ന്യൂഡൽഹി: ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിനും, മണ്ഡല പുനർനിർണയത്തിനും, കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുമുള്ള മൂന്ന് ചരിത്ര ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിക്കുന്നതിന് അനുമതി. അന്തിമവോട്ടെടുപ്പിൽ 185നെതിരേ 251 'എസ്' വോട്ടുകളോടെ ബിൽ അവതരണത്തിന് അനുമതി ലഭിക്കുകയായിരുന്നു. 12 മണിക്കൂർ ചർച്ചയ്ക്ക് ശേഷം നാളെ നാലു മണിയോടെ ബില്ലുകളിൽ വോട്ടെടുപ്പ് നടത്തും. ഭരണഘടനാ ഭേദഗതി ബില്ലുകൾ പാസാകാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്.  2029 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് സംവരണം നടപ്പിലാക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടയിൽ നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ, ആഭ്യന്തര മന്ത്രി അമിത് ഷ എന്നിവരാണ് ലോക്‌സഭയിൽ ബില്ലുകൾ അവതരിപ്പിക്കുക.

To advertise here,

ബില്ലുകൾക്ക് അവതരണാനുമതി തേടിക്കൊണ്ട് പാർലമെന്റിൽ നടത്തിയ ചർച്ചയിൽ ലോക്സഭയിൽ ശക്തമായ രാഷ്ട്രീയ ഏറ്റുമുട്ടലുണ്ടായി.ബില്ലുകൾ അവതരിപ്പിക്കുന്നതിനെതിരെ കോൺഗ്രസ് എംപി കെ.സി. വേണുഗോപാൽ എതിർത്തതോടെ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായി. 'കേന്ദ്രമന്ത്രിമാരായ അർജുൻ റാം മേഘ്വാളും അമിത് ഷായും അവതരിപ്പിക്കുന്ന ബില്ലിനെ ഞാൻ എതിർക്കുന്നു. ഈ ബിൽ ഇന്ത്യൻ ഫെഡറൽ ഘടനയ്ക്ക് നേരെയുള്ള അടിസ്ഥാനപരമായ ആക്രമണമാണ്. ബില്ലിന്റെ യഥാർത്ഥ ഉദ്ദേശ്യം എന്താണ്?' വേണുഗോപാൽ ചോദിച്ചു.

ഇതോടെ ആഭ്യന്തര മന്ത്രി അമിത് ഷാ ഇടപെടൽ നടത്തി. ബില്ലുകളുടെ അവതരണ ഘട്ടത്തിൽ അവയുടെ യോഗ്യതയെ ചോദ്യം ചെയ്യാൻ വേണുഗോപാലിന് കഴിയില്ലെന്നും സാങ്കേതികമായ തടസ്സങ്ങൾ ഉന്നയിക്കാൻ മാത്രമാണ് അദ്ദേഹത്തിന് അധികാരമുള്ളതെന്നും ഷാ പറഞ്ഞു. ചർച്ചയിൽ പ്രതിപക്ഷത്തിന് സർക്കാർ ആവശ്യമായ മറുപടി നൽകുമെന്നും ഷാ കൂട്ടിച്ചേർത്തു.