ജയില്‍ ഡിജിപി ആയിരിക്കെ ജയില്‍ ചപ്പാത്തിയും ജയില്‍വാസികള്‍ക്ക് വിദ്യാഭ്യാസ, തൊഴില്‍ പഠന സൗകര്യങ്ങളും ഏര്‍പ്പെടുത്തിയതടക്കം ഒട്ടേറെ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നയാളാണ് അലക്സാണ്ടര്‍ ജേക്കബ്. സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി കണ്ണൂര്‍ ജയിലില്‍ നിന്നും തടവു ചാടിയതിനെക്കുറിച്ചും അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട കാര്യങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു.
കഴിഞ്ഞ 20 വര്‍ഷത്തിനിടെ കേരളത്തില്‍ 119 പേര്‍ ജയില്‍ ചാടിയിട്ടുണ്ട്. അതിലൊരാള്‍ നാലു തവണ ചാടി, പിന്നീട് പിടിക്കപ്പെട്ടു.. ഞാന്‍ ജയില്‍ ഡിജിപി ആയിരിക്കുന്ന കാലത്ത് ജീവപര്യന്തവും വധശിക്ഷയുമൊക്കെ വിധിക്കപ്പെട്ട അപകടകാരികളായ കുറ്റവാളികളെ പാര്‍പ്പിക്കാനായി, ഒരു തരത്തിലും രക്ഷപ്പെടാന്‍ കഴിയാത്ത രീതിയിലുള്ള, അതിസുരക്ഷാ ജയില്‍ തൃശ്ശൂരിലുണ്ടാക്കി. ഇന്ത്യയില്‍ ഹൈദരാബാദിലും ചെന്നൈയിലുമാണ് ഇത്തരത്തില്‍ വേറെ ജയിലുള്ളത്. ഗോവിന്ദച്ചാമിയെ അവിടേയ്ക്ക് മാറ്റാതെ കണ്ണൂരില്‍ നിര്‍ത്തിയത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കണം.
ഞാന്‍ ജയില്‍ ഡിജിപി ആയിരുന്ന കാലത്ത് കണ്ണൂരില്‍ ഒരാള്‍ ജയില്‍ ചാടിയിരുന്നു. ഗോവിന്ദച്ചാമിയെ പോലെ പീഡനക്കേസിലെ പ്രതിയായിരുന്ന അയാളെ ആറുമണിക്കൂറിനകം പയ്യന്നൂര്‍ വച്ച് പിടികൂടി. അയാളും മതില്‍ ചാടിയാണ് രക്ഷപ്പെട്ടത്. തുടര്‍ന്നാണ് മതിലുകള്‍ക്ക് മുകളില്‍ വൈദ്യുതിപ്രവാഹമുള്ള കമ്പിവേലി സ്ഥാപിച്ചത്. കമ്പിവേലിയില്‍ വൈദ്യുതി പ്രവാഹം ഉണ്ടായിരുന്നെങ്കില്‍ ഗോവിന്ദച്ചാമിക്ക് ഒരു കാരണവശാലും രക്ഷപ്പെടാന്‍ കഴിയുമായിരുന്നില്ല. അപ്പോള്‍ അകത്താരുടെയെങ്കിലും സഹായം ലഭിച്ചില്ലേ എന്ന ചോദ്യം ഉയരൂന്നു.
മുമ്പ് 14 കേസുകളില്‍ പ്രതിയായ ഒരാള്‍ ജയില്‍ചാടി രക്ഷപ്പെട്ടിരുന്നു. അയാളെ തളിപ്പറമ്പില്‍ വച്ച് പിടികൂടി. അതുമായി ബന്ധപ്പെട്ട് ഒരു ജയില്‍ ഉദ്യോഗസ്ഥനെ ഞാന്‍ സസ്പെന്‍ഡ് ചെയ്തു. ഒഴിഞ്ഞുകിടന്ന പഴയ പാലത്തിന്റെ വശത്തു കൂടിയാണ് അയാള്‍ ജയില്‍ ചാടിയത്. അതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആ ഭാഗത്തുള്ള വഴികളെല്ലാം അടച്ചു. അതുപോലെ തിരുവനന്തപുരത്തെ സെന്‍ട്രല്‍ ജയില്‍ നിന്നും തടവുചാടിയ ഒരാള്‍ കരമനയാറിന്റെ തീരത്തുകൂടി ഓടി രക്ഷപ്പെടുന്നതിനിടെ ഒരു നാട്ടുകാരന്‍ കണ്ട് വിളിച്ചുപറഞ്ഞതിനെ തുടര്‍ന്ന് പോലീസ് പിടികൂടി. ജയിലിലെ ഒരു മരത്തിന്റെ ചില്ലയില്‍ പിടിച്ചു കയറിയ അയാള്‍ മതിലിലേക്ക് ചാടുകയായിരുന്നു. ഒരു സെക്കന്‍ഡ് പിഴച്ചെങ്കില്‍ താഴെവീണു മരിക്കുമായിരുന്നു. അയാളുടെ ഭാഗ്യത്തിന് മതിലില്‍ പിടികിട്ടി. സ്വാതന്ത്ര്യദാഹം അത്ര വലിയ കാര്യമാണ്! ഞാന്‍ ആ മരം വെട്ടി, അതുവഴിയുള്ള ചാട്ടം നിര്‍ത്തിച്ചു. ഓരോ ചാട്ടവും അതു തടയാനുള്ള സംവിധാനങ്ങള്‍ക്ക് പ്രേരകമാവണം.
ഗോവിന്ദച്ചാമിയെ പിടിക്കാന്‍ വൈകിയെങ്കില്‍
മൂന്നു മണിക്കൂര്‍ കൂടി താമസിച്ചാണ് പിടിച്ചതെങ്കില്‍ ഗോവിന്ദച്ചാമി കണ്ണൂരിലെ ഏതെങ്കിലും ഒരു പെണ്‍കുട്ടിയെ കൊല്ലുകയോ ബലാത്സംഗം ചെയ്യുകയോ ചെയ്യുമായിരുന്നു. ഒമ്പതര, പത്തുമണി ആകുമ്പോള്‍ സ്‌കൂള്‍, കോളേജ് സമയം ആകുമല്ലോ. അന്നേരം ഏതെങ്കിലും പെണ്‍കുട്ടിയെ കൈയ്ക്കുപിടിച്ച് കുറ്റിക്കാട്ടിലേക്ക് വലിച്ചിഴയ്ക്കുമായിരുന്നു. അയാള്‍ മുക്കാല്‍ മണിക്കൂര്‍ നേരത്തേ റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നെങ്കില്‍ തീവണ്ടി കയറാന്‍ വന്ന ഏതെങ്കിലും ഒരു സ്ത്രീയെ പീഡിപ്പിക്കുമായിരുന്നു. അതിനു മുമ്പേ പിടികൂടാനായത് ഈശ്വരാധീനം എന്നേ പറയാനുള്ളൂ.
ഗോവിന്ദച്ചാമിയെ എല്ലാവര്‍ക്കും അറിയാവുന്നതുകൊണ്ടും അയാളുടെ ശാരീരികവൈകല്യം അറിയാവുന്നതുകൊണ്ടും പെട്ടെന്ന് കണ്ടെത്താന്‍ സാധിച്ചു. മുക്കാല്‍ മണിക്കൂര്‍ നേരത്തെ കണ്ണൂര്‍ എത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ അയാള്‍ തീവണ്ടിയില്‍ കാസര്‍കോട്ടേക്ക് രക്ഷപ്പെട്ടേനെ. ഉദ്ദേശിച്ച ട്രെയിന്‍ വിട്ടുപോയില്ലായിരുന്നെങ്കില്‍ നേരം വെളുക്കുമ്പോള്‍ അവന്‍ കര്‍ണാടകത്തില്‍ എത്തിയേനെ.
സിസി ടിവിയും ജാമറും ജയില്‍ജീവനക്കാരുടെ സഹായവും
ഞാന്‍ ജയില്‍ ഡിജിപി ആയിരുന്ന കാലത്താണ് എല്ലാ ജില്ലയിലും സിസി ടിവി സ്ഥാപിച്ചത്. തടവുചാടാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ സിസിടിവി വഴി നിരീക്ഷിച്ചു. ജയിലിനകത്ത് മര്‍ദനം ഒഴിവാക്കാനും സിസിടിവി സഹായിച്ചു. കണ്ണൂരില്‍ ഒരു തടവുകാരന്‍ മറ്റൊരാളെ മൊബൈല്‍ വഴി വിളിച്ചറിയിച്ച ശേഷം ജയില്‍ ചാടി. പുറത്ത് ഒരാള്‍ വാഹനവുമായി കാത്തുനിന്നു, അയാളതില്‍ രക്ഷപ്പെട്ടു. അത് മനസ്സിലാക്കിയ ഞങ്ങള്‍ മൊബൈല്‍ ജാമര്‍ സംവിധാനം സ്ഥാപിച്ചു.
ഞാന്‍ ഡിജിപി ആയിരുന്ന കാലത്ത് ആറു പേര്‍ ജയില്‍ ചാടി. അത്തരം ചാട്ടങ്ങള്‍ തടയാനാണ് ഞാന്‍ തൃശ്ശൂര്‍ ജയില്‍ ഉണ്ടാക്കിയത്. അന്ന് നാലു ജില്ലാ ജയിലുകളേയുള്ളൂ. അവിടെ മാത്രമാണ് ഹൈ സെക്യൂരിറ്റി സംവിധാനം ഉണ്ടായിരുന്നത്. ഞാന്‍ നാലുവര്‍ഷം കൊണ്ട് 14 ജില്ലയിലും ജില്ലാ ജയിലുകള്‍ ഉണ്ടാക്കി. മൂന്നുമാസം കഴിഞ്ഞ തടവുകാരെ സെന്‍ട്രല്‍ ജയിലേക്ക് കൊണ്ടുപോകുന്നത് ഒഴിവാക്കാനായി ഞാന്‍ 28-ഓളം ജയിലുകള്‍ സ്പെഷ്യല്‍ സബ് ജയിലായി ഉയര്‍ത്തി. ഒരു കൊല്ലം വരെ ശിക്ഷയുള്ള പ്രതികളെ അവിടെ സൂക്ഷിക്കാം, ബാക്കിയുള്ളവരെ മാത്രം സെന്‍ട്രല്‍ ജയിലിലേക്ക് വിട്ടാല്‍ മതി. അങ്ങനെ എല്ലാ സെന്‍ട്രല്‍ ജയിലിലെയും ജനസംഖ്യ പകുതിയായി കുറച്ചു.
തടവുകാര്‍ ജയില്‍ ചാടുന്നതിന് അകത്തുനിന്ന് സഹായം ഉണ്ടാവും. ജയില്‍ ചാടാന്‍ നാലഞ്ച് ബുദ്ധിമുട്ടേറിയ കടമ്പകള്‍ കടക്കേണ്ടതുണ്ട്. ഗോവിന്ദച്ചാമിയുടെ സെല്ലിന് മൂന്ന് താക്കോലുകള്‍ ഉണ്ട്. ഒരു താക്കോല്‍ പൊട്ടിച്ചത് കൊണ്ട് മാത്രമാവില്ല. മുകളിലത്തെ കമ്പിവേലി പൊട്ടിക്കണം. അതിനുശേഷം ഒരു ചെറിയ മതില്‍ ചാടണം. അതുകഴിഞ്ഞാണ് 24 അടി പൊക്കമുള്ള വലിയ മതില്‍. ഒരു കാരണവശാലും ഒറ്റയ്ക്ക് അയാള്‍ക്കത് ചെയ്യാന്‍ സാധിക്കില്ല. കുറഞ്ഞത് മൂന്നു പേരെങ്കിലും അയാളെ സഹായിച്ചിട്ടുണ്ടാവണം. ഒന്നുകില്‍ ജീവനക്കാര്‍ ഉറങ്ങിപ്പോയി, അല്ലെങ്കില്‍ സഹായിച്ചു. അങ്ങനെ സഹായിച്ചതായി സംശയിക്കുന്ന എല്ലാവരെയും സ്ഥലംമാറ്റണം. സഹായിച്ചു എന്ന് കണ്ടെത്തുന്നവരെ സസ്പെന്‍ഡ് ചെയ്യണം.
ജയിലില്‍ ഏതാണ്ട് 2,500 ജീവനക്കാര്‍ ഉണ്ട്. അതില്‍ ഏതെങ്കിലും ഒരാള്‍ ഒരു പ്രതിയെ സഹായിച്ചേക്കും. അതിന് പ്രത്യുപകാരവും കിട്ടും. ജയിലില്‍ നിന്ന് പ്രതിയെ കോടതിയില്‍ കൊണ്ടുപോയി തിരിച്ചുവരുന്ന വഴിക്ക് പ്രതി ബാത്റൂമില്‍ കയറും. അപ്പോള്‍ ആരെങ്കിലും അയാള്‍ക്ക് മയക്കുമരുന്ന് കൈമാറും. അത് മലദ്വാരത്തില്‍ ഒളിപ്പിച്ച് അവന്‍ ജയിലില്‍ എത്തും, അവിടെ വിതരണം ചെയ്യും. ഈ മയക്കുമരുന്ന് കൊണ്ടുവരാന്‍ സഹായിച്ച പോലീസുകാരനും ജയില്‍ ജീവനക്കാരനും കൈക്കൂലി കിട്ടും. കോടതിയില്‍ നിന്നും കൊണ്ടുവരുന്ന പ്രതികളെ പരിശോധിക്കാനായി ഞാന്‍ ഒരു യന്ത്രം വരുത്തി. ശരീരത്തിനുള്ളില്‍ മയക്കുമരുന്ന് ഉണ്ടെങ്കില്‍ ശബ്ദമുണ്ടാക്കുന്ന യന്ത്രം. അത് വലിയ പ്രശ്നമായി. ഒരു തടവുകാരനെ കൊണ്ട് ജയില്‍ ജീവനക്കാരന്‍ യന്ത്രം തല്ലിപ്പൊട്ടിച്ചു. അയാളുടെ വരുമാനം നിലച്ചതാണ് കാരണം.
ജയിലിലെ തടവുകാരനെ കോടതിയില്‍ കൊണ്ടുപോകണമെങ്കില്‍ രണ്ട് പോലീസുകാര്‍ വേണം. കൊടുംകുറ്റവാളിയാണെങ്കില്‍ ജീപ്പും വേണം. സര്‍ക്കാരിന് വലിയ ചെലവാണിത്. യാത്രപ്പടി, ക്ഷാമബത്ത, പെട്രോള്‍ ചെലവ് അങ്ങനെ പലവിധം. ഒരു ദിവസം 3,000 പോലീസുകാരാണ് ജയിലില്‍ നിന്നും ആള്‍ക്കാരെ കോടതിയിലേക്ക് കൊണ്ടുപോകുന്നത്. അതു മനസ്സിലാക്കിയാണ് ഞാന്‍ ജയിലില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രതികളെ കോടതിയില്‍ ഹാജരാക്കി തുടങ്ങിയത്. ഒരേ തടവുകാരനെ ദിവസം ആറു കോടതിയില്‍ ഹാജരാക്കുന്ന സാഹചര്യം പോലുമുണ്ടായി. മുമ്പാണെങ്കില്‍ ആലോചിക്കാന്‍ പറ്റാത്ത കാര്യം.
തടിയന്റവിടെ നസീറിനെ പോലുള്ള തീവ്രവാദികളെ ബെംഗളൂരുവിലും കോയമ്പത്തൂരിലുമുള്ള കോടതികളില്‍ ഹാജരാക്കണം. അവരെ കൊണ്ടുപോകാന്‍ നിരവധി വാഹനങ്ങള്‍, അതില്‍ തോക്കു ധരിച്ച 24 പോലീസുകാര്‍. പോലീസുകാരെ ആക്രമിച്ച് തീവ്രവാദികളുമായി രക്ഷപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ സന്നാഹം. ഒരു ദിവസം കോയമ്പത്തൂരിലോ ബെംഗളൂരുവിലോ ഹാജരാക്കി തിരിച്ചുകൊണ്ടു വരുന്നതിനുള്ള ചെലവ് 60,000 മുതല്‍ 70,000 രൂപ വരെയാണ്. ഞാനിവരെയെല്ലാം എറണാകുളത്തെ ജയിലില്‍ കൊണ്ടുവന്നു, അവിടെ വീഡിയോ കോണ്‍ഫറന്‍സ് സൗകര്യം സെറ്റ് ചെയ്തു. അങ്ങനെ നസീറിന്റെ എല്ലാ വിചാരണയും എറണാകുളത്ത് വച്ച് തന്നെ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് നടത്തിയത്. ഈ നടപടിയിലൂടെ കോടിക്കണക്കിന് രൂപയാണ് സര്‍ക്കാരിന് ലാഭമുണ്ടായത്.
ഞാന്‍ അവിടെ നിന്ന് പോയതിനു ശേഷം പതുക്കെപ്പതുക്കെ വീഡിയോ കോണ്‍ഫറന്‍സിനുള്ള ഉപകരണങ്ങള്‍ ഒന്നൊന്നായി അവര്‍ കേടാക്കി. പ്രതിയെ ജയിലില്‍ നിന്ന് കോടതിയില്‍ കൊണ്ടുപോയാലേ വക്കീലിന് പണം കിട്ടൂ. അയാളെ കൊണ്ടുപോകുന്ന സമയത്ത് കാമുകിയോ ഭാര്യയോ മറ്റോ വരുമ്പോള്‍ കണ്ണടയ്ക്കുന്നതിന് ഒപ്പമുള്ള പോലീസുകാരന് 10,000 രൂപ കൊടുക്കണം. കഞ്ചാവ് ഒളിപ്പിച്ചു കടത്താന്‍ കൂട്ടുനില്‍ക്കുന്നതിന് പണം വേറെ. വീഡിയോ കോണ്‍ഫറന്‍സിംഗ് വന്നപ്പോള്‍ ഈ വരുമാനമാര്‍ഗങ്ങള്‍ അടഞ്ഞു. എനിക്ക് സ്ഥലംമാറ്റം വന്നതോടെ ഈ വീഡിയോ കോണ്‍ഫറന്‍സിംഗിന്റെ സൗകര്യങ്ങള്‍ ഓരോന്നോരോന്നായി ഇല്ലാതാക്കാന്‍ തുടങ്ങി. പിന്നീട് ഹൈക്കോടതി ഇടവിട്ട് എറണാകുളത്ത് സംവിധാനം പുനഃസ്ഥാപിച്ചു എന്ന് തോന്നുന്നു.
വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം പുനസ്ഥാപിക്കണം, കേടാക്കിയ സിസി ടിവികള്‍ പുനഃസ്ഥാപിക്കണം. കണ്ണൂരിലെപ്പോലെ, കേരളത്തിലെ പല ജയിലുകളിലും ജയില്‍ചാട്ടം നടക്കുന്നത് ഞാനുണ്ടാക്കിയ കമ്പിവേലിയിലെ വൈദ്യുതി ഓഫ് ചെയ്തിട്ടാണ്. അത് ചെയ്യുന്നവരെ കണ്ടെത്തി അപ്പോള്‍തന്നെ സസ്പെന്‍ഡ് ചെയ്യണം. പരസ്പരം കുറ്റപ്പെടുത്തുകയും കുറ്റം കണ്ടുപിടിക്കുകയും ചെയ്യുന്നതിനു പകരം സമാനസംഭവങ്ങള്‍ ഇനിയുണ്ടാവാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്.
ഡിജിപി ആയിരിക്കെ ജയില്‍ ജീവനക്കാരെ ശിക്ഷിച്ചത്
ഒരു തടവുകാരനെ എറണാകുളത്ത് കൊണ്ടുപോയി, അയാളെ രാത്രി ലോഡ്ജില്‍ താമസിപ്പിച്ചു. തടവുകാരനെ കാണാന്‍ വന്ന ഭാര്യയുമായി പോലീസുകാരന്‍ ശാരീരികമായി ബന്ധപ്പെട്ടു. അതായിരുന്നു അയാളുടെ ഫീസ്. സര്‍വീസില്‍ ആരെയും ഞാന്‍ ഡിസ്മിസ് ചെയ്തിട്ടില്ല, റിവേര്‍ട്ട് ചെയ്തിട്ടില്ല. പക്ഷേ അയാളെ ശിക്ഷിച്ചു. ചെറിയ കൈക്കൂലി വാങ്ങുന്നത് പോലെയല്ല മറ്റൊരാളുടെ ഭാര്യയുടെ ചാരിത്ര്യം കവരുന്നത്.
ജയില്‍ ഡിജിപി ആയിരുന്നപ്പോള്‍ സ്ഥലംമാറ്റം നേരിട്ടത്
തേവലക്കരയിലെ സ്‌കൂള്‍ ഷെഡിനു മുകളില്‍ കയറി വൈദ്യുതിക്കമ്പിയില്‍ പിടിച്ച് ഒരു കുട്ടി മരിച്ചു. സംഭവത്തില്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസിനെ സസ്പെന്‍ഡ് ചെയ്തു. പ്രകടനം നടത്തിയവരെല്ലാം ആ സ്‌കൂളിന് മുന്നില്‍ കൂടി പലതവണ പോയവരാണ്. ആ വൈദ്യുതകമ്പി അവരുടെ കണ്ണിലും പെട്ടിരിക്കണം. അത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ടത് അവരുടെ കൂടെ ഉത്തരവാദിത്വമായിരുന്നു. കേരളത്തില്‍ 12,800 സ്‌കൂള്‍ ഉണ്ട്. അവിടെ എവിടെയെങ്കിലും ഇത്തരത്തില്‍ ഒരു പ്രശ്നമുണ്ടോ എന്നന്വേഷിച്ച് 24 മണിക്കൂറിനകം റിപ്പോര്‍ട്ട് ചെയ്യാന്‍ മന്ത്രി ആവശ്യപ്പെടുകയും റിപ്പോര്‍ട്ട് വാങ്ങി പ്രശ്നം പരിഹരിക്കുകയുമാണ് വേണ്ടത്. നാളെ ഇത്തരം പ്രശ്നത്തില്‍ ഒരു കുട്ടി മരിക്കില്ല എന്ന് ഉറപ്പാക്കുകയാണ് വേണ്ടത്. ഹെഡ്മിസ്ട്രസിനെ സസ്പെന്‍ഡ് ചെയ്യാന്‍ എളുപ്പമാണ്. വന്നതു വന്നു, മേലില്‍ അവ ആവര്‍ത്തിക്കരുത്. അതിനാണ് നടപടി വേണ്ടത്. അതുപോലെ, ഇനി ഒരു ഗോവിന്ദച്ചാമി ചാടാതിരിക്കാന്‍ ജയിലില്‍ എന്തെല്ലാം ചെയ്യണം എന്നതാണ് പ്രധാന കാര്യം.
ഞാന്‍ ജയില്‍ ഡിജിപി ആയിരുന്നപ്പോള്‍ ടിപി ചന്ദ്രശേഖരന്‍ കൊലക്കേസിലെ പ്രതികള്‍ ജയിലില്‍ ഫോൺ ഉപയോഗിച്ചു എന്ന് ബഹളമുണ്ടായി. പരിശോധനയ്ക്കായി 15.5 ലക്ഷം രൂപ വിലയുള്ള നാല് മെഷീന്‍ ഉണ്ടായിരുന്നു. അത് നാലും കോഴിക്കോട്ട് കൊണ്ടുവന്ന് വിശദമായി ജയില്‍ പരിശോധന നടത്തി. കെ.കെ രമയുടെ മകന്‍ അര്‍ജുനെപ്പോലെ ഞാനും പതിനാറാം വയസ്സില്‍ അച്ഛന്‍ നഷ്ടപ്പെട്ട ആളാണ്. അതുകൊണ്ട് എന്റെ അനുഭവം അവരുടെ കുടുംബത്തോടാണ്. ജയില്‍ ഡിഐജി ആയിരുന്നപ്പോള്‍ ചന്ദ്രശേഖരനോട് അടുപ്പവുണ്ടായിരുന്നു. പക്ഷേ, പരിശോധിച്ചിട്ട് കിട്ടാത്ത ഒരു മൊബൈലുണ്ട് എന്ന് എനിക്ക് പറയാന്‍ പറ്റുമോ? എനിക്ക് സ്ഥലം മാറ്റം കിട്ടിയശേഷം മൊബൈല്‍ ഫോണ്‍ അവിടെ കൊണ്ടുവെച്ച് കണ്ടെടുത്തതായി കാണിച്ചു ജനത്തെ പറ്റിച്ചു എന്നത് വേറെ കാര്യം.
ഇല്ലാത്ത മൊബൈല്‍ ഉണ്ടെന്ന് എനിക്ക് പറയാന്‍ കഴിയുകയില്ല. അങ്ങനെ പറയാത്തത് കൊണ്ട് കോണ്‍ഗ്രസുകാര്‍ എനിക്ക് മുഖം തരികയില്ല. ഞാന്‍ മനസ്സാക്ഷിയോടെയാണ് സംസാരിക്കുന്നത് എന്ന് അറിയാവുന്നതുകൊണ്ട് ഉമ്മന്‍ചാണ്ടി എന്നെ സസ്പെന്‍ഡ് ചെയ്തില്ല. കോണ്‍ഗ്രസ് പാര്‍ട്ടി എന്നെ സസ്പെന്‍ഡ് ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. മറ്റേതെങ്കിലും മുഖ്യമന്ത്രി ആയിരുന്നെങ്കില്‍ അത് ചെയ്തേനെ. ജയില്‍ ജീവനക്കാരുടെ ഉന്നതനായ ഒരു നേതാവ് മൊബൈല്‍ ഫോണും കൊണ്ട് അകത്തു പോയി പ്രതികളെ കൊണ്ട് സംസാരിപ്പിച്ചിട്ട് ഫോണുമായി തിരിച്ചുപോകും. എന്നെ സ്ഥലം മാറ്റി. പക്ഷേ പ്രതികള്‍ക്ക് സംസാരിക്കാന്‍ അവസരമൊരുക്കിയ ആളെ സസ്പെന്‍ഡ് ചെയ്തില്ല.
Content Highlights: ex jail dgp alexander jacob interview govindachamy escape
Published: 25 Jul 2025, 07:39 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented