ഇറാനിൽ ആക്രമണം നടത്തുന്ന അമേരിക്ക- ഇസ്രയേൽ സഖ്യത്തിൽ കൂടുതൽ പാശ്ചാത്യരാജ്യങ്ങൾ അണിചേരുകയാണ്. പ്രത്യാക്രമണം നടത്തുന്ന ഇറാൻ ഗൾഫ് മേഖലയിലെ രാജ്യങ്ങൾക്കു നേരേയും മിസൈലുകളയക്കുന്നു. ഈ സാഹചര്യത്തെക്കുറിച്ച് മുൻ അംബാസഡർ ടി.പി. ശ്രീനിവാസൻ സംസാരിക്കുന്നു.

To advertise here,

നിലവിലെ പശ്ചിമേഷ്യൻ സാഹചര്യത്തെ എങ്ങനെയാണ് നോക്കിക്കാണുന്നത്?

ഇപ്പോഴത്തെ നമ്മുടെ ഏറ്റവും വലിയ ഉൽക്കണ്ഠ ഇന്ത്യൻ പൗരൻമാരുടെ സുരക്ഷിതത്വമാണ്. യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന മൂന്ന് രാജ്യങ്ങളുമായി- അമേരിക്ക, ഇസ്രയേൽ, ഇറാൻ- നമുക്ക് അടുത്ത ബന്ധമാണുള്ളത്. ഈ മൂന്നു രാജ്യങ്ങളോടും പറയേണ്ട കാര്യം ഈ പ്രശ്‌നത്തിൽ ഇന്ത്യക്ക് നിർണായകമായ ദേശീയ താൽപ്പര്യമുണ്ട് എന്നാണ്. ഇന്ത്യയെ ഇതിൽ നേരിട്ടു ബന്ധമുള്ള കക്ഷിയായി അവരാരും കണക്കാക്കിയിട്ടില്ല. പക്ഷേ, അങ്ങനെയല്ല വസ്തുത എന്ന് അവർക്ക് പറഞ്ഞു കൊടുക്കേണ്ട ആവശ്യമുണ്ട്, ഉത്തരവാദിത്വമുണ്ട് നമുക്ക്. 90 ലക്ഷം ഇന്ത്യൻ പൗരൻമാരാണ് ഗൾഫ് രാജ്യങ്ങളിലുള്ളത്. ഈ ആക്രമണം ഇന്ത്യയ്‌ക്കെതിരായ ആക്രമണമാണെന്നും അതിനാൽ തടയണം എന്നുമുള്ള ശക്തമായ നിർദ്ദേശം യുദ്ധത്തിലേർപ്പെട്ട മൂന്നു രാജ്യങ്ങളെയും അറിയിക്കണം എന്നാണ് എന്റെ അഭിപ്രായം.

അതുകൊണ്ട് എന്തെങ്കിലും ഫലമുണ്ടാകുമോ?

അത് മറ്റൊരു കാര്യമാണ്. എങ്കിലും നമ്മൾ ചെയ്യേണ്ടത് ചെയ്യണമല്ലോ. ഈ മൂന്നു രാജ്യങ്ങളുമായും സമാധാനത്തോടെ സംസാരിക്കാൻ കഴിവുള്ള ഒരു രാജ്യം മാത്രമേ ഉള്ളൂ. ഇസ്രയേലിനോട് സംസാരിക്കുന്നവർക്ക് ഇറാനോട് സംസാരിക്കാൻ പറ്റില്ല, ഇറാനോട് സംസാരിക്കുന്നവർക്ക് അമേരിക്കയോട് സംസാരിക്കാൻ പറ്റില്ല. പക്ഷെ നമുക്ക് ഇവർ മൂന്നുപേരുമായിട്ടും നിരന്തരമായ നല്ല ബന്ധമുണ്ടല്ലോ. അതുകൊണ്ട് ഇന്ത്യയെ ഒഴിവാക്കി, ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതൊരു കാര്യമല്ല എന്ന തരത്തിൽ പെരുമാറാൻ പാടില്ല എന്ന സന്ദേശമാണ് നാം കൊടുക്കേണ്ടത്.

ഇറാന്റെ ഭാഗത്തുനിന്ന് ചില അനുനയനീക്കങ്ങൾ വരുന്നതായി കേൾക്കുന്നു. ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ഉദ്ദേശിക്കുന്നില്ല, ചർച്ചയ്ക്ക് തയ്യാറാണ് എന്നൊക്കെ. പക്ഷേ, യുദ്ധം നാലാഴ്ചയെങ്കിലും തുടരുമെന്നാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറയുന്നത്. അങ്ങയുടെ കണക്കുകൂട്ടൽ?

നമുക്കൊന്നും പറയാൻ പറ്റില്ല. വിയന്നയിൽ ഒമാന്റെ മധ്യസ്ഥതയിൽ നടന്ന സമാധാനചർച്ചകൾ ഒരു കരാറിന്റെ വക്കിലായിരുന്നല്ലോ. ആണവകാര്യങ്ങളിൽ അയവ് വരുത്താമെന്ന് ഇറാൻ സമ്മതിച്ചിരുന്നു. മിസൈലുകളുടെ കാര്യത്തിലായിരുന്നു തടസ്സം നിലനിന്നത്. സമ്പുഷ്ടീകരിച്ച 400 കിലോഗ്രാം യുറേനിയമുള്ളത് പുറത്ത് കൊണ്ടുപോവാനും മുപ്പതു ശതമാനത്തിനു മുകളിൽ സമ്പുഷ്ടീകരിക്കാതിരിക്കാനും ധാരണയുണ്ടാക്കാൻ ഇറാൻ തയ്യാറായിരുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

ഇസ്രയേലും സൗദി അറേബ്യയും സമ്മർദ്ദം ചെലുത്തിയിട്ടാണ് ട്രംപ് ആക്രമണത്തിന് തയ്യാറായതെന്ന് ചില അമേരിക്കൻ പത്രങ്ങൾ പറയുന്നു ?

അങ്ങനെ ഒരു ഇനിഷ്യേറ്റീവ് എടുക്കാൻ സൗദി അറേബ്യ ശ്രമിക്കുമോ എന്ന് എനിക്കറിയില്ല. അതിനായി അവർ സജീവമായി ഇടപെടുമെന്ന് എനിക്ക് തോന്നുന്നില്ല.

അമേരിക്ക ഉദ്ദേശിക്കുന്ന ഭരണകൂടമാറ്റം ഇറാനിൽ നടക്കാനുള്ള സാധ്യത?

പരമോന്നതനേതാവ് ഖമീനി പോയില്ലേ? ഇനി ഭരണകൂടം മാറാതെ പറ്റില്ലല്ലോ. പകരം വരുന്നത് ആരായിരിക്കും എന്നതാണ് പ്രധാനം. ഇതുവരെ അതിനൊരു സൂചന ഇല്ല.

യുദ്ധം കഴിഞ്ഞ് അമേരിക്ക പിൻമാറുമ്പോൾ സിറിയയിലും ഇറാക്കിലുമൊക്കെ മുമ്പ് കണ്ടതുപോലെ വളരെ അരാജകത്വം നിറഞ്ഞ ഒരു സാഹചര്യമുണ്ടാവാനുള്ള സാധ്യതയുണ്ടോ?

അതാണ് നമ്മൾ ഭയക്കുന്നത്. ഇപ്പോൾ വളരെ സേഫ് ആണ്, സെക്യൂർ ആണ് എന്നൊക്കെ നമ്മുടെ ആളുകൾ അവിടെയിരുന്ന് വിളിച്ചു പറയുന്നുണ്ട്. പക്ഷേ, അത് ആരാണ് ഗാരന്റി ചെയ്യുന്നത്? ബുർജ് ഖലീഫ ആക്രമിക്കപ്പെടുകയാണെങ്കിൽ എന്താണ് സ്ഥിതി? അത് ലോകത്തെ തന്നെ അലങ്കോലപ്പെടുത്തുന്ന കാര്യമല്ലേ? എന്തുകൊണ്ട് അവര് ഗൾഫിനെ ആക്രമിക്കുന്നു എന്നുള്ളതിന് ഇപ്പോഴും ഉത്തരമില്ല. അമേരിക്കക്കാരെ ആക്രമിക്കാൻ വേണ്ടി ഗൾഫിൽ പോയതാണെന്നാണ് പറയുന്നത്.

ഈ സ്ഥലങ്ങളിലൊക്കെ അമേരിക്കയുടെ സൈനികത്താവളങ്ങളുണ്ടെന്നാണ് അവർ പറയുന്നത്…

എല്ലായിടത്തും ഇല്ലല്ലോ. ഇവര് ബോംബ് ചെയ്യുന്നത് അത് മാത്രമല്ലല്ലോ.

മധ്യപൂർവേഷ്യയുടെ സാമ്പത്തിക വളർച്ചയുടെയും സമൃദ്ധിയുടെയും കാരണം തന്നെ അവിടുത്തെ സുരക്ഷിതമായ സാഹചര്യവും കർക്കശമായ ക്രമസമാധാന പാലനവുമാണല്ലോ. അത് ഇല്ലാതായാൽ ?

അതാണ് ഭയം. സുരക്ഷിതത്വം, സമാധാനം, സ്ഥിരത ഇതൊക്കയല്ലേ അവരുടെ ശക്തി? അതൊക്കെ പോയാൽ പിന്നെ ദുബായിൽ പോകേണ്ട കാര്യമില്ലല്ലോ, ഇവിടെത്തന്നെ ഇരുന്നാൽ പോരേ? അതൊക്കെ നഷ്ടപ്പെട്ടുപോയാൽ അന്താരാഷ്ട്ര സമ്പദ്‌വ്യവസ്ഥ അങ്ങനെ അതിജീവിക്കും? നമ്മൾ ഇതിൽ ഒരു കക്ഷിയാണ്, നമ്മളെ അങ്ങനെ കാണണം എന്നാണ് ആവശ്യപ്പെടേണ്ടത്. പ്രധാനമന്ത്രി അവരെയൊക്കെ വിളിക്കുന്നുണ്ടെന്നാണ് കേൾക്കുന്നത്. എന്നാലും നമ്മളെ അവർ ഇതിൽ ഒരു കക്ഷിയാക്കിയിട്ടില്ല.

വെടിനിറുത്തലിന് ഇന്ത്യ ശ്രമിക്കുന്നതായി സൂചനയുണ്ട് ?

അത് ചെയ്യുന്നുണ്ടായിരിക്കും. ഇന്ത്യൻ ഗവൺമെന്റ് അലസമായി ഇരിക്കുകയല്ലെന്ന് തീർച്ചയാണ്. നമ്മുടെ 90 ലക്ഷം പ്രവാസികളുടെ കാര്യത്തിന് ഊന്നൽ കൊടുക്കണം എന്നാണ് ഞാൻ പറയുന്നത്. നമ്മൾ നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന കാര്യമാണ്. ഇന്ത്യയോട് സ്‌നേഹം ഉണ്ടെങ്കിൽ അതും കൂടെ കണക്കിൽ എടുക്കണം എന്നാണ് പറയേണ്ടത്. നമ്മൾ ഇസ്രയേലിൽ പോയി സന്തോഷമായി തിരിച്ചുവന്നതല്ലേ? അവരാണല്ലോ യുദ്ധമാരംഭിച്ചത്.

യുദ്ധത്തിന്റെ തൊട്ടുമുമ്പ് പ്രധാനമന്ത്രി ഇസ്രയേലിൽ പോയി വന്നതിനെ നമ്മൾ ഇസ്രായേലിന്റെ പക്ഷം പിടിച്ചു എന്നരീതിയിൽ വ്യാഖ്യാനിക്കുന്നുണ്ട് ?

ആ ചർച്ച കഴിഞ്ഞിട്ടില്ല. സന്ദർശനം യുക്തി സഹമല്ലായിരുന്നു എന്നൊക്കെ പലരും പറയുന്നുണ്ട്. പക്ഷേ, അത് സംഭവിച്ചല്ലോ. അതിൽ നിന്ന് നമ്മൾ എന്തെങ്കിലും നേട്ടമുണ്ടാക്കണ്ടേ? അവർ ഇന്ത്യൻ താൽപ്പര്യങ്ങൾ അവഗണിക്കാൻ പാടില്ല. ഞങ്ങൾ തമ്മിൽ യുദ്ധമുള്ളതാണ്, രണ്ട് ഗൾഫ് രാജ്യങ്ങൾ നശിച്ചതുകൊണ്ട് നമുക്കെന്താണ് എന്നൊക്കെയുള്ള സമീപനം അവർ എടുക്കാൻ പാടില്ല.

ഇന്ത്യ പറഞ്ഞാൽ ഇറാൻ ചെവിക്കൊള്ളാനും മാത്രം നമുക്ക് അവരുടെ മേൽ എന്തെങ്കിലും സ്വാധീനമുണ്ടോ?

നമുക്ക് അവരുമായി നല്ല ബന്ധമുണ്ട്. കാരണം ഇന്ത്യയിൽ ഒരു വലിയ ഷിയാ സമൂഹമുണ്ട്. അവർ ഇന്ത്യ-ഇറാൻ ബന്ധങ്ങളെ ഒരുപാട് സ്വാധീനിക്കുന്നുണ്ട്. ഇറാനെതിരായി ഐഎഇഎയിൽ (അന്താരാഷ്ട്ര ആണവോർജ ഏജൻസി) എന്തെങ്കിലും ഉണ്ടായാൽ ആദ്യം എന്നെ വിളിച്ചിരുന്നത് നമ്മുടെ വിദേശസെക്രട്ടറി ആയിരുന്നു, അവരെ ഒന്നും ചെയ്യല്ലേ എന്നും പറഞ്ഞ്. അവര് ചിലപ്പോൾ വിഡ്ഢിത്തരങ്ങളൊക്കെ പറയും, ഇന്ത്യയെ പോലെ ആവണം എന്നൊക്കെ. ഒരിക്കൽ ഞാൻ അതിനെ എതിർത്തപ്പോൾ അഞ്ചു മിനിട്ടിനകം വിദേശ സെക്രട്ടറി എന്നെ വിളിച്ചു. ഇറാനെ എന്തിനാണ് നിങ്ങൾ ശല്യം ചെയ്യുന്നത് എന്ന് ചോദിച്ചു. അത്രയ്ക്കാണ് അവരുടെ സ്വാധീനം.

ഇറാനും ആണവോർജവും 

നിങ്ങൾക്ക് ആണവോർജത്തിന്റെ ആവശ്യമില്ലല്ലോ, ആവശ്യത്തിനുള്ള ഊർജസ്രോതസ്സുകൾ ഉണ്ടല്ലോ എന്നാണ് ലോകം ഇറാനോട് പറയുന്നത്. ഭാവിക്കായി ഒരു ബദൽ ഊർജസംവിധാനം ആവശ്യമാണ് എന്നും സമാധാനപരമായ ആവശ്യങ്ങൾക്കാണ് അതെന്നും ഇറാൻ. അതിനെ നമ്മൾ എതിർക്കുന്നില്ല. നമ്മൾ പറയുന്നത് അവർ ആണവനിർവ്യാപനക്കരാർ (എൻപിടി) ഒപ്പുവെച്ച രാജ്യമായതിനാൽ ഐഐഇഎയുടെ നിയമങ്ങൾ പാലിക്കണം എന്നും.

ഐഎഇഎയിൽ ഗവർണർ ആയിരുന്ന കാലത്ത് ഇറാനിൽ പരിശോധനയ്ക്ക് പോയിട്ടുണ്ടോ?

ഞങ്ങൾ പോകില്ലല്ലോ. ഐഎഇഎയുടെ ഉദ്യോഗസ്ഥർ പോയിവന്ന് ആദ്യം റിപ്പോർട്ട് ചെയ്യുന്നത് ഞങ്ങളോടാണ്.

പരിശോധനയോട് അവരുടെ മനോഭാവം ?

പരിശോധന അവർ സ്വാഗതം ചെയ്തിരുന്നു. തിരിച്ചുവരുമ്പോൾ എല്ലാ ഇൻസ്‌പെക്ടർമാരും ആണവായുധ നിർമാണപാതയിലല്ല ഇറാൻ മുന്നോട്ടുപോവുന്നത് എന്നുറപ്പ് വരുത്താൻ യാതൊരു മാർഗവുമില്ല എന്നായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്. അത് പരിശോധിക്കാനാണ് അവര് പോയത്. പക്ഷേ, അവർക്കത് സ്ഥിരീകരിക്കാൻ പറ്റിയില്ല. വർഷങ്ങൾ കഴിഞ്ഞിട്ടും.

താങ്കൾ ഏതു കാലത്തായിരുന്നു ഐഎഇഎയിൽ ഉണ്ടായിരുന്നത്?

2001 മുതൽ 2004 വരെ ആയിരുന്നു. അന്നായിരുന്നു ഇത് വലിയൊരു പ്രശ്‌നമായി വന്നത്. എന്നിട്ട് മധ്യസ്ഥചർച്ചകൾ ആരംഭിച്ചു, രക്ഷാസമിതിയിലെ അഞ്ച് സ്ഥിരാംഗങ്ങളും ജർമനിയുമാണ് ഇറാനുമായി ചർച്ച നടത്തിയത്. പക്ഷേ, ചേരിചേരാരാജ്യം എന്നനിലയ്ക്ക് നമ്മളെ എപ്പോഴും കാര്യങ്ങൾ അറിയിച്ചുകൊണ്ടിരുന്നു. ഇറാൻ പലപ്പോഴും നമ്മുടെ പിന്തുണ ആവശ്യപ്പെട്ടു. പക്ഷേ പലപ്പോഴും നമ്മുടെ നിലപാട് അവരുടേതിൽ നിന്നും വ്യത്യാസമാണല്ലോ. ആ സമയത്തൊക്കെ തങ്ങൾ എൻപിടി ഒപ്പിടാതെ വേണ്ടതു ചെയ്യുന്ന ഇന്ത്യയെ പോലെ ആയിരുന്നെങ്കിലെന്ന് ഇടയ്ക്കിടെ അവരുടെ വിദേശമന്ത്രിയും അംബാസഡറും എന്നോട് പറയുമായിരുന്നു. ഇന്ത്യയെ പോലെ ആണവശേഷി ഉണ്ടാക്കണം എന്നതാണ് അവരുടെ ആഗ്രഹം. എതിരാളികൾക്ക് ആക്രമിക്കാനുള്ള ധൈര്യം ഉണ്ടാകാതിരിക്കാൻ വേണ്ട സംഹാരശേഷി (ഡിറ്ററന്റ്). പക്ഷേ, എൻപിടി ഒപ്പിട്ടതിനാൽ ആ മാർഗം അവർക്ക് ലഭ്യമല്ല, നിയമങ്ങൾ കൃത്യമായി പാലിച്ചേ മതിയാവൂ. അവരുടെ മാതൃക ശരിക്കും ഉത്തരകൊറിയ ആണ്. ആരും അവരെ ആക്രമിക്കാത്തത് എന്തുകൊണ്ടാണ്? അവരുടെ കൈയിൽ എന്താണുള്ളത് എന്ന് ആർക്കും അറിയില്ല. അതുകൊണ്ടാണ്.

യുദ്ധം തീർക്കാൻ ഐക്യരാഷ്ട്രസഭ (യുഎൻ) ഇടപെടണമെന്ന് ഇറാന്റെ വിദേശമന്ത്രി പറഞ്ഞിരിക്കുന്നു

ദെയർ ഈസ് നോ യുഎൻ. യുഎൻ എന്നൊന്നില്ല. ജൂലായിൽ അവരുടെ ബജറ്റിന്റെ പൈസ മുഴുവൻ തീരും, പാപ്പരാവും. ഇക്കാര്യം സെക്രട്ടറി ജനറൽ രണ്ടു കൊല്ലമായിട്ട് പറയുന്നെങ്കിലും ആരും ശ്രദ്ധിക്കുന്നില്ല, ഇന്ത്യയിൽ പോലും ആരും താല്പര്യം കാണിക്കുന്നില്ല. ഇന്ത്യയടക്കം 44 രാജ്യങ്ങളെ കുടിശ്ശിക കൊടുത്തിട്ടുള്ളൂ. സെക്രട്ടറി ജനറൽ പറഞ്ഞിരിക്കുന്നത് ജൂലായ് കഴിഞ്ഞാൽ പണമില്ലെന്നാണ്. ഈ സമാധാനപാലന പരിപാടികളൊക്കെ പിന്നെ എങ്ങനെ നിലനിർത്തും? ഭയങ്കര പ്രതിസന്ധിയാണ്. ലോകകാര്യങ്ങൾ ബോർഡ് ഓഫ് പീസ് നടത്തുമെന്നാണ് ട്രംപ് പറയുന്നത്. എന്തൊരു വിഡ്ഢിത്തമാണത്!

പല്ലും നഖവും പറിച്ച് യുഎന്നിനെ നിസ്സഹായമാക്കുന്നത് ട്രംപിന്റെ ബോധപൂർവമായ പദ്ധതിയല്ലേ?

അതെ. തന്റെ ആദ്യടേമിൽ തന്നെ പറഞ്ഞല്ലോ, നിങ്ങൾ (യുഎൻ) എന്തിനാണ് ഇവിടെ ന്യൂയോർക്കിൽ സമയം കളയുന്നത്? എന്നെ സംബന്ധിച്ചിടത്തോളം പ്രഥമപരിഗണന അമേരിക്കയാണ് എന്ന്. 

ഇപ്പോഴത്തെ സാഹചര്യത്തിൽ വികസ്വരരാജ്യങ്ങൾ ഒരുമിച്ച് പുതിയൊരു ലോകസംഘടന ഉണ്ടാക്കേണ്ട സമയമായി എന്ന് തോന്നുന്നുണ്ടോ?

വികസ്വരരാജ്യങ്ങളുടെ സംഘടന അല്ല വേണ്ടത്. ഇടത്തരം രാജ്യങ്ങളുടെ കൂട്ടായ്മ. അതിനുള്ള വിപ്ലവകരമായ നിർദ്ദേശമാണ് കനേഡിയൻ പ്രധാനമന്ത്രി കാർണി മുന്നോട്ടുവെച്ചത്. കാനഡയെക്കാൾ അമേരിക്കയുമായി അടുത്ത ബന്ധമുള്ള വേറൊരു രാജ്യമില്ലല്ലോ. ഇരുരാജ്യങ്ങളും പൂർണമായി ഏകോപിതമാണ്. പക്ഷേ, വിഭവങ്ങളുടെ കാര്യത്തിൽ തന്ത്രപരമായ സ്വാതന്ത്ര്യം വേണമെന്നാണ് കാർണി പറഞ്ഞത്. ഇടത്തരം രാജ്യങ്ങളെല്ലാം ഒരുമിച്ചു ചേർന്ന് പുതിയൗരു സംഘടന രൂപീകരിക്കണമെന്നാണ് അദ്ദേഹം പറയുന്നത്.