മുസ്‌ലിം സമുദായം ബിജെപിയെ വിശ്വസിക്കുന്നില്ലെന്നത് യാഥാർഥ്യമാണെന്നും അത് മാറ്റിയെടുക്കാൻ ശ്രമിക്കുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. കേരളത്തിലെ നിലവിലുള്ള രാഷ്ട്രീയസംസ്കാരം മാറേണ്ടതുണ്ടെന്ന് അദ്ദേഹം മാതൃഭൂമി പ്രതിനിധികളായ കെ.എ. ജോണി, എം.പി. സൂര്യദാസ്, കെ.കെ. അജിത്കുമാർ, സോബിത്ത്‌ സോമൻ എന്നിവരുമായി നടത്തിയ സംഭാഷണത്തിൽ പറഞ്ഞു . അഭിമുഖത്തിൽനിന്നുള്ള പ്രസക്തഭാഗങ്ങൾ

To advertise here,

കേരളം താങ്കൾക്ക് പുതിയസ്ഥലമല്ല. 2016-ൽ കേരളത്തിൽ താങ്കളായിരുന്നു എൻഡിഎയുടെ വൈസ് ചെയർമാൻ. ബിജെപി സംസ്ഥാന പ്രസിഡന്റ് പദവി ഏറ്റെടുക്കുമ്പോൾ താങ്കളുടെ മുൻപിൽ ഒരുപാട് അവസരങ്ങളും വെല്ലുവിളികളുമുണ്ട്. ഈ പുതിയദൗത്യത്തെ എങ്ങനെ കാണുന്നു

വെല്ലുവിളിയാണെന്നകാര്യത്തിൽ ആർക്കും സംശയമില്ല. പക്ഷേ, ജനങ്ങളോട് സംസാരിക്കുമ്പോൾ അവർ ഒരു മാറ്റം ആഗ്രഹിക്കുന്നതായി മനസ്സിലാക്കാൻ സാധിക്കും. ഇത് ഞാൻ ആദ്യം മനസ്സിലാക്കിയത് തിരുവനന്തപുരം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി വന്നപ്പോഴാണ്. സ്ഥാനാർഥിപ്രഖ്യാപനത്തിനുശേഷം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോൾ ഒരാൾ പറഞ്ഞത് ഞാൻ രണ്ടുലക്ഷം വോട്ടുകൾക്ക് തോൽക്കുമെന്നാണ്. പക്ഷേ, നാല്പതുദിവസത്തെ പ്രചാരണംകൊണ്ട് മനസ്സിലാക്കാൻസാധിച്ചത് ജനങ്ങൾ മാറ്റത്തിനായി ആഗ്രഹിക്കുന്നു വെന്നാണ്. അതിനാലാണ് രണ്ടുലക്ഷത്തിന് തോൽക്കുമെന്ന് പറഞ്ഞിടത്ത് ചെറിയൊരു വ്യത്യാസത്തിനാണ് തോറ്റത്. രണ്ടാമതായി ഇന്ത്യയിൽവന്ന മാറ്റങ്ങൾ. പതിനൊന്നുവർഷങ്ങൾക്ക് മുൻപുള്ള ഇന്ത്യയല്ല ഇന്നുള്ളത്. വികസനത്തിന്റെ പാതയിലാണ് രാഷ്ട്രം. എന്നാൽ, ആ മാറ്റം കേരളത്തിൽ എത്തിയിട്ടില്ല. ഇവിടെ യുവാക്കൾക്കും വ്യവസായികൾക്കും അങ്ങനെ അവസരം കിട്ടുന്നില്ല. കേരളത്തിൽനിന്ന് അറുനൂറ് കിലോമീറ്റർ ദൂരെയുള്ള ബെംഗളൂരുവിൽ ഏഷ്യയിലെ ഏറ്റവുംകൂടുതൽ മൊബൈൽ ഉത്പാദിപ്പിക്കുന്ന ഫാക്ടറി ഞാൻ കേന്ദ്രമന്ത്രിയായിരുന്നകാലത്ത് കൊണ്ടുവന്നു. അത് കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ആയിരക്കണക്കിന് തൊഴിലവസരങ്ങളുണ്ടാകുന്നു. തമിഴ്‌നാട്ടിലും സമാനമായ വികസനങ്ങൾ നടക്കുന്നു. കേരളത്തിലെ യുവാക്കൾക്കും വിദ്യാർഥികൾക്കും കഴിവുണ്ട്. പക്ഷേ, നിക്ഷേപവും അവസരങ്ങളും വരുന്നില്ല. ടെക്‌നോപാർക്ക് ആദ്യം സ്ഥാപിച്ച സംസ്ഥാനമായിട്ടും ഐടി വികസനം കേരളത്തിലെത്തുന്നില്ല. കേരളത്തിൽ മാറ്റം കൊണ്ടുവരാൻ സാധിക്കുക ബിജെപി നേതൃത്വംനൽകുന്ന എൻഡിഎ മുന്നണിക്കാണെന്ന് ജനങ്ങൾ വിശ്വസിക്കുന്നുണ്ടെന്നത് ഒരു വലിയ അവസരമായി കാണുന്നു.

തിരുവനന്തപുരത്ത് മൂന്ന് നിയമസഭാ മണ്ഡലങ്ങളിൽ താങ്കൾ മുൻപിലെത്തി. പക്ഷേ, തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിൽ ശശി തരൂരിന്റെ മുന്നേറ്റം അപ്രതീക്ഷിതമായിരുന്നോ

തോൽവി വിലയിരുത്തുന്ന ശീലമെനിക്കില്ല. തോറ്റുവെന്നുപറഞ്ഞാൽ തോറ്റു. അത് എന്തുകൊണ്ട് തോറ്റു, ആരാ തോൽപ്പിച്ചത് എന്നൊക്കെ നോക്കി സമയംകളയാൻ ഞാനില്ല. തിരുവനന്തപുരം വെസ്റ്റ്, സിറ്റി പോലുള്ള സ്ഥലങ്ങളിൽ മേൽക്കൈ പ്രതീക്ഷിച്ചുവെന്നത് സത്യമാണ്. അത് കിട്ടിയില്ല. പ്രചാരണത്തിനായി പതിനഞ്ച് ദിവസംകൂടി കിട്ടിയിരുന്നെങ്കിൽ ഉറപ്പായും ഞാൻ ജയിക്കുമായിരുന്നു. എന്നെ പാറശ്ശാല, നെയ്യാറ്റിൻകര സ്ഥലത്തെ ജനങ്ങൾക്ക് അറിയില്ലായിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലം താങ്കള്‍ പറഞ്ഞല്ലോ, 16,077 വോട്ടുകള്‍ക്കാണ് താങ്കള്‍ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ തോറ്റത്.  തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ താങ്കള്‍ ജയിക്കുമെന്നൊരു വിശ്വാസം മുന്നണിക്കും താങ്കള്‍ക്കും ഉണ്ടായിരുന്നല്ലോ. എവിടെയാണ് കണക്കുകൂട്ടല്‍ പിഴച്ചത്

ഭൂരിപക്ഷം കുറയ്ക്കാനായത് വലിയ വിജയമല്ലേ. മത്സരിക്കാനെത്തുമ്പോള്‍ രണ്ടു ലക്ഷം വോട്ടിന് തോല്‍ക്കുമെന്ന റിപ്പോര്‍ട്ടാണ് ലഭിച്ചത്. അവിടെ നിന്ന് ജയത്തിനടുത്തേക്ക് എത്തി. അവസാന രണ്ട് റൗണ്ട് ഫലം എണ്ണുന്നതു വരെ ഞാന്‍ ലീഡ് ചെയ്തിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാരിന്റെ വികസനമാണ് ഞങ്ങള്‍ മുന്നോട്ടുവെച്ച പ്രചാരണ തന്ത്രം. അതു പോലൊന്ന് പറയാന്‍ ഇവിടെ മറ്റൊരു മുന്നണിക്കും സാധിക്കില്ല. അതാണ് എന്റെ അത്മവിശ്വാസം. ജനങ്ങള്‍ നിവരവധി അവസരങ്ങള്‍ യുഡിഎഫ്, എല്‍ഡിഎഫിന് നല്‍കി. അവര്‍ക്ക് ഈ വികസനം എത്തിക്കാന്‍ പറ്റിയില്ല. ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നത് ഇവിടുത്തെ പുതിയ തലമുറയല്ലേ.

ബിജെപിയിലെ സംഘടനാപ്രശ്നങ്ങൾ, അസ്വാരസ്യങ്ങൾ തോൽവിക്ക് കാരണമായി കരുതുന്നുണ്ടോ

സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റദിവസം ബിജെപിയിലെ ഗ്രൂപ്പുകളെക്കുറിച്ച് പഠിച്ചിട്ടുണ്ടോയെന്ന് ചോദിച്ചവരുണ്ട്. ഏതെങ്കിലുംതരത്തിലുള്ള ഗ്രൂപ്പിസം ഈ പാർട്ടിയിലുള്ളതായി എന്റെ അനുഭവത്തിലില്ല. ബിജെപിയിൽ ഒരൊറ്റ ഗ്രൂപ്പേയുള്ളൂ. അത് നരേന്ദ്രമോദി നയിക്കുന്ന ഗ്രൂപ്പാണ്. വേറെയാരെങ്കിലും വീടുകളിലിരുന്ന് ഗ്രൂപ്പുകളിക്കുന്നുണ്ടോ എന്നറിയില്ല.

തോല്‍വിയെക്കുറിച്ചത് പഠിക്കില്ലയെന്ന് പറയുന്നതില്‍ പ്രശ്നമില്ലേ 

എനിക്ക് തോല്‍വിയെക്കുറിച്ച് പഠിക്കാന്‍ സമയമില്ല. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷമേയുള്ളു. ജയിക്കാനുള്ള തന്ത്രങ്ങള്‍ക്കാണ് മുന്‍തൂക്കം കൊടുക്കുന്നത്. സമയമുണ്ടായിരുന്നെങ്കില്‍ ചരിത്രവും തേല്‍വിയുടെ കാരണങ്ങളും പഠിക്കാമായിരുന്നു. പക്ഷേ സമയമില്ല.

ബിജെപിക്ക് അനുകൂലമായ മനഃസ്ഥിതി കേരളത്തില്‍ കാണുന്നുണ്ട്. പക്ഷേ,  അവസാന നിമിഷത്തില്‍ സാധ്യതയുള്ളവര്‍ പോലും പിന്നോട്ടു പോകുന്നു. സുരേഷ് ഗോപിക്ക് മാത്രമാണ് വ്യത്യസ്തനാകാന്‍ സാധിച്ചത് അദ്ദേഹം സംഘടനാതലത്തില്‍ ബിജെപിക്കാരന്‍ ആയിരുന്നുമില്ല. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്

ചരിത്രം പഠിക്കാന്‍ തുടങ്ങിയാല്‍ പിന്നൊന്നിനും സമയമുണ്ടാവില്ല. എന്നാല്‍ ചരിത്രത്തെ നിഷേധിക്കുന്നില്ല. വികസനമാണ് പ്രധാനമെന്ന് കരുതുന്നു. യുവാക്കള്‍ക്ക് വേണ്ടത് മാറ്റമാണ്. ഈ സന്ദര്‍ശന പരിപാടിക്കിടെ പല വീടുകളില്‍ നിന്നും കേട്ട പ്രധാനപരാതി പിജി കഴിഞ്ഞ കുട്ടികള്‍ക്ക് പോലും ഇവിടെ ജോലിയില്ലയെന്നാണ്. പല വിദേശ രാജ്യങ്ങളും ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. എല്ലാവരുടെയും ആവശ്യം കഴിവുള്ള യുവതയെയാണ്. അതിന് നമ്മുടെ കുട്ടികളെ പ്രാപ്താരാക്കണം. ഇവിടെ അതുണ്ടാവുന്നില്ല. നമ്മുടെ ആവശ്യം അവസരങ്ങള്‍ സൃഷ്ടിക്കുന്ന രാഷ്ട്രീയമാണ്. അവസരങ്ങള്‍ ഉണ്ടാകുന്ന പദ്ധതികളാണ്. അവസരം ഉണ്ടാകുന്ന സംസ്ഥാന സര്‍ക്കാരാണ്. വരുന്ന തിരഞ്ഞെടുപ്പില്‍ ഇതിനെല്ലാം അനുവാര്യമായ മാറ്റം ഉണ്ടാകും. നമുക്ക് കാണാം.

താങ്കള്‍ക്ക് മുന്‍പുണ്ടായിരുന്ന ബിജെപി പ്രസിഡന്റുമാര്‍ ആരോപിച്ചിട്ടുള്ള കാര്യങ്ങളാണ് താങ്കളും പറയുന്നത്. പക്ഷേ കേന്ദ്രത്തില്‍ പത്ത് വര്‍ഷമായി ബിജെപിയാണ് ഭരിക്കുന്നത്. കേരളത്തിന് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ പലതും കേന്ദ്രം തടഞ്ഞു വെച്ചിരിക്കുന്നുവെന്ന ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എന്താണ് പറയാനുള്ളത്

ഇക്കാര്യങ്ങള്‍ മുന്‍ പ്രസിഡന്റമാരും പറഞ്ഞിട്ടുണ്ടെന്നുള്ളത് ശരിയാണ്. അന്ന് ഞങ്ങള്‍ ജനങ്ങളോട് അവസരം തരൂ എന്ന് പറയുന്ന സമയമായിരുന്നു. ഇന്നിപ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പത്ത് കൊല്ലമായി ചെയ്ത വികസന പ്രവൃത്തികള്‍ ജനങ്ങളുടെ മുന്‍പിലുണ്ട്. 2014-ല്‍ ദുര്‍ബലമായ സാമ്പത്തിക സ്ഥിതിയുള്ള രാജ്യമായിരുന്നു ഇന്ത്യ. ഇപ്പോള്‍ ലോകത്തെ ശക്തമായ സാമ്പത്തിക അടിത്തറയുള്ള നാല് രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറി. ഇത് വെറും വാഗ്ദാനമല്ല. ചെയ്തു കാണിച്ചതാണ്. എന്നാല്‍ കേരളത്തില്‍ സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാല്‍ ഇവിടെ ഗുണങ്ങളൊന്നും ഉണ്ടാക്കാന്‍ സാധിച്ചില്ല. 2004 മുതല്‍ 2014 വരെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഇടത് പാര്‍ട്ടികളുടെ സഹായത്തോടെ ഭരിച്ച കേന്ദ്രം ഭരിച്ച യുപിഎ എന്തുചെയ്തുവെന്നും ജനങ്ങള്‍ക്കറിയാം. പ്രവര്‍ത്തനത്തിന്റെ രാഷ്ട്രീയം ( politics of performance ) ആണ് ഞങ്ങള്‍ മുന്നോട്ടു വെയ്ക്കുന്നത്. അടിസ്ഥാന തലത്തില്‍ അവസരങ്ങള്‍ വികസിപ്പിക്കുക ( infrastructure of opportunities) എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ജനങ്ങളാണ് തീരുമാനിക്കേണ്ടത്. അവര്‍ ഞങ്ങള്‍ക്ക് അവസരം തന്നാല്‍ വികസനം വരും. യുഡിഎഫിനോ എല്‍ഡിഎഫിനോ നല്‍കിയാല്‍ അക്രമ - പ്രീണന രാഷ്ട്രീയത്തിന്റെ വക്താക്കളും മകന്റെയും മകളുടെയും കമ്പനിക്ക് വരുമാനമുണ്ടാക്കുന്നവരും വരും.

സംസ്ഥാന പ്രസിഡന്റായി ചുതല ഏറ്റെടുത്ത ദിവസം മുതല്‍ നിക്ഷേപം, തൊഴിലവസരം, പുതുവ്യവസായം എന്നീ മൂന്ന് കാര്യങ്ങളിലാണ് താങ്കള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. കാര്‍ഷിക. മത്സ്യബന്ധന, പരമ്പരാഗത വ്യവസായമേഖലകളെക്കുറിച്ച് എന്തുകൊണ്ട് സംസാരിക്കുന്നില്ല 

അത് വ്യാഖ്യാനത്തിന്റെ പ്രശ്‌നമാണ്. സമസ്ത മേഖലയിലും വികസനം വേണം. മത്സ്യത്തൊഴിലാളി മേഖലയിലെ ആവശ്യങ്ങള്‍ പാര്‍പ്പിടം, കുടിവെള്ളം, സുരക്ഷിതത്വം, കടല്‍ഭിത്തി, നൈപുണ്യ വികസനം എന്നിവയാണ്. ബ്ലൂ റെവല്യൂഷന്റെ ഭാഗമായി സമ്പൂര്‍ണമായ മാറ്റത്തിലേക്ക് മത്സ്യബന്ധനമേഖല മാറും. ഡീപ് സീ ഫിഷിങ്, നിയര്‍ ഷോര്‍ ഫിഷിങ് തുടങ്ങിയവയുടെ നേട്ടം ഇവിടെയും വരുന്ന വികസനമാണ് എന്റെ കാഴ്ചപ്പാട്. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും തീരദേശങ്ങള്‍ കണ്ടാല്‍ ഈ അന്തരം മനസ്സിലാവും. കേരളത്തില്‍ ബീച്ചുകള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. കടലാക്രമണം തടയാന്‍ ഒരു ഫലപ്രദമായ ഒരു സംവിധാനവുമില്ല. പക്ഷേ അതിന് സംസ്ഥാന സര്‍ക്കാരിന്റെ പക്കൽ സാമ്പത്തികമില്ല. നിക്ഷേപം വരണം. കാര്‍ഷിക അഭിവൃത്തിയുടെ സംസ്ഥാനമായിരുന്ന കേരളം ഇന്ന് എല്ലാ ഭക്ഷ്യധാന്യങ്ങള്‍ക്കും മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്നു. കാര്‍ഷികരംഗം തകര്‍ച്ചയിലാണ്. അതിനു കാരണം വിളകള്‍ വാങ്ങുന്ന സഹകരണ മേഖലയുടെ രീതി കര്‍ഷകര്‍ക്ക് എതിരായതാണ്. കാര്‍ഷിക ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ കര്‍ഷകര്‍ക്ക് മറ്റ് മാര്‍ഗങ്ങളൊന്നുമില്ല. ബിജെപിക്ക് അവസരം ലഭിച്ചാല്‍ കാര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ സഹകരണമേഖലയല്ലാതെ ചുരുങ്ങിയത് മൂന്ന് സംവിധാനങ്ങളെങ്കിലും കൊണ്ടുവരും. സോഷ്യല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, ഫിസിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, ഇക്കണോമിക് ഇന്‍ഫ്രാസ്ട്രക്ചര്‍ - ഇവയ്ക്ക് നിക്ഷേപം വരണം.

2014-ൽ എല്ലാവർക്കും വികസനമെന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചാണ് മോദിയും ബിജെപിയും കേന്ദ്രത്തിൽ അധികാരംപിടിച്ചത്. താങ്കൾ ഇപ്പോൾ മുന്നോട്ടുവെക്കുന്ന ആഖ്യാനം 2014-നെ ഓർമ്മിപ്പിക്കുന്നു. പക്ഷേ, 2019-ലേക്കും 2024-ലേക്കുമെത്തിയപ്പോൾ ബിജെപിയുടെ ആഖ്യാനം വർഗീയതയുടേതായി. താങ്കൾ ഇപ്പോൾപറയുന്നത് ഈ ആഖ്യാനമല്ല വികസനം എന്ന അജൻഡയായിരിക്കും ബിജെപി കേരളത്തിലെ ജനങ്ങൾക്ക് മുന്നിൽവെക്കുക എന്നാണ്

നൂറുശതമാനം. വികസനമാണ് ഞങ്ങളുടെ ലക്ഷ്യം. എൽഡിഎഫും യുഡിഎഫും ജനങ്ങളുടെ മനസ്സിൽ ബിജെപി വർഗീയപ്പാർട്ടിയാണെന്ന വിഷം കുറേക്കാലമായി കുത്തിവെച്ചിരിക്കുകയാണ്. 2014 മുതൽ മോദി പറയുന്നത് ‘സബ്കാ സാഥ് സബ്കാ വികാസ്’ എന്നാണ്. എല്ലാവർക്കും വികസനം, എല്ലാവർക്കുമൊപ്പം എന്നാണ്. ഒരു മതത്തിനും സമുദായത്തിനും അനുകൂലമായോ, ദോഷംവരുത്തുന്നതായോ പ്രവൃത്തികൾ മോദിസർക്കാർ ചെയ്തിട്ടില്ല.

നിലവിൽ പാർലമെന്റിലെ ഇരുസഭകളിലും ബിജെപിക്ക് ഒരു മുസ്‌ലിം അംഗം പോലുമില്ല. അപ്പോൾപിന്നെ എല്ലാവർക്കും ഒപ്പമാണ് കേന്ദ്രസർക്കാരും ബിജെപിയുമെന്ന് എങ്ങനെയാണ് പറയാനാവുക

യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ ഞാൻ ചുമതലക്കാരനായിരുന്നു. പിഎം ആവാസ് യോജനയെന്ന പദ്ധതിയുടെ ഏറിയപങ്ക് ഗുണഭോക്താക്കളും അവിടെ മുസ്‌ലിം അംഗങ്ങളായിരുന്നു. എന്നിട്ടും ബിജെപിക്ക് അവരുടെ വോട്ട് കുറവാണ് ലഭിച്ചത്. ഒരു മതത്തിൽപ്പെട്ടവരെ സേവിക്കാൻ ആ മതക്കാർതന്നെ വേണമെന്ന് ഇന്ത്യൻ ഭരണഘടന പറയുന്നില്ല. മുസ്‌ലിം സമുദായം ഇന്നും ബിജെപിയെ വിശ്വസിക്കുന്നില്ലെന്നത് സത്യമാണ്. മുസ്‌ലിംലീഗ് എന്ന പാർട്ടി വഖഫ് ബില്ലിനെതിരേ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത് അവർ കേരളത്തിലെ മുസ്‌ലിം വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്നുവെന്നാണ്. എന്നിട്ടും അവർ വർഗീയവാദികളല്ലെന്നും ഞങ്ങൾ വർഗീയപ്പാർട്ടിയാണെന്നുമുള്ള വിചിത്രന്യായമാണ് നിലവിലുള്ളത്. മുസ്‌ലിംസമുദായത്തെ ഉൾക്കൊണ്ടുള്ള പ്രവർത്തനമാണ് ഞങ്ങൾ നടത്തുന്നത്. ഞങ്ങളല്ല അവരാണ് ഞങ്ങളെ മാറ്റിനിർത്തുന്നത്. എന്റെ മനസ്സിൽ അതൊരു വലിയസങ്കടമാണ്. അതിനെ മറികടക്കാനായി ഞങ്ങൾ പ്രവർത്തിക്കും.

ഇതിനുള്ള അവസരം ഇപ്പോള്‍ താങ്കളുടെ മുന്നിലുണ്ട്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ മുസ്ലിം സ്ഥാനാര്‍ഥികളെ പ്രതീക്ഷിക്കാമോ

പ്രൊഫ. അബ്ദുള്‍ സലാം, ദേശീയ ഉപാധ്യക്ഷന്‍ അബ്ദുള്ളക്കുട്ടി തുടങ്ങിയവരെല്ലാം ബിജെപിയിലല്ലേ. 

സ്ഥാനാർഥികളായി കൂടുതൽ മുസ്‌ലിങ്ങൾ എത്തുമോയെന്നാണ് ചോദ്യം

മുസ്‌ലിം സമുദായവുമായി അടുപ്പത്തിന് ഞങ്ങൾ ശ്രമിക്കും. പക്ഷേ, അത് സ്ഥാനാർഥിത്വം വാഗ്‌ദാനംചെയ്തിട്ടുതന്നെ വേണമെന്നുണ്ടോ? ആ സമുദായത്തിന്റെ പ്രശ്നങ്ങൾ മനസ്സിലാക്കി അവ പരിഹരിക്കും. എന്തുകൊണ്ട് ബിജെപിയെ നിങ്ങൾ അകറ്റിനിർത്തുന്നുവെന്ന് ഞങ്ങൾ ചോദിക്കും. വ്യത്യസ്ത മതങ്ങളിലാണെങ്കിലും നമ്മളെയെല്ലാം ഒന്നിപ്പിക്കുന്ന ഒരു മലയാളിത്തമുണ്ട്. വികസനത്തിന്റെ കാര്യത്തിലും ഈ പൊതുഘടകമാണ് വേണ്ടത്. ഞാന്‍ മനസ്സിലാക്കുന്നത് കേരളത്തിലെ ജനങ്ങള്‍ ഇപ്പോള്‍ മാറ്റത്തിനൊരുക്കമാണെന്നാണ്. രാഷ്ട്രീയ പാര്‍ട്ടികളും മാറി ചിന്തിക്കുന്നുണ്ട്. അതു കൊണ്ടാണ് സിപിഎം സ്വകാര്യ സര്‍വകലാശാല ബില്‍ അംഗീകരിക്കുന്നു, ഗ്ലോബല്‍ ഇന്‍വെസ്റ്റര്‍ മീറ്റ് നടത്തുന്നു. അത് മാര്‍ക്സിസമല്ല. നിയോ ചൈനീസ് രീതിയാണ്. പഴയ ക്ലാസിക്ക് രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞു.

സംസ്ഥാനപര്യടനത്തിന്റെ ഭാഗമായി താങ്കൾ മുന്നോട്ടുവെക്കുന്ന മുദ്രാവാക്യം മാറാത്തത് മാറുമെന്നാണ്. എന്തുമാറ്റമാണ് ഉദ്ദേശിക്കുന്നത്

നിലവിലുള്ള രാഷ്ട്രീയസംസ്കാരം മാറണം.

സംസ്ഥാന സര്‍ക്കാരിനെ മാറ്റുമെന്നാണോ അതോ ബിജെപി മാറുമെന്നാണോ 

വികസിത കേരളമാണ് ബിജെപിയുടെ  ലക്ഷ്യം. അത് വാഗ്ദാനമല്ല മറിച്ച് എല്ലാ മേഖലയിലേയും മുന്നേറ്റം കൊണ്ടു വരാന്‍ ബിജെപിക്കേ കഴിയൂ എന്ന ബോധ്യം ജനങ്ങളിലെത്തിക്കും. രാഷ്ട്രീയ സംവാദത്തിന്റെ രീതികളില്‍ മാറ്റം വരുത്തും. വില കുറഞ്ഞ രാഷ്ട്രീയത്തിന് ഞാനില്ല.

എല്ലാ സമുദായങ്ങളുമായും ആശയവിനിമയം നടത്തുമെന്ന് താങ്കൾ പറയുന്നുണ്ട്. പക്ഷേ, താങ്കൾ ബിജെപി പ്രസിഡന്റായശേഷം നടന്ന പര്യടനങ്ങളിലെല്ലാം ക്രിസ്ത്യൻപള്ളികൾക്ക് കൂടുതൽ പ്രാമുഖ്യംകൊടുക്കുന്നതായി കാണുന്നു

പള്ളികളിൽ പോകാൻ പാടില്ലെന്നാണോ പറയുന്നത്. അഭിനയിക്കാൻ എനിക്കറിയില്ല. ഒരു കാഴ്ചയുണ്ടാക്കാനായി എന്തെങ്കിലും ചെയ്യുന്ന ആളല്ല ഞാൻ. മാർപാപ്പ കാലംചെയ്തു, ഞാൻ പള്ളിയിലെ പ്രാർഥനയ്ക്ക് കൂടി. ഈസ്റ്ററായതിനാൽ ഞാൻ പള്ളിയിൽ പോയി. വിഷുവിന് അമ്പലത്തിൽ പോകും. മുസ്‌ലിംപള്ളിയിൽനിന്ന് ക്ഷണംലഭിച്ചാൽ ഞാൻ ഈദിനും പോകും. അത്രേയുള്ളൂ. പിന്നെ ഏതെങ്കിലും സമുദായത്തെ വോട്ടുബാങ്കായി കാണുന്നതിനോട് യോജിപ്പില്ല.

കോർപ്പറേറ്റ് രീതിയിലാണ് രാഷ്ട്രീയപ്രവർത്തനം എന്നാണ് വിമർശനം

18 വർഷമായി സജീവരാഷ്ട്രീയത്തിലുള്ള ആളാണ് ഞാൻ. പല സംസ്ഥാന തിരഞ്ഞെടുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. എന്നിട്ടും ഇങ്ങനെയുള്ള വിമർശനങ്ങൾ ഉന്നയിച്ചാൽ എന്താണ് പറയുക.

ആർഎസ്എസ് പശ്ചാത്തലമില്ലാത്ത ആദ്യ സംസ്ഥാനപ്രസിഡന്റെന്ന വിമർശനത്തോട് എന്തുപറയുന്നു

അത് സത്യമാണ്. ഞാൻ നിരസിക്കുന്നില്ല. കേന്ദ്രമന്ത്രിമാരായ എസ്. ജയ്‌ശങ്കറും നിർമലാ സീതാരാമനുമെല്ലാം അങ്ങനെവന്നവരാണ്. ഞാൻ പതിനെട്ടുകൊല്ലം രാജ്യസഭാംഗവും പിന്നെ കേന്ദ്രമന്ത്രിയുമായ ആളാണ്.

ആരാണ് മുഖ്യ എതിരാളി, യുഡിഎഫ്/ എൽഡിഎഫ്

ഇവർ രണ്ടും കേരളത്തിന് ആവശ്യമില്ലാതായി. രണ്ടുകൂട്ടരും പരാജയമാണ്. കോൺഗ്രസ് ഇന്ന് ഭരണത്തിലുള്ള മൂന്ന് സംസ്ഥാന സർക്കാരുകളുടെ സാമ്പത്തികസ്ഥിതി പരിശോധിച്ചാൽ മനസ്സിലാകും. കർണാടകയിൽ എല്ലാ നികുതിയും വർധിപ്പിക്കുന്നു. തെലങ്കാനയിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് കൊടുക്കാൻ ശമ്പളത്തിന് പണമില്ല. എൽഡിഎഫിന്റെ പുതിയ കാംപെയിൻ ‘തുടരും എൽഡിഎഫ്’ എന്നാണെന്ന് കേൾക്കാൻ സാധിച്ചു. എന്താണ് തുടരാൻപോകുന്നത്. തൊഴിലില്ലായ്മയാണോ?

സിപിഎം-ബിജെപി അന്തർധാരയുണ്ടോ

വെള്ളവും എണ്ണയും പോലെ ഒരിക്കലുംചേരാത്ത പാർട്ടികളാണ് സിപിഎമ്മും ബിജെപിയും. സിപിഎമ്മിനും ബിജെപിക്കും ഇടയിൽ എന്ത് പൊതുഘടകമാണുള്ളത്? കോൺഗ്രസ് പറയുന്ന അനാവശ്യവാദം. തെലങ്കാനയിൽ ബിജെപിയും ബിആർഎസും തമ്മിൽ ബന്ധമുണ്ടെന്ന ആരോപണം കോൺഗ്രസ് ഉയർത്തിയിരുന്നു. മുസ്‌ലിം വോട്ടുകൾ കിട്ടുന്നതിനുവേണ്ടിയുള്ള നീക്കമായിരുന്നു അത്.

മലയാളിയാണെന്ന് തെളിയിക്കാന്‍ സിനിമാ ഡയലോഗ് പറയുന്നത് വില കുറഞ്ഞ രാഷ്ട്രീയമല്ലേ

അതൊരു ഡയലോഗ് ആണ്. എനിക്ക് മലയാളം അറിയില്ലെന്നും കേരള രാഷ്ട്രീയം അറിയില്ലെന്നും പറയുന്നവര്‍ക്കുള്ള മറുപടി. മലയാളിയല്ലാത്ത പ്രിയങ്ക ഗാന്ധിയെ വയനാട് എംപിയാക്കിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഞാനൊരു തൃശ്ശൂരുകാരന്‍. അത് എന്നില്‍നിന്ന് അടര്‍ത്താന്‍ ആര്‍ക്കും കഴിയില്ല. എന്റെ അച്ഛനൊരു പട്ടാളക്കാരനായതിനാല്‍ പല സ്ഥലത്ത് നിന്ന് വിദ്യാഭ്യാസം നേടി.

കക്ഷി രാഷ്ട്രീയത്തിനപ്പുറത്തേക്കുള്ള മിതവാദത്തിന്റെ മുഖമായി കൂടിയാണ് താങ്കളെ ബിജെപി അവതരിപ്പിക്കുന്നത് എന്നൊരു നിരീക്ഷണമുണ്ട്. ഇതിനുള്ള വലിയെരു അവസരമായിരുന്നു എമ്പുരാന്‍ സിനിമയുമായി ഭന്ധപ്പെട്ടുണ്ടായ വിവാദം. ആ സമയത്ത് എമ്പുരാന്‍ കാണുമെന്നും എന്നിട്ട് വസ്തുതകളുടെ അടിസ്ഥാനത്തില്‍ വിമര്‍ശിക്കുമെന്നും ഒരു സിനിമ കൊണ്ട് തകരുന്ന പ്രസ്ഥാനമല്ല ബിജെപിയെന്നും താങ്കള്‍ പറഞ്ഞിരുന്നെങ്കില്‍ അത് വലിയൊരു മാറ്റമാകുമായിരുന്നില്ലേ

എന്റെ പ്രതികരണങ്ങളെല്ലാം മനസ്സില്‍ നിന്നാണ്. സാഹചര്യമോ ലാഭമോ നോക്കിയല്ല. ഞാന്‍ മോഹന്‍ലാലിന്റെ വലിയ ആരാധകനാണ്, പണ്ടും ഇന്നും നാളെയും. ലൂസിഫര്‍ ഇഷ്ടപ്പെട്ടു. അതുകൊണ്ട് എമ്പുരാന്‍ കാണാന്‍ ആഗ്രഹിച്ചു. പക്ഷേ സിനിമ റിലീസായത്തോടെ വിവാദങ്ങള്‍ ഉടലെടുത്തു. സിനിമയെ സിനിമയായി കാണുമെന്നായിരുന്നു എന്റെ പ്രതികരണം. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.ടി. രമേശ് തന്നെ അത് മാധ്യമങ്ങളോട് പറഞ്ഞു. അതാണ് പാര്‍ട്ടി നിലപാട്. പിന്നെ സിനിമ ഞാന്‍ കണ്ടില്ല. തുടരും എന്നൊരു സിനിമ വന്നിട്ടുണ്ടല്ലോ. അത് കാണണമെന്നാഗ്രഹമുണ്ട്.

പക്ഷേ, സിനിമയുടെ നിര്‍മാതാവിനെ ഇഡി ചോദ്യം ചെയ്യുന്നു. സംവിധായകന് ആധായ നികുതിവകുപ്പിന്റെ  നോട്ടീസ് കിട്ടുന്നു. ഇതൊക്കെ നല്‍കുന്ന സന്ദേശം എന്താണ്

ഇതില്‍ ഞാനെന്ത് ചെയ്യാനാണ്? ഇതൊന്നും എന്റെ തലയിലിടരുത്.  സിനിമയെ സിനിമയായി കാണുക. മോശം സിനിമ കാണണം എന്ന് നിര്‍ബ്ബന്ധിക്കരുത്.

2026-ല്‍  ബിജെപിക്ക് എത്ര സീറ്റ് ലഭിക്കും 

അത് പറയാന്‍ പറ്റില്ല. ഭഗവാന്‍ എനിക്ക് ഒരു വരം തരികയാണെങ്കില്‍ 140 ല്‍ 139 ഉം വേണമെന്ന് പറയും.

നേമത്ത് താങ്കള്‍ മത്സരിക്കുമോ

പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും. തിരുവന്തപുരം ലേക്സഭാ മണ്ഡലം ഞാന്‍ ചോദിച്ചു വാങ്ങിച്ചതല്ലല്ലോ.

പുതിയ നയത്തിന്റെ ഭാഗമായി 14 ജില്ലാ പ്രസിഡന്റുമാരില്‍ നിന്ന് ഇപ്പോള്‍ 30 ആയിരിക്കുന്നു. ഇത് ഗുണമാണോ അതോ പ്രതിസന്ധിയാവുമോ

ഇതാണ് പുതിയ സംഘടനാ രൂപരേഖ. അതിനെ അംഗീകരിക്കുന്നു. വിലയിരുത്താന്‍ സമയമായില്ല. ഇവരുടെ തിരഞ്ഞടുപ്പില്‍ ഞാന്‍ ഭാഗമായിരുന്നു. 2000- ല്‍ കൂടുതല്‍ ആള്‍ക്കാരില്‍ നിന്നാണ് 30 ജില്ലാ കമ്മിറ്റികളിലായി 600-ല്‍ പരം ഭാരവാഹികളെ തിരഞ്ഞെടുത്തത്. സംസ്ഥാന ഭാരവാഹികളെ തിരഞ്ഞടുക്കുന്നത് ഉടനെ പൂര്‍ത്തിയാക്കും.

കോര്‍പ്പറേറ്റ് രീതിയിലാണ് രാഷ്ട്രീയം പ്രവര്‍ത്തനം നടത്തുന്നതെന്ന വിമര്‍ശനത്തെ എങ്ങനെ കാണുന്നു 

18 വര്‍ഷമായി സജീവ രാഷ്ട്രീയത്തിലുളള ആളാണ് ഞാന്‍. പല സംസ്ഥാന തിരഞ്ഞെടുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. എന്നിട്ടും ഇങ്ങനെയുള്ള വിമര്‍ശനങ്ങള്‍ ഉന്നയിച്ചാല്‍ എന്താണ് പറയുക.

ആര്‍എസ്എസ് പശ്ചാത്തലമില്ലാത്ത ആദ്യ സംസ്ഥാന പ്രസിഡന്റെന്ന വിമര്‍ശനത്തോട് എന്ത് പറയുന്നു

അത് സത്യമാണ്. ഞാന്‍ നിരസിക്കുന്നില്ല. കേന്ദ്ര മന്ത്രിമാരായ എസ്.ജയശങ്കറും, നിര്‍മല സീതാരാമനുമെല്ലാം അങ്ങനെ വന്നവരാണ്.

ആദ്യം രാജ്യസഭാം​ഗമായത് ജെഡിഎസ് പിന്തുണയിലല്ലേ

2006-ല്‍ ടെലികോം വ്യവസായത്തല്‍ നിന്നും പിന്മാറിയ കാലത്ത് ദേവഗൗഡയാണ് എന്നെ രാഷ്ട്രീയത്തിലെത്തിക്കുന്നത്. അദ്വാനിയോട് ചോദിക്കാന്‍ അദ്ദേഹം പറഞ്ഞു. ബിജെപയും പിന്തുണച്ചു.അങ്ങനെയാണ് ഞാന്‍ രാഷ്ട്രീയത്തിലെത്തുന്നത്. കോണ്‍ഗ്രസില്‍ രാജേഷ് പൈലറ്റുമായും വലിയ അടുപ്പമായിരുന്നു.

പിഎസ് സി  വഴി ഏറ്റവും കൂടുതല്‍ നിയമനം നടത്തിയതും നീതി ആയോഗിന്റെ സൂചികയിലും ഈ കേരളമാണ് ഒന്നാമത് 

ഇവിടെ നടത്തുന്ന പദ്ധതികളുടെ വിജയമാണ് നീതി ആയോഗ് സൂചികയില്‍ ഒന്നാമതെത്തിക്കുന്നത്. അതിന് നരേന്ദ്ര മോദിയോട് നന്ദി പറയണം. കേന്ദ്ര പദ്ധതികളെല്ലാം സംസ്ഥാന സര്‍ക്കാര്‍ സ്വന്തം പേരിലാക്കുന്നു. സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ എഴുപത് ശതമാനവും പിഎം പോഷണ്‍ അഭിയാനില്‍ നിന്നാണ്. എന്നിട്ട് പടം വെയ്ക്കുന്നതോ മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും. കേന്ദ്ര പദ്ധതികളില്‍ പലതും ഇവിടെ നടപ്പാക്കുന്നില്ല. പിഎംആയുഷ്മാന്‍ പ്രാവര്‍ത്തികമാക്കിയില്ല.

ബിജെപിയിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എന്തു മാറ്റം വരുത്തും

ബിജെപി ഇനി മത്സരിക്കാന്‍ പോകുന്നത് ജയിക്കാനാണ്. അപ്പോള്‍ ജയത്തിനായുള്ള ഘടകങ്ങള്‍ എല്ലാം പരിശോധിക്കും. അവസാന നിമിഷം കെട്ടിയിറക്കുന്ന സ്ഥാനാര്‍ഥികള്‍ ഉണ്ടാകില്ല. ഓരോ പ്രദേശത്തും വിജയ സാദ്ധ്യതയുള്ളവരെ പരിഗണിക്കും.

എന്‍ഡിഎയിലേക്ക് പുതിയ സഖ്യക‌ക്ഷികള്‍ വരുമോ

വരും. അതാരൊക്കെയെന്ന് പറയാറായിട്ടില്ല. ബിജെപിയുടെ വികസന രാഷ്ട്രീയത്തിനൊപ്പം നില്‍ക്കുന്നവരെ ഒപ്പം കൂട്ടുന്നതിനാണ് താത്പര്യം.

ബിജെപിയില്‍ കൂട്ടായ്മയില്ല എന്ന പ്രശ്നം എങ്ങിനെ കാണുന്നു

വിജയിക്കുന്നത് വരെ പലരും പല സിദ്ധാന്തങ്ങളും പറഞ്ഞുകൊണ്ടിരിക്കും. എന്റെ ഫോണിലേക്ക് നിത്യേന ഇങ്ങനെ നൂറുകണക്കിന് നിരീക്ഷണങ്ങള്‍ വരുന്നുണ്ട്.

കേരളത്തിലെ പ്രധാന മാധ്യമങ്ങളിലൊന്നായ ഏഷ്യാനെറ്റിന്റെ ഉടമസ്ഥതയില്‍ നിര്‍ണ്ണായക പങ്കാളിത്തം താങ്കള്‍ക്കുണ്ട്. താങ്കള്‍ ബിജെപി പ്രസിഡന്റായതോടെ ഏഷ്യാനെറ്റിന്റെ സ്വഭാവത്തില്‍ മാറ്റമുണ്ടാകുമോ എന്ന ചോദ്യമുയരുന്നുണ്ട്

എനിക്ക് ഏഷ്യാനെറ്റ് ന്യൂസില്‍ ഒരു തരത്തിലുള്ള പങ്കാളിത്തമോ ഉടമസ്ഥതാവകാശമോ ഇല്ല. എനിക്ക് ഒരു കമ്പനിയില്‍ നിക്ഷേപമുണ്ട്. ആ കമ്പനി ഏഷ്യാനെറ്റില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.  എന്റെ റോള്‍ ഒരു ഇന്‍വെസ്റ്ററുടേതാണ്. 2016 ല്‍ ഞാന്‍ കേരളത്തില്‍ എന്‍ഡിഎയുടെ വൈസ് ചെയര്‍മാനായപ്പോഴും ഇപ്പോള്‍ ബിജെപി പ്രസിഡന്റായപ്പോഴും ഏഷ്യാനെറ്റ് ഒരു സ്വതന്ത്ര മാധ്യമ സ്ഥാപനമാണ്. അതങ്ങിനെതന്നെ തുടരുകയും ചെയ്യും.

കുംഭമേളയുടെ പശ്ചാത്തലത്തില്‍ ഏഷ്യാനെറ്റുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ താങ്കള്‍ ഇടപെടുകയും ഒരു മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു

അതെന്റെ വ്യക്തിപരമായ അഭിപ്രായമാണ്. അങ്ങിനെയൊരു അവകാശം എനിക്കില്ലേ? നാളെ മാതൃഭൂമി എന്തെങ്കിലും പറഞ്ഞാല്‍ ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഞാന്‍ എന്റെ അഭിപ്രായം പറയും.

ഇങ്ങനെയല്ല ചെയ്യേണ്ടിയിരുന്നത് എന്നൊരു നിര്‍ദ്ദേശമല്ലേ താങ്കള്‍ പുറപ്പെടുവിച്ചത്

അല്ല. ജനങ്ങള്‍ എന്നോട് പറഞ്ഞത് ഏഷ്യാനെറ്റിന്റെ ശ്രദ്ധയില്‍ പെടുത്തുകയാണ് ഞാന്‍ ചെയ്തത്. ഒരു പൊതുപ്രവര്‍ത്തകന്റെ കടമയാണത്. ഒരു ഘട്ടത്തിലും ഇങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് ഞാന്‍ ഏഷ്യാനെറ്റിനോട് പറഞ്ഞിട്ടില്ല.

ആശാവര്‍ക്കര്‍മാരുടെ സമരം എങ്ങനെ പരിഹരിക്കാനാവും

സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ ആശാ വര്‍ക്കര്‍മാരെ കണ്ട് പരിഹരിക്കാനുളള യാതൊരു ശ്രമവും നടത്തുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ കൊടുക്കാനുള്ളതെല്ലാം കൊടുത്തിട്ടുണ്ട്. ചെറിയൊരു കൂലി വര്‍ദ്ധനവിന് വേണ്ടിയാണ് സമരം. അതിനുള്ള ഒരു ശ്രമവും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നില്ല. ഈ സര്‍ക്കാരിന് സഹാനുഭൂതി ആകെയുള്ളത് മകളുടെ കമ്പനിയോടാണ്. എനിക്ക് കേരളത്തിലെ ജനങ്ങളോട് പറയാനുള്ളത് കേരളം മാറണമെന്നും ആ മാറ്റം കൊണ്ടുവരാന്‍  ബിജെപിക്ക് മാത്രമേ സാധിക്കുകയുള്ളു എന്നുമാണ്. അത് നരേന്ദ്ര മോദി കാണിച്ച് തന്നിട്ടുണ്ട്. അതിനൊടൊപ്പം കേരളവും അണിചേരണം.