിക്സിന് എതിരായി ട്രംപ് ഒന്നും പറഞ്ഞിരുന്നില്ല. ബ്രിക്സ് രൂപീകരിച്ചത് തന്നെ ഒരു അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്റെ അഭിപ്രായമനുസരിച്ചാണ്. വേഗത്തില്‍ വളരുന്ന ബ്രസീല്‍, ഇന്ത്യ, റഷ്യ, ചൈന എന്നീ വികസ്വര രാജ്യങ്ങള്‍ ചേര്‍ന്ന് ഒരു കൂട്ടായ്മ ഉണ്ടാക്കുന്നത് ആഗോളസമ്പദ്വ്യവസ്ഥയ്ക്ക് നല്ലതായിരിക്കും എന്നാണ് ജിം ഒനീല്‍ പറഞ്ഞത്. വളരെ വ്യത്യസ്തമായ ഈ രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു രാഷ്ട്രീയഘടകം ഇല്ലായിരുന്നു.

അബദ്ധം പറ്റിയത് എവിടെയാണ് എന്ന് വെച്ചാല്‍ ചൈനയ്ക്ക് ഒരു അജണ്ട ഉണ്ടായിരുന്നു, ബ്രെട്ടന്‍വുഡ്സ് സ്ഥാപനങ്ങളെ (ലോകബാങ്ക്, അന്താരാഷ്ട്രനാണ്യനിധി) തകര്‍ക്കണം എന്ന്. ലോകബാങ്ക് പോലുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തില്‍ നമ്മളും സന്തുഷ്ടരല്ല. പക്ഷേ ചൈന ബ്രിക്സിനെ ഹൈജാക്ക് ചെയ്ത് ബീജിങിലേക്ക് കൊണ്ടുപോയി. അവര്‍ ഇന്ത്യയില്‍ വരേണ്ട ബ്രിക്സ് ബാങ്ക് ബീജിങ്ങില്‍ സ്ഥാപിച്ചു. കഴിഞ്ഞതവണ റഷ്യയില്‍ നടന്ന ബ്രിക്സ് യോഗത്തില്‍ ഡോളറിന് ബദലായി ഒരു ബ്രിക്സ് കറന്‍സി ചൈന പ്രൊപ്പോസ് ചെയ്തു. പക്ഷേ നമ്മളും റഷ്യയും പിന്തുണച്ചില്ല. അതിനി തിരിച്ചു വരാനുള്ള സാധ്യതയും കാണുന്നില്ല.

ഇന്ത്യക്കെതിരായ പരാതികളുടെ ഒരു പട്ടിക ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ് ട്രംപ്. അതില്‍ ബ്രിക്സിനെ കൂടി ഉള്‍പ്പെടുത്തി എന്നുമാത്രം. അതിനിടയില്‍ ചൈന ബ്രിക്സ് വികസിപ്പിച്ചു. നമ്മള്‍ അതിനെതിരായിരുന്നു. പുതിയ അംഗങ്ങളില്‍ ഒന്ന് ഇറാനാണ്. അതും കൂടി വന്നപ്പോള്‍ അമേരിക്ക കൂടുതല്‍ അസ്വസ്ഥമായി. ഇപ്പോള്‍ റോളര്‍ കോസ്റ്റര്‍ അതിവേഗം ചുവടറ്റം എത്തിയിരിക്കുകയാണ്. ഇനി പതുക്കെപ്പതുക്കെ പൊങ്ങി വരണം. പേടിക്കേണ്ട കാര്യം ഒന്നുമില്ല.

ചര്‍ച്ചകള്‍ എങ്ങും എത്തുന്നില്ലെന്നും ഇന്ത്യ 50 ശതമാനം തീരുവ കൊടുക്കേണ്ടി വരുമെന്നും കരുതുക. എങ്കില്‍ ഇന്ത്യയ്ക്ക് മുന്നിലെ വഴി

നമുക്ക് മറ്റു കമ്പോളങ്ങള്‍ അന്വേഷിക്കേണ്ടിവരും. അമേരിക്കന്‍ പ്രസിഡണ്ട് ഇങ്ങനെയൊക്കെ തീരുമാനിച്ചാലും ബിസിനസുകാര്‍ക്ക് അവരുടേതായ റോള്‍ ഉണ്ടാകും. അവര്‍ കുറുക്കുവഴികള്‍ തേടും. അതുകൊണ്ട് ഇത് അമേരിക്കയുമായി ഒരു മഹായുദ്ധത്തില്‍ ഒന്നും എത്തുകയില്ല

ഇന്ത്യ സ്വന്തമായ രീതിയില്‍ തിരിച്ചടിക്കാനുള്ള സാധ്യതകള്‍. ഉദാഹരണത്തിന്, ഇന്ത്യ അമേരിക്കയുടെ എഫ് 35 പോര്‍വിമാനം നിരസിച്ചതായും ബോയിങ്ങിന്റെ പി-81 നാവികനിരീക്ഷണ വിമാനം വാങ്ങേണ്ടെന്ന് തീരുമാനിച്ചതായും വാര്‍ത്തകളുണ്ട്

അതൊക്കെ സംഭവിക്കും. സാഹചര്യത്തിന്റെ സമ്മര്‍ദ്ദം കാരണം ഇത്തരം കാര്യങ്ങള്‍ സംഭവിക്കാം. എങ്കിലും അടിസ്ഥാനപരമായി നമ്മള്‍ ജനാധിപത്യ രാജ്യങ്ങളാണ് നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടിവരും. റഷ്യയുടെയും ചൈനയുടെയും പാതകളില്‍ നമുക്കു പോകാന്‍ പറ്റില്ല, അവരുടെ കാര്യവും അങ്ങനെ തന്നെ.

ഇത് ക്വാഡിനെ (ചതുര്‍രാഷ്ട്രസഖ്യം) ബാധിക്കുമോ

ബാധിക്കും. ക്വാഡിന്റെ അടുത്ത യോഗം ഇന്ത്യയിലാണ് നടക്കുക.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ട്രംപ് ഇന്ത്യയിലെത്തിയാല്‍

ബന്ധങ്ങളില്‍ നാടകീയമായ പുരോഗതി ഉണ്ടായില്ലെങ്കില്‍ അദ്ദേഹം വരാനിടയില്ല. വ്യാപാര ചര്‍ച്ചകളില്‍ ഇന്ത്യ കുറച്ചു കൂടി അയവുള്ള സമീപനം സ്വീകരിക്കുമോ എന്നാണ് ട്രംപ് നോക്കുന്നതെന്ന് ഞാന്‍ കരുതുന്നു. അതുസംബന്ധിച്ച് നമ്മള്‍് പുനരാലോചന നടത്തേണ്ടതാണ്. ചര്‍ച്ച പരാജയപ്പെട്ടാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളില്‍ ട്രംപിന്റെ സമീപനത്തോട് എതിര്‍പ്പുണ്ട്. ഇന്ത്യ ദീര്‍ഘകാലമായി സഖ്യകക്ഷിയാണെന്നും സൗഹൃദം നശിപ്പിക്കരുത് എന്നും നിക്കി ഹേലി പറഞ്ഞു.

ട്രംപിന് ഒരുപാട് ശത്രുക്കള്‍ ഉണ്ട്, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലും ഒരുപാടുണ്ട്. വൈസ് പ്രസിഡണ്ട് ജെ ഡി വാന്‍സ് തന്റെ പിന്‍ഗാമിയാണ് എന്നദ്ദേഹം പറഞ്ഞത് അതിന്റെ സൂചനയാണ്. പാര്‍ട്ടിക്കുള്ളില്‍ വാന്‍സിന്റെ വലിയൊരു ഗ്രൂപ്പുണ്ട്. അവരെ കയ്യിലെടുക്കാന്‍ വേണ്ടിയാണ് വാന്‍സിന്റെ പേര് ഇപ്പോള്‍ പറഞ്ഞത്. ഇതിനൊപ്പം തന്നെ തനിക്ക് മൂന്നാമതും പ്രസിഡന്റാവണമെന്ന് ട്രംപ് പറയുന്നുണ്ട്. നമ്മള്‍ ഇടപെടുന്നത് ഒരു ഭ്രാന്തനുമായാണ് പക്ഷേ ഇടപെട്ടേ പറ്റൂ, വളരെ ശ്രദ്ധിച്ചും കരുതലോടെയൂം.

placeholder
ജെ ഡി വാന്‍സ്

ട്രംപിന്റെ അന്ത്യശാസനങ്ങള്‍

ട്രംപിന്റെ അന്ത്യശാസനങ്ങളുടെ ഒരു ഗുണം, അദ്ദേഹം നിങ്ങള്‍ക്കു മേല്‍ ബോംബിടും എന്നല്ല, തീരുവ ചുമത്തും എന്നാണ് പറയുന്നത്. യുക്രെയിനുമായുള്ള യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ കൂടുതല്‍ തീരുവ ചുമത്തും എന്നാണ് റഷ്യയെ ഭീഷണിപ്പെടുത്തുന്നത്. ബോംബിനും യുദ്ധത്തിനും ട്രംപ് ഒരു ബദല്‍ കണ്ടെത്തിയിരിക്കുന്നു. ഒരു സാധാരണ യുദ്ധത്തോളം മനുഷ്യരാശിക്ക് അപകടകരമല്ല വ്യാപാരയുദ്ധം എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.
 
ട്രംപ് പറഞ്ഞ മൂന്നാഴ്ചത്തെ അവധി കഴിയുമ്പോള്‍ ഇന്ത്യയ്ക്ക് കുറച്ചുകൂടി അനുകൂലമായ കരാര്‍ ഉണ്ടാവുമോ
 
തീര്‍ച്ചയായും. ഹ്രസ്വകാല കരാറില്‍ കുറച്ച് സൗജന്യങ്ങള്‍ ചെയ്താല്‍ ഉറപ്പായും.

ട്രംപിന്റെ തീരുവയുദ്ധം ലോകത്തെ ഭൗമാരാഷ്ട്രീയ സാഹചര്യത്തില്‍ വലിയ മാറ്റത്തിന് കാരണമാവുന്നുണ്ടോ

വലിയ തോതിലുള്ള ഭൗമരാഷ്ട്രീയമാറ്റം വരികയാണ്. വരുന്ന ഏതാനും മാസങ്ങളില്‍ ഏതു രാജ്യത്തിനാണ് മേധാവിത്വം ഉണ്ടാവുക എന്ന് ആര്‍ക്കും ഒരുറപ്പുമില്ല. എല്ലാ സഖ്യങ്ങളും തകര്‍ന്നു കൊണ്ടിരിക്കുന്നു. എല്ലാവരും വളരെ സൂക്ഷിച്ചാണ് നില്‍ക്കുന്നത്, ആരും ആര്‍ക്കൊപ്പവും ചേര്‍ന്നു നില്‍ക്കുന്നില്ല. റിസ്‌ക് ഒഴിവാക്കാനാണ് ശ്രമം. പുതിയ ലോകക്രമം എന്താണ് എന്നതാണ് കൂടുതല്‍ വലിയ മത്സരം. അതില്‍ പിടിച്ചുനില്‍ക്കാന്‍ വേണ്ടിയാണ് ട്രംപ് ഇക്കാര്യങ്ങളൊക്കെ ചെയ്യുന്നത്.

വികസ്വരരാജ്യങ്ങളുടെ നേതൃസ്ഥാനത്ത് സ്ഥാനം പിടിക്കാന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ടോ

ആ പന്തയത്തില്‍ നമുക്ക് നല്ല സാധ്യതയുണ്ട്. പക്ഷേ എങ്ങനെയാണ് കാര്യങ്ങള്‍ ഉരുത്തിരിയുക എന്ന് നമുക്കറിയില്ല. വരാനിരിക്കുന്ന ലോകക്രമത്തില്‍ മത്സരം  ജനാധിപത്യവും ഏകാധിപത്യവും തമ്മിലായിരിക്കുമല്ലോ. അതിനാല്‍ അമേരിക്കയ്ക്കും ഇസ്രയേലിനും ഒപ്പമായിരിക്കും നമ്മള്‍ നില്‍ക്കേണ്ടത്, പാകിസ്താനും ചൈനയ്ക്കും ഒപ്പമല്ല. അത് നമ്മള്‍ മനസ്സിലാക്കണം.

കടുത്ത നിലപാടെടുത്തതുകൊണ്ട് നമുക്ക് താല്‍ക്കാലികമായ ചില നഷ്ടങ്ങളൊക്കെ ഉണ്ടാകും. അതേസമയം, ചര്‍ച്ചകള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. നമുക്ക് ഒരുപാട് മറുവഴികളില്ല. നമുക്ക് ചൈനയുടെ കൂട്ടുപിടിച്ച് അമേരിക്കക്കെതിരെ നില്‍ക്കാനാവില്ല. അത് ഓപ്ഷനേയല്ല. ചൈനയുടെ ഏറ്റവുമടുത്ത സുഹൃത്താണ് പാകിസ്താന്‍. എങ്ങനെയാണ് ചൈനയില്‍ നിന്നും നമുക്ക് ഒരു നല്ല ഡീല്‍ കിട്ടുക? നമുക്ക് അമേരിക്കയോടൊപ്പം തന്നെ നില്‍ക്കേണ്ടിവരും. അക്കാര്യത്തില്‍ നമുക്ക് വേറെ ചോയിസുണ്ട് എന്ന് തോന്നുന്നില്ല.

1998-ല്‍ പൊഖ്റാനിലെ അണുപരീക്ഷണത്തെ തുടര്‍ന്ന് ഇന്ത്യക്ക് ഉപരോധങ്ങള്‍ നേരിടേണ്ടി വന്ന സാഹചര്യവും നിലവിലെ സാഹചര്യവും തമ്മില്‍

അന്നത്തെ ഉപരോധം അവര്‍ തന്നെ പിന്‍വലിച്ചില്ലേ. അവര്‍ ആവശ്യപ്പെട്ട പോലെ ആണവപരീക്ഷണ നിരോധനക്കരാറിലൊന്നും (സിടിബിടി) നമ്മള്‍ ഒപ്പിട്ടില്ല. അമേരിക്കന്‍ വ്യവസായികളില്‍ നിന്നും രാഷ്ട്രീയക്കാരില്‍ നിന്നും ശക്തമായ എതിര്‍പ്പുണ്ടായതിനെ തുടര്‍ന്നാണ് ഉപരോധം പിന്‍വലിച്ചത്. അതുതന്നെ ഇവിടെയും സംഭവിക്കും എന്ന് തോന്നുന്നു. ഒറ്റയടിക്ക് ഇന്ത്യയില്‍ നിന്നും പൂര്‍ണമായും വിട്ടുപോവാന്‍ അമേരിക്കക്കാവില്ല. ആ സമ്മര്‍ദ്ദങ്ങള്‍ ഇനിയും ഉണ്ടാകും എന്നുവേണം കരുതാന്‍.