കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് പരാജയപ്പെട്ടതിന് പിന്നാലെ പശ്ചിമ ബംഗാളിലെ ഉദ്യോഗസ്ഥ ഭരണസംവിധാനത്തിൽ വലിയ മാറ്റങ്ങൾ. തൃണമൂലിന്റെ പരാജയത്തെത്തുടർന്ന്, ഉദ്യോഗസ്ഥ ഭരണതലത്തിലും പോലീസ് സംവിധാനത്തിലും മമത ബാനർജിയുമായും അവരുടെ പാർട്ടിയുമായുള്ള അകലം പാലിക്കൽ പ്രകടമാണ്. മുമ്പ് വിശ്വസ്തരായിരുന്ന ഉന്നത ഉദ്യോഗസ്ഥർ വരെ ഇപ്പോൾ മമതയുമായി അകലം പാലിക്കുന്നു. മുൻ ഭരണകൂടത്തിന്റെ നട്ടെല്ലായിരുന്ന പോലീസ്, സിവിൽ സർവീസ് ഉദ്യോഗസ്ഥർ പഴയ നേതൃത്വത്തിൽ നിന്ന് ബോധപൂർവം അകലം പാലിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.

To advertise here,

ബിജെപി സർക്കാർ അധികാരമേറ്റെടുത്തതോടെ ഭരണസംവിധാനത്തെ ഉടച്ചുവാർക്കുന്നതിന്റെ ഭാഗമായി പോലീസ്-ഭരണ തലപ്പത്ത് വൻതോതിലുള്ള സ്ഥലംമാറ്റങ്ങൾ നടപ്പിലാക്കിയിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബി.ജെ.പി സർക്കാർ വലിയ തോതിലുള്ള ഉദ്യോഗസ്ഥ പുനഃസംഘടനയാണ് സംസ്ഥാനത്ത് നടത്തുന്നത്. ഇതിന്റെ ഭാഗമായി 179 ഐപിഎസ് ഉദ്യോഗസ്ഥർക്ക് പുതിയ നിയമന ഉത്തരവുകൾ നൽകി. ഐജി റാങ്കിലുള്ള മുതിർന്ന ഉദ്യോഗസ്ഥർ മുതൽ ജില്ലാ പോലീസ് സൂപ്രണ്ടുമാർ വരെയുള്ളവർ ഈ പട്ടികയിലുണ്ട്. ഇതിന് പുറമെ, പന്ത്രണ്ടിലധികം ഐഎഎസ് ഉദ്യോഗസ്ഥരെയും അവരുടെ നിലവിലെ ചുമതലകളിൽ നിന്ന് മാറ്റി നിയമിച്ചുകൊണ്ട് പ്രത്യേക വിജ്ഞാപനം പുറപ്പെടുവിച്ചു.

ഇതിനൊപ്പം മമതയുടെ ഏറ്റവും അടുത്ത വിശ്വസ്തരായി കരുതപ്പെട്ടിരുന്ന ഉന്നത ഉദ്യോഗസ്ഥരുടെ നിലപാടുകളിലുണ്ടായ മാറ്റവും വലിയ ചർച്ചയായിട്ടുണ്ട്. മമത തന്നെ കൊൽക്കത്ത പോലീസ് കമ്മീഷണറായി നിയമിച്ചിരുന്ന ഉദ്യോഗസ്ഥൻ ഇപ്പോൾ സിഐഡി തലവനായി അവർക്കെതിരെയുള്ള കേസ് അന്വേഷിക്കുകയാണ്. മമത ഡൽഹിയിലായിരുന്ന സമയത്ത് അവരുടെ വസതിയിലും പാർട്ടി ഓഫീസുകളിലും സിഐഡി റെയ്ഡുകൾ നടത്തിയതും ഉദ്യോഗസ്ഥ തലത്തിലെ ഈ മാറ്റത്തിന്റെ സൂചനയായി കണക്കാക്കപ്പെടുന്നു.

മുൻപ് മമത ബാനർജിക്ക് വേണ്ടി ധർണ്ണ ഇരിക്കുകയും പിന്നീട് രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്ത മുൻ പോലീസ് കമ്മിഷണർ രാജീവ് കുമാർ ഇപ്പോൾ പൊതുരംഗത്ത് നിന്ന് പൂർണ്ണമായും അപ്രത്യക്ഷനായിരിക്കുകയാണ്. മമതയുടെ പരാജയത്തിന് പിന്നാലെ അദ്ദേഹത്തിന്റെ ഈ നിശബ്ദത ഏറെ ശ്രദ്ധേയമാണ്. തങ്ങളുടെ നിലനിൽപ്പ് ഉറപ്പാക്കാനുള്ള ഉദ്യോഗസ്ഥരുടെ നിശബ്ദ ശ്രമമായാണ് രാഷ്ട്രീയ വൃത്തങ്ങൾ ഇതിനെ വിലയിരുത്തുന്നത്.