കേരളം മൂന്ന് ഉപതിരഞ്ഞെടുപ്പുകള്‍ക്ക് മദ്ധ്യേ നില്‍ക്കുമ്പോള്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി നടത്തിയ അഭിമുഖത്തില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍

To advertise here,

ഉപതിരഞ്ഞെടുപ്പുകളിലേക്ക് കടക്കുന്നതിന് മുമ്പ് കേരളം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന ഒരു വിഷയത്തിലേക്ക് താങ്കളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ. കടങ്കഥ പ്രഹേളികയാവുന്നതുപോലെ കുരുക്കുകള്‍ അഴിയുന്തോറും പുതിയ കുരുക്കുകള്‍ വരുന്നു. കേരള സംസ്ഥാന സര്‍ക്കാരില്‍ സുപ്രധാന പദവി വഹിക്കുന്ന ഒരോഫീസറാണ് ജീവനൊടുക്കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി വഹിച്ചിരുന്നയാളാണ് പ്രതിക്കൂട്ടില്‍. കണ്ണൂര്‍ ജില്ലാ കലക്ടറും ഇപ്പോള്‍ ഈ വിവാദത്തില്‍ മുഖ്യ സ്ഥാനത്തുണ്ട്. ഇത്തരം ഒരു കേസ് സംസ്ഥാന സര്‍ക്കാരിന്റെ ഏജന്‍സി അന്വേഷിച്ചാല്‍ നീതി ലഭ്യമാവുമോ?

കഴിഞ്ഞ 23 കൊല്ലമായി ഞാന്‍ ജനപ്രതിനിധിയാണ്. ഒരുദ്യോഗസ്ഥന് സ്ഥലം മാറ്റം കിട്ടിയാല്‍ യാത്രയയപ്പ് നല്‍കുമ്പോള്‍ അതില്‍ ജനപ്രതിനിധികളാരും തന്നെ പങ്കെടുക്കാറില്ല. അത് ഉദ്യോഗസ്ഥരുടെ തലത്തില്‍ നടത്തുന്ന പരിപാടിയാണ്. ജോലിയില്‍ നിന്നും വിരമിക്കുന്ന വേളയില്‍ ജനപ്രതിനിധികള്‍ പോകാറുണ്ട്. കണ്ണൂരില്‍ എഡിഎമ്മിന് നല്‍കിയ യാത്രയയപ്പില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പങ്കെടുക്കേണ്ട കാര്യമില്ല. രാവിലെ നടക്കേണ്ടിയിരുന്ന പരിപാടി വൈകീട്ടേക്ക് മാറ്റിയത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് വേണ്ടിയായിരുന്നു എന്നാക്ഷേപമുണ്ട്. അങ്ങിനെയാണെങ്കില്‍ അതിലൊരു ഗൂഢാലോചനയുണ്ട്. ആ പരിപാടിയില്‍ എഡിഎം അധിക്ഷേപിക്കപ്പെട്ടപ്പോള്‍ കലക്ടര്‍ മൂക്കില്‍ വിരലും തിരുകി മിണ്ടാതിരുന്നു. എഡിഎം മരിച്ച സംഭവത്തില്‍ കലക്ടര്‍ തെറ്റുകാരനാണ്. ആത്മഹത്യ ഒന്നിനും പരിഹാരമല്ല എന്നാണെന്റെ കാഴ്ചപ്പാട്. പക്ഷേ, ചില സന്ദര്‍ഭങ്ങളില്‍ ദുര്‍ബ്ബലരായ മനുഷ്യര്‍ മറ്റ് വഴികളൊന്നുമില്ലാതെ  ഇത്തരം കടുത്ത മാര്‍ഗ്ഗം സ്വീകരിച്ചെന്നു വരും. എന്നെ ഇതില്‍ ഞെട്ടിച്ച ഒരു കാര്യം തൊട്ടടുത്ത ദിവസം സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ദിവ്യക്കനുകൂലമായി എടുത്ത നിലപാടാണ്. ഒരു മനുഷ്യനെ കൊലയ്ക്ക് കൊടുത്തതിനെ ന്യായികരിക്കുകയാണ് അവര്‍ ചെയ്തത്. എഡിഎം നവീന്‍ ബാബു അഴിമതിക്കാരനാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എന്നോട് കോണ്‍ഗ്രസ് അനുകൂല സംഘടനകളിലെ ഓഫിസര്‍മാര്‍ പറഞ്ഞത് നവീന്‍ ബാബു ഇടത്പക്ഷക്കാരനാണെന്നും എന്നാല്‍ അഴിമതി ഇല്ലാത്തയാളാണെന്നുമാണ്. അഴിമതിക്കാരനായിരുന്നെങ്കില്‍ അദ്ദേഹം ആത്മഹത്യ ചെയ്യുമായിരുന്നില്ല. പക്ഷേ, സിപിഎം ചെയ്തതെന്താണ്? ഒരു വ്യാജ പരാതിക്കത്ത് സൃഷ്ടിച്ചു, എന്നിട്ട് അഴിമതിക്കാരനായി മുദ്ര കുത്തി. അതാണേറ്റവും വലിയ ക്രൂരത. ജോണി ചോദിച്ചതുപോലെ ഇവിടത്തെ പോലീസ് അന്വേഷിച്ചാല്‍ ഈ പ്രതികളൊക്കെ രക്ഷപ്പെടും. അതുകൊണ്ടുതന്നെ കേന്ദ്ര ഏജന്‍സിയാണ് ഈ കേസ് അന്വേഷിക്കേണ്ടത്.

കേന്ദ്ര ഏജന്‍സി എന്ന് പറയുമ്പോള്‍ സിബിഐ എന്നാണോ ഉദ്ദേശിക്കുന്നത്?

ഈ അന്വേഷണം എങ്ങിനെയാണ് പോകുന്നതെന്ന് നമുക്ക് നോക്കാം. നവീന്‍ ബാബുവിന്റെ കുടുംബത്തിന് സംസ്ഥാന ഭരണകൂടത്തില്‍ നിന്നും നീതി കിട്ടുമെന്ന് ഞാന്‍ കരുതുന്നില്ല. ഇപ്പോള്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത് കൊണ്ടുമാത്രമാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ദാരുണ സംഭവം നമ്മോട് പറയുന്ന ഒരു പ്രധാന സംഗതി ഭരണകൂടത്തെ നിയന്ത്രിക്കുന്ന പാര്‍ട്ടിയുടെ നേതാക്കള്‍ അധികാരി വര്‍ഗ്ഗമായി മാറുന്നതിനെക്കുറിച്ചാണ്. തങ്ങളെ തിരഞ്ഞെടുക്കുന്ന ജനങ്ങളുടെ സേവകരാവുന്നതിന് പകരം അധികാര ലഹരിയില്‍ ഉന്മത്തരാവുകയാണോ ഒരു കൂട്ടംജനപ്രതിനിധികള്‍?

ഇപ്പോള്‍ തിരുവനന്തപുരത്ത് നടക്കുന്നതെന്താണ്? നാട് കുട്ടിച്ചോറായി. പക്ഷേ, അഹങ്കാരത്തിനും ധിക്കാരത്തിനും ഒരു കുറവുമില്ല. ചില മന്ത്രിമാരുടെ സംസാര ഭാഷ ശ്രദ്ധിച്ചാല്‍ ഇതറിയാം. മുഖ്യമന്ത്രി പിണറായി വിജയനെ സംരക്ഷിക്കാനായി മുന്നോട്ടുവരുന്ന അദ്ദേഹത്തിന്റെ  കുടുംബാംഗമായ മന്ത്രിയുടെ ഭാഷ ഒന്ന് നോക്കിയാല്‍ മതി. എന്തൊരു ധിക്കാരത്തോടെയാണ് അദ്ദേഹം സംസാരിക്കുന്നത്. ഈ നേതാക്കളെ കണ്ട്പഠിച്ചാണ് മറ്റുള്ള നേതാക്കളും പെരുമാറുന്നത്.

ഭരിക്കുന്ന പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്തര ജനാധിപത്യം ഇല്ലാതാകുന്നതിന്റെ പ്രതിഫലനമാണോ ഇത്?

ജീര്‍ണ്ണതയാണിത്. സിപിഎമ്മിനെ ജീര്‍ണ്ണത ബാധിച്ചിരിക്കുന്നു. ബംഗാളില്‍ സിപിഎം തകര്‍ന്നതെങ്ങിനെയാണ്? അതിലേക്കാണ് കേരളത്തിലെ സിപിഎമ്മും വന്നുകൊണ്ടിരിക്കുന്നത്.

താങ്കളെ സംബന്ധിച്ചിടത്തോളം അധികാരം പലപ്പോഴും ചുണ്ടിനും കപ്പിനുമിടയില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ അധികാരവുമായി സമരസപ്പെടാതിരിക്കാന്‍ എന്ത് മുന്‍കരുതലാണെടുക്കുന്നത്?

ഞാന്‍ അധികാരത്തെ കാണുന്നത് ദൈവികമായ നിയോഗമായിട്ടാണ്. പത്ത് വര്‍ഷത്തോളം ഞാന്‍ ഭരണകക്ഷി എംഎല്‍എയായിരുന്നു. ചിലപ്പോഴൊക്കെ മന്ത്രിമാരേക്കാള്‍ പവര്‍ഫുളായിരുന്നു. പക്ഷേ, ഒരിക്കല്‍പോലും മറ്റുള്ളവരെ ഉപദ്രവിക്കാന്‍ അധികാരം ഉപയോഗിച്ചിട്ടില്ല. രാത്രി കിടക്കുന്നതിന് മുമ്പ് അന്ന് എത്രപേര്‍ക്ക് ഉപകാരം ചെയ്തിട്ടുണ്ടെന്നാണ് ആലോചിക്കുക. കേരളത്തിലെ വലിയൊരു വിഭാഗം ജനപ്രിതിനിധികള്‍ അധികാരം ദുര്‍വ്വിനിയോഗിക്കാത്തവരാണ്. ഒരാളെയും നശിപ്പിക്കാനല്ല നമ്മള്‍ പ്രവര്‍ത്തിക്കേണ്ടത്.

രാഷ്ട്രീയം എന്ന് പറഞ്ഞാല്‍ അധികാരത്തെ ചോദ്യം ചെയ്യലാണെന്ന് പ്രൊഫസര്‍ എം കുഞ്ഞാമന്‍ പറഞ്ഞിട്ടുണ്ട്. നമുക്കൊപ്പം പ്രവര്‍ത്തിക്കുന്നവരുടെയോ നമുക്ക് താഴെ ജോലി നോക്കുന്നവരുടെയോ മെക്കിട്ട് കയറല്‍ അല്ല രാഷ്ട്രീയം. നമുക്ക് മുകളിലുള്ളവരെ ചോദ്യം ചെയ്യലാണ് രാഷ്ട്രീയം. ഇതേക്കുറിച്ച് എന്ത് പറയുന്നു.

കുഞ്ഞാമന്‍ സാറിന്റെ ആത്മകഥ ' എതിര് ' എന്നെ അത്യധികം സ്പര്‍ശിച്ചിട്ടുള്ള രചനയാണ്. നമ്മള്‍ എസ്റ്റാബ്ളിഷ്മെന്റിനോട് ഫൈറ്റ് ചെയ്യും. നില
നില്‍ക്കുന്ന സംവിധാനത്തില്‍ പ്രശ്നമുണ്ടാവുമ്പോള്‍ നമ്മള്‍ ചോദ്യം ചെയ്യും. ജോലി കൃത്യമായി നടക്കാതെ വരുമ്പോള്‍ ഉദ്യോഗസ്ഥരുമായി  വഴക്കടിക്കും. അതൊന്നും പക്ഷേ, അപമാനത്തിലേക്ക് നീങ്ങാന്‍ പാടില്ല.

എസ്റ്റാബ്ളിഷ്മെന്റിനെതിരെയുള്ള പോരാട്ടത്തെക്കുറിച്ച് പറഞ്ഞതുകൊണ്ട് യോഗേന്ദ്ര യാദവിന്റെ ഒരു നിരീക്ഷണം ഓര്‍മ്മിപ്പിക്കുകയാണ്. ഇന്ത്യയില്‍ ബിജെപി പ്രതിപക്ഷത്തുള്ള സംസ്ഥാനങ്ങളില്‍ ആന്റി എസ്റ്റാബ്ളിഷ്മെന്റിന്റെ റോള്‍ ഏറ്റെടുക്കാന്‍ അവര്‍ ശ്രമിക്കുന്നുണ്ടെന്നും തെലങ്കാനയിലും ബംഗാളിലുമൊക്കെ അവര്‍ക്ക് സ്വാധീനം വര്‍ദ്ധിക്കുന്നത് ഇതുകൊണ്ടുകൂടിയാണെന്നുമാണ് യോഗേന്ദ്ര യാദവ് പറഞ്ഞത്. കേരളത്തില്‍ തൃശ്ശൂര്‍ അടക്കമുള്ള ഇടങ്ങളില്‍ ബിജെപി വളരുന്നത് ഈ നിലയ്ക്ക് കൂടിയാണോ?

തൃശ്ശൂരിലുണ്ടായത് അതൊന്നുമല്ല. അവിടെയുണ്ടായത് സിപിഎം ബിജെപി ധാരണയാണ്. കരുവന്നൂര്‍ കരുവന്നൂര്‍ എന്ന് പറഞ്ഞ് എന്തൊരു ബഹളമായിരുന്നു. ഇപ്പോള്‍ എന്തെങ്കിലും കേള്‍ക്കുന്നുണ്ടോ? തൃശ്ശൂര്‍ പൂരം കലക്കി എന്ന് ഞാന്‍ ആദ്യം പറഞ്ഞപ്പോള്‍ പലരും അതംഗീകരിച്ചില്ല. ഇപ്പോള്‍ സിപിഎം നേതാക്കള്‍ തന്നെ അങ്ങിനെയുണ്ടായെന്ന് പറയുന്നു. മന്ത്രി രാജനെപ്പോലും കടത്തിവിടാന്‍ വിസമ്മതിച്ച പോലിസ് സുരേഷ് ഗോപിയേയും ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയേയും സേവാ ഭാരതിയുടെ ആംബുലന്‍സില്‍ കടത്തി വിട്ടു. ഇടത് സ്ഥാനാര്‍ത്ഥി വി എസ് സുനില്‍കുമാറിനല്ല  ബിജെപിയുടെ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കാണ് പോലീസ് സൗകര്യം ചെയ്ത് കൊടുത്തത്.

താങ്കള്‍ ഇവിടെ മറന്നുപോകുന്ന ഒരു കാര്യം കോണ്‍ഗ്രസിന് തൃശ്ശൂരിലുണ്ടായ വോട്ട് ചോര്‍ച്ചയാണ്. 86,000 വോട്ടുകളോളമാണ് കോണ്‍ഗ്രസിന് തൃശ്ശൂരില്‍ കുറഞ്ഞത്. അതേ സമയം സിപിഐക്ക് പതിനാറായിരത്തോളം വോട്ടുകള്‍ കൂടുതല്‍ കിട്ടി. ഇതിനെ എങ്ങിനെയാണ് വിലയിരുത്തുന്നത്?

സാധാരണ ഗണിതശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലല്ല തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വിലയിരുത്തേണ്ടത്. തൃശ്ശൂരില്‍ ബിജെപി ജയിച്ചേക്കുമെന്ന പേടിയുണ്ടായപ്പോള്‍ എതിരെ നില്‍ക്കുന്നവരില്‍ ആര്‍ക്കാണ് മുന്‍തൂക്കമെന്ന് ന്യൂനപക്ഷ വോട്ടര്‍മാര്‍ ആലോചിച്ചിട്ടുണ്ടാവും. അങ്ങിനെ വരുമ്പോള്‍ ആ സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്യാനുള്ള പ്രവണതയുണ്ടാവും. അത് കോണ്‍ഗ്രസിന്റെ വോട്ട് ചോര്‍ച്ചയായി കാണേണ്ടതില്ല. നേമത്ത് അങ്ങിനെയുണ്ടായി. ശിവന്‍കുട്ടി ജയിച്ചത് അങ്ങിനെയാണ്. തൃശ്ശൂരില്‍ ഞങ്ങള്‍ക്ക് കുറെ വോട്ടുകള്‍ നഷ്ടപ്പെട്ടു എന്നത് ശരിയാണ്. അത് സുനില്‍കുമാറിന് മേല്‍ക്കെയ്യുണ്ടെന്ന പ്രതീതിയെത്തുടര്‍ന്നുണ്ടായതാണ്. ഞങ്ങളുടെ വോട്ട് എങ്ങോട്ടാണ് പോയതെന്ന് ഞങ്ങള്‍ക്ക് കൃത്യമായറിയാം. സുനില്‍കുമാറിന്റെ സ്വന്തം പഞ്ചായത്ത് അന്തിക്കാട് രാജിവ് ഗാന്ധി , ഇന്ദിരാ ഗാന്ധി വധത്തില്‍ പോലും ഇളകാതിരുന്ന സിപിഎം കോട്ടയാണ്. പക്ഷേ, ഇക്കുറി അവിടെ നിന്നും സിപിഎം വോട്ട് ഒഴുകിപ്പോയി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏഴ് മണ്ഡലങ്ങളിലും ഞങ്ങള്‍ തോറ്റുപോയി. അവിടെയെല്ലാം കൂടി 1,40,000 വോട്ടുകളുടെ ഭൂരിപക്ഷം ഇടത് മുന്നണിക്കുണ്ടായിരുന്നു. ആ വോട്ടുകള്‍ എവിടെപ്പോയി?  മന്ത്രി രാജന്റെ മണ്ഡലമായ ഒല്ലൂരിലും മന്ത്രി ആര്‍ ബിന്ദുവിന്റെ മണ്ഡലമായ ഇരിങ്ങാലക്കുടയിലും സുരേഷ് ഗോപി ഒന്നാമതെത്തി. ഇതാണ് ഞാന്‍ പറഞ്ഞത് തിരഞ്ഞെടുപ്പ് ഫലങ്ങളുടെ കണക്കുകള്‍ വിലയിരുത്തേണ്ടത് സാധാരണ നിലയിലല്ല എന്ന്.

പദ്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് വടകരയിലും തൃശ്ശൂരിലും തന്ത്രം മാറ്റിയത്. വടകരയില്‍ വിജയിച്ചെങ്കിലും തൂശ്ശൂരില്‍ സംഗതി ക്ലച്ചു പിടിച്ചില്ല. എവിടെയാണ് പാളിപ്പോയത്?

ശരിയാണ് . തൃശ്ശൂരില്‍ അത് വിജയിച്ചില്ല. അതേ സമയം വടകരയില്‍ കെ കെ ശൈലജ എന്ന സിപിഎമ്മിന്റെ സുപ്രധാന സ്ഥാനാര്‍ത്ഥിയെ തോല്‍പിക്കാന്‍ കഴിഞ്ഞു.

വടകരയില്‍ മുരളീധരന്‍ മത്സരിച്ചിരുന്നെങ്കിലും വിജയിക്കുമായിരുന്നില്ലേ?

കൃത്യമായ ആലോചനയോടെ നടപ്പാക്കിയ പദ്ധതിയാണ്. മുരളീധരന്റെ സമ്മതം അതിനുണ്ടായിരുന്നു. ആലപ്പുഴയിലും തൃശ്ശൂരിലും വടകരയിലും ഒന്ന് മാറ്റിപ്പടിക്കാന്‍ തീരുമാനിച്ചു. രണ്ടിടത്ത് വിജയിക്കുകയും ചെയ്തു.

ജൂണ്‍ നാലിന് ലോക്സഭ ഫലം വന്നപ്പോള്‍ തൃശ്ശൂരില്‍ നിന്നുള്ള വാര്‍ത്ത താങ്കളെ ഞെട്ടിച്ചോ?

തീര്‍ച്ചയായും. നമ്മുടെ സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തായാല്‍ വിഷമമുണ്ടാവില്ലേ? പക്ഷേ, 20 മണ്ഡലങ്ങളില്‍ പതിനെട്ടിലും ജയിക്കുക എന്ന് പറഞ്ഞാല്‍ ഒരു ചെറിയ കാര്യമല്ല. തൃശ്ശൂരിലെ തോല്‍വി ചൂണ്ടിക്കാട്ടി ഈ
വിജയത്തിന്റെ തിളക്കം കുറയ്ക്കാന്‍ നോക്കരുത്. അതൊരു അജണ്ടയുടെ ഭാഗമാണ്. 2019 ല്‍ രാഹുല്‍ ഗാന്ധിയുടെ വരവും ശബരിമല പ്രശ്നവും ഞങ്ങള്‍ക്ക് അനുകൂല തരംഗമുണ്ടാക്കി. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവും എന്ന ശക്തമായ വികാരമുണ്ടായിരുന്നു. ഇക്കുറി രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം മാത്രമായിരുന്നു ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നത്. 400 സീറ്റുകള്‍ നേടി മോദി വീണ്ടും പ്രധാനമന്ത്രിയാവും എന്ന വലിയ ആഖ്യാനമാണ്  ഇന്ത്യയിലുടനിളം അലയടിച്ചത്. എന്നിട്ടും കേരളത്തില്‍ 18 സീറ്റുകള്‍ പിടിക്കാനായി എന്നതിനെ വിലകുറച്ചു കാണരുത്.

എന്തൊക്കെയായായാലും തൃശ്ശൂര്‍ ഒരു പാഠമല്ലേ?

അതിപ്പോള്‍ എല്ലായടത്തും ജയിക്കാനാവില്ല. ചിലയിടങ്ങളില്‍ തോല്‍ക്കും.

അങ്ങിനെയല്ല. തൃശ്ശൂരിലെ അട്ടിമറി വിജയം പാലക്കാടും സാദ്ധ്യമാകും എന്ന വിശ്വാസത്തിലാണ് ബിജെപി കളത്തിലിറങ്ങുന്നത്. നേമത്ത് നഷ്ടപ്പെട്ടത് പാലക്കാടിലൂടെ തിരിച്ചുപിടിക്കാനുള്ള ശ്രമമാണത്. തൃശ്ശൂരില്‍ ബിജെപി അടിത്തട്ടില്‍ നടത്തിയ പ്രവര്‍ത്തനം കാണാതിരിക്കേണ്ടതുണ്ടോ? ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലും ബിജെപി പാലക്കാട് രണ്ടാം സ്ഥാനത്തുണ്ടായിരുന്നു.  പാലക്കാട് കോണ്‍ഗ്രസിന്റെ വിജയം ഉറപ്പാണെന്ന
ആത്മവിശ്വാസം ലേശം അതിര് കടന്നതാണോ?

ഞങ്ങള്‍ ശരിക്കും തയ്യാറെടുത്തിട്ടുണ്ട്. മോദി 400 സീറ്റുകള്‍ നേടി അധികാരത്തില്‍ വരുമെന്ന് പറഞ്ഞ ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ പാലക്കാട് നിയമസഭ മണ്ഡലത്തില്‍ ഞങ്ങള്‍ക്ക് ഒമ്പതിനായിരം വോട്ടിന്റെ ലീഡുണ്ടായിരുന്നു. ഇത്തവണ പാലക്കാടും ചേലക്കരയിലും വയനാട്ടിലും നല്ല മുന്നൊരുക്കം നടത്തിയിട്ടുണ്ട്. ബൂത്ത് തലത്തില്‍ വളരെ മികച്ച പ്രവര്‍ത്തനമാണ് ഈ മൂന്നിടത്തുമുള്ളത്. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിക്കും.

കഴിഞ്ഞ രണ്ട് നിയമസഭ തിരഞ്ഞെടുപ്പുകളില്‍ പാലക്കാട് കോണ്‍ഗ്രസിന് വോട്ട് കുറഞ്ഞിട്ടുണ്ട്.?

2016 ല്‍ ഷാഫിക്ക് ഭൂരിപക്ഷം കൂടുകയാണ് ചെയ്തിട്ടുള്ളത് ( 2016 ല്‍ ഷാഫിക്ക് ഭൂരിപക്ഷം കൂടിയെങ്കിലും വോട്ട് വിഹിതത്തില്‍ കുറവുണ്ടായി. 2011 ല്‍ 42.41 ശതമാനം വോട്ട് കിട്ടിയപ്പോള്‍ 2016 ല്‍ 41.77 ശതമാനം വോട്ടാണ് ഷാഫിക്ക് ലഭിച്ചത്.)  2021 ലെ കാര്യം വ്യത്യസ്തമായിരുന്നു. മെട്രൊമാന്‍ ഇ ശ്രീധരനാണ് ഷാഫിക്കെതിരെ ബിജെപിയുടെ ബാനറില്‍ മത്സരിച്ചത്. ശ്രീധരന് കേരള സമൂഹത്തില്‍ പാര്‍ട്ടിക്കതീതമായ സ്വീകാര്യതയുണ്ട്. കൊച്ചി മെട്രൊയുടെ ചുമതല അദ്ദേഹത്തിന് നല്‍കണമെന്ന് വാദിച്ചവരില്‍ ഞങ്ങളുമുണ്ടായിരുന്നു. അദ്ദേഹം പാലക്കാട് ബിജെപിയുടെ വോട്ട് കൂട്ടിയതില്‍ അത്ഭുതമില്ല. അത് ബിജെപിക്ക് കിട്ടിയ വോട്ടല്ല, ശ്രീധരന് കിട്ടിയ വോട്ടായിരുന്നു. ഷാഫിയല്ലായിരുന്നു അവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെങ്കില്‍ ശ്രീധരന്‍ ചിലപ്പോള്‍ ജയിച്ചുപോകുമായിരുന്നു.

ഷാഫി പറമ്പില്‍ അല്ല രാഹുല്‍ മാങ്കൂട്ടത്തില്‍. പാലക്കാടുമായുള്ള ഷാഫിയുടെ ഹൃദയബന്ധം എത്രയോ കാലം കൊണ്ടുണ്ടായതാണ്. അത്തരത്തിലൊരു ബന്ധം രാഹുലിനില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്? 

ശ്രീധരന് 2021 ല്‍ കിട്ടിയ വോട്ടുകള്‍ അപൂര്‍വ്വതയാണ്. അതിനി ബിജെപിക്ക്  ആവര്‍ത്തിക്കാനാവില്ല. സാക്ഷാല്‍ ശ്രീധരന്‍ തന്നെ വീണ്ടും വന്നാലും അത്തരത്തിലൊരു പ്രകടനം നടത്താനാവില്ല.

മൊത്തത്തില്‍ എല്ലാ മേഖലകളിലും സിപിഎമ്മിന് തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന സമയമാണ്. ഏറ്റവുമൊടുവില്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവും സിപിഎമ്മിന് കനത്ത ആഘാതമാണ് ഏല്‍പിച്ചിരിക്കുന്നത്. ഇതിനിടയില്‍ വീണുകിട്ടിയ ഒരു പിടിവള്ളി പോലെയാണ് സിപിഎം പാലക്കാട് പി സരിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലേക്കെത്തിയിരിക്കുന്നത്. സരിന്‍ കോണ്‍ഗ്രസിന്റെ മീഡിയ സെല്‍ അദ്ധ്യക്ഷനായിരുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഒറ്റപ്പാലത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു.  രണ്ട് ദിവസം മുമ്പ് വരെ സിപിഎമ്മിന്റെ ശക്തനായ വിമര്‍ശകനായിരുന്നു. അങ്ങിനെയാരാള്‍ കോണ്‍ഗ്രസ് വിടേണ്ട സാഹചര്യം എങ്ങിനെയാണുണ്ടായത്?

സരിന്‍ അങ്ങിനെ കേരള രാഷ്ട്രീയത്തിലെ പൊതുധാരയിലൊന്നുമുണ്ടായിരുന്നില്ല. ഒറ്റപ്പാലത്ത് ഞങ്ങള്‍ അദ്ദേഹത്തിന് സീറ്റ് കൊടുത്തു എന്നത് സത്യമാണ്. പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥിയാകാന്‍ പറ്റുമോയെന്നാണ് സരിന്‍ ആദ്യം നോക്കിയത്. അങ്ങിനെയൊരാളെയാണ് സിപിഎം ഇപ്പോള്‍ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. സിപിഎമ്മിനെ ബാധിച്ചിരിക്കുന്ന ജീര്‍ണ്ണതയ്ക്കുള്ള സാക്ഷ്യപത്രമാണിത്.

സരിന്‍ പാലക്കാട് സീറ്റ് ആവശ്യപ്പെട്ടിരുന്നോ?

അദ്ദേഹം സീറ്റ് ചോദിച്ചിരുന്നു. പക്ഷേ, ഞങ്ങള്‍ പരിഗണിച്ചില്ല. ഒരേ സമയം ബിജെപിയോടും സിപിഎമ്മിനോടും സീറ്റ് ചോദിക്കുന്ന ഒരാളെ എങ്ങിനെയാണ് പരിഗണിക്കുക? സീറ്റ് തരാന്‍ പറ്റില്ലെന്ന് ഞങ്ങള്‍ പറഞ്ഞു.

സരിന്‍ സിപിഎമ്മുമായും ബിജെപിയുമായും ചര്‍ച്ച നടത്തുന്നത് താങ്കള്‍ക്കറിയാമായിരുന്നു എന്നാണോ ?

അതെ. മികച്ച സ്ഥാനാര്‍ത്ഥിയെയാണ് ഞങ്ങള്‍ പാലക്കാട് നിര്‍ത്തിയിരിക്കുന്നത്. സരിന്‍ കോണ്‍ഗ്രസ് വിടാനുള്ള ഒരുക്കത്തിലാണെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. ഒരുദാഹരണം പറയാം. ഒരു ദിവസം കേരളത്തിലെ ഒരു പ്രധാനപ്പെട്ട ചാനലില്‍ ഒരു വാര്‍ത്ത വരുന്നു. സരിന്‍ ഇന്ന് വൈകീട്ട് പ്രതിപക്ഷ നേതാവിനെ കാണും. രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്നാവശ്യപ്പെടും. എന്നിട്ട് അദ്ദേഹം എന്നെ കാണാന്‍ വരുന്നു. ഇങ്ങനെയൊരു സംഗതി സിപിഎമ്മിലാണ് നടക്കുന്നതെങ്കില്‍ ആ വ്യക്തി പിന്നെ പാര്‍ട്ടിയിലുണ്ടാവുമോ? പാലക്കാട്ടെ സിപിഎം നേതാവ് ഇതുപോലൊരു പ്രസ്ഥാവന നടത്തിയാല്‍ അദ്ദേഹത്തിനെ സിപിഎം ആ നിമിഷം പുറത്താക്കില്ലേ? ഞങ്ങള്‍ പക്ഷേ, സരിനെ പുറത്താക്കിയില്ല. കഴിയുന്നത്ര വ്യക്തികളെ പാര്‍ട്ടിയില്‍ ഉറപ്പിച്ചു നിര്‍ത്താനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. സരിന്‍ സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതിന് ശേഷമാണ് ഞങ്ങള്‍ അദ്ദേഹത്തെ പുറത്താക്കിയത്. കെ വി തോമസ്  കോണ്‍ഗ്രസ് വിട്ടിട്ട് എന്തെങ്കിലുമുണ്ടായോ? അദ്ദേഹം എറണാകുളം ഡിസിസി പ്രസിഡന്റായിരുന്നു. പല വട്ടം എംപിയായിരുന്നു. കേന്ദ്രത്തിലും സംസ്ഥാനത്തും മന്ത്രിയായിരുന്നു. എന്നിട്ട് അദ്ദേഹത്തിന്റെ ജില്ലയില്‍ തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പില്‍ അതിന് മുമ്പ് കിട്ടിയതിന്റെ ഇരട്ടി ഭൂരിപക്ഷം നേടിയാണ് ഞങ്ങളുടെ സ്ഥാനാര്‍ത്ഥി വിജയിച്ചത്. പാലക്കാട് ഉപതിരഞ്ഞെടുപ്പ് സിപിഎം ഗൗരവതരമായി കാണുന്നില്ല എന്നതിന്റെ തെളിവാണ് സരിന്റെ സ്ഥാനാര്‍ത്ഥിത്വം.

പാലക്കാട് യുഡിഎഫിന്റെ മത്സരം എന്‍ഡിഎയുമായാട്ടാണ് ഇടതുമുന്നണിയുമായിട്ടല്ല എന്നാണോ പറഞ്ഞുവരുന്നത്?

ഞങ്ങള്‍ ഒന്നാം സ്ഥാനത്തിന് വേണ്ടിയാണ് മത്സരിക്കുന്നത്. അവര്‍ രണ്ടുകൂട്ടരും രണ്ടാം സ്ഥാനത്തിന് വേണ്ടിയും.

പാലക്കാട് പി സരിന്‍ കോണ്‍ഗ്രസ് വിട്ട് സിപിഎം സ്ഥാനാര്‍ത്ഥിയായത് കോണ്‍ഗ്രസിനെ ഒരു തരത്തിലും ബാധിച്ചിട്ടില്ല എന്നാണോ?

സരിന്‍ മത്സരിക്കുന്നത് ഞങ്ങള്‍ക്ക് അനുകൂലമായ സാഹചര്യമാണ് സൃഷ്ടിച്ചരിക്കുന്നത്. ഞങ്ങളുടെ പ്രവര്‍ത്തകരുടെ ആവേശം ഇതോടെ വര്‍ദ്ധിച്ചിരിക്കുകയാണ്. സിപിഎം പറയുന്നത് രാഹുല്‍ പാലക്കാട് ജില്ലക്കാരനല്ല
എന്നാണ്. ഇവരുടെ നേതാക്കള്‍ ഇഎംഎസും വിഎസ്സും അവരുടെ ജില്ലകള്‍ക്ക് പുറത്ത് മത്സരിച്ചിട്ടില്ലേ? ഇഎംഎസ് മഞ്ചേശ്വരത്ത് നിന്നും വിഎസ് മലമ്പുഴയില്‍ നിന്നും മത്സരിച്ചില്ലേ. എം സ്വരാജ് മലപ്പുറത്ത് നിന്നും
തൃപ്പൂണിത്തുറയില്‍ വന്ന് മത്സരിച്ചില്ലേ? ഇവര്‍ക്ക് ചരിത്രമറിയില്ലേ?

പാലക്കാടും വയനാടും കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകളാണ്. ചേലക്കര സിപിഎമ്മിന്റെ കൈയ്യിലാണ്. അപ്പോള്‍ , ചേലക്കരയിലാണോ കോണ്‍ഗ്രസിന്റെ ലിറ്റ്മസ് ടെസ്റ്റ്?

ചേലക്കര ഞങ്ങള്‍ തിരിച്ചുപിടിക്കും. ലോക്സഭ തിരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ ഞങ്ങളുടെ മുന്നൊരുക്കം അത്ര പോരായിരുന്നു എന്നാണ് ഞങ്ങളുടെ വിലയിരുത്തല്‍. എന്നിട്ടും കെ രാധാകൃഷ്ണനെപ്പോലൊരു സ്ഥാനാര്‍ത്ഥിക്കെതിരെ അയ്യായിരം വോട്ടിന് മാത്രമാണ് രമ്യ അവിടെ പിന്നിട്ടു നിന്നത്. ഈ അയ്യായിരം വോട്ട് മറികടക്കാനുള്ള തയ്യാറെടുപ്പുകള്‍ ഇപ്പോള്‍ തന്നെ ഞങ്ങള്‍ ചേലക്കരയില്‍ നടത്തിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ വന്‍വിജയം കോണ്‍ഗ്രസ് അനുകൂല വോട്ടായിരുന്നില്ലെന്നും പിണറായി സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്തായിരുന്നെന്നുമുള്ള വിലയിരുത്തലിനെ എങ്ങിനെ കാണുന്നു?

ഞങ്ങള്‍ പ്രതിപക്ഷത്തല്ലേ! സര്‍ക്കാര്‍ ജനങ്ങളെ ഉപദ്രവിക്കുന്നു, ജനവിരുദ്ധമായി പ്രവര്‍ത്തിക്കുന്നു. ഇത് ജനങ്ങളെ ബോദ്ധ്യപ്പെടുത്തിയത് ഞങ്ങളല്ലേ? ബിജെപിയല്ല ഞങ്ങളാണ് ഈ സര്‍ക്കാരിനെ തുറന്നു കാട്ടിയത്.

സര്‍ക്കാര്‍ വിരുദ്ധ വികാരം മുതലെടുക്കാന്‍ ബിജെപിക്കും കഴിയും എന്നല്ലേ തൃശ്ശൂര്‍ തെളിയിച്ചത്. തിരുവനന്തപുരത്തും ആറ്റിങ്ങലിലും പാലക്കാടും ബിജെപി കടുത്ത മത്സരം കാഴ്ചവെച്ചതും കാണാതിരിക്കാനാവുമോ?

ബിജെപി അങ്ങിനെയൊരു ശകതിയല്ല കേരളത്തില്‍. ഇവിടെ എന്തുകൊണ്ടാണ് അഴിമതി ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കാത്തത്? കേന്ദ്രത്തിലെ  ബിജെപി സര്‍ക്കാരിന് പിണറായിയോടുള്ള സ്നേഹം കൊണ്ടാണെന്ന് ഞാന്‍ കരുതുന്നില്ല. പിണറായി സര്‍ക്കാര്‍ പ്രതിസന്ധിയിലായാല്‍ കേരളത്തില്‍ അതിന്റെ ഗുണം കോണ്‍ഗ്രസിനായിരിക്കുമെന്ന് ബിജെപിക്കറിയാം. ഇല്ലെങ്കില്‍ പിണറായി പണ്ടേ ജയിലില്‍ പോകുമായിരുന്നു. അരവിന്ദ് കെജ്രിവാളിനോടുള്ള സമീപനമല്ലല്ലോ ഇവിടെ. ഡല്‍ഹിയില്‍ കെജ്രിവാള്‍ പ്രശ്നത്തിലായാല്‍ ബിജെപിക്കാണ് നേട്ടമുണ്ടാവുക. ഇവിടെ അങ്ങിനെയല്ല എന്നതുകൊണ്ടാണ് പിണറായിയോട് മൃദു സമീപനം.

പ്രധാനമന്ത്രി മോദി കേരളത്തിലെ ഒരു മണ്ഡലത്തില്‍ നിന്ന് മത്സരിച്ചേക്കുമെന്ന് കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് കാലത്ത് അഭ്യൂഹങ്ങളുണ്ടായിരുന്നു. അങ്ങിനെ മത്സരിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിനെതിരെ യുഡിഎഫും ഇടത് മുന്നണിയും പൊതുസ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമായിരുന്നില്ലേ? ഇതുപോലെ തന്നെയല്ലേ ഇന്ത്യ മുന്നണിയുടെ പ്രധാന നേതാക്കളിലൊരാളായ പ്രിയങ്ക ഗാന്ധി വയനാട്ടില്‍ മത്സരിക്കുമ്പോഴുമുള്ള അവസ്ഥ? ഇന്ത്യ മുന്നണിയുടെ പൊതുസ്ഥാനര്‍ത്ഥിയായി പ്രിയങ്ക മത്സരിക്കുന്നതായിരുന്നില്ലേ കൂടുതല്‍ ഉചിതം?

കേരളത്തിലെ സ്ഥിതി വ്യത്യസ്തമാണ്. ബിജെപിയുമായി കൂട്ടുകച്ചവടം നടത്തുന്ന പാര്‍ട്ടിയാണ് കേരളത്തില്‍ സിപിഎം. അവരുമായി ഒത്തുപോകാന്‍ ഞങ്ങള്‍ക്കാവില്ല. ഞങ്ങള്‍ക്കവരുടെ ഒരൗദാര്യവും ആവശ്യമില്ല. അവര്‍ ബിജെപിയുടെ ബി ടീമാണ്. അവരുമായി ഞങ്ങള്‍ക്ക് ഒരേര്‍പ്പാടുമില്ല.

ജനപ്രതിനിധിയെന്ന നിലയില്‍ കാല്‍ നൂറ്റാണ്ട് തികയ്ക്കാന്‍ താങ്കള്‍ക്ക് ഇനിയിപ്പോള്‍ രണ്ട് വര്‍ഷങ്ങള്‍ കൂടി മതി. കഴിഞ്ഞ മൂന്ന് കൊല്ലമായി പ്രതിപക്ഷ നതോവെന്ന നിലയില്‍ താങ്കള്‍ ശക്തമായ പ്രവര്‍ത്തനമാണ് കാഴ്ചവെയ്ക്കുന്നത്. എന്നാല്‍ ഇതിനിടയില്‍ താങ്കള്‍ക്ക് നേരെ ഉയരുന്ന ഒരു സുപ്രധാന വിമര്‍ശം താങ്കള്‍ ഒരു വണ്‍ മാന്‍ ആര്‍മിയാണ് എന്നതാണ്. ഉമ്മന്‍ചാണ്ടിയെയോ കരുണാകരനെപ്പോലെയോ ജനങ്ങളെ ഒപ്പം നിര്‍ത്താന്‍ താങ്കള്‍ക്കാവുന്നില്ല എന്ന ഈ വിമര്‍ശത്തോട് എങ്ങിനെ പ്രതികരിക്കുന്നു?

ഇത് സിപിഎം ഉയര്‍ത്തുന്ന ആഖ്യാനമാണ്. നിയമസഭയില്‍ ചില സിപിഎം നേതാക്കള്‍ എനിക്കെതിരെ പ്രസംഗിച്ചത് ഞാന്‍ ധിക്കാരിയാണെന്നും മറ്റുള്ളവരോട് പൊട്ടിത്തെറിക്കുന്ന ആളാണെന്നുമൊക്കെയാണ്. ഞാന്‍ സീനിയേഴ്സിനെപ്പോലും ബഹുമാനിക്കാത്തയാളാണ് എന്നൊക്കെയായിരുന്നു പരാതി. ഞാന്‍ അവരോട് പറഞ്ഞത് നിങ്ങള്‍ക്ക് ഈ വിമര്‍ശമൊക്കെ നിങ്ങളുടെ ഒരു നേതാവിനെതിരെ ഉന്നയിക്കാനാണ് ആഗ്രഹമെന്നും എന്നാല്‍ അതിന് കഴിയാത്തതുകൊണ്ട് എന്നെ ആക്രമിക്കുകയാണ് എന്നുമാണ്. ഞാന്‍ ആ നേതാവിന്റെ പേര് പറഞ്ഞില്ല. നിങ്ങള്‍ക്ക് നിങ്ങളുടെ നേതാവിന്റെ അടുത്ത് പോയി ഒരു കാര്യം പറയാന്‍ പറ്റില്ല. കടക്ക് പുറത്തെന്ന് പറയും. അദ്ദേഹത്തിനെക്കുറിച്ച് പറയാന്‍ ആഗ്രഹിക്കുന്നതാണ് നിങ്ങള്‍ എനിക്കെതിരെ പറയുന്നത്. അവര്‍ അത് കേട്ട് ചിരിച്ചു. തുടര്‍ന്ന് പ്രസംഗിച്ച സിപിഎം നേതാവ് വിഎന്‍ വാസവന്‍ പറഞ്ഞത് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കെതിരെ പറഞ്ഞത് ശരിയായില്ലെന്നാണ്. ഇതാണ് വാസ്തവം. ഞാന്‍ പിണറായി വിജയനെപ്പോലെയാണെന്ന് വരുത്തിത്തീര്‍ക്കേണ്ടത് അവരുടെ ആവശ്യമാണ്. പിന്നെ മറ്റൊരു കാര്യം എന്നെ ഉമ്മന്‍ചാണ്ടിയോടും കരുണാകരനോടും താരതമ്യപ്പെടുത്തുന്നതാണ്. അത്തരമൊരു താരതമ്യം ആവശ്യമില്ല. അവര്‍ വേറൊരു ലെവലില്‍ പ്രവര്‍ത്തിച്ച നേതാക്കളായിരുന്നു. ഞാന്‍ അവരല്ല. പക്ഷേ, ഒരു കാര്യം ചൂണ്ടിക്കാട്ടേണ്ടതുണ്ട്. ഈ നേതാക്കളുടെ കാലത്തുണ്ടായിരുന്ന ഗ്രൂപ്പിസം ഇന്നിപ്പോള്‍ കേരളത്തിലില്ല. കഴിഞ്ഞ അരനൂറ്റാണ്ടിനിടയില്‍ ഗ്രൂപ്പിസം ഇതുപോലെ കുറഞ്ഞ മറ്റൊരു കാലം കേരളത്തിലുണ്ടായിട്ടില്ല. ഇത് എന്റെ  മികവല്ല. ഞങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതുകൊണ്ടുള്ള നേട്ടമാണ്.

കൂട്ടായ നേതൃത്വത്തില്‍ വിശ്വസിക്കുന്നയാളാണ് ഞാന്‍. കെപിസിസി പ്രസിഡന്റാണ് ഞങ്ങളുടെ പാര്‍ട്ടിയില്‍ അവസാന വാക്ക്. അദ്ദേഹത്തെ സഹായിക്കുകയാണ് ഞാന്‍ ചെയ്യുന്നത്. ഇപ്പോള്‍ ഈ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഏതെങ്കിലുമൊരു മുതിര്‍ന്ന നേതാവ് അസ്വാരസ്യം പ്രകടിപ്പിച്ചോ? എല്ലാവരമായും കൂടിയാലോചിച്ചാണ് ഞങ്ങള്‍ തീരുമാനമെടുക്കുന്നത്. മുന്‍ കെപിസിസി പ്രസിഡന്റുമാര്‍ , എഐസിസി അംഗങ്ങള്‍, മുന്‍ പ്രതിപക്ഷ നേതാവ് എന്നിങ്ങനെ എല്ലാവരുമായും ഞങ്ങള്‍ ചര്‍ച്ച നടത്തിയിരുന്നു. ഒരു ഗ്രൂപ്പും ഇപ്പോള്‍ പാര്‍ട്ടിയില്‍ ഇല്ല. ലോക്കല്‍ ബോഡി തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് രണ്ട് കൊല്ലം മുമ്പേ തുടങ്ങി. കണ്ണൂരില്‍ ചുമതല കെ സുധാകരനാണ്. കോഴിക്കോട് കോര്‍പറേഷന്റെ ചുമതല രമേശ് ചെന്നിത്തലയ്ക്കാണ്. കൊച്ചി കോര്‍പറേഷന്റെ ചുമതല എനിക്കാണ്. ഞങ്ങള്‍ അങ്ങിനെ കൂട്ടായാണ് പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസില്‍ വണ്‍ മാന്‍ ആര്‍മിയായി ആര്‍ക്കും പ്രവര്‍ത്തിക്കാനാവില്ല. പിണറായി വിജയന്‍ പോക്കറ്റില്‍ നിന്ന് ഒരു കടലാസെടുത്തിട്ട് ഇതാണ് തീരുമാനമെന്ന് പറഞ്ഞാല്‍ സിപിഎമ്മില്‍ അതെല്ലാവരും കൈയ്യടിച്ച് അംഗീകരിക്കും. ഞാനോ സുധാകരനോ അങ്ങിനെ പെരുമാറിയാല്‍ കോണ്‍ഗ്രസ്സുകാര്‍ പോയി പണിനോക്കാന്‍ പറയും. ഇപ്പോഴത്തെ ചെറുപ്പക്കാര്‍ എല്ലാമെല്ലാം കണ്ണടച്ച് അംഗീകരിക്കുന്നവരല്ല. അവര്‍ ചോദ്യം

അവഗണിക്കുന്നുവെന്ന വിമര്‍ശം മുന്‍ കെപിസിസി പ്രസിഡന്റുമാരായ വിഎം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും ഉന്നയിച്ചിട്ടുണ്ട്. താങ്കളെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തപ്പോള്‍ അതിലുള്ള അമര്‍ഷം മുന്‍ ്രപതിപക്ഷ നേതാവ് രമേശ്  ചെന്നിത്തല പരസ്യമായി പ്രകടപിപ്പിച്ചിട്ടുണ്ട് ?

ഒരഭിപ്രായ വ്യത്യാസവുമില്ല. ഈപറയുന്ന വിഎം സുധീരനോടും മുല്ലപ്പള്ളി രാമചന്ദ്രനോടും ഒന്ന് ചോദിച്ചുനോക്കൂ. അവരാരും തന്നെ എനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. പൊതുവായിട്ടല്ല , ഞാന്‍ ഏകാംഗ സൈന്യമാണെന്ന വിമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് ഞാന്‍ ഇത് പറയുന്നത്. ഈ നേതാക്കള്‍ എല്ലാവരുമായും അടുത്ത ബന്ധമാണ് എനിക്കുള്ളത്.

താങ്കള്‍ വണ്‍ മാന്‍ ആര്‍മിയാണെന്ന വിമര്‍ശം കോണ്‍ഗ്രസില്‍ നിന്നുള്ളതല്ലെന്നും സിപിഎം മുന്നോട്ടുവെയ്ക്കുന്നതാണെന്നുമാണോ അര്‍ത്ഥമാക്കുന്നത്?

അതെ. സിപിഎമ്മിന്റെ ആഖ്യാനമാണിത്. പിന്നെ ഞാന്‍ ഉമ്മന്‍ ചാണ്ടിയേയോ രമശേ് ചെന്നിത്തലയേയോ പോലെ അല്ല സംഘടനാ കാര്യങ്ങളില്‍ ഇടപെടുന്നത്. അവര്‍ എപ്പോഴും എല്ലാവരോടും ചിരിച്ചുകൊണ്ടാണ് പെരുമാറാറുള്ളത്. എനിക്ക് അതുപോലെ പറ്റില്ല. സംഘടന കാര്യങ്ങളില്‍ പലപ്പോഴും കര്‍ക്കശ സമീപനം സ്വീകരിക്കേണ്ടി വരും. അതെന്റെ രീതിയാണ്. തുടര്‍ച്ചയായ രണ്ട് പരാജയങ്ങളുടെ പശ്ചാത്തലത്തിലാണ് ഞാന്‍ ചുമതലയേല്‍ക്കുന്നത്. കോണ്‍ഗ്രസിന്റെ സംഘടന സംവിധാനം ആകെ താറുമാറായ നിലയിലായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ന്നുതരിപ്പണമായിരുന്നു. പക്ഷേ, ഇക്കഴിഞ്ഞ മൂന്നുകൊല്ലത്തിനുള്ളില്‍
പാര്‍ട്ടി എത്രയോ മുന്നേറി. തൃക്കാക്കരയിലും പുതുപ്പള്ളിയിലും നേടിയ വിജയങ്ങള്‍. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലെ വലിയ നേട്ടം. ഇത് എന്റെ മികവല്ല. ഞങ്ങളുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ്. ഇതിനെ
ഇടിച്ചുകാണിക്കാനാണ് ഞാന്‍ ധിക്കാരിയും ആരെയും അംഗികരിക്കാത്തവനുമാണെന്ന് സിപിഎം പറഞ്ഞുപരത്തുന്നത്. ഇപ്പോള്‍ ചേലക്കരയിലും പാലക്കാടും പ്രവര്‍ത്തകരോട് എനിക്ക് ദേഷ്യപ്പെടേണ്ട കാര്യമില്ല. കാരണം അവര്‍ കാര്യങ്ങള്‍ കണ്ടറിഞ്ഞു ചെയ്യുന്നുണ്ട്.

ആത്മപരിശോധന, സ്വയം നവീകരണം എന്നീ പ്രക്രിയകള്‍ക്ക് വിധേയനാവാറുണ്ടോ?

തീര്‍ച്ചയായും. ഓരോ പൊതുപ്രവര്‍ത്തകനും അനിവാര്യമായും ചെയ്യേണ്ട സംഗതിയാണത്. നേരത്തെ ഞാന്‍ ഭയങ്കര ദേഷ്യക്കാരനായിരുന്നു. ഇപ്പോള്‍ ദേഷ്യമൊക്കെ കുറച്ചു. പക്ഷേ, കാര്യം നടക്കണം. കാര്യം നടക്കാതെ ചുമ്മാ ഇരിക്കാനാവില്ല. ഈ ബസ്സ് മിസ്സായാല്‍ പിന്നെ ഒരു ബസ്സില്ല. യുഡിഎഫിനെ അധികാരത്തില്‍ തിരിച്ചുകൊണ്ടുവരിക, നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കുക ഇതൊക്കെയാണ് ലക്ഷ്യം. മൂന്നു കൊല്ലം കൊണ്ട് എന്തായാലും താഴേക്ക് പോയിട്ടില്ലല്ലോ! 2026 ലെ ബസ്സ് ഒരിക്കലും മിസ് ചെയ്യാന്‍ കോണ്‍ഗ്രസിനാവില്ല . കൊടുങ്കാറ്റ് പോലെ ഞങ്ങള്‍ തിരിച്ചുവരും. സിപിഎം എന്നെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നതില്‍ എനിക്ക് സന്തോഷമേയുള്ളു. അതിന്റെയര്‍ത്ഥം എന്റെ പ്രവര്‍ത്തനം അവരെ അലോസരപ്പെടുത്തുന്നുണ്ടെന്നാണ്. അവര്‍ എന്നെ അവഗണിച്ചാലാണ് എനിക്ക് പ്രശ്നം.

കോളേജ് തലത്തില്‍ നിരവധി ഡിബേറ്റുകളില്‍ താങ്കള്‍ പങ്കെടുത്തിട്ടുണ്ട്. കേരളത്തിന്റെ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കുമായി ലോട്ടറി വിഷയത്തില്‍ താങ്കള്‍ നടത്തിയ സംവാദവും ഓര്‍മ്മയിലുണ്ട്. എതിര്‍ ശബ്ദങ്ങള്‍ കൃത്യമായി കേള്‍ക്കുക എന്നത് സംവാദത്തില്‍ പ്രധാനമാണ്. താങ്കളെ താങ്കളാക്കുന്നതില്‍ ഈ സംവാദങ്ങള്‍ക്ക് കാര്യമായ പങ്കില്ലേ?

നല്ല പരിശീലകര്‍ ഫുട്ബോള്‍ മത്സരത്തിന് മുമ്പ് അവരുടെ ടീമിനെ എതിര്‍ ടീമിന്റെ കളി കാണിക്കും. എവിടെയാണ് എതിരാളികളുടെ മികവ്, ദൗര്‍ബ്ബല്ല്യം എന്നാക്കെ പരിശോധിക്കും . സംവാദങ്ങളില്‍ നിന്നും ഇതൊക്കെ നമുക്ക് ലഭിക്കും. എതിരാളിയുടെ മര്‍മ്മമറിഞ്ഞ് പ്രഹരിക്കാനാവും. ആശയപരമായ പ്രഹരമാണുദ്ദേശിക്കുന്നത്. തിരഞ്ഞെടുപ്പ് യുദ്ധമാണ്. സേനാ വിന്യാസമൊരുക്കുമ്പോള്‍ എതിരാളിയെ നമ്മള്‍ അറിഞ്ഞിരിക്കണം. സിപിഎമ്മിനും ബിജെപിക്കും കേഡര്‍ സ്വഭാവമുണ്ട്. ഞങ്ങള്‍ക്കതില്ല. അതുകൊണ്ടാണ് പ്രവര്‍ത്തനത്തില്‍ ചിട്ട വരുത്താന്‍ ശ്രദ്ധിക്കുന്നത്. അതിന്റെ ഫലമാണ് ഇപ്പോള്‍ കാണുന്നത്. അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയേക്കാളും സിപിഎമ്മിനേക്കാളും കൂടുതല്‍ ചിട്ടയോടെ പ്രവര്‍ത്തിക്കുന്ന മുന്നണി ഞങ്ങളുടേതായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്.

എതിരാളിയെ അറിഞ്ഞ് കരുക്കള്‍ നീക്കുന്നു. എതിരാളിയുടെ മികവിനെ അംഗീകരിക്കുന്നു. എതിരാളിയുടെ തോട്ടത്തിലെ മുല്ലയ്ക്കും സുഗന്ധമുണ്ട് എന്ന് ഡിഎംകെ സ്ഥാപക നേതാവ് അണ്ണാദുരൈ പറയുമായിരുന്നു. അത്തരമൊരു സമീപനമാണോ മനസ്സിലുള്ളത്?

അതുണ്ടാവുമല്ലോ. സംവാദങ്ങളും ചര്‍ച്ചകളുമില്ലെങ്കില്‍ ജനാധിപത്യമില്ല. ഒന്നിച്ചു നില്‍ക്കേണ്ടിടത്ത് ഒന്നിച്ചു നില്‍ക്കാന്‍ സംവാദങ്ങള്‍ തടസ്സമല്ല. വയനാട് ദുരന്തമുണ്ടായപ്പോള്‍ ഞങ്ങള്‍ സര്‍ക്കാരിനൊപ്പം നിന്നു. സര്‍ക്കാരിന്റെ വീഴ്ചകള്‍ കണ്ടുപിടിക്കാനല്ല ഞങ്ങള്‍ പോയത്. ജനങ്ങള്‍ക്കൊരു പ്രശ്നമുണ്ടാവുമ്പോള്‍ ഭരണപക്ഷവും പ്രതിപക്ഷവും അവര്‍ക്കൊപ്പമുണ്ടാവും എന്നുറപ്പ് വരുത്തുകയാണ് ചെയ്തത്. ഞങ്ങളുടെ സംസ്‌കാരം അതാണ്. കേരളം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ഞങ്ങളുടെ കൈയ്യില്‍ ബദലുണ്ട്. ആരോഗ്യ , വിദ്യാഭ്യാസ , പരിസ്ഥിതി. സാമ്പത്തിക മേഖലകളിലെ വിദഗ്ദരുമായി ഞങ്ങള്‍ ചര്‍ച്ച നടത്തുന്നുണ്ട്. ഓരോ പ്രതിസന്ധിക്കും ഞങ്ങള്‍ പരിഹാരം ആരായുന്നുണ്ട്. കേരളത്തിലെ ചെറുപ്പക്കാര്‍ വിദേശ രാജ്യങ്ങളിലേക്ക് പോകുന്നത് ഞങ്ങള്‍ കാണുന്നുണ്ട്. അവര്‍ക്ക് കേരളത്തില്‍ തൊഴില്‍ എങ്ങിനെയുറപ്പാക്കാം എന്നതിനെക്കുറിച്ച് ഞങ്ങളുടെ കൈയ്യില്‍ മാര്‍ഗ്ഗ രേഖയുണ്ട്.

അപ്പോള്‍ കൂടുതല്‍ സംവാദങ്ങളുണ്ടാവട്ടെ! കൂടുതല്‍ വിമര്‍ശങ്ങളുണ്ടാവട്ടെ,
ജനാധിപത്യം കൂടുതല്‍ സുരഭിലമാവട്ടെ!