കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനും ബിജെപിക്കുമെതിരെ മൂന്നാം ബദൽ രൂപീകരിക്കുന്ന കാര്യത്തിൽ കോൺഗ്രസും ഇടതുപക്ഷവും കടുത്ത ആശയക്കുഴപ്പത്തിൽ. മുൻകാലങ്ങളിലെ സഖ്യ പരീക്ഷണങ്ങൾ വലിയ പരാജയമായ പശ്ചാത്തലത്തിൽ ഇത്തവണ സഖ്യം വേണോ അതോ ഒറ്റയ്ക്ക് മത്സരിക്കണോ എന്ന കാര്യത്തിൽ ഇരു പാർട്ടികൾക്കുമുള്ളിൽ ഭിന്നത രൂക്ഷമാണ്.
സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ശുഭങ്കർ സർക്കാരും ഒരു വിഭാഗം മുതിർന്ന നേതാക്കളും ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കണമെന്ന നിലപാടിലാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി സഖ്യങ്ങളെ ആശ്രയിക്കുന്നത് പാർട്ടിയുടെ അടിത്തറ തകർത്തുവെന്നാണ് ഇവരുടെ വാദം. സഖ്യങ്ങൾ കാരണം ബംഗാളിലെ മൂന്നിൽ രണ്ട് മണ്ഡലങ്ങളിലും പാർട്ടിയുടെ ചിഹ്നത്തിനോ പതാകയ്ക്കോ വോട്ടുയർത്താൻ സാധിക്കാത്ത അവസ്ഥയാണെന്നും, പാർട്ടിയുടെ ദീർഘകാല വളർച്ചയ്ക്ക് ഒറ്റയ്ക്കുള്ള പോരാട്ടമാണ് നല്ലതെന്നും ഒരു വിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. 1996-ൽ 288 സീറ്റുകളിൽ മത്സരിച്ച് 82 സീറ്റുകൾ നേടിയ കോൺഗ്രസ് 2021-ൽ ഇടതുപക്ഷവുമായി സഖ്യമുണ്ടാക്കിയപ്പോൾ ഒരു സീറ്റ് പോലും നേടാനാകാതെ പൂജ്യത്തിലേക്ക് ഒതുങ്ങിയിരുന്നു.
കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന ചിന്ത ഇടതുപക്ഷ നേതാക്കൾക്കുമുണ്ട്. കോൺഗ്രസ് ഒരു ബാധ്യതയാണെന്നാണ് ചില ഇടത് നേതാക്കളുടെ വിലയിരുത്തൽ. 2016-ൽ ഇടതുപക്ഷത്തിന് 20 ശതമാനത്തോളം വോട്ട് വിഹിതമുണ്ടായിരുന്നത് 2021-ൽ വെറും 4.71 ശതമാനമായി കുറഞ്ഞു. ഈ വോട്ടുകൾ വലിയതോതിൽ ബിജെപിയിലേക്ക് ചോരാൻ കോൺഗ്രസുമായുള്ള സഖ്യം കാരണമായോ എന്ന് ഇവർ സംശയിക്കുന്നു. തിരുവനന്തപുരത്ത് നടക്കുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലെ തന്ത്രങ്ങൾ ചർച്ച ചെയ്യുമെന്ന് ഇടതുകേന്ദ്രങ്ങൾ വ്യക്തമാക്കുന്നു.
കേരളത്തിൽ ചിരവൈരികളായ കോൺഗ്രസും സിപിഎമ്മും ബംഗാളിൽ കൈകോർക്കുന്നത് ബിജെപി വലിയ രാഷ്ട്രീയ ആയുധമാക്കുകയും ചെയ്യും. ബംഗാളിൽ 'ദോസ്തി'യും (സൗഹൃദം) കേരളത്തിൽ 'ഗുസ്തി'യും (പോരാട്ടം) എന്നതാണ് പാർട്ടികളുടെ നിലപാടെന്നാണ് ബിജെപി പരിഹസിക്കുന്നത്.
Content Highlights: Congress & Left ponder alliance for West Bengal Assembly elections amid TMC-BJP dominance. Will they unite or go solo? Explore the dilemma.
Published: 16 Jan 2026, 08:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented