നിയുക്ത ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ സംസാരിക്കുന്നു. നിലവിലെ ചീഫ് സെക്രട്ടറി ഡോ. വി വേണുവാണ് ഭര്‍ത്താവ്, അദ്ദേഹം ആഗസ്ത് 31-ന് വിരമിക്കും.

നിയുക്ത ചീഫ് സെക്രട്ടറിക്ക് എല്ലാ അഭിനന്ദനങ്ങളും. എന്താണ് മുന്‍ഗണനാക്രമത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍

സര്‍ക്കാരിന്റെ മുന്‍ഗണനകള്‍ തന്നെയാണ് പ്രധാനം. ഉദാഹരണമായി, അതിദാരിദ്ര്യം നീക്കം ചെയ്യല്‍, മാലിന്യമുക്ത നവകേരളം തുടങ്ങിയവ പ്രധാനപ്പെട്ട അജണ്ടകളാണ്. വയനാട് ദുരന്തത്തില്‍ പുനരധിവാസം നടത്തുക, തുടങ്ങിവച്ച പ്രവര്‍ത്തനം മുന്നോട്ടുനീക്കുക എന്നുള്ളതും പ്രധാനപ്പെട്ടതാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികള്‍ നേരിടുന്ന ഒരു സംസ്ഥാനം എന്ന നിലയില്‍ ക്ലൈമറ്റ് ആക്ഷനും നമ്മെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട വിഷയമാണ്. ഇത്തരം കാലാവസ്ഥാ വ്യതിയാനങ്ങളെയും ഇടയ്ക്കിടെ ഉണ്ടാകുന്ന ജന്തുജന്യ രോഗങ്ങളെയും ഒക്കെ നേരിടാന്‍ സാധാരണ ഉള്ളതിനേക്കാള്‍ കൂടുതല്‍ ശേഷിയുണ്ടായേ മതിയാവൂ. സ്‌പോര്‍ട്‌സിന് നല്ല പുഷ് കൊടുക്കണമെന്ന് വ്യക്തിപരമായ താല്‍പ്പര്യമുണ്ട്.

സംസ്ഥാനത്തെ അഴിമതിമുക്തമാക്കാന്‍ ഉദ്ദേശമുണ്ട് എന്ന് വായിച്ചു

നന്മയ്ക്ക് വിഘാതമായി നില്‍ക്കുന്ന ഒന്നാണ് അഴിമതി. കേരളത്തില്‍ പൊതുവേ അഴിമതി കുറവാണ്, എങ്കിലും അഴിമതിയുണ്ട്. അഴിമതിക്ക് പലതലങ്ങള്‍ ഉണ്ട്. അതൊക്കെ സിസ്റ്റം മെച്ചപ്പെടുത്തി കൊണ്ട് തന്നെ പിടിക്കാന്‍ പറ്റണം. അഴിമതി പലതരത്തിലാണ്. തടയാന്‍ ആകണം. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ട്‌.

അഴിമതിക്കാര്‍ ശ്രദ്ധിക്ക് ശ്രദ്ധിച്ചു നടക്കേണ്ട എട്ടുമാസമാണ് ഈ വരുന്നത് എന്നല്ലേ

എന്നും പറയാം

കര്‍ക്കശക്കാരിയായ ടാസ്‌ക് മാസ്റ്ററാണ് താങ്കള്‍ എന്ന് കേള്‍ക്കാറുണ്ട്. അത് ശരിയാണോ

വാസ്തവം ഇല്ലാതില്ല. എനിക്കൊപ്പം ഉള്ള ജീവനക്കാരോട് ചോദിച്ചാല്‍ നന്നായി ശകാരിക്കുന്ന സ്വഭാവം ഉണ്ടെന്ന് അവര്‍ പറഞ്ഞേക്കാം. പക്ഷേ, ഒന്നും മനസ്സില്‍ വയ്ക്കുന്ന സ്വഭാവമില്ല. കാര്യം നടന്നുകിട്ടണം എന്നുള്ളതാണ് ഏറ്റവും പ്രധാനം. നല്ലൊരു ലക്ഷ്യം മുന്നില്‍കണ്ട് പ്രവര്‍ത്തിക്കുന്നതിന്റെ തീവ്രത എല്ലാവരിലും എത്തിക്കണം. അതിന്റെ ഒരു ആവേശത്തിലാണ് സ്വഭാവം ഇങ്ങനെ ആയിപ്പോകുന്നത് എന്നും പറയാം.

പൊതുവേ കടുത്ത സാമ്പത്തിക പ്രതിസന്ധി ഉള്ള സംസ്ഥാനമാണ്. ഓണം വരുന്നു, കടുത്ത സാമ്പത്തിക ചെലവുകള്‍, അഡ്വാന്‍സും ബോണസും

ഓണത്തിന് മുമ്പുള്ള തയ്യാറെടുപ്പുകള്‍ ഞാന്‍ ചുമതല കേള്‍ക്കുമ്പോള്‍ തന്നെ തയ്യാറായിട്ടുണ്ടാകുമെന്നു കരുതുന്നു. സാമ്പത്തിക ഞെരുക്കം നേരിടുന്ന സമയത്ത് രണ്ട് തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ പ്രധാനമാണ്. എന്ത് കാര്യത്തിനാണ് മുന്‍ഗണന കൊടുക്കേണ്ടത്, ഏത് കാര്യമാണ് അടിയന്തരമായി നടത്തിയെടുക്കേണ്ടത് എന്നതിലെ തീരുമാനം. രണ്ടാമത്തേത് ഫണ്ട് കണ്ടെത്തേണ്ട കാര്യം. അതിന് സാധാരണമായ മാര്‍ഗ്ഗങ്ങളും വേണ്ടിവന്നാല്‍ അസാധാരണമായ മാര്‍ഗങ്ങളും പരീക്ഷിക്കും. ഒരു പ്രതിസന്ധിക്കകത്ത് ഒരു അവസരവുമുണ്ട്. മറ്റേതെങ്കിലും തരത്തില്‍ ഫണ്ട് സമാഹരിക്കാന്‍ മാര്‍ഗ്ഗങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കണം. ജി.ഡി.പി. മെച്ചപ്പെടുത്താനുള്ള നടപടിയുണ്ടായാല്‍ അത് മൊത്തത്തില്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത മെച്ചപ്പെടുത്തും മെച്ചപ്പെടുത്തും. ഓര്‍മ്മിക്കേണ്ട കാര്യം സാമ്പത്തിക ഞെരുക്കം ഉണ്ടായിരുന്നിട്ടും വ്യവസായവല്‍കൃതമായ മറ്റ് സംസ്ഥാനങ്ങളെപ്പോലെ വരുമാനമാര്‍ഗ്ഗങ്ങള്‍ ഇല്ലാതിരുന്നിട്ടും എസ്ഡിജിയുടെ (സുസ്ഥിരവികസന ലക്ഷ്യങ്ങള്‍) കാര്യത്തില്‍ നമ്മള്‍ ഒന്നാമതാണ്, ദാരിദ്ര്യം അകറ്റുന്നതില്‍ ഒന്നാമതാണ്. ഇന്ന് കേരളത്തെ ലോകം കാണുന്നത് ഒരു മിഡില്‍ ഇന്‍കം എക്കോണമി എന്ന നിലയ്ക്കാണ്. നാം എവിടെനിന്ന് എവിടെ എത്തി എന്നത് പ്രധാനമാണ്.

To advertise here,

ഈ മിഡില്‍ ഇന്‍കം എക്കോണമി നിലവാരത്തിലേക്ക് നമ്മള്‍ എത്തിയത് മുമ്പ് തിരുവിതാംകൂര്‍ രാജ്യമായിരുന്ന കാലത്ത് ഉണ്ടാക്കിയ അടിത്തറയില്‍ നിന്നാണല്ലോ. പ്രവാസി മലയാളികള്‍ അയക്കുന്ന പണത്തിന്റെ പച്ചയിലാണ് എന്നു പറയുന്നുണ്ടല്ലോ. അതില്‍ സമീപകാല സര്‍ക്കാരുകളുടെ സംഭാവന കുറവാണെന്ന് പറയുന്നതില്‍ കാര്യമുണ്ടോ

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്ന കാലത്ത് കേരളത്തിലെ ദാരിദ്ര്യം ഒറീസയിലേതിനെക്കാള്‍ കൂടുതലായിരുന്നു അതിനുശേഷം വന്നിട്ടുള്ള സര്‍ക്കാരുകളുടെ നടപടികളുടെ ഫലം കൂടിയാണ് നമ്മള്‍ ഇവിടെ എത്തിയത്, അത് മറന്നുപോകരുത്. കേരളം വളരെയധികം ദാരിദ്ര്യവും അസമത്വവും അനുഭവിച്ചിരുന്ന നാടാണ്. അതെല്ലാം കഴിഞ്ഞിരിക്കുന്നു. ഈ റെമിറ്റന്‍സ് ഇക്കോണമി എങ്ങനെയുണ്ടായി? കേരളത്തിന് പുറത്തു പോകുന്നവര്‍ക്കൊക്കെ നല്ല വിദ്യാഭ്യാസവും അതിനു വേണ്ടുന്ന സ്‌കില്‍ സെറ്റുകളും ഉള്ളതുകൊണ്ടല്ലേ? വ്യവസായം കൊണ്ടുവരാന്‍ പറ്റുന്നില്ല എന്നത് ശരിയാണ്. അതിനുപകരം നമുക്ക് നമ്മുടെ തൊഴില്‍സേനയുടെ  കഴിവുകള്‍ മെച്ചപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. സര്‍വീസ് എക്കോണമി എന്ന ആശയം തന്നെ കേരളത്തിന്റെ സംഭാവനയാണ്. ദേശീയ നൈപുണി, യോഗ്യതാ ചട്ടക്കൂട് (NSQF)  നോക്കുമ്പോള്‍ കേരളത്തെ കണ്ടുപഠിക്കാന്‍ പറയുന്നത് കേള്‍ക്കാം.

കേരളം ദീര്‍ഘനാളായി സാമ്പത്തികം ഞെരുക്കത്തിലും ബുദ്ധിമുട്ടിലുമാണ്. ഹ്രസ്വകാല പരിപാടികള്‍ക്ക് പകരം ദീര്‍ഘകാല അടിസ്ഥാനത്തില്‍ എന്തെങ്കിലും പദ്ധതി മനസ്സില്‍ ഉണ്ടോ

കിഫ്ബി ഒരു ദീര്‍ഘകാല തന്ത്രത്തിന്റെ ഭാഗമാണ്. തികച്ചും നിയമപരമായ ഒരു ചട്ടക്കൂട്ടില്‍ നിന്നുകൊണ്ടാണ് കിഫ്ബി ഉണ്ടാക്കിയിട്ടുള്ളത്. അതിനുശേഷം പല സംഭവവികാസങ്ങളും ഉണ്ടായിട്ടുണ്ട്, അത് വേറെ കാര്യം. സര്‍ക്കാരിന് ദീര്‍ഘകാല പദ്ധതിയില്ല എന്ന് പറയാന്‍ കഴിയില്ല. അതും ബദല്‍ സംവിധാനങ്ങളും നമ്മള്‍ പരിശോധിക്കുന്നുണ്ട്. ദീര്‍ഘകാല പദ്ധതികള്‍ക്ക് വൈകി മാത്രമേ റിസള്‍ട്ട് ഉണ്ടാവുകയുള്ളൂ അതുകൊണ്ട് ഹ്രസ്വകാല പദ്ധതികളും നമ്മള്‍ പയറ്റേണ്ടതുണ്ട്.
 
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ കാലമാണ്. ഒരു വനിത ഐ.എ.എസ്. ഓഫീസര്‍ എന്ന നിലയ്ക്ക് കരിയറില്‍ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ പരിമിതികള്‍ അനുഭവിക്കേണ്ടിവന്നിട്ടുണ്ടോ

സ്ത്രീസാന്നിധ്യം എവിടെയൊക്കെ കുറവാണോ അവിടെയൊക്കെ നമ്മള്‍ ബുദ്ധിമുട്ട് അനുഭവിക്കും. നമ്മള്‍ അറിഞ്ഞും അറിയാതെയും പ്രാന്തവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹമായി നിന്നുപോകും. ഞാന്‍ ജോലിയില്‍ പ്രവേശിക്കുന്ന സമയത്ത് പത്തുശതമാനം പോലും സ്ത്രീകളില്ല. അതായത് 90 ശതമാനവും പുരുഷന്മാര്‍. ആ ലോകത്തില്‍ നമുക്ക് ഇടപെടാന്‍ കുറച്ച് പ്രയാസമാണ്. അതിന്റെ ഭാഗമായ ചില ബുദ്ധിമുട്ടുകള്‍ അക്കാലത്ത് അനുഭവിച്ചിട്ടുണ്ട്. ഇന്ന് മുപ്പതു ശതമാനത്തിനു മേല്‍ സ്ത്രീകള്‍ നമ്മുടെ സിസ്റ്റത്തില്‍ ഉണ്ട്. ആ വ്യത്യാസം വളരെ വ്യക്തമാണ്. പഴയകാലത്ത് ഒട്ടേറെ പോസ്റ്റുകള്‍ സ്ത്രീകള്‍ ചോദിക്കാറുമില്ല, കിട്ടാറുമില്ല. ധനകാര്യ സെക്രട്ടറി, വ്യവസായ സെക്രട്ടറി, ഐ.ടി. സെക്രട്ടറി, ചീഫ് സെക്രട്ടറി എന്നിങ്ങനെ. ഈ പോസ്റ്റുകളില്‍ ചോദിക്കാതെ തന്നെ സ്ത്രീകളെ നിയമിച്ചു മാതൃക കാണിച്ച സംസ്ഥാനമാണ് കേരളം.

ഹേമ കമ്മിറ്റി മുന്നോട്ടുവയ്ക്കുന്ന ഒരു പ്രധാന വിഷയം തൊഴിലിടങ്ങളിലെ സ്ത്രീസുരക്ഷിതത്വമാണ്. റിപ്പോര്‍ട്ട് വായിച്ചു നോക്കുമ്പോള്‍ അതിലെ ആദ്യത്തെ പരാമര്‍ശങ്ങളില്‍ ഒന്ന് ടോയ്‌ലറ്റ് സൗകര്യം ഇല്ലായ്മയാണ്. അത് സ്ത്രീസുരക്ഷിതത്വം ഇല്ല എന്നതിന്റെ കൂടി തെളിവാണ്. സ്ത്രീകളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരാളെന്ന നിലയ്ക്ക് എനിക്ക് ബോധ്യമുള്ള കാര്യം, പലപ്പോഴും ടോയ്‌ലറ്റുമായി ബന്ധപ്പെട്ട സൗകര്യങ്ങള്‍ അന്വേഷിച്ചു പോകുമ്പോഴാണ് സ്ത്രീകള്‍ക്ക് പീഡനങ്ങള്‍ നേരിടേണ്ടി വരാറുള്ളത് എന്നത്. തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള ക്രമീകരണങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. സുരക്ഷിതത്വത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കപ്പെടണം. ജെന്‍ഡര്‍ ഫ്രണ്ട്‌ലി മാത്രമല്ല, കുട്ടികളോടും വയോജനങ്ങളോടും സ്ത്രീകളോടും സൗഹൃദമുള്ള ഒരു സാഹചര്യം. ഇന്‍ക്ലൂസീവായ ഒരു സംസ്ഥാനം എന്ന നിലയിലേക്ക് നമ്മള്‍ എത്തിച്ചേരണമെങ്കില്‍ കുറെക്കൂടി കാര്യങ്ങള്‍ ചെയ്യേണ്ടിയിരിക്കുന്നു. സ്ത്രീ സൗഹൃദമായ തൊഴിലിടം ഉണ്ടാകേണ്ടതിനുള്ള ഇടപെടല്‍ പ്രവൃത്തി, തന്ത്ര, നയതലങ്ങളില്‍ ഉറപ്പുവരുത്തണം. ഞാന്‍ ചീഫ് സെക്രട്ടറി ആയിരിക്കുന്ന കാലത്ത് ഇത്തരത്തിലുള്ള ജന്‍ഡര്‍ ഇന്‍ക്ലൂസിവ് നടപടികള്‍ പ്രതീക്ഷിക്കാം.

placeholder
ശാരദ മുരളീധരനൊപ്പം ലേഖകന്‍

സമൂഹത്തില്‍ വയോജനങ്ങളുടെ ശതമാനം കൂടിവരുന്നു. അവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ കൊടുക്കാന്‍ ഉദ്ദേശമുണ്ടോ

സ്‌പോര്‍ട്‌സിന് കൂടുതല്‍ ശ്രദ്ധ കൊടുക്കുമെന്ന് ഞാന്‍ പറഞ്ഞതിന്റെ കൂട്ടത്തില്‍ ഈ വയോജനങ്ങളുടെ കാര്യവും ഉണ്ട്. പ്രായക്കൂടുതലിനെ കുറിച്ചുള്ള നമ്മുടെ ധാരണയെ തന്നെ മാറേണ്ടിയിരിക്കുന്നു. 60 വയസ്സാകുമ്പോള്‍ ജീവിതം തുടങ്ങുന്നു എന്ന നിലയ്ക്കാണ് നമ്മുടെ തലമുറ കാണുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്കും എത്രത്തോളം കാലം പ്രോഡക്റ്റീവ് ആയിട്ട് ജോലി ചെയ്യാന്‍ പറ്റും എന്നുള്ളതാണ് കാര്യം. ജീവിതദൈര്‍ഘ്യം ഉണ്ടാകുന്നതിനോടൊപ്പം തന്നെ ജീവിതത്തിന്റെ ഗുണനിലവാരത്തിലും മെച്ചമുണ്ടാവണം. അതിനൊക്കെയുള്ള ഇടപെടലുകള്‍ ഉണ്ടാവണമെന്നുണ്ടെങ്കില്‍ നമ്മുടെ ആരോഗ്യവും കായികക്ഷമതയും ഒക്കെ സുപ്രധാനഘടകമാണ് സ്‌പോര്‍ട്‌സിലെ താല്പര്യത്തിന്റെ ഒരു കാരണം മുതിര്‍ന്ന പൗരന്മാരുടെ കാര്യം കൂടി മനസ്സില്‍ ഉള്ളതുകൊണ്ടാണ്.

പ്രകൃതിദുരന്തങ്ങളും പകര്‍ച്ചവ്യാധികളും ഒക്കെ ആവര്‍ത്തിക്കുന്ന കാലമാണ് നമുക്ക്. അതിനൊക്കെ പദ്ധതി വേണ്ടേ

ഇത് സര്‍ക്കാരിന്റെ പ്രധാനപ്പെട്ട മുന്‍ഗണന മേഖലകളില്‍ ഒന്നാണ്. ഒരു ഭാഗത്ത് മാലിന്യം കൈകാര്യം ചെയ്യുന്ന വെല്ലുവിളി, മറുഭാഗത്ത് മാറുന്ന സമ്പദ് വ്യവസ്ഥ. ഈ ഭൂതത്തിനെ അടക്കി കഴിഞ്ഞാല്‍ മാത്രമേ നമുക്ക് മറ്റുകാര്യങ്ങള്‍ ചെയ്യാന്‍ പറ്റൂ എന്ന അവസ്ഥയാണ്. എന്തു കാര്യത്തിലും തര്‍ക്കിക്കുകയും കോടതിയില്‍ പോവുകയും ചെയ്യുന്നതാണ് നമ്മുടെ സമൂഹത്തിന്റെ ഒരു രീതി. മാലിന്യ സംസ്‌കരണം വേണമെന്ന് ആവശ്യപ്പെടുന്ന സമയം തന്നെ അതിനുള്ള സ്ഥലം കണ്ടെത്തുന്നതിലും സംവിധാനം ഒരുക്കുന്നതിലും ഒക്കെ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അത് കുറയ്‌ക്കേണ്ടിയിരിക്കുന്നു.

മാലിന്യപ്രശ്‌നം പരിഹരിക്കണമെങ്കില്‍ നമ്മുടെ അറിവ് കൂടണം, ശേഷികള്‍ വര്‍ദ്ധിക്കണം. നയപരമായ തലത്തില്‍ തന്നെ കുറച്ച് കടുത്ത തീരുമാനങ്ങള്‍ എടുക്കണം. കാരണം നമ്മള്‍ സ്വയം നിയന്ത്രിച്ചാല്‍ മാത്രമേ ചില കാര്യങ്ങളില്‍ നമുക്ക് നമ്മുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ കഴിയൂ. കാലാവസ്ഥ പ്രവചിക്കാനുള്ള അറിവും കഴിവും സംവിധാനങ്ങളും നമ്മള്‍ മെച്ചപ്പെടുത്തേണ്ടിയിരിക്കുന്നു അതിനുള്ള ഇന്‍വെസ്റ്റ്‌മെന്റ് നമ്മള്‍ ഉണ്ടാക്കിയെടുക്കണം. ലോകത്താദ്യമായി ക്ലൈമറ്റ് മോഡലിംഗ് വികേന്ദ്രീകരിച്ചത് നമ്മളാണ്. ദീര്‍ഘകാല അടിസ്ഥാനത്തില്‍ കാലാവസ്ഥ എന്തായിരിക്കും എന്നറിയാനാണ് ഈ മോഡലിംഗ് സഹായിക്കുക.  നാളെ പ്രശ്‌നമുണ്ടാകുമോ ഇല്ലയോ എന്ന് കൃത്യമായി പറയാന്‍ കഴിയില്ല. ഉടനടി കാലാവസ്ഥയില്‍ വരാനിരിക്കുന്ന മാറ്റങ്ങളെ കുറിച്ചും കൃത്യമായി പ്രവചിക്കാന്‍ കഴിയുന്ന സംവിധാനം വരേണ്ടിയിരിക്കുന്നു.

 വയനാട്ടിലെ ചൂരല്‍മലയില്‍ ഉണ്ടായിരിക്കുന്ന ദുരന്തത്തിന് കാരണം ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ അവഗണിച്ചതും ഒരു നിയന്ത്രണവുമില്ലാതെ ക്വാറികള്‍ അനുവദിക്കുന്നതും ആണ് എന്ന് ആരോപണമുണ്ട്. എന്താണ് ഈ കാര്യത്തെക്കുറിച്ച് വിചാരിക്കുന്നത്

ഇത് സംബന്ധിച്ച് എനിക്ക് നേരിട്ടുള്ള അറിവില്ല  ഇതിന്റെ രേഖകളൊക്കെ കണ്ടവര്‍ പറഞ്ഞത് കേട്ട് പറയുകയാണ്. ഇന്ന് വയനാട്ടില്‍ ലൈവ് ആയിട്ട് 10 ക്വാറികള്‍ ആണുള്ളത്. ക്വാറിയുടെ അപകടമേഖല 200 മീറ്റര്‍ ചുറ്റളവ് ആണ് എന്നാണ് വിദഗ്ധര്‍ പറയുക മേപ്പാടി പഞ്ചായത്തില്‍ 200 മീറ്റര്‍ പോയിട്ട് 10 കിലോമീറ്റര്‍ ചുറ്റളവില്‍ പോലും ക്വാറികളില്ല. സ്വതന്ത്ര വിദഗ്ധര്‍ പറയുന്നത് അതിതീവ്ര മഴയുണ്ടാപ്പോള്‍ മണ്ണിന്റെ പ്രത്യേക ഘടന കൂടി കാരണം വെള്ളം വലിച്ചെടുത്ത് നിറഞ്ഞുകവിയുകയും മലയ്ക്ക് അകത്തെ വെള്ളവും കൂടി ചേര്‍ന്നപ്പോള്‍ ഒരു ഡാം പോലെ പൊട്ടിത്തെറിക്കുകയും ആയിരുന്നു എന്നാണ്. ഒരു സാധാരണ മണ്ണിടിച്ചില്‍ ഒരു കിലോമീറ്റര്‍ ദൂരത്തൊക്കെയേ കാണുകയുള്ളൂ. ഇത് ഏഴെട്ടു കിലോമീറ്റര്‍ ദൂരത്തേക്ക് പോയി. പരിസ്ഥിതി നാശവും വയനാട്ടിലെ ഉരുള്‍പൊട്ടലുമായി ആലുമായി നേരിട്ട് ബന്ധമില്ല എന്നല്ല. ഇന്ന് വഡോദരയാകെ വെള്ളത്തില്‍ മുങ്ങി കിടക്കുകയാണ്. അവിടെ ഒരു വര്‍ഷം കിട്ടുന്ന മഴയാണ് ഒന്നോ രണ്ടോ ദിവസം കൊണ്ട് പെയ്തത്. നമുക്കൊരു ശരാശരി സംഭവത്തിന് മാത്രമേ തയ്യാറെടുത്തിരിക്കാന്‍ പറ്റൂ. എക്‌സ്ട്രീം ഇവന്റ്‌സിന്റെ കാര്യത്തില്‍ അതത്ര എളുപ്പമല്ല.

placeholder
നിയുക്ത ചീഫ് സെക്രട്ടറി ശാരദ ജി മുരളീധരന്‍, ചീഫ് സെക്രട്ടറി ഡോ. വി വേണു | സാജന്‍ വി നമ്പ്യാര്‍/മാതൃഭൂമി

ഹോബികള്‍

എനിക്ക് കൊറിയന്‍ ഡ്രാമ കാണാനാണ് കൂടുതല്‍ ഇഷ്ടം. വായന ഇപ്പോള്‍ വളരെ കുറവാണ് എങ്കിലും പിന്നീട് താല്പര്യം ഉള്ളത് പിയാനോ വായിക്കാനാണ്. സ്വയം പഠിക്കുകയാണ്.

കവിത എഴുത്തുണ്ടോ? പണ്ട് തിരുവനന്തപുരം കളക്ടറായിരിക്കുമ്പോള്‍ താങ്കളെഴുതിയ ഇംഗ്ലീഷ് കവിത കാട്ടിത്തന്നത് മറന്നിട്ടില്ല

ജീവിതാഭിലാഷം എഴുത്തുകാരി ആവണം എന്നതായിരുന്നു. അതൊക്കെ ഇപ്പോള്‍ മാറിക്കിട്ടി. കുറേക്കാലമായി കവിതയും എഴുത്തും ഒന്നുമില്ല, മറ്റ് ചില എഴുത്തുകള്‍ ഉണ്ട്.

ഒരുപാട് പദവികള്‍ വഹിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും ആസ്വദിച്ച ജോലി

നിഫ്ട് (NIFT). കുടുംബശ്രീയെയും ഇഷ്ടപ്പെട്ടിരുന്നു. ഞാന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയില്‍ ഡയറക്ടര്‍ ജനറല്‍ ആയിരുന്നു. ആ ജോലി ഒട്ടും ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അത് എന്റെ സ്വഭാവത്തിന് പറ്റുന്നതല്ല എന്നാണ് കരുതിയിരുന്നത്. പക്ഷേ, അവിടെ ചെന്നപ്പോള്‍ അത് മാറി. ഒന്ന്, അതൊരു വിദ്യാഭ്യാസ സ്ഥാപനമാണ്, രണ്ട്, വളരെയധികം സര്‍ഗ്ഗശേഷിയുള്ള ധാരാളം ആളുകളുള്ള സ്ഥലമാണ്. മൂന്ന്, അവരുടെ ക്രിയേറ്റിവിറ്റി തഴച്ചുവളരാന്‍ പറ്റിയ ഒരിടം ഉണ്ടാക്കി കൊടുത്താല്‍ ഉണ്ടാവുന്ന ചലനം വളരെ രസമാണ്. നാല്, യുവതലമുറയുടെ അഭിലാഷങ്ങളും അവരുടെ പ്രവര്‍ത്തനങ്ങളുമൊക്കെ അടുത്തുനിന്നും കാണാനും ആസ്വദിക്കാനുമുള്ള അവസരം. അഞ്ച്, കുടുംബശ്രീയില്‍ നിന്ന് കിട്ടിയ ഒരു ടീം സ്പിരിറ്റ്, അതില്‍ നിന്ന് കിട്ടിയ കുറെ അനുഭവപാഠങ്ങളും ഒരു മിഷന്‍ മോഡില്‍ പ്രവര്‍ത്തിക്കുന്നതിന് സഹായിച്ചു. മൂന്നുവര്‍ഷം കൊണ്ട് ഘടനാപരമായി കുറേ അധികം കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചു. വളരെ ഫ്യൂച്ച്വറിസ്റ്റിക് ആയി നിഫ്ടിനെ പൊസിഷന്‍ ചെയ്യാന്‍ സാധിച്ചു. നമ്മുടെ സംസ്‌കാരത്തിന്റെ, കൈത്തറിയുടെ ഒക്കെ ഒരുപാട് വിജ്ഞാനം ഉള്ള സ്ഥലമാണ് NIFT. അതുമായി ബന്ധപ്പെട്ട വളരെ ഇന്നവേറ്റീവ് ആയ, ദൂരവ്യാപകമായ പ്രോജക്ടുകള്‍ക്ക് തുടക്കമിടാനും അവയുടെ നേതൃത്വം ഏറ്റെടുക്കാനും സാധിച്ചതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്.

ഏറ്റവും ഒരുപാട് തീരുമാനങ്ങള്‍ എടുക്കേണ്ട പദവികളിലാണ് ഇരുന്നിട്ടുള്ളത്. ഏറ്റവും സന്തോഷം ഉണ്ടാക്കിയ തീരുമാനങ്ങള്‍ എന്തൊക്കെയാണ്

തീരുമാനങ്ങള്‍ ഒന്നും ഒറ്റയ്ക്ക് എടുക്കുന്നതല്ല. തീരുമാനങ്ങള്‍ എടുക്കുന്നതിലല്ല, കാര്യങ്ങള്‍ സാധിച്ചെടുക്കുന്നതിനുള്ള സന്തോഷമാണ് പ്രധാനം. കുടുംബശ്രീയില്‍ ഉണ്ടായിരുന്ന സമയത്ത് സ്ത്രീകളുടെ പലതരത്തിലുള്ള പ്രതിഫലനങ്ങള്‍ കാണാന്‍ സാധിച്ചിട്ടുണ്ട്. ഇനിയൊരു ജന്മമുണ്ടെങ്കില്‍ സ്ത്രീയായി ജനിക്കണമെന്ന് ആത്മവിശ്വാസത്തോടെ പറയുന്നത്ര സ്ത്രീകള്‍  മാറുന്നു എന്നതു കാണുമ്പോഴുണ്ടാവുന്ന സന്തോഷം. തൊഴിലുറപ്പു പദ്ധതിയില്‍ കൃഷിപ്പണി ചെയ്ത സ്ത്രീകള്‍ കൈയിലെ തഴമ്പു കാട്ടി അഭിമാനിക്കുന്നത് കാണുമ്പോഴുള്ള സന്തോഷം... അത്തരം മാറ്റങ്ങള്‍ക്ക് ഉല്‍പ്രേരകമായി പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ ഭയങ്കര സന്തോഷമുണ്ട്.

നിരാശപ്പെടുത്തിയ, വേണ്ടായിരുന്നു എന്നു തോന്നിച്ച തീരുമാനങ്ങള്‍

ഒരുപാടുണ്ട്. പല പ്രവര്‍ത്തനങ്ങളും മുന്നോട്ടുകൊണ്ടു പോവുമ്പോള്‍ പെട്ടെന്ന് വാതിലടയുന്ന അനുഭവം. വലിയ വിഷമം തോന്നിയിട്ടുണ്ട്. പിന്നെ ബദല്‍ മാര്‍ഗ്ഗം  തേടി അവിടേക്കുതന്നെ എത്തുമെങ്കിലും ഒരുപാട് കാലതാമസംവരും. ചിലത് ജോലി മാറുമ്പോള്‍ പകുതി വഴിക്കിട്ടു പോവേണ്ടി വരും. അതൊക്കെ ജോലിയുടെ ഭാഗമാണ്.

അപകടം എത്രയ്ക്ക് വിഷമകരമായിരുന്നു കുടുംബത്തിന്

അത്രയ്ക്ക് ട്രോമാറ്റിക് ആയിരുന്നില്ല. എല്ലാവരും ഉറങ്ങുകയായിരുന്നു അപകടം നടക്കുമ്പോള്‍. അപകടം എന്നത് ബോധമനസ്സിലില്ല. ബോധരഹിതയായിരുന്ന ഞാന്‍ തട്ടിയുണര്‍ത്തുമ്പോള്‍ ഉറക്കത്തില്‍നിന്നും എഴുന്നേല്‍ക്കുകയാണെന്നാണ് കരുതിയത്. പിന്നെയാണ് ഒടിവുകളുടെയും ചതവുകളുടെയും കാര്യമറിയുന്നത്. ആ സമയത്ത് ആ ഷോക്കിന്റെ ഭാഗമായി അതൊന്നും അനുഭവപ്പെട്ടില്ല. ഭര്‍ത്താവിനും മകന്‍ ശബരിക്കും തലയ്ക്ക് പരിക്കുണ്ടായിരുന്നു, ശസ്ത്രക്രിയ ആവശ്യമായി വന്നു. പക്ഷേ, അവരിരുവരും വളരെ ലാഘവത്തോടെ, തമാശയോടെയാണ് അപകടത്തെയും പരിക്കുകളെയും കണ്ടത്. അതിനാല്‍ ഞങ്ങള്‍ക്കും വിഷമിക്കാനായില്ല. ആക്‌സിഡന്റ് കഴിഞ്ഞപ്പോള്‍ ആഘോഷം പോലെയായിരുന്നു വീട്ടില്‍. കുടുംബം ഒരുമിച്ചായിരുന്നു, ആരുടെയും മൂഡ് മോശമാകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിച്ചു. പല്ലുപോയവര്‍ക്ക് നേരേ ചൊവ്വേ ഉച്ചരിക്കാന്‍ കഴിയാതെ വന്നത് ഞങ്ങള്‍ വിഡിയോ പിടിച്ച് കണ്ടു ചിരിച്ചു. ഇതൊക്കെ കാരണം അപകടത്തെ വളരെ അനായാസം നേരിടാന്‍ നമുക്കു സാധിച്ചു.

കുടുംബത്തിന് ക്വാളിറ്റി ടൈം നല്‍കാനാവുന്നില്ല എന്നു തോന്നുന്നുണ്ടോ

ഉണ്ട്. എങ്ങനെയെങ്കിലും റിട്ടയര്‍ ചെയ്യണം, എന്നിട്ട് ജീവിതം തിരിച്ചുപിടിക്കാം എന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍.

റിട്ടയര്‍ ചെയ്യുന്നവരാരും പോവുന്നില്ല എന്നതാണ് ഈ സര്‍ക്കാരിന്റെ കാലത്തെ കാഴ്ച

നോക്കിക്കോ.

മകളുടെ കല്യാണം

സെപ്തംബര്‍ 16-ന് ചെന്നൈയില്‍ വെച്ച്. പ്രത്യേക വിവാഹ നിയമപ്രകാരം രജിസ്റ്റര്‍ മാര്യേജ്.

ചീഫ് സെക്രട്ടറിക്കസേര ഭര്‍ത്താവില്‍നിന്നു കൈയേല്‍ക്കുമ്പോള്‍

ഞങ്ങള്‍ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥരാണ്. വലിയ ഇളക്കങ്ങളൊന്നുമമുണ്ടായില്ലെങ്കില്‍ ഇതു സംഭവിച്ചേക്കുമെന്ന് അറിയാമായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി എന്റെ ഭര്‍ത്താവ് ചീഫ് സെക്രട്ടറിയായി ജോലി ചെയ്യുക മാത്രമല്ല, ഭാര്യയെ ആ പദവിയിലേക്ക് മെന്റര്‍ ചെയ്യുക കൂടിയായിരുന്നു.

കോച്ചിംഗ് ഫ്രീയാണല്ലോ

അതേ, ഇനി ഉപദേശവും ഫ്രീയായിരിക്കും.

കടുപ്പക്കാരി എന്ന ഇമേജ് മാറിമാറി വരുന്ന രാഷ്ട്രീയ നേതൃത്വത്തെ കൈകാര്യം ചെയ്യുന്നതില്‍ പ്രശ്‌നമാവുന്നുണ്ടോ?

അങ്ങനെ തോന്നുന്നില്ല. ഞങ്ങളെപ്പോലുള്ള എത്രയെത്ര പേരെ അവര്‍ കണ്ടിരിക്കുന്നു..!