സംസ്ഥാനത്തിന്റെ അഭിമാനപദ്ധതിയായ കോവളം- ബേക്കൽ കനാൽ പാതയുടെ ഒന്നാംഘട്ടമായി നവീകരണം പൂർത്തിയാക്കിയ ആക്കുളം- ചേറ്റുവ ജലപാത ഈയാഴ്ച ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. ജലപാതയുടെ നവീകരണത്തിനു ചുക്കാൻ പിടിക്കുന്ന കേരള വാട്ടർവെയ്‌സ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ (ക്വിൽ) ഡയറക്ടർ എസ്. സുഹാസ് സംസാരിക്കുന്നു..

To advertise here,

എപ്പോഴാണ് തീരദേശ ജലപാതയെ കുറിച്ചുള്ള ചർച്ചകൾ ശക്തിപ്പെട്ടത്?

1992-ലെ നാഷണൽ വാട്ടർവേ ആക്ട് പ്രകാരം കൊല്ലം-കോട്ടപ്പുറം ജലപാതയെ ദേശീയ ജലപാത -മൂന്നായി പ്രഖ്യാപിച്ചത് 1993-ലാണ്. പിന്നീടാണ് സംസ്ഥാനത്തിന്റെ തെക്കും വടക്കും ഭാഗങ്ങളെ ദീർഘിപ്പിച്ച ഒരു കനാൽ സംവിധാനവുമായി ബന്ധിപ്പിക്കുന്നതിനുള്ള ആശയം വരുന്നത്. തുടർന്ന് കേരളത്തിന്റെ പ്രശസ്തമായ ജലഗതാഗതപാരമ്പര്യവും സുസ്ഥിരഗതാഗതവും സംബന്ധിച്ച വിശാലാശയങ്ങളുമായി ബന്ധപ്പെടുത്തി നിരവധി ചർച്ചകൾ നടന്നു. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണ് സംസ്ഥാനത്തെ ജലഗതാഗതം കുത്തനെ ഇടിഞ്ഞത്, കാരണം നിരവധി പുതിയ റോഡുകളും തീവണ്ടിപ്പാതകളും പാലങ്ങളും ഉണ്ടായതും.

പടിഞ്ഞാറൻ തീരദേശ കനാൽപാത സംബന്ധിച്ച ചർച്ചകൾക്ക് ജീവൻ വച്ചത് 2005 ജൂലായിൽ അന്നത്തെ രാഷ്ട്രപതി എപിജെ അബ്ദുൽ കലാം സംസ്ഥാന നിയമസഭയിൽ നടത്തിയ ഒരു പ്രസംഗത്തെ തുടർന്നായിരുന്നു. 2015-ഓടെ കേരളത്തെ ഒരു സാമ്പത്തിക ശക്തിയായി പരിവർത്തിപ്പിക്കാനുള്ള പത്തിന വികസന അജണ്ട അദ്ദേഹം മുന്നോട്ടുവച്ചു. എടുത്തുപറഞ്ഞ കാര്യങ്ങളിലൊന്ന് ഉപയോഗിക്കപ്പെടാത്ത കായലുകളും മനുഷ്യനിർമ്മിത കനാലുകളും അടക്കമുള്ള ഉൾനാടൻ ജലപാതകളുടെ സാധ്യതകളായിരുന്നു. ഏതാണ്ട് 650 കിലോമീറ്റർ ദൈർഘ്യം വരുന്ന സ്മാർട്ട് ജലപാതകളുടെ ശൃംഖല വികസിപ്പിക്കണമെന്ന് അദ്ദേഹം വാദിച്ചു. (ഇന്നത്തെ കോവളം-ബേക്കൽ ജലപാതയുടെ ദൈർഘ്യം 616 കിലോമീറ്ററാണ്.)

2005-2006 ലാണ് സംസ്ഥാനസർക്കാർ ഈ സങ്കല്പത്തെ ഗൗരവമായി എടുക്കുന്നതും സാധ്യതാപഠനങ്ങൾ നടത്തുന്നതും. 2006-ൽ ഏകോപിതമായ പടിഞ്ഞാറൻതീര കനാൽപാതയ്ക്ക് (വെസ്റ്റ് കോസ്റ്റ് കനാൽ) പദ്ധതിയിട്ടെങ്കിലും ഫണ്ടിന്റെ അപര്യാപ്തത കാരണം 2018 വരെ കാര്യമായ പുരോഗതി ഉണ്ടായില്ല. സംസ്ഥാന സർക്കാരും കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡും (സിയാൽ) ചേർന്നുണ്ടാക്കിയ കേരള വാട്ടർവെയ്‌സ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (ക്വിൽ) ആണ് കനാൽ നവീകരണ പദ്ധതി നടപ്പിലാക്കുന്നത്.

പദ്ധതി നടപ്പാക്കുന്നതിലെ പ്രധാന തടസ്സം പണമില്ലായ്മ മാത്രമായിരുന്നോ?

കനാലിന്റെ തീരത്തെ വ്യാപകമായ കയ്യേറ്റങ്ങൾ, കയ്യേറ്റക്കാരെ പുനരധിവസിപ്പിക്കുന്നതിനു വേണ്ടുന്ന പണം, തോടിന് ആഴം കൂട്ടുന്നതിലെ പ്രശ്‌നങ്ങൾ, വീതിയില്ലായ്മ, തോടിനു കുറുകെയുള്ള പാലങ്ങളുടെ ഉയരമില്ലായ്മ അങ്ങനെ നിരവധിയായ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. കനാൽതീരത്തെ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതായിരുന്നു ഏറ്റവും വലിയ പ്രശ്‌നം. ചില കുടുംബങ്ങൾ നാലും അഞ്ചും തലമുറകളായി അവിടെ താമസിച്ചുവരുന്നവരാണ്. കോവളം മുതൽ വർക്കല വരെ മാത്രം 1,300 കുടുംബങ്ങൾ താമസമുണ്ടായിരുന്നു. അവരെ ഒഴിപ്പിക്കുന്നതും പുനരധിവസിപ്പിക്കുന്നതുമൊക്കെ പ്രതിഷേധമുണ്ടാക്കി.

പുനർഗേഹം പദ്ധതിയിലൂടെ പുനരധിവാസ പ്രവർത്തനങ്ങൾ നടപ്പിലാക്കി. ഇത്രയും വലിയ തോതിലെ പുനരധിവാസപ്രവർത്തനങ്ങൾ സംസ്ഥാനത്ത് അപൂർവമാണ്. തിരുവനന്തപുരത്ത് ആയിരം വീടുകളാണ് ഒഴിപ്പിക്കേണ്ടിയിരുന്നത്. അതിൽ മിക്കതിനും പട്ടയം ഉണ്ട്. പട്ടയമുള്ള ഭൂമികൾ പൊന്നുംവിലയ്ക്ക് എടുക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. വടക്കൻകേരളത്തിൽ അത്രയധികം കയ്യേറ്റങ്ങൾ ഇല്ല.

കനാൽ വികസനത്തിന്റെ വലിയൊരു തടസ്സം എമ്പാടുമുള്ള പാലങ്ങൾ ആയിരുന്നു. 234 പാലങ്ങൾ. സുഗമമായ ജലഗതാഗതത്തിന് പാലങ്ങൾക്ക് ആറ് മീറ്ററിലധികം ഉയരം വേണമെന്നാണ് കരുതുന്നത്. ചില പാലങ്ങൾ മാറ്റേണ്ടിവന്നു. പക്ഷേ, എല്ലായിടത്തും അതു സാധ്യമല്ല. ഇപ്പോൾ പാലങ്ങളുടെ ഉയരം 3.6 മീറ്ററിലധികമാണ്, ഇപ്പോഴത്തെ ആവശ്യങ്ങൾക്ക് അതു ധാരാളമാണ്. ദേശീയ ജലപാത ആക്കണമെങ്കിൽ കനാലിന് 32 മീറ്റർ വീതി വേണം. പക്ഷേ 15 മീറ്റർ മാത്രമായിരുന്നു പലയിടത്തും വീതി. പിന്നീട് സംസ്ഥാനജലപാതയ്ക്ക് 25 മീറ്റർ വീതിയായി തീരുമാനിക്കുകയായിരുന്നു.

പദ്ധതിയുടെ ഒന്നാംഘട്ടം എപ്പോഴാണ് പൂർത്തിയാവുക?

280 കിലോമീറ്റർ ദൈർഘ്യമുള്ള ആക്കുളം-ചേറ്റുവ കനാൽ ഒന്നാംഘട്ടം പൂർത്തിയാകുന്നതിന് ഒന്നുരണ്ട് തടസ്സങ്ങളുണ്ട്. അതിലൊന്ന് ശിവഗിരി തുരങ്കത്തിന്റെ ഭാഗത്ത് മണ്ണിടിഞ്ഞതിനെ തുടർന്നുള്ള ഗതാഗത തടസ്സമാണ്. നീക്കം ചെയ്യുന്ന മണ്ണു കൊണ്ടിടാൻ പറ്റുന്ന സ്ഥലങ്ങൾ തിരുവനന്തപുരത്ത് കുറവാണെന്നതാണ് പ്രശ്‌നം. ഇൻലൻഡ് നാവിഗേഷൻ വകുപ്പ് മൂന്നുനാലു മാസങ്ങൾക്കകം അറ്റകുറ്റപ്പണി പൂർത്തിയാക്കുമെന്നാണ് കരുതുന്നത്. എന്തായാലും ഈ വർഷം തന്നെ കനാൽ പൂർണമായും ഗതാഗതയോഗ്യമാവും.

ചേറ്റുവ വരെ 280 കിലോമീറ്ററാണല്ലോ. ബേക്കൽ വരെയുള്ള ജലപാത എപ്പോഴാണ് പൂർത്തിയാവുക?

2031-ന് പദ്ധതി പൂർണമാവുമെന്നാണ് കരുതുന്നത്. കോഴിക്കോട്, കുറ്റ്യാടി, നാദാപുരം, വടകര എന്നീ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന വടകര-മാഹി കനാലിനു കുറുകെയുള്ള വെങ്ങോലി പാലം പൂർത്തിയായി. കോഴിക്കോടുള്ള മൂഴിക്കൽ ലോക്ക്-കം-ബ്രിഡ്ജ്, ദേശീയ ജലപാത മാനദണ്ഡങ്ങൾ പാലിക്കുന്ന വടകര-മാഹി കനാലിന്റെ 14 കിലോമീറ്റർ ഭാഗം എന്നിവ പ്രവർത്തനക്ഷമമാണ്. കോഴിക്കോട് കോട്ടപ്പള്ളി പാലത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും. നീലേശ്വരത്തു നിന്നും ബേക്കൽ വരെയുള്ള ആറര കിലോമീറ്റർ ദൂരത്തെ കനാലിനു വേണ്ടിയുള്ള സ്ഥലമെടുപ്പ് പുരോഗമിക്കുകയാണ്.

പദ്ധതി സംസ്ഥാനത്തിന്റെ സാമ്പത്തികരംഗത്ത് എന്തു മാറ്റമുണ്ടാക്കും?

വിനോദസഞ്ചാരരംഗത്ത് വലിയ മാറ്റമുണ്ടാവും. കനാൽതീരത്ത് സഞ്ചാരികൾക്ക് വിവിധതരം സൗകര്യങ്ങളൊരുക്കാൻ സർക്കാർ സ്വകാര്യസംരംഭകരുമായി കൈകോർക്കും (പബ്ലിക്- പ്രൈവറ്റ് പാർട്ട്ണർഷിപ്പ്). കോവളം, വർക്കല, ആലപ്പുഴ, കൊച്ചി, മുസിരിസ് പോലുള്ള പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള നദീജല വിനോദസഞ്ചാരം (റിവർ ക്രൂസ്) പോലെയുള്ള നിരവധി നൂതന പരിപാടികൾ ആവിഷ്‌കരിക്കും.

വർക്കലയിലെ ചിലക്കൂർ തുരങ്കത്തിന്റെ നവീകരണവും വിനോദസഞ്ചാര കേന്ദ്രീകൃത സൗന്ദര്യവൽക്കരണവും നടപ്പാക്കി വരുന്നു. ടൂറിസം പ്രവർത്തനങ്ങളുടെ ഭാഗമായി ശ്രീനാരായണ ഗുരുവിന്റെ ജീവിതവും സന്ദേശവും, കേരള ചരിത്രം, സാംസ്‌കാരിക പൈതൃകം എന്നിവ ചിത്രീകരിക്കുന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഇലക്ട്രിക് ബോട്ടും സിയാൽ പുറത്തിറക്കുന്നുണ്ട്.

പാലങ്ങളുടെയും ബോട്ട് ജെട്ടികളുടെയും നിർമ്മാണം, കനാൽ ഡ്രെഡ്ജിംഗ്, കനാൽതീര സൗന്ദര്യവത്കരണം എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ അടിസ്ഥാനസൗകര്യ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരികയാണ്. കാട്ടൂർ ഭാഗത്തെ മധുരംപള്ളിയിൽ അഞ്ച് കിലോമീറ്റർ പരിധിയിൽ ജലപാതയുടെ വീതിയും ആഴവും കൂട്ടി. തൃപ്രയാർ, കണ്ടശ്ശാംകടവ്, ഏനാമാവ് എന്നിവിടങ്ങളിൽ മൂന്ന് ബോട്ട് ജെട്ടികളുടെ നിർമ്മാണം ആരംഭിച്ചു. ആക്കുളത്തിനും കൊല്ലത്തിനും ഇടയിൽ നാല് ബോട്ടുജെട്ടികൾ സ്ഥാപിച്ചു.

പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ചരക്കുഗതാഗതം സാധ്യമാവുമെന്ന് കരുതുന്നു. പ്രത്യേകിച്ച് രാസവസ്തുക്കളും പെട്രോളിയവുമൊക്കെ. പത്ത്, പതിനഞ്ച് ലോറിയിൽ കൊള്ളുന്നത്രയും ചരക്ക് വഹിക്കാൻ ഒരു ബാർജ് മതിയല്ലോ.

പദ്ധതിയെ സവിശേഷമാക്കുന്ന കാര്യം ?

മനുഷ്യനിർമ്മിത കനാലുകൾ, കായലുകൾ, നദികൾ എന്നിവ ബന്ധിപ്പിച്ചു കൊണ്ടുള്ള ഈ പാത രാജ്യത്തെ തന്നെ അതുല്യമായ പദ്ധതിയാണ്. 39 പുഴകളും വിവിധ കായലുകളും പാതയുടെ ഭാഗമാണ്. കോവളം-ബേക്കൽ പാത പൂർത്തിയാവുമ്പോൾ സംസ്ഥാനത്തെ പത്തുജില്ലകളെ തമ്മിൽ ബന്ധിപ്പിക്കും.