മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെക്കുറിച്ചുള്ള മകളും നര്‍ത്തകിയുമായ ശര്‍മ്മിഷഠ മുഖര്‍ജിയുടെ 'പ്രണബ് മൈ ഫാദര്‍' എന്ന പുറത്തിറങ്ങാനിരിക്കുന്ന പുസ്തകം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയെക്കുറിച്ചും പ്രധാനമന്ത്രി മോദിയെക്കുറിച്ചുമുള്ള ചില പരാമര്‍ശങ്ങളാല്‍ ഇതിനകം വിവാദമായിരിക്കുകയാണ്. പുസ്തകത്തെക്കുറിച്ചും വിവാദത്തെക്കുറിച്ചും സജീവരാഷ്ട്രീയത്തിലില്ലാത്ത ശര്‍മ്മിഷ്ഠ മാതൃഭൂമിയോട് സംസാരിച്ചു.

To advertise here,

രാഹുല്‍ ഗാന്ധിയെക്കുറിച്ചടക്കമുള്ള പരാമര്‍ശങ്ങളിലൂടെ താങ്കളുടെ പുതിയ പുസ്തകം ഇറങ്ങും മുമ്പ് വിവാദമായിരിക്കുന്നു. രാഹുലിനെ അപകീര്‍ത്തിപ്പെടുത്താന്‍ ബി.ജെ.പി താങ്കളെ ആയുധമാക്കുന്നുവെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം

അവര്‍ക്ക് സ്വന്തം ന്യായീകരണത്തിന് ഒരു കാരണം കണ്ടെത്തണം. ഇന്നത്തെ രാഷ്ട്രീയസംസ്‌കാരം വച്ച് അവര്‍ ഇതിന് പിന്നില്‍ ഒരു അജന്‍ഡ കണ്ടെത്തുമെന്നതില്‍ അത്ഭുതമില്ല. പുസ്തകത്തിലെ ചില ഭാഗങ്ങള്‍ പുറത്തുവന്നതിനെ വച്ച് മാത്രമാണ് അവര്‍ ആരോപണമുന്നയിക്കുന്നത്. പുസ്തകം മുഴുവനായി വായിച്ചിട്ടല്ല. അതുകൊണ്ടുതന്നെ വിമര്‍ശനം അപക്വമാണ്. എന്നെ സംബന്ധിച്ചിടത്തോളം എന്റെ വിധേയത്വം പൂര്‍ണമായി എന്റെ അച്ഛനോട് മാത്രമാണ്. കോണ്‍ഗ്രസിനോടോ ബി.ജെ.പിയോടോ മറ്റൊന്നിനോടുമോ അല്ല. അദ്ദേഹം അദ്ദേഹത്തിന്റെ ഡയറി എന്നെ ഏല്പിച്ചു. അദ്ദേഹം എന്നോട് പലതും പറഞ്ഞു. ഒരുപക്ഷേ, ഞാനിങ്ങനെ ഒരു പുസ്തകമെഴുതണമെന്ന് അദ്ദേഹം ആഗ്രഹിച്ചിട്ടുണ്ടാകാം. ആ ആഗ്രഹമാണ് ഞാന്‍ സഫലീകരിക്കുന്നത്.

370 പേജുകളുള്ള ഈ പുസ്തകത്തില്‍ അഞ്ചോ ആറോ പരാമര്‍ശങ്ങളേ രാഹുല്‍ ഗാന്ധിയെക്കുറിച്ചുള്ളൂ. ഈ പുസ്തകം രാഹുല്‍ ഗാന്ധിയെക്കുറിച്ചല്ല. ഇത് പ്രണബ് മുഖര്‍ജിയെക്കുറിച്ചും അദ്ദേഹത്തിന്റെ രാഷ്ട്രീയയാത്രയെക്കുറിച്ചുമാണ്. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എന്തെങ്കിലും പ്രതികരിക്കാനുണ്ടെങ്കില്‍ അവരെ അങ്ങേയറ്റം സ്വാഗതം ചെയ്യുന്നു. കോണ്‍ഗ്രസിന്റെ അടിസ്ഥാനമൂല്യങ്ങളെന്ന് പറയുന്നത് ലിബറലിസമാണ്. അതില്‍ ക്ഷമാശീലം, അഭിപ്രായസ്വാതന്ത്ര്യം എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ആരെങ്കിലും അവരുടെ നേതാക്കളെ വിമര്‍ശിക്കുന്നുവെങ്കില്‍ ആ അഭിപ്രായസ്വാതന്ത്ര്യം അവര്‍ മാനിക്കണം. അതുപോലെ തിരിച്ചുവിമര്‍ശിക്കാനുള്ള അവരുടെ സ്വാതന്ത്ര്യത്തെയും മാനിക്കുന്നു.

കോണ്‍ഗ്രസിന് ആ ക്ഷമാശീലമൊക്കെ  നഷ്ടപ്പെടുന്നുവെന്നാണോ

അത് ഞാന്‍ പറയേണ്ടതല്ല. അവര്‍ സ്വയം വിമര്‍ശനാത്മകമായി പരിശോധിക്കേണ്ടതാണ്. അവരുടെ പ്രവൃത്തികളെ ജനങ്ങളും വിലയിരുത്തേണ്ടതാണ്. കോണ്‍ഗ്രസ് നേതാക്കളുടെ വിമര്‍ശനങ്ങളെക്കുറിച്ച് എനിക്ക് കൂടുതല്‍ പറയാനില്ല. പുസ്തകത്തെക്കുറിച്ചാണ് എനിക്ക് സംസാരിക്കാനുള്ളത്. ഈ പുസ്തകം വ്യക്തിപരവും രാഷ്ട്രീയവുമായ എന്റെ പിതാവിന്റെ യാത്രകളാണ്. അഞ്ച് ദശാബ്ദക്കാലം നീണ്ട അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതം കോണ്‍ഗ്രസുമായി ബന്ധപ്പെട്ടായിരുന്നു. പക്ഷേ ഇതൊരിക്കലും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചരിത്രമല്ല. കഴിഞ്ഞ അഞ്ച് ദശാബ്ദക്കാലം അദ്ദേഹം പല രാഷ്ട്രീയ കോളിളക്കങ്ങള്‍ക്കും സാക്ഷിയായി. പല പ്രധാനമന്ത്രിമാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. ഇന്ദിരാഗാന്ധി, നരസിംഹറാവു, മന്‍മോഹന്‍സിംഗ് അങ്ങനെ. അഞ്ച് വര്‍ഷക്കാലം രാഷ്ട്രപതിയെന്ന നിലയില്‍ തീര്‍ച്ചയായും നരേന്ദ്ര മോദിക്കൊപ്പവുമുണ്ട്. പുസ്തകത്തിനുള്ള എന്റെ പ്രധാന സ്രോതസ്സ് അദ്ദേഹത്തിന്റെ ഡയറിയാണ്. പിന്നെ അദ്ദേഹവുമായി നടത്തിയ സംഭാഷണങ്ങളും.

ഇന്ദിരാഗാന്ധിക്ക് ശേഷം ആര് പ്രധാനമന്ത്രിയാകണമെന്ന ചോദ്യമുയര്‍ന്നപ്പോള്‍ പ്രണബ് മുഖര്‍ജിയുടേതാണോ ഉയര്‍ന്നുവന്നത്. അങ്ങനെയെന്തെങ്കിലും അദ്ദേഹം സൂചന തന്നിരുന്നോ

അദ്ദേഹം ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല. അത് അന്ന് പ്രചരിച്ച ഒരു അഭ്യൂഹം മാത്രമായിരുന്നു. അദ്ദേഹം അവകാശവാദമുന്നയിച്ചു എന്ന പ്രചരണത്തെ അദ്ദേഹം തന്നെ എതിര്‍ക്കുകയും ചെയ്തിട്ടുണ്ട്.

അദ്ദേഹം തന്നെ ആത്മകഥയില്‍ പലതും വെളിപ്പെടുത്തിയതല്ലേ. അതില്‍കൂടുതലായി ഇങ്ങനെയൊരു പുസ്തകത്തിന്റെ പ്രസക്തിയെന്താണ്

നാല് വോള്യങ്ങളുള്ള ആത്മകഥയില്‍ അദ്ദേഹം കുറേ കാര്യങ്ങള്‍ തുറന്നുപറഞ്ഞു. എന്നാല്‍ പുതിയ പല കാര്യങ്ങളും ഡയറിയിലുള്ളത് എന്റെ പുസ്തകത്തിലുണ്ട്. അച്ഛന്‍ എഴുതിയത് തന്നെ ഞാനും എഴുതിയാല്‍ പിന്നെ എന്റെ പുസ്തകം ജനങ്ങളെന്തിന് വായിക്കണം.

placeholder
കോണ്‍ഗ്രസ് വക്താവായിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പുസ്തകം ശര്‍മ്മിഷ്ഠ മുഖര്‍ജി പ്രകാശനം ചെയ്യുന്നു | Photo: PTI

രാഹുല്‍ ഗാന്ധിക്ക് രാഷ്ട്രീയ പക്വതയില്ലെന്ന് പ്രണബ് സൂചിപ്പിച്ചതടക്കമുള്ള ചില പരാമര്‍ശങ്ങള്‍ പുസ്തകത്തിലുണ്ട്. താങ്കള്‍ക്ക് അദ്ദേഹത്തെക്കുറിച്ചുള്ള അഭിപ്രായം ഇപ്പോഴെന്താണ്, പ്രത്യേകിച്ച് ഭാരത് ജോഡോ യാത്രയൊക്കെ കഴിഞ്ഞ ശേഷം

കോണ്‍ഗ്രസില്‍ അഞ്ച് വര്‍ഷക്കാലമേ ഞാനുണ്ടായിട്ടുള്ളൂ. രാഹുല്‍ഗാന്ധിയേക്കാള്‍ വളരെ ജൂനിയറാണ് ഞാനാ പാര്‍ട്ടിയില്‍. വളരെ കുറച്ചു വേളകളിലേ ഞാനദ്ദേഹത്തെ കണ്ടുമുട്ടിയിട്ടുള്ളൂ. തെലങ്കാന സ്‌ക്രീനിംഗ് കമ്മിറ്റിയില്‍ ഒരിക്കല്‍ അംഗമായിരിക്കെ എനിക്കദ്ദേഹത്തോട് സംസാരിക്കാനായിട്ടുണ്ട്. വളരെ ചുരുങ്ങിയ വേളകളില്‍ സംസാരിക്കാന്‍ സാധിച്ചപ്പോഴൊക്കെ വളരെ മാന്യതയുള്ളയാളായാണ് എനിക്കനുഭവപ്പെട്ടിട്ടുള്ളത്. രാഹുല്‍ഗാന്ധിയെ ഇപ്പോള്‍ വിലയിരുത്തേണ്ടത് എന്റെ ജോലിയല്ല. ഞാന്‍ രാഷ്ട്രീയം ഉപേക്ഷിച്ചുകഴിഞ്ഞു. ഞാന്‍ രാഷ്ട്രീയക്കാരിയോ രാഷ്ട്രീയനിരീക്ഷകയോ അല്ല.

രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രണബ് മുഖര്‍ജിയെ പരിഗണിച്ചവേളയില്‍ അദ്ദേഹത്തിന്റെ മനസ്സ് എന്തായിരുന്നു. സജീവരാഷ്ട്രീയത്തില്‍ നിന്ന് മാറേണ്ട സാഹചര്യമാണ്. സജീവരാഷ്ട്രീയത്തില്‍ നിന്ന് ഒതുക്കപ്പെടുന്നുവെന്ന ചിന്തയുണ്ടായിരുന്നതായി തോന്നിയിട്ടുണ്ടോ

രാഷ്ട്രപതി സ്ഥാനമെന്നത് ഭരണഘടനാപരമായ ഏറ്റവും ഉന്നതപദവിയാണ്. ഇത് ആരെങ്കിലും രാഷ്ട്രീയത്തില്‍ നിന്ന് ഒതുക്കപ്പെടുന്നില്ല. ഒരു ഘട്ടം വരുമ്പോള്‍ ആരും സജീവരാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കേണ്ടിവരും. തീര്‍ച്ചയായും അദ്ദേഹം ആ പദവി അങ്ങേയറ്റം ആസ്വദിച്ചിരുന്നു. വളരെ സജീവമായി പ്രവര്‍ത്തിച്ച രാഷ്ട്രപതിയായിരുന്നു അദ്ദേഹം. പല പുതിയ കാര്യങ്ങളും അദ്ദേഹം ചെയ്തു. പദവി അദ്ദേഹത്തിനുള്ള ഏറ്റവും വലിയ ബഹുമതിയായിരുന്നു.

ഒന്നാം യു.പി.എ. അധികാരത്തില്‍ വന്നപ്പോള്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും അനുയോജ്യനായിട്ടും എന്തുകൊണ്ടാണ് അദ്ദേഹം തഴയപ്പെട്ടത്

അതിന് സോണിയ ഗാന്ധിക്കാണ് ഉത്തരം നല്‍കാനാവുക. ചിലപ്പോള്‍ അദ്ദേഹത്തില്‍ സമ്പൂര്‍ണ വിശ്വാസമില്ലായ്മയുടെ പ്രശ്നമുണ്ടായിരുന്നിരിക്കാം. പിതാവ് അങ്ങനെ കരുതിയിരുന്നു. 1984 മുമ്പുള്ള കാലത്തേക്കാണ് ഞാനിതിന്റെ വേരുകള്‍ കാണുന്നത്. ഒരുപക്ഷേ, അന്നുതന്നെ, പ്രണബ് മുഖര്‍ജി ഒരു ദിവസം അവരുടെ അധികാരത്തെ വെല്ലുവിളിക്കും എന്ന തോന്നല്‍ രാജീവ് ഗാന്ധിക്കും സോണിയ ഗാന്ധിക്കും ഉണ്ടായിരുന്നിരിക്കാം. അതെന്റെ ഊഹം മാത്രമാണ്. അതുതന്നെയാണ് എന്റെ പിതാവും കരുതിയിരുന്നത്.

ഇതദ്ദേഹം താങ്കളോട് തുറന്നുപറഞ്ഞിരുന്നോ

ഞാനിത് അദ്ദേഹത്തിന്റെ ഡയറിയില്‍ നിന്നും ചില കുറിപ്പുകളില്‍ നിന്നും കണ്ടെടുത്തതാണ്. അല്ലാതെ അദ്ദേഹം ഒരിക്കലും എന്റെ മുന്നിലിരുന്ന് കാര്യങ്ങള്‍ സംസാരിച്ചുകൊണ്ടിരുന്നില്ല.

placeholder
ശര്‍മ്മിഷ്ഠ മുഖര്‍ജി പത്രസമ്മേളനത്തില്‍ (ഫയല്‍ ചിത്രം) | Photo: UNI 

പ്രണബ് മുഖര്‍ജിയും നരേന്ദ്രമോദിയും തമ്മിലെ ബന്ധം ഊഷ്മളമായിരുന്നോ

എന്റെ പിതാവും നരേന്ദ്രമോദിയും തമ്മിലുള്ള ഊഷ്മളമായ ബന്ധം പലരെയും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. കാരണം രണ്ടുപേരും രണ്ട് ആശയഗതികളില്‍ വിശ്വസിച്ചവരാണ്. പക്ഷേ, അവര്‍ ഒരു ടീം പോലെയാണ് പ്രവര്‍ത്തിച്ചത്. ഇന്ദിരാഗാന്ധിക്ക് ശേഷം ജനങ്ങളുടെ പള്‍സ് ശക്തമായി അറിയുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അദ്ദേഹം പ്രധാനമന്ത്രിസ്ഥാനത്തേക്ക് നിയുക്തനായ ശേഷം പിതാവിനെ വന്ന് കണ്ട് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കണമെന്ന് അഭ്യര്‍ഥിച്ചു. നമ്മള്‍ രണ്ടുപേരും രണ്ട് ആശയങ്ങളില്‍ വിശ്വസിക്കുന്നവരാണെന്നറിയാമല്ലോ, ഭരണഘടനാപരമായ പദവിയിലിരിക്കുന്ന തനിക്ക് അങ്ങേയ്ക്ക് ഉപദേശങ്ങള്‍ നല്‍കാന്‍ പരിമിതിയുണ്ട് എന്നാണ് പിതാവ് അറിയിച്ചത്.

താങ്കള്‍ കൃത്യമായ ജനവിധിയോടെയാണ് അധികാരമേറിയിരിക്കുന്നത്. ഭരണഘടനാപരമായ പ്രശ്നങ്ങളില്‍ ആവശ്യമായ ഉപദേശനിര്‍ദേശങ്ങള്‍ നല്‍കാമെന്നും അറിയിച്ചു. അതുകൊണ്ടുതന്നെ തുടക്കം തൊട്ട് ഇരുവരും തമ്മിലുള്ള ബന്ധം അങ്ങേയറ്റം സത്യസന്ധവും സുതാര്യവുമായിരുന്നു. രാഷ്ട്രപതിയുടെ ഭരണഘടനാപരമായ പരിമിതികളെക്കുറിച്ച് അദ്ദേഹത്തിന് കൃത്യമായ ബോധ്യമുണ്ടായിരുന്നു. ഭരണം എന്നത് സര്‍ക്കാരിന്റെ മാത്രം അധികാരപരിധിയില്‍ വരുന്നതാണെന്നും. ഇക്കാര്യം അദ്ദേഹം പുസ്തകത്തിലും ഡയറിയിലും എഴുതിയിട്ടുണ്ട്. അതുകൊണ്ട് ഭരണത്തില്‍ ഒരിക്കലും ഇടപെട്ടിട്ടില്ല. രാഷ്ട്രപതിയായിരിക്കെ, ഒരിക്കലും ഭരണത്തിലിടപെടില്ലെന്ന് തീരുമാനിച്ചിരുന്നു. എങ്കിലും പല വിഷയങ്ങളിലുമുള്ള ഉത്കണ്ഠകള്‍ സമയാസമയം അദ്ദേഹം ഉയര്‍ത്തിയിട്ടുമുണ്ട്. പക്ഷേ അതെല്ലാം അടച്ചിട്ട മുറിയില്‍ നടന്ന ചര്‍ച്ചകളായിരുന്നു. അവയില്‍ ചിലത് ഞാനെന്റെ പുസ്തകത്തിലെഴുതിയിട്ടുണ്ട്. അതിപ്പോള്‍ പറയുന്നില്ല.

കോണ്‍ഗ്രസില്‍ ആരുമായിട്ടായിരുന്നു പ്രണബ് മുഖര്‍ജിക്ക് ഏറ്റവും ആത്മബന്ധമുണ്ടായിരുന്നത്

ഇന്ദിരാഗാന്ധിയുമായിട്ടായിരുന്നു. അദ്ദേഹം അവസാനകാലത്ത് പറഞ്ഞിട്ടുണ്ട്, ജീവിതത്തില്‍ താനെന്തൊക്കെ ആയിട്ടുണ്ടോ അതെല്ലാം ഇന്ദിരാഗാന്ധി കാരണമാണ് എന്ന്. അദ്ദേഹം എല്ലാ കാലത്തും ഒരു ഇന്ദിരാ അനുഭാവിയായിരുന്നു. ജീവിതാന്ത്യം വരെയും.

സോണിയാഗാന്ധിക്കൊക്കെ അത് നല്ല ബോധ്യമുണ്ടായിരുന്നോ

തീര്‍ച്ചയായും. പിതാവ് അക്കാര്യം ഒരിക്കലും രഹസ്യമാക്കി വച്ചിട്ടില്ല. എല്ലാ വേദികളിലും അദ്ദേഹം ഇന്ദിരാഗാന്ധിയെക്കുറിച്ച് വാചാലനാകുമായിരുന്നു. അവരുടെ ഭരണപാടവത്തെക്കുറിച്ച് സോണിയ ഇരിക്കുന്ന വേദികളിലും പറഞ്ഞിട്ടുണ്ട്. എല്ലാവരുമറിയാമെന്നിരിക്കെ, ഇന്ദിരാഗാന്ധിയുടെ മരുമകളായ സോണിയ അറിയാതിരിക്കുമോ.

താങ്കള്‍ക്ക് പ്രധാനമന്ത്രി മോദിയുമായുള്ള അടുപ്പമെങ്ങനെയാണ്

അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. എനിക്ക് വ്യക്തിപരമായി യാതൊരു അടുപ്പവുമില്ല. പക്ഷേ അച്ഛന്‍ ജീവിച്ചിരുന്നപ്പോഴും അദ്ദേഹം മരിച്ച ശേഷവും ഏതാനും തവണ മോദിയുമായി സംസാരിക്കാന്‍ അവസരമുണ്ടായിട്ടുണ്ട്. അദ്ദേഹം അങ്ങേയറ്റം വാത്സല്യത്തോടെയാണ് എന്നോട് പെരുമാറിയിട്ടുള്ളത്. അദ്ദേഹത്തോട് പല രാഷ്ട്രീയകാര്യങ്ങളിലും സംവദിച്ചിട്ടുണ്ട്. അന്ന് ഞാന്‍ സജീവരാഷ്ട്രീയത്തിലുണ്ട്. പലതും മുഷിപ്പിക്കുന്ന ചോദ്യമായിട്ടും അദ്ദേഹം അങ്ങേയറ്റം ക്ഷമയോടെയും സ്നേഹത്തോടെയും മാത്രമേ പ്രതികരിച്ചിട്ടുള്ളൂ. ഗൃഹപാഠം ചെയ്യാതെ വിഡ്ഢിത്ത ചോദ്യങ്ങള്‍ പോലും ചോദിച്ചിട്ടുണ്ട്. പക്ഷേ മോദിയുടെ പെരുമാറ്റം അങ്ങേയറ്റം മാതൃകാപരമായിരുന്നു.

എന്തുകൊണ്ട് രാഷ്ട്രീയം ഉപേക്ഷിച്ചു

കാരണം അതെന്റെ ചായക്കോപ്പയല്ല എന്ന ബോധ്യമുള്ളത് കൊണ്ടുതന്നെ. ഞാന്‍ പ്രൊഫഷണലായി കഥക് നര്‍ത്തകിയും കോറിയോഗ്രഫറുമാണ്. രാഷ്ട്രീയമെന്നത് വളരെയധികം പഠനപ്രക്രിയ വേണ്ടിവരുന്ന മേഖലയാണ്. പ്രത്യേകിച്ചും കോണ്‍ഗ്രസ് പ്രതിപക്ഷത്തിരിക്കുമ്പോള്‍ നല്ലതുപോലെ നമ്മള്‍ അദ്ധ്വാനിക്കണം. എനിക്ക് അതിനുള്ള ഊര്‍ജമോ ശേഷിയോ എന്റെയുള്ളില്‍ അതിനുള്ള അഗ്‌നിയോ ഇല്ല. പ്രായവും അനുകൂലമല്ല. അതുകൊണ്ട് എനിക്ക് യോജിച്ച മേഖലയിലേക്ക് മടങ്ങണമെന്ന് തീരുമാനിച്ചു.

രാഷ്ട്രീയം വിടുമ്പോള്‍ താങ്കള്‍ കോണ്‍ഗ്രസ് വക്താവായിരുന്നു

അതെ. ഒതുക്കപ്പെട്ടതൊന്നുമല്ല. ദേശീയ വക്താവായിരിക്കുമ്പോഴാണ് ഞാന്‍ രാഷ്ട്രീയം വിടുന്നത്. രാഷ്ട്രീയം മോക്ഷമാര്‍ഗമല്ല എന്ന് തോന്നിയത് കൊണ്ടുതന്നെയാണ് ഉപേക്ഷിച്ചത്.

2018-ല്‍ പ്രണബ് മുഖര്‍ജി ആര്‍.എസ്.എസ് ആസ്ഥാനം സന്ദര്‍ശിച്ചപ്പോള്‍ താങ്കള്‍ അദ്ദേഹത്തെ വിമര്‍ശിച്ചിരുന്നു ?

അതെ. അന്ന് ഞാനദ്ദേഹത്തോട് വളരെയധികം ദേഷ്യപ്പെട്ടു. അദ്ദേഹത്തിനെതിരെ പരസ്യമായി ട്വീറ്റും ചെയ്തു. പക്ഷേ തിരിഞ്ഞുനോക്കുമ്പോള്‍ വളരെ വിഡ്ഢിത്തം നിറഞ്ഞതായിപ്പോയി അന്നത്തെയെന്റെ പ്രതികരണമെന്നാണ് തോന്നുന്നത്. കാരണം, ജനാധിപത്യത്തില്‍ എപ്പോഴും സംവാദത്തിന് ഇടമുണ്ടാകണം. രാജ്യത്തെ ജനങ്ങള്‍ വളരെ കൃത്യമായ ജനവിധിയോടെയാണ് ആര്‍.എസ്.എസ് പ്രചാരകിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തിരിക്കുന്നത്. നമുക്ക് അതിനെ അവഗണിക്കാനാവില്ല. എന്റെ പിതാവ് എപ്പോഴും ജനാധിപത്യത്തിലും സംവാദത്തിലും വിശ്വസിച്ചിരുന്നു. ആശയങ്ങള്‍ തമ്മിലാകണം പോരാട്ടമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അല്ലാതെ രാഷ്ട്രീയ എതിരാളികള്‍ ശത്രുക്കളാകരുത്. അതുകൊണ്ടാണ് ആര്‍.എസ്.എസ് വേദിയില്‍ പോയത്. അവിടെ അദ്ദേഹം കോണ്‍ഗ്രസ് ആശയങ്ങളെക്കുറിച്ചാണ് വാചാലനായത്. മതേതരത്വത്തെയും ബഹുസ്വരതയെയും കുറിച്ചാണ് പറഞ്ഞത്. ഇതെല്ലാം പരിശോധിക്കുമ്പോള്‍ എന്റെ അന്നത്തെ പ്രതികരണം അങ്ങേയറ്റം വിഡ്ഢിത്തം നിറഞ്ഞതായിപ്പോയി. പക്ഷേ അന്ന് ഞാന്‍ കോണ്‍ഗ്രസ് വക്താവായിരുന്നതിനാല്‍ ട്വീറ്റ് ചെയ്തതാണ്.

ഇന്നതില്‍ പശ്ചാത്തപിക്കുന്നുണ്ടോ

തീര്‍ച്ചയായും. അതില്‍ ഞാനിന്ന് പശ്ചാത്തപിക്കുന്നു.  

ആര്‍.എസ്.എസിനെയും സംഘപരിവാറിനെയും കുറിച്ചുള്ള താങ്കളുടെ നിലപാടെന്താണ്

ഞാനൊരിക്കലും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ അനുകൂലിക്കുന്നില്ല. ഇന്ത്യ ഒരിക്കലുമൊരു ഹിന്ദുരാഷ്ട്രമാകരുത്. വൈവിദ്ധ്യത്തിലാണ് ഇന്ത്യയുടെ ഏകത്വം. വ്യത്യസ്ത സംസ്‌കാരങ്ങളെയും ആശയങ്ങളുയം ജീവിതരീതികളെയും ഭക്ഷണരീതികളെയുമെല്ലാം സ്വീകരിക്കുന്ന രാജ്യമാണ് ഇത്. അതാണ് നമ്മുടെ കരുത്ത്. എല്ലാ മതങ്ങളും സംസ്‌കാരങ്ങളും വ്യത്യസ്തമാണ്. നമുക്ക് ഈ വൈവിദ്ധ്യം നഷ്ടപ്പെടരുത്.

placeholder
ശര്‍മ്മിഷ്ഠ മുഖര്‍ജി നൃത്തവേദിയില്‍ | Photo: PTI 

പക്ഷേ കോണ്‍ഗ്രസ് നേതാക്കള്‍ താങ്കളെ സംഘപരിവാര്‍ ഉപകരണമായി സംശയിക്കുന്നു. കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ് പറഞ്ഞത്, ഭക്ഷണം വിളമ്പിയ കൈക്ക് തന്നെ കൊത്തി എന്നാണ്...

അവര്‍ വിശ്വസിച്ചോട്ടെ. ഈ ഉദിത് രാജ് എവിടെ നിന്ന് വന്നയാളാണ്. അദ്ദേഹം ബി.ജെ.പിക്കാരനായിരുന്നു. ബി.ജെ.പിയില്‍ നിന്ന് വന്നിട്ടാണിത് പറയുന്നത്. ചില്ലുകൂട്ടില്‍ നില്‍ക്കുന്നവര്‍ മറ്റുള്ളവരെ കല്ലെറിയരുത്. ഞാന്‍ കോണ്‍ഗ്രസ് മൂല്യങ്ങളില്‍ ശക്തമായി വിശ്വസിക്കുന്നയാളാണ്. ആ രക്തമാണ് എന്നില്‍. ആര്‍ക്കും എന്നില്‍ നിന്ന് അത് ചോര്‍ത്താനാവില്ല. വിയോജിപ്പിന് സ്ഥാനമില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. അവര്‍ പറയേണ്ടത്, കോണ്‍ഗ്രസില്‍ എവിടെയാണ് വിയോജിപ്പിന് സ്ഥാനമെന്നാണ്. ഞാന്‍ രാഷ്ട്രീയക്കാരിയല്ല. ഞാന്‍ പാര്‍ട്ടി പദവി വഹിക്കുന്നയാളായിരുന്നെങ്കില്‍ പാര്‍ട്ടി അച്ചടക്കം പാലിക്കാന്‍ പറയാം. ഞാന്‍ പാര്‍ട്ടിയിലില്ല. എന്റെ അഭിപ്രായസ്വാതന്ത്ര്യം പ്രകടിപ്പിക്കാന്‍ എനിക്ക് അവകാശമില്ലേ. ഇപ്പോഴത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടുകള്‍ കോണ്‍ഗ്രസ് മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതല്ല.

പിതാവിന് ഭാരത്​രത്ന കിട്ടിയപ്പോള്‍ എന്തായിരുന്നു നിലപാട്

അത് ഞാനദ്ദേഹത്തോട് കയര്‍ത്ത മറ്റൊരു സന്ദര്‍ഭമായിരുന്നു. അദ്ദേഹത്തോടൊപ്പം ചായയും കുടിച്ച് സംസാരിച്ചുകൊണ്ടിരുന്ന ശേഷം മുറിയിലേക്ക് മടങ്ങിയ എന്റെ ഫോണില്‍ നിറയെ മിസ്ഡ് കോളുകള്‍. പിതാവിന് ഭാരതരത്ന ലഭിച്ചോയെന്ന് ചോദിച്ചാണ്. ഞാന്‍ അച്ഛന്റെയടുത്ത് ചെല്ലുമ്പോള്‍ അദ്ദേഹം ഒരു പുസ്തകം വായിച്ചുകൊണ്ടിരിക്കുകയാണ്. താങ്കള്‍ക്ക് ഭാരതരത്ന കിട്ടിയോ. അപ്പോള്‍ മറുപടി, അവരത് പ്രഖ്യാപിച്ചോ എന്നാണ്. എന്തുകൊണ്ട് ഇക്കാര്യം എന്നോട് പറഞ്ഞില്ല എന്ന് ചോദിച്ചപ്പോള്‍ പ്രധാനമന്ത്രി എന്നോട് ഇങ്ങനെ സൂചിപ്പിച്ചിരുന്നു എന്ന് അച്ഛന്‍ പറഞ്ഞു. പ്രോട്ടോകോള്‍ വിഷയമാണ്, പ്രഖ്യാപിക്കാതെ പുറത്ത് പറയരുത് എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ ദേഷ്യത്തോടെ ഞാന്‍ വാതില്‍ വലിച്ചടച്ച് പുറത്തേക്ക് പോയി. പക്ഷേ അതൊരു വലിയ അംഗീകാരമായിരുന്നു. ഇതൊരു സര്‍ക്കാരിന്റെ പുരസ്‌കാരമല്ല, രാജ്യത്തിന്റെ ബഹുമതിയാണ്. യഥാര്‍ത്ഥത്തില്‍ അതദ്ദേഹം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചതിനുള്ള അംഗീകാരമാണ്.

രാഷ്ട്രീയത്തിലേക്ക് മടങ്ങിവരവുണ്ടാകുമോ

ഇല്ല. കോണ്‍ഗ്രസിലേക്കുമില്ല. ബി.ജെ.പിയിലേക്ക് തീരേയില്ല. ഇപ്പോള്‍ പ്രധാനമായും കോറിയോഗ്രാഫിയിലാണ് ശ്രദ്ധ.