എച്ച്വണ്‍ബി വിസ അപേക്ഷകള്‍ക്ക് ഒരു ലക്ഷം ഡോളര്‍- ഏതാണ്ട് 88 ലക്ഷം രൂപ- വാര്‍ഷിക ഫീസ് ഏര്‍പ്പെടുത്താനുള്ള പ്രഖ്യാപനത്തില്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഒപ്പ് വെച്ചിരിക്കുകയാണ്. ഈ വിസയുള്ളവരില്‍ 70 ശതമാനത്തിലധികവും ഇന്ത്യക്കാരാണെന്നിരിക്കെ തീരുമാനം നമ്മളെ എങ്ങനെയാണ് ബാധിക്കുക? തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കിന്റെ മുന്‍ സിഇഒ ജി വിജയരാഘവന്‍ സംസാരിക്കുന്നു.

To advertise here,

ഒരു ലക്ഷം ഡോളര്‍ വാര്‍ഷികഫീസ്. ഒറ്റനോട്ടത്തില്‍ ഇത് നമ്മളെ എങ്ങനെ ബാധിക്കും.

നമ്മുടെ പല കമ്പനികളും എച്ച് വണ്‍ ബി വിസ പ്രകാരം അമേരിക്കയിലേക്ക് നൂറുകണക്കിന് ജീവനക്കാരെ അയക്കുന്നുണ്ട്. പുതിയ വാര്‍ഷിക ഫീസ് അവയുടെ ലാഭം ഗണ്യമായി കുറയ്ക്കും. അല്ലെങ്കില്‍ തന്നെ കുറച്ചുകാലമായി അമേരിക്കയില്‍ കരാറുകളുടെ വലിപ്പം കുറച്ചു വരികയാണ്. ഓരോ വിസയ്ക്കും വര്‍ഷംതോറും ഒരു ലക്ഷം ഡോളര്‍ അധികമായി നല്‍കേണ്ടി വരുമ്പോള്‍ മാര്‍ജിന്‍ പിന്നെയും കുറയും. ഈ വിസ പ്രകാരം അമേരിക്കയില്‍ ജോലി ചെയ്യുന്നതിന് ഒരു വ്യക്തിക്ക് വര്‍ഷം 88 ലക്ഷം രൂപ അധികമായി നല്‍കേണ്ട സാഹചര്യം തീര്‍ച്ചയായും ഇന്ത്യന്‍ കമ്പനികളെയും ഇന്ത്യക്കാരെയും ബാധിക്കും.

അതുപോലെ, അമേരിക്കന്‍ കമ്പനികളെയും വലിയ തോതില്‍ ബാധിക്കുന്നതാണിത്. ഇന്ത്യന്‍ കമ്പനികളില്‍ ഉള്ള ജീവനക്കാരെ എടുക്കാന്‍ അമേരിക്കന്‍ കമ്പനികള്‍ വന്‍തുക കൂടുതല്‍ ചെലവാക്കേണ്ടി വരുന്നത് മൊത്തം ചെലവ് ഗണ്യമായി വര്‍ധിപ്പിക്കും. അമേരിക്കന്‍ കമ്പനികള്‍ ഇന്ത്യന്‍ ജീവനക്കാരോട് ഇന്ത്യയിലിരുന്ന് ജോലി ചെയ്യാന്‍ ആവശ്യപ്പെടാം. അത് അവരുടെ ചെലവ് കുറയുന്നതിനും ഇന്ത്യയില്‍ തൊഴിലവസരം വര്‍ധിക്കുന്നതിനും വഴി വച്ചേക്കാം.

അങ്ങനെ തൊഴിലുകള്‍ പുറംനാടുകളിലേക്ക് മാറ്റാന്‍ കഴിവില്ലാത്ത കമ്പനികളുടെ കാര്യം.
 
അമേരിക്കയിലെ ചെറിയ, ഇടത്തരം കമ്പനികളെയാണ് കൂടുതല്‍ ബാധിക്കുക. അവയില്‍ ഇന്ത്യക്കാര്‍ തുടങ്ങിയ കമ്പനികള്‍ നിരവധിയുണ്ട്. ട്രംപിന്റെ ഭാഗത്തുനിന്ന് നോക്കിയാല്‍ രാഷ്ട്രീയമായി വളരെ ഗുണകരമായ പ്രഖ്യാപനമാണിത്. കുറഞ്ഞ വേതനത്തിന് ജോലിചെയ്യുന്ന പുറംനാട്ടുകാരെ കൊണ്ടുവരുന്നത് അവസാനിപ്പിച്ചാല്‍ നാട്ടില്‍ തൊഴില്‍ വര്‍ധിപ്പിക്കും. പക്ഷേ, നമ്മുടെ ആള്‍ക്കാര്‍ ചെയ്യുന്ന 40, 50 ശതമാനം ജോലികള്‍ക്ക് വേണ്ട യോഗ്യതയുള്ളവരെ അമേരിക്കയില്‍ കാണാന്‍ പ്രയാസമാണ്. അതില്‍ ഉൾപെടാത്ത ഒരു വിഭാഗത്തിന് ഈ തീരുമാനം ഗുണം ചെയ്യും. കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്ന അവര്‍ക്ക് കൂടുതല്‍ വേതനം ആവശ്യപ്പെടാന്‍ സാധിക്കും.

ഉദാഹരണത്തിന് 80,000 ഡോളര്‍ ശമ്പളത്തിന് ജോലി ചെയ്യുന്ന ഒരു ഇന്ത്യക്കാരന് കമ്പനി ഇനി 1,80,000 ഡോളര്‍ മുടക്കേണ്ടിവരും. അതിനുപകരം ഒരു വെള്ളക്കാരന് ഒരു ലക്ഷത്തി ഇരുപതിനായിരം ഡോളര്‍ കൊടുത്താലും ലാഭമാണ്. അതായത് ഇത്തരം ജോലികളില്‍ നാട്ടുകാരെ കിട്ടുമെങ്കില്‍ അവരെ നിയമിക്കുന്നതാവും കമ്പനികള്‍ക്ക് ലാഭം. അങ്ങനെ വരുമ്പോള്‍ അമേരിക്കക്കാര്‍ക്കും അവിടെ ഗ്രീന്‍കാര്‍ഡ് ഉള്ളവര്‍ക്കും ഡിമാന്‍ഡ് കൂടും.

ഇതില്‍ ഉണ്ടാകാനിടയുള്ള വലിയൊരു പ്രശ്നം വിസമാറ്റത്തിനും മറ്റുമായി നാട്ടില്‍ വന്നിട്ടുള്ളവരുടെ കാര്യമാണ്. നിര്‍ദിഷ്ട തീയതി കഴിഞ്ഞാണ് വിസമാറ്റത്തിന് ചെല്ലുന്നതെങ്കില്‍ പ്രഖ്യാപനത്തില്‍ പറയുന്ന തുക നല്‍കാതെ വിസ മാറ്റിക്കൊടുക്കില്ലെന്ന് പറഞ്ഞേക്കാം. അമേരിക്കയില്‍ എച്ച് വണ്‍ ബി വിസയില്‍ ജോലിചെയ്യുന്ന ഒരാള്‍ നാട്ടില്‍ വന്ന ശേഷം തിരികെ പോകുമ്പോള്‍ ചട്ടപ്രകാരം ഒരു ലക്ഷം ഡോളര്‍ കമ്പനി അടച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചേക്കാം. ആ തുക അടച്ചിട്ടില്ലെങ്കില്‍ അയാള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെടാം. ഇത്തരത്തിലെ നിരവധി പ്രശ്നങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് വരാന്‍ സാധ്യതയുണ്ട്.

placeholder
ജി വിജയരാഘവൻ

എച്ച് ബി വിസയില്‍ അമേരിക്കയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരില്‍ ആറോ ഏഴോ ശതമാനം മലയാളികള്‍ ഉണ്ടെന്നാണ് ഒരു കണക്ക്. അവരെ ഇതെങ്ങനെ ബാധിക്കും.

എച്ച് വണ്‍ ബി വിസയില്‍ ജോലി ചെയ്യുന്ന മലയാളികളെ ഇത് തീര്‍ച്ചയായും ബാധിക്കും. നിരവധി പേരുമായി സംസാരിച്ചതില്‍ നിന്നും മനസ്സിലായത് അവരില്‍ പലരും തിരികെ നാട്ടില്‍ വന്നാലെന്ത് എന്നാലോചിക്കുന്നവരാണ്. നാട്ടില്‍ ഇന്നുള്ള അവസരങ്ങള്‍ വളരെ നല്ലതാണ് എന്നതാണ് ഒരു കാരണം. (കേരളത്തില്‍ പൂര്‍ണമായും അങ്ങനെയെന്നു പറയാന്‍ ആവില്ലെങ്കിലും ഇന്ത്യയില്‍ പൊതുവേ നല്ല സാഹചര്യമാണ്.) അതിനാല്‍ കമ്പനികളും ജീവനക്കാരെ നാട്ടിലേക്ക് തിരിച്ചുവരാന്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

സാമൂഹികമാധ്യമങ്ങളില്‍ ചിലര്‍ പറയുന്നതുപോലെ ഒരു റിവേഴ്സ് ബ്രെയിന്‍ ഡ്രെയിനിന് (പ്രതിഭകളുടെ തിരിച്ചുവരവിന്) സാഹചര്യം ഒരുങ്ങുകയാണോ?

അങ്ങനെയല്ല. താഴെത്തട്ടിലെ ജോലികളില്‍ ആയിരിക്കും ഒഴിഞ്ഞുപോക്കുണ്ടാവുക. ഉദാഹരണത്തിന് മൂന്നുലക്ഷം ഡോളര്‍ ശമ്പളം ഉള്ള ഒരാളെ നിലനിര്‍ത്താന്‍ കമ്പനി ഒരു 30 ശതമാനം കൂടി അധികം നല്‍കിയാല്‍ മതിയാകും. അത് കമ്പനികളെ അധികം വിഷമിപ്പിക്കില്ല. നമ്മള്‍ ഉദ്ദേശിക്കുന്ന തരത്തില്‍ ഉന്നത പദവികളില്‍ ഇരിക്കുന്ന പ്രൊഫഷണലുകളെ വാര്‍ഷികഫീസ് ബാധിക്കാന്‍ ഇടയില്ല. വളരെ ഉയര്‍ന്ന ശമ്പളമുള്ള അവരെ എന്തുവില കൊടുത്തും കമ്പനികള്‍ നിലനിര്‍ത്താനാണ് സാധ്യത. അത്തരം ആള്‍ക്കാരുടെ എണ്ണവും കുറവായിരിക്കും. അതേസമയം 70,000, 80,000, 90,000 ഡോളര്‍ ശമ്പളത്തില്‍ ജോലി ചെയ്യുന്നവര്‍ക്കായി വര്‍ഷം ഒരുലക്ഷം ഡോളര്‍ അധികം മുടക്കണം എന്ന് പറഞ്ഞാല്‍ ചെലവ് നേരെ ഇരട്ടിയാവുകയാണ്. അതായത്, മിടുക്കരെല്ലാം മടങ്ങിവരികയാണെന്ന് പറയാന്‍ കഴിയില്ല.

ഇപ്പോള്‍ തന്നെ യുകെ പോലുള്ള രാജ്യങ്ങളില്‍ സമാനമായ സാഹചര്യമുണ്ട്. യുകെയില്‍ പഠിക്കാന്‍ പോകുന്ന പലര്‍ക്കും അവിടെ ജോലി കിട്ടുന്നില്ല. അമേരിക്കയ്ക്ക് ഉണ്ടാകാന്‍ പോകുന്ന വലിയൊരു തിരിച്ചടി അവിടെ പഠിക്കാന്‍ പോകുന്ന കുട്ടികളുടെ എണ്ണം ഗണ്യമായി കുറയും എന്നതാണ്. പഠിത്തം കഴിഞ്ഞാല്‍ ഒരു വര്‍ഷം ജോലി ചെയ്യാം എന്നല്ലാതെ തുടര്‍ച്ചയായി ജോലി ചെയ്യാനുള്ള അവസരം ഇല്ലെങ്കില്‍ എന്തിനാണ് ഇത്രയും പണം മുടക്കി അമേരിക്കയില്‍ പോയി പഠിക്കുന്നത് എന്ന ചോദ്യം സ്വാഭാവികമായും ഉയരും. ട്രംപിന്റെ തീരുമാനം വ്യക്തികളെ ബാധിക്കുമെങ്കിലും അതിനെക്കാള്‍ അമേരിക്കന്‍ സര്‍വകലാശാലകള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് ദോഷം ചെയ്യും. അതിനാല്‍ തീരുമാനം പിന്‍വലിക്കാന്‍ അമേരിക്കയില്‍ വലിയ സമ്മര്‍ദമുണ്ടാവും. അമേരിക്കന്‍ പ്രസിഡണ്ടിന് ഇത്തരം ഒരു തീരുമാനം എടുക്കാന്‍ അധികാരമില്ല എന്ന് ഒരു കാഴ്ചപ്പാടുണ്ട്. ഒരുപക്ഷേ, ഏതെങ്കിലും കോടതി തീരുമാനം റദ്ദാക്കിയേക്കാം.

എന്തായാലും സമര്‍ത്ഥരായ പ്രൊഫഷണലുകള്‍ വിദേശത്തേക്ക് നോക്കുന്നതിനു പകരം നാട്ടിലെ ജോലിക്കാവും മുന്‍ഗണന കൊടുക്കുക. നാട്ടുകാര്‍ക്ക് ഇവിടെത്തന്നെ പഠിക്കാനും അവര്‍ക്ക് ഇവിടെത്തന്നെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും അവസരം ഉണ്ടായാല്‍ ഇത്തരം പ്രശ്നം വരുമ്പോള്‍ നമ്മള്‍ പേടിക്കേണ്ട കാര്യമില്ല. ജീവിക്കാനും ജോലി ചെയ്യാനും ഏറ്റവും പറ്റുന്ന സ്ഥലങ്ങളില്‍ ഒന്നായി കേരളത്തെ മാറ്റുകയാണ് വേണ്ടത്. .

അമേരിക്കയില്‍ നിന്ന് ഒഴിഞ്ഞുപോകുന്ന പ്രൊഫഷണലുകളെ ചൈനയും ദക്ഷിണ കൊറിയയും ജപ്പാനും പോലുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ ആകര്‍ഷിച്ചേക്കും എന്ന് സോഷ്യല്‍ മീഡിയയില്‍ കാണുന്നു. ചൈനയില്‍ തൗസന്‍ഡ് ടാലന്റ്സ് പോലുള്ള ആകര്‍ഷകമായ പരിപാടികള്‍ ഉണ്ട്.

ചൈനയില്‍ ഇപ്പോഴും ആള്‍ക്കാര്‍ പോകുന്നുണ്ടല്ലോ.

എച്ച് വണ്‍ ബി പ്രതിസന്ധി കാരണം വിദേശപ്രതിഭകളെ നഷ്ടമാകാതിരിക്കാന്‍ അമേരിക്കന്‍ കമ്പനികള്‍ നിയര്‍ഷോറിങിനെ (കാനഡ, മെക്സിക്കോ പോലുള്ള അയല്‍ രാജ്യങ്ങളില്‍ കമ്പനികള്‍ തുടങ്ങി അവിടെ നിയമിക്കുന്ന രീതി) ആശ്രയിക്കുമെന്നു കേള്‍ക്കുന്നു...

ദീര്‍ഘമായി നിലവിലുള്ള പരിപാടിയാണ് നിയര്‍ഷോറിംഗ്. കനഡയിലും മെക്സിക്കോയിലും ജോലി ചെയ്യുന്നത് പലര്‍ക്കും അത്രയ്ക്ക് ആകര്‍ഷകമായി തോന്നില്ല. മെക്സിക്കോയില്‍ ജോലി ചെയ്യാന്‍ ഇവിടങ്ങളില്‍ നിന്നുള്ള ആള്‍ക്കാര്‍ക്ക് താല്പര്യം കുറവാണ്. അതുപോലെ, നാട്ടുകാര്‍ക്ക് തൊഴില്‍ കൊടുക്കാനായിരിക്കും അവിടുത്തെ കമ്പനികള്‍ക്ക് താല്പര്യം. ഇക്കാരണങ്ങളാല്‍ നിയര്‍ഷോറിങ് കൊണ്ട് ഉദ്ദേശിക്കുന്ന മെച്ചം ഉണ്ടായിട്ടില്ല. മാത്രമല്ല, കാനഡയിലും മറ്റും നിയന്ത്രണങ്ങള്‍ വന്നു കഴിഞ്ഞു.

സമര്‍ത്ഥരായ വിദേശികളെ ഓടിച്ചുവിടുന്ന ട്രംപിന്റെ നയം ദക്ഷിണേഷ്യക്ക് 'ഉര്‍വശീശാപം ഉപകാരം' എന്ന സാഹചര്യമുണ്ടാക്കുമോ.

ഇല്ല. വളരെയധികം ആള്‍ക്കാരെ ബാധിക്കുന്ന പ്രശ്നമാണിത്. നമ്മുടെ ഇടത്തരം കമ്പനികളെ കാര്യമായി ബാധിക്കും. നമ്മുടെ പല കമ്പനികളും അമേരിക്കയിലുള്ള ആശ്രിതത്വം കുറയ്ക്കുന്നതിനായി 'ലുക്ക് ഈസ്റ്റ്' എന്ന നയം സ്വീകരിച്ചു വരുന്നുണ്ട്. ആ കമ്പനികള്‍ക്ക് അതിജീവനം സാധ്യമാവും. പക്ഷേ അമേരിക്കയില്‍ കാര്യമായ ബിസിനസ്സുള്ള കമ്പനികളെ ഇത് ബാധിക്കും. അവരുടെ നിരവധി ജീവനക്കാര്‍ ഇപ്പോഴും എച്ച് വണ്‍ ബിയിലാണ്.

ട്രംപ് പ്രഖ്യാപനം ഉത്തരവ് ഒപ്പുവെച്ച സ്ഥിതിക്ക് തിരിച്ചുവരുന്ന ജീവനക്കാരെ ഉദ്ദേശിച്ച കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ എന്തെങ്കിലും മുന്നൊരുക്കം നടത്തേണ്ടതുണ്ടോ?

സംസ്ഥാന സര്‍ക്കാരിന് മുന്നൊരുക്കങ്ങള്‍ ഒന്നും ചെയ്യാനില്ല. ദേശീയതലത്തിലും അങ്ങനെതന്നെ. മധ്യസ്ഥചര്‍ച്ചകളില്‍ നമ്മുടെ കമ്പനികളെ ബാധിക്കും എന്ന് സര്‍ക്കാരിന് പറയാമെങ്കിലും ഇത് കൂടുതല്‍ ബാധിക്കുന്നത് അമേരിക്കന്‍ കമ്പനികളെയാണ്- അവിടെ തൊഴില്‍ നല്‍കുന്നവയെയും ഇന്ത്യയില്‍ നിന്നും ജീവനക്കാരെ അങ്ങോട്ട് കൊണ്ടുപോകുന്നവയെയും.

അമേരിക്കന്‍ കമ്പനികള്‍ പുറത്തേക്ക് വര്‍ക്ക് കൊടുക്കുമ്പോള്‍ അതിന് വലിയനികുതി ഏര്‍പ്പെടുത്താന്‍ നീക്കമുള്ളതായി ഇടയ്ക്ക് കേട്ടിരുന്നു. ആ നീക്കം നടപ്പായാല്‍ നമ്മുടെ ഗ്ലോബല്‍ കേപബിലിറ്റീസ് സെന്റര്‍ പോലുള്ള നിരവധി വിവര സാങ്കേതിക ബിസിനസുകളെ ബാധിക്കും. ഏതെങ്കിലും കോടതി ഇത് സ്റ്റേ ചെയ്യുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

മടങ്ങിവരുന്നവര്‍ക്ക് തൊഴിലുകളോ വായ്പാസൗകര്യങ്ങളോ മറ്റോ ഏര്‍പ്പെടുത്തേണ്ടതുണ്ടോ.

എനിക്ക് തോന്നുന്നില്ല. അങ്ങനെ ചെയ്യാന്‍ പറ്റുന്നതല്ല. കുവൈറ്റില്‍ നിന്നും മടങ്ങിവന്നവര്‍ക്ക് എന്തൊക്കെയോ ചെയ്യാം എന്ന് പറഞ്ഞിട്ട് എന്തെങ്കിലും നടന്നോ?. അവിടെ പോകുന്നവര്‍ ബിസിനസുകാര്‍ അല്ല, ജോലി ചെയ്യുന്നവരാണ്. തൊഴിലെടുത്ത് ജീവിക്കുന്ന ഒരാളോട് ബിസിനസ് തുടങ്ങാന്‍ പറഞ്ഞാല്‍ അയാളുടെ ഉള്ള ബിസിനസ് കൂടിപ്പോവുകയേ ഉള്ളൂ. നമ്മള്‍ ചെയ്യേണ്ടത് ഇവിടത്തെ സാഹചര്യം വളരെ നിക്ഷേപ സൗഹൃദമാക്കുക എന്നതാണ്. അങ്ങനെ വന്നാല്‍ ചിലര്‍ ബിസിനസ് തുടങ്ങും, അവര്‍ മറ്റുള്ളവര്‍ക്ക് തൊഴില്‍ നല്‍കും. അമേരിക്കയില്‍ നിന്ന് തിരിച്ചുവരുന്നവര്‍ക്ക് പ്രത്യേക പദ്ധതി ഉണ്ടാക്കണമെന്നോ തൊഴില്‍ കൊടുക്കണമെന്നോ പറയുന്നത് ശരിയല്ല. നമ്മുടെ നാട്ടില്‍ പതിനായിരക്കണക്കിന് ആള്‍ക്കാര്‍ ജോലിയില്ലാതെ നില്‍പ്പുണ്ടല്ലോ.