
തദ്ദേശഭരണമന്ത്രി എം.ബി രാജേഷ് ഉപതിരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാവിഷയങ്ങളെക്കുറിച്ചും ഇടതുമുന്നണി മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തെക്കുറിച്ചും സംസാരിക്കുന്നു.
ഉപതിരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണിയുടെ തയ്യാറെടുപ്പുകളെ കുറിച്ച്
തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. സംഘടനാപരമായ തയ്യാറെടുപ്പുകള്‍ നേരത്തെ ആരംഭിച്ചു. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്ന പ്രവര്‍ത്തനം നേരത്തെ തന്നെ ആരംഭിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മിറ്റികളൊക്കെ രൂപീകരിച്ചു കഴിഞ്ഞു. മറ്റു പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
താങ്കളുടെ ചുമതല
പൊതുവായ ഒരു ചുമതലയുണ്ടാവും, പാലക്കാട്ട്.
സരിന് വന്നത് ഏത് തരത്തിലാണ് പാര്‍ട്ടിക്കും മുന്നണിക്കും ഗുണം ചെയ്യുക.
സരിന്റെ സ്ഥാനാർഥിത്വം ഇടതുപക്ഷത്തിന്റെ പരമ്പരാഗത വോട്ടുകള്‍ക്കു പുറമേയുള്ള വോട്ടുകള്‍ കൂടി സമാഹരിക്കാന്‍ സഹായകമാകും. അദ്ദേഹം ഉയര്‍ത്തിയ വിഷയങ്ങള്‍ കോണ്‍ഗ്രസിനകത്ത് നിന്നും കുറെ വോട്ടുകള്‍ സമാഹരിക്കുന്നതിന് സഹായകരമാകും. വടകരയില്‍ സഹായം കിട്ടാന്‍ വേണ്ടി തൃശൂരും പാലക്കാട്ടും പിന്തുണയ്ക്കാമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് ഈ ഉപതിരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിച്ചത് എന്ന ആരോപണം സരിന് ഉന്നയിക്കുകയുണ്ടായി. വടകരയിലെ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടായി മിനിറ്റുകള്‍ക്കകം ഇക്കാര്യം പറഞ്ഞുകൊണ്ട് ഞാനൊരു ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ആരുടെ താല്പര്യത്തിന് വേണ്ടിയാണ് കോണ്‍ഗ്രസ് ഈ ഉപതിരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിച്ചത് എന്നു നോക്കുമ്പോള്‍ അത് ബിജെപിക്ക് വേണ്ടിയാണ് എന്നതു വ്യക്തമാണ്. അതിന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന് ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. സരിന് സി.പി.എം എഴുതിക്കൊടുത്ത സ്ക്രിപ്റ്റാണ് എന്നാണ് മറുപടിയായി പറയുന്നത്. അങ്ങനെയല്ലല്ലോ. സരിന് കോണ്‍ഗ്രസിനകത്ത് ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ ആയിരുന്ന ആളാണ്, അതിനകത്തെ എല്ലാ ഉള്ളുകളികളും അറിയുന്ന ആളാണ്.
ബിജെപി പ്രസിഡൻ്റ് കെ സുരേന്ദ്രന് തന്നെ അവിടെ സ്ഥാനാര്‍ഥിയായി വരികയാണെങ്കില്‍ ആരോപണം നിലനില്‍ക്കുമോ.
എന്ത് ധൈര്യത്തിലാണ് ബിജെപി പ്രസിഡന്റ് അവിടെ സ്ഥാനാര്‍ഥിയായി വരിക? ആരു കൊടുത്ത ഉറപ്പില്‍? അത് കോണ്‍ഗ്രസാണോ? ഡീല്‍ എന്തായാലും ഉണ്ട്. സുരേന്ദ്രനെ തന്നെ മത്സരിപ്പിക്കാന്‍ ബിജെപി ധൈര്യം കാണിക്കുന്നുണ്ടെങ്കില്‍ അത് ഈ ഡീലില്‍ മാത്രം വിശ്വാസം ഉറപ്പിച്ചാണ്. എന്തിനാണ് യു.ഡി.എഫ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് എന്ന റിസ്ക് എടുത്തത്? ഞങ്ങള്‍ സരിനെ നിര്‍ത്തുന്നത് തൃശ്ശൂരിലെ ചതി ആവര്‍ത്തിക്കാതിരിക്കാനാണ്. തൃശൂരില്‍ കോണ്‍ഗ്രസിന്റെ 86,000 വോട്ടാണ് ബി.ജെ.പിയിലേക്ക് പോയത്. പാലക്കാട്ടെ കോണ്‍ഗ്രസില്‍ സമാനമായ അസംതൃപ്തിയുണ്ട്. ആ അസംതൃപ്തി ഒരിക്കലും ബി.ജെ.പിക്ക് ഗുണമായി മാറരുത് എന്നതുകൊണ്ടാണ് കോണ്‍ഗ്രസുകാര്‍ക്ക് കൂടി വോട്ട് ചെയ്യാന്‍ വിരോധമില്ലാത്ത ഒരു സ്ഥാനാർഥിയെ നിര്‍ത്തുന്നത്. ബിജെപിയുടെ അക്കൗണ്ട് തുറക്കാന്‍ കോണ്‍ഗ്രസിനെ അനുവദിക്കാതിരിക്കുക എന്നതാണ് ഞങ്ങളെ സംബന്ധിച്ച് തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ വിഷയം.
പൂരം കലക്കലും ശബരിമലയും ഒക്കെ സജീവമായി നില്ക്കുന്ന ഈ സമയത്ത് കോണ്‍ഗ്രസ്- ബി.ജെ.പി ബന്ധം ആരോപിക്കുന്നത് തിരിച്ചടിക്കില്ലേ.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ കാര്യം ആള്‍ക്കാര്‍ക്ക് പറഞ്ഞാല്‍ മനസ്സിലാവുമല്ലോ. എന്തു കണ്ടിട്ടാണ് പാലക്കാട്ടെ സിറ്റിംഗ് എംഎല്‍എയെ വടകരയില്‍ കൊണ്ടുപോയി നിര്‍ത്തിയത്. കഴിഞ്ഞ തവണ കഷ്ടിച്ച് ജയിച്ച ആളാണല്ലോ. അതാണ് പാലക്കാട് ചര്‍ച്ച ചെയ്യുക. എന്തിനാണ് പാലക്കാട് എം.എല്‍.എയെ തന്നെ നിര്‍ത്തിയത്? സിറ്റിംഗ് എംപിയെ മാറ്റിയിട്ടാണ് അവിടെ ഷാഫിയെ നിര്‍ത്തിയത്. ഒരു സീറ്റ് പിടിച്ചെടുക്കാനാണെങ്കില്‍ മനസ്സിലാക്കാമായിരുന്നു. എന്തുകൊണ്ടാണ് കെ. മുരളീധരനെ പോലെ പ്രമുഖനായ ഒരു നേതാവിനെ പാലക്കാട് നിര്‍ത്താതിരുന്നത്? അദ്ദേഹം തന്നെ അതു പറഞ്ഞല്ലോ. അതായത്, ഡീല്‍ വളരെ വ്യക്തമാണ്. അതുകൊണ്ടാണ് ഇതുവരെ പ്രതിപക്ഷ നേതാവ് മറുപടി പറയാത്തത്.
ബി.ജെ.പിക്ക് തിരഞ്ഞെടുപ്പ് ജയിക്കാനുള്ള സാഹചര്യം പാലക്കാട്ട് ഉണ്ടാകുമോ.
മുൻപ് പറഞ്ഞത് ആവര്‍ത്തിക്കുകയാണ്. ഞങ്ങള്‍ ഇടതുപക്ഷക്കാരുടെ കൊക്കില്‍ ജീവനുണ്ടെങ്കില്‍ പൂട്ടിയ ബി.ജെ.പിയുടെ അക്കൗണ്ട് തുറന്നു കൊടുക്കാനുള്ള കോണ്‍ഗ്രസ് നീക്കം അനുവദിക്കില്ല. എന്ത് വിലകൊടുത്തും തടയും.
സി.പി.എമ്മിനെതിരേ സംഘപരിവാര്‍ ആരോപണം ഇപ്പോഴും ശക്തമാണ്.
സരിന് പറഞ്ഞത് യുഡിഎഫിന്റെ സംഘപരിവാര്‍ ബന്ധത്തെക്കുറിച്ചാണ്. ആ സംഘപരിവാര്‍ ബന്ധം കൊണ്ടാണല്ലോ പ്രതിപക്ഷ നേതാവ് ഗോള്‍വാള്‍ക്കറുടെ ചിത്രത്തിന് മുന്നില്‍ പോയി നിന്നതും തൃശ്ശൂരില്‍ 86,000 വോട്ട് പോയത്അും. അതിനൊക്കെ സമാധാനം പറയേണ്ടിവരും. ഒളിക്കാനും മറയ്ക്കാനും ഒന്നുമില്ലെങ്കില്‍ തൃശ്ശൂരിലെ തോല്‍വിയുടെ അന്വേഷണ റിപ്പോര്‍ട്ട് കോണ്‍ഗ്രസ് പുറത്തു വിടാത്തത് എന്തുകൊണ്ടാണ്? ഡി.ജി.പിയുടെ അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് എല്ലാം സര്‍ക്കാര്‍ പുറത്തുവിട്ടല്ലോ. നിയമസഭയുടെ മേശപ്പുറത്ത് വെച്ചല്ലോ. യുഡിഎഫിന് മിണ്ടാട്ടം ഇല്ല. അവര്‍ പറഞ്ഞ കള്ളം പൊളിഞ്ഞു എന്നാണ് അതിനര്‍ത്ഥം.
പി.വി അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ മുതല്‍ എ.ഡി.എം നവീന്‍ബാബുവിന്റെ മരണം വരെ ഇടതു സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ച നിരവധി സംഭവങ്ങളുണ്ട്. അവ ഈ തിരഞ്ഞെടുപ്പിനെ ഏതെങ്കിലും തരത്തില്‍ ബാധിക്കുമോ.
ഈ പറഞ്ഞ ഓരോ കാര്യത്തിലും വസ്തുത ജനങ്ങളുടെ മുന്നില്‍ ഉണ്ട്. അന്‍വര്‍ പറഞ്ഞുപറഞ്ഞ് എവിടെയെത്തി എന്നും ഇന്ന് അദ്ദേഹം പറഞ്ഞതിനെ ആരെങ്കിലും ഗൗരവമായി എടുക്കുന്നുണ്ടോ എന്നും നോക്കിയാല്‍ മതി. പറഞ്ഞുപറഞ്ഞ് അവസാനം അന്‍വര്‍ എ.ഐ.സി.സി മെമ്പറെ ആണല്ലോ ചേലക്കരയില്‍ സ്ഥാനാര്‍ഥിയാക്കിയിട്ടുള്ളത്. അന്‍വര്‍ ഞങ്ങള്‍ക്ക് ക്ഷതം ഉണ്ടാക്കുന്നതല്ല. കോണ്‍ഗ്രസിനാണ് നഷ്ടം ഉണ്ടാക്കുക.
തലേദിവസം വരെ ഈ പ്രതിപക്ഷവും നിങ്ങളടക്കമുള്ള മാധ്യമങ്ങളും അന്‍വറിനെ വേട്ടയാടിയിരുന്നവരാണ്. അന്‍വറിനെപ്പോലെ ഒരു മോശക്കാരന്‍ ഇല്ല എന്നാണ് പറഞ്ഞിരുന്നത്. ഇടതുപക്ഷത്തെ എതിര്‍ത്താല്‍ നിങ്ങള്‍ ആരെയും കൊണ്ടാടും എന്നതിനപ്പുറം അന്‍വര്‍ പറയുന്നതിന് ഒരു പ്രാധാന്യവും ഗൗരവവും ആള്ക്കാര് കൊടുക്കുന്നില്ല. മാത്രമല്ല നമ്മള് പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ അത് എരിഞ്ഞടങ്ങി. അത്രയും സ്ഥലവും സമയവും പരിഗണനയും കൊടുത്തിട്ടും മാധ്യമങ്ങള്‍ക്ക് ആ ബലൂണ്‍ ഊതിവീര്‍പ്പിച്ച് നിര്‍ത്താന്‍ കഴിഞ്ഞില്ലല്ലോ. അത് പൊട്ടിപ്പോയല്ലോ.
നിയമസഭയില്‍ ഈ വിവാദവിഷയങ്ങള്ക്കെല്ലാം മറുപടി പറയാന്‍ അടിയന്തര പ്രമേയം ആയിക്കോട്ടെ എന്ന് സര്‍ക്കാര്‍ പറഞ്ഞു. കേരളത്തിന്റെ ചരിത്രത്തില്‍ മുമ്പ് ഇങ്ങനെ ഉണ്ടായിട്ടില്ല. അത് ഈ സര്‍ക്കാരിന്റെ ആത്മവിശ്വാസത്തെയും സുതാര്യതയെയും കാണിക്കുന്നു. ഒന്നും മറച്ചുവെക്കാനില്ല. പ്രതിപക്ഷം സ്വന്തം അടിയന്തര പ്രമേയം ബഹിഷ്കരിച്ചു പോയതും ജനങ്ങള്‍ കണ്ടതാണ്. ഇവര്‍ പറയുന്നതൊക്കെ പച്ചക്കള്ളമാണെന്ന് ഇതിനകം ജനങ്ങള്‍ക്ക് മുമ്പില്‍ തെളിയിക്കാന്‍ ഞങ്ങള്‍ക്കായി. സഭയില്‍ പ്രതിപക്ഷത്തെ തൊലിയുരിച്ചാണ് വിട്ടത്.
നവീന്‍ബാബുവിന്റെ മരണം ഉപതിരഞ്ഞെടുപ്പില്‍ പ്രശ്നമാകുമോ.
പ്രതിപക്ഷത്തിനും മാധ്യമങ്ങള്‍ക്കും ഇടതുപക്ഷത്തിനെതിരേ ഉയര്‍ത്തിക്കൊണ്ടുവരുന്ന ഒരു പ്രശ്നത്തിലും നില്ക്കാന് ആവുന്നില്ല. ഒന്നുപേക്ഷിച്ച് മറ്റൊന്നില്‍ പിടിക്കേണ്ട സാഹചര്യമാണ്. നവീന്‍ബാബു ഞങ്ങളുടെ പാര്‍ട്ടി കുടുംബാംഗമാണ്. ആ കുടുംബത്തിന്റെ വേദന പൂര്‍ണമായി ഉള്‍ക്കൊണ്ടിട്ടാണ് പാര്‍ട്ടിയും ഗവണ്മെന്റും പ്രവര്‍ത്തിച്ചിട്ടുള്ളത്. തെറ്റായ നടപടിയാണ് ദിവ്യയുടെ ഭാഗത്തു നിന്നുണ്ടായത്. അതിനെ ഒരു തരത്തിലും ഞങ്ങള്‍ ആരും അംഗീകരിച്ചിട്ടില്ല. തുടക്കം മുതലേ അക്കാര്യത്തില്‍ ഞങ്ങള്‍ക്ക് സംശയത്തിന്റെ ഒരു ലാഞ്ചനയും ഉണ്ടായിട്ടില്ല. അതുകൊണ്ടാണ് അതില്‍ മാതൃകാപരമായ നടപടി ഉണ്ടായത്.
പ്രതിപക്ഷ നേതാവുമായി എന്തെങ്കിലും വ്യക്തിപരമായ പ്രശ്നമുണ്ടോ.
രാഷ്ട്രീയമായ അഭിപ്രായവ്യത്യാസം അല്ലാതെ മറ്റൊന്നുമില്ല. രാഷ്ട്രീയമായിട്ടല്ലാതെ വ്യക്തിപരമായി ഞാന്‍ ആരെയും വിമര്‍ശിക്കാറില്ല. പ്രതിപക്ഷനേതാവ് വിമര്‍ശനങ്ങളെ അല്പം ആത്മനിഷ്ഠമായാണ് കാണുന്നതെന്ന് എനിക്ക് തോന്നാറുണ്ട്. വിമര്ശിക്കുമ്പോഴൊക്കെ അദ്ദേഹം വ്യക്തിപരമായി എടുക്കുന്നു. അത് ഒരു ഉയര്‍ന്ന നേതാവിന് യോജിച്ചതല്ല എന്നാണ് എന്റെ വിനീതമായ അഭിപ്രായം. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ അദ്ദേഹത്തെ വിമര്‍ശിക്കുന്നത് എല്ലാ ബഹുമാനത്തോടും കൂടിയാണ്. സരിന് ഞാന്‍ സ്ക്രിപ്റ്റ് എഴുതിക്കൊടുത്തു എന്നൊക്കെ പറഞ്ഞാല്‍ അത് എന്നെയും അയാളെയും വ്യക്തിപരമായി മോശമാക്കുന്നതാണ്. തിരിച്ച് അതുപോലെ ഉത്തരം പറയുന്നത് ശരിയല്ലാത്തതുകൊണ്ട് ഞാന്‍ പറയുന്നില്ല. രാഷ്ട്രീയമായി മറുപടി പറയാന്‍ പറ്റാത്തതു കൊണ്ടായിരിക്കാം അദ്ദേഹം ഇങ്ങനെ ചെയ്യുന്നത്.
മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ വ്യക്തിപരമായ ആക്ഷേപങ്ങള്‍ വളരെ കൂടിയിട്ടുണ്ട് സമീപകാലത്ത്.
കഴിഞ്ഞ 20 കൊല്ലമായി നടക്കുന്ന വേട്ടയാടല്‍ ആണിത്. രണ്ടാം പിണറായി സര്‍ക്കാര്‍ വന്നതോടെ അദ്ദേഹത്തെ ഇങ്ങനെ വെറുതെ വിട്ടാല്‍ പോരാ എന്ന് തീരുമാനിക്കുന്നത് സ്വാഭാവികമല്ലേ? സത്യത്തില്‍ അതൊന്നും വ്യക്തിപരമല്ല, മുഖ്യമന്ത്രിക്ക് എതിരായ ആക്ഷേപങ്ങളെല്ലാം രാഷ്ട്രീയമാണ്. കേരളത്തിലെ പ്രതിപക്ഷത്തിനും മാധ്യമങ്ങള്‍ക്കും വ്യക്തിവിരോധമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല, രാഷ്ട്രീയമായ വിരോധമാണുള്ളത്. അല്ലെങ്കില്‍ അന്‍വറിനെ ഇത്രയേറെ പ്രിയപ്പെട്ടവനായി മാധ്യമങ്ങള്‍ ഏറ്റെടുക്കുമെന്ന് നമ്മള് ആരെങ്കിലും പ്രതീക്ഷിച്ചിരുന്നോ. മാധ്യമങ്ങള്‍ക്ക് അന്‍വര്‍ രാഷ്ട്രീയത്തിലെ ജീര്‍ണതയുടെ പ്രതീകമായിരുന്നു, ഇടതുപക്ഷത്തിനൊപ്പം നില്ക്കുംവരെ. ഇടതുപക്ഷത്തിന് എതിരായപ്പോള്‍ ധാര്‍മികതയുടെ ആള്‍രൂപമായി. ആ കാപട്യം ജനങ്ങള്‍ക്ക് മനസ്സിലാവും.
തലേന്നുവരെ സിപിഎമ്മിനും ഇടതുപക്ഷത്തിനും എതിരെ ശക്തിയായി സംസാരിച്ചിരുന്ന ഒരു നേതാവിനെ പാര്‍ട്ടി പിന്തുണയ്ക്കാന്‍. തീരുമാനിക്കുന്നതില്‍ ഒരു റിസ്ക്കില്ലേ. അന്‍വറിന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ് എന്ന് തോന്നിയിട്ടുണ്ടോ.
തിരഞ്ഞെടുപ്പില്‍ മുമ്പും ഇങ്ങനെ ഉണ്ടായിട്ടുണ്ട്. ഒരിക്കല്‍ അങ്ങനെ സംഭവിച്ചു എന്നത് കൊണ്ട് ഇനി സ്വതന്ത്രനെ നിര്‍ത്തണ്ട എന്നൊന്നും തീരുമാനിച്ചിട്ടില്ല. എ.കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും വരെ ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നവരാണ്, എകെജി സെന്ററില്‍ വന്നിരുന്ന് ഇടതുമുന്നണി യോഗം കൂടിയവരാണ്.
ഈ ഉപതിരഞ്ഞെടുപ്പുകളില്‍ ഇടതുമുന്നണി മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം.
ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ പ്രതിപക്ഷം എടുക്കുന്ന നിഷേധാത്മക നിലപാട്, കേന്ദ്രം ഏല്‍പ്പിക്കുന്ന കടുത്ത സാമ്പത്തിക ഉപരോധം, ഇതിനെയൊക്കെ നേരിട്ടുകൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങള്‍. ഇവയൊക്കെ ജനങ്ങളുടെ മുന്നില്‍ എണ്ണിപ്പറയും. വയനാട്ടിലെ ഉരുള്‍പൊട്ടലിന്റെ കാര്യത്തില്‍ കേന്ദ്രം ക്രൂരവും നഗ്നവുമായ വിവേചനമാണ് കാട്ടിയത്. അത് ചോദിക്കാന്‍ യു.ഡി.എഫിന്റെ 18 എംപിമാരും ഉണ്ടായില്ല. അവര്‍ സര്‍ക്കാരിനെതിരെ ഇല്ലാത്ത കള്ളക്കഥ പ്രചരിപ്പിക്കാന്‍ ശ്രമിച്ചു പരാജയപ്പെടുകയാണ് ഉണ്ടായത്. ഒരു ദിവസം പോലും ആയുസ്സില്ലാത്ത വിവാദങ്ങളെ അവഗണിച്ചു മുന്നോട്ടു പോകാനാണല്ലോ ഹൈക്കോടതി പോലും സര്‍ക്കാരിനോട് പറഞ്ഞത്.
വയനാട്ടിലെ മത്സരം.
മുമ്പ് മത്സരിച്ചതിനെക്കാള്‍ വീറോടും വാശിയോടും കൂടി വയനാട്ടില്‍ മത്സരിക്കും. വയനാട്ടിലെ ജനങ്ങളെ യഥാര്‍ത്ഥത്തില്‍ കബളിപ്പിക്കുകയാണ് യുഡിഎഫും രാഹുല്‍ ഗാന്ധിയും ചെയ്തത്. അമേഠിയില്‍ പരാജയപ്പെട്ടപ്പോള്‍ സംരക്ഷിച്ച വയനാട്ടിലെ ജനങ്ങള്‍ക്ക് ആവശ്യം വന്നപ്പോള്‍ രാഹുല്‍ കൈവിട്ടു. ഇനി പ്രിയങ്ക ഗാന്ധി വന്നാലും അവര്‍ക്ക് വയനാട്ടില്‍ ചെലവഴിക്കാന്‍ സമയമുണ്ടാവില്ല. മാത്രമല്ല ഭാവിയില്‍ യുപിയില്‍ നിന്ന് ജയിക്കാന്‍ സാഹചര്യം ഉണ്ടായാല്‍ അങ്ങോട്ട് പോകും. മറ്റൊരിടത്തും കയറാനാകാതെ വരുമ്പോള്‍ വരുമ്പോള്‍ വിശ്രമിക്കാനുള്ള ഇടത്താവളമായാണ് അവര്‍ വയനാടിനെ കാണുന്നത്
തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ ജയസാധ്യതകള്‍
മൂന്നു സീറ്റും ജയിക്കാനാണ് മത്സരിക്കുന്നത്. ചേലക്കര ഞങ്ങളുടെ സിറ്റിങ് സീറ്റാണ് അവിടെ ജയിക്കുന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് ആര്‍ക്കും സംശയമില്ല വട്ടിയൂര്‍ക്കാവില്‍ മുമ്പ് ജയിച്ചത് പോലെ പാലക്കാട്ട് അത്ഭുതകരമായി ഞങ്ങള്‍ ജയിക്കും. വയനാട് പിടിച്ചെടുക്കാന്‍ ശക്തിയായി പ്രവര്‍ത്തിക്കുകയും ചെയ്യും.
Content Highlights: minister mb rajesh about kerala political scenario and by election
Published: 19 Oct 2024, 03:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented