ന്യൂഡൽഹി : പശ്ചിമ ബംഗാൾ സിപിഎം സംസ്ഥാന ഘടകത്തിന്റെ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളുടെ പ്രൊഫൈൽ ഫോട്ടോകളിൽ നിന്ന് ചുവപ്പ് അപ്രത്യക്ഷമായി. ചുവപ്പിന് പകരം നീലയാണ് പ്രൊഫൈൽ ഫോട്ടോകളുടെ പശ്ചാത്തലത്തിൽ നൽകിയിരിക്കുന്ന നിറം. എന്നാൽ ഈ നിറംമാറ്റത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് പാർട്ടിയുടെ ബംഗാൾ നേതൃത്വം വിശദീകരിക്കുന്നത്. പാർട്ടിയുടെ നിറം ചുവപ്പ് അല്ലെന്ന് കഴിഞ്ഞ ദിവസം കേരളത്തിലെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും അഭിപ്രായപ്പെട്ടിരുന്നു. 

To advertise here,

ഫ്രഞ്ച് വിപ്ലവം കാലഘട്ടം മുതൽ ലോകവ്യാപകമായി കമ്മ്യൂണിസം, സോഷ്യലിസം, വിപ്ലവം തുടങ്ങിയവയുടെ  നിറമായി അറിയപ്പെടുന്നത് ചുവപ്പാണ്. വിശ്വസിക്കുന്ന ആശയത്തിന് വേണ്ടി രക്തസാക്ഷിയാകാൻ തയ്യാറാണ് എന്ന നിലപാട് സൂചിപ്പിക്കുന്നത് ആണ് ചുവപ്പ് നിറം. ഇന്ത്യയിലും ഇടത് പക്ഷ, കമ്യൂണിസ്റ്റ് പാർട്ടികളുടെ കൊടികളിൽ എല്ലാം ഒഴിവാക്കാനാകാത്ത നിറമാണ് ചുവപ്പ്. എന്നാൽ സമീപ കാലത്ത് ചുവപ്പിന് പഴയതുപോലെ ആളുകളെ ആകർഷിക്കാൻ കഴിയുന്നില്ല. പുതിയ തലമുറയെ സമൂഹ മാധ്യമങ്ങളിൽ ആകർഷിക്കാൻ ചുവപ്പിനെക്കാളും നല്ല നിറം നീലയാണെന്നാണ് ബംഗാളിലെ സിപിഎം വിലയിരുത്തുന്നത്. അതിനാലാണ് പശ്ചിമ ബംഗാൾ സിപിഎം സംസ്ഥാന ഘടകത്തിന്റെ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളുടെ പ്രൊഫൈൽ ഫോട്ടോകളിൽ നിന്ന് ചുവപ്പ് ഔട്ട് ആയത്. 

പകരം എത്തിയ നീല ബംഗാളിലെ സിപിഎമ്മിന്റെ ശത്രുവായ മമത ബാനർജിയുടെ ഇഷ്ട നിറവും. തൃണമൂൽ കോൺഗ്രസിന്റെ നിറം സിപിഎം ഏറ്റെടുത്തു എന്നാണ് സമൂഹ മാധ്യമങ്ങളിൽ ചിലർ അഭിപ്രായപ്പെടുന്നത്. എന്നാൽ നീല നിറത്തിൽ തൃണമൂൽ കോൺഗ്രസിന് പേറ്റന്റ് ഒന്നും ഇല്ലെന്നാണ് സിപിഎം നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. സമീപ കാലത്ത് എട്ട് തവണ ബംഗാളിലെ സിപിഎം ഘടകം ഫെയ്സ്ബുക്കിലെയും, ഇൻസ്റ്റാ​ഗ്രാമിലെയും പ്രൊഫൈൽ ഫോട്ടോകളിൽ മാറ്റം വരുത്തിയിട്ടുണ്ട് എന്നാണ് നേതാക്കൾ പറയുന്നത്. അതുപോലെ ഒരു മാറ്റമായി മാത്രമേ നേതൃത്വം ഇതിനെയും കാണുന്നുള്ളൂ.

പാർട്ടി കളർ ചുവപ്പ് അല്ലെന്ന് സിപിഎം കേരളാ സെക്രട്ടറി എം.വി. ഗോവിന്ദനും അഭിപ്രായപ്പെട്ടിരുന്നു. തിരുവനന്തപുരത്ത് പണിത പുതിയ എകെജി സെന്ററിന്റെ നിറം ചുവപ്പ് അല്ലല്ലോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് എം.വി. ഗോവിന്ദൻ ഇക്കാര്യം അഭിപ്രായപ്പെട്ടത്. കെട്ടിടത്തിന്റെ ഉള്ളിൽ ആരെങ്കിലും ചുവപ്പടിക്കാറുണ്ടോ എന്നും അദ്ദേഹം ആരാഞ്ഞിരുന്നു. പോസിറ്റീവ് എനർജി കിട്ടുന്ന നിറം  ചുവപ്പല്ല എന്നും സിപിഎം സംസ്ഥാന സെക്രട്ടറി അഭിപ്രായപ്പെട്ടിരുന്നു. ഏതായാലും ദേശീയ രാഷ്ട്രീയത്തിൽ നഷ്ടപെട്ട പ്രതാപം തിരിച്ച് പിടിക്കാൻ ശ്രമിക്കുന്ന സിപിഎമ്മിന് നിറം മാറ്റം ഗുണകരമാകുമോ എന്നാണ് ഇനി അറിയേണ്ടത്