ഭോപ്പാല്‍:  ഉത്തര്‍പ്രദേശിലെ സംഭല്‍ മേഖലയെ കുറിച്ച് 5000 വര്‍ഷത്തിലേറെ പഴക്കമുള്ള പുരാണങ്ങളില്‍ പോലും പരാമര്‍ശിച്ചിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇസ്ലാമിക കാലത്തിനും മുന്നെ സംഭലുണ്ടായിരുന്നു. 1526-ല്‍ അവിടെ ഉണ്ടായിരുന്ന ഹരി വിഷ്ണു ക്ഷേത്രം തകര്‍ക്കപ്പെടുകയായിരുന്നുവെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. മുഗള്‍ രാജാക്കന്മാരുടെ കാലത്ത് സ്ഥാപിക്കപ്പെട്ട ഷാഹി ജുമാ മസ്ജിദിനെച്ചൊല്ലിയുള്ള അവകാശത്തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശമാണ് സംഭല്‍.

To advertise here,

ഒരു സംന്യാസി എന്ന നിലയില്‍ എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിക്കുന്ന വ്യക്തിയാണ് ഞാന്‍. എന്നാല്‍, ബലപ്രയോഗത്തിലൂടെ മതപരമായ സ്ഥലങ്ങളും മറ്റും കൈവശപ്പെടുത്തുന്നത് അംഗീകരിക്കാന്‍ സാധിക്കില്ല. സംഭലില്‍ 68 തീര്‍ഥാടന കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇതില്‍ 18 എണ്ണം മാത്രമാണ് നമുക്ക് കണ്ടെത്താന്‍ സാധിച്ചിട്ടുള്ളത്. സംഭലില്‍ 56 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ശിവക്ഷേത്രത്തില്‍ ജലാഭിഷേകം നടത്താന്‍ സാധിച്ചുവെന്നും യോഗി പറഞ്ഞു.

ചരിത്ര സത്യങ്ങള്‍ നിലനില്‍ക്കുന്ന മേഖലയാണ് സംഭല്‍ എന്നും ഇത് ഞാന്‍ പലതവണ പറഞ്ഞിട്ടുള്ളതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാവി വസ്ത്രം ധരിക്കുന്നതിന്റെ കാരണവും അദ്ദേഹം വിശദീകരിച്ചു. കാവിയാണ് എന്റെ ഐഡന്റിറ്റി, സനാതന ധര്‍മത്തിന്റെ പ്രതീകമാണ് ഈ കാവിനിറം. ഈ നിറത്തിലുള്ള വസ്ത്രം അണിയുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ലോകം മുഴുവന്‍ ഇത് അണിയുന്ന ദിവസം വരുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

മഹാ കുംഭമേളയെ എതിര്‍ക്കുന്നുവെന്നാരോപിച്ച് യോഗി ആദിത്യനാഥ് കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചു. എല്ലാ നല്ലകാര്യങ്ങളെയും കോണ്‍ഗ്രസ് എതിര്‍ക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യ കുംഭമേള നടക്കുന്നത് 1954-ലാണ്. അക്കാലത്ത് അഴിമതിയുടെയും അരാജകത്വത്തിന്റെയും കൂത്തരങ്ങായി ഇവര്‍ കുംഭമേളയെ മാറ്റിയിരുന്നു. ആയിരത്തിലധികം ആളുകളാണ് ഓരോ കുംഭമേളയിലും മരണപ്പെട്ടിരുന്നതെന്നും യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തി.