
കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭ പിരിച്ചുവിട്ട് ഗവർണർ. സ്ഥാനമൊഴിയില്ലെന്ന മുഖ്യമന്ത്രി മമത ബാനർജിയുടെ അവസാനത്തെ അടവിന് ഇതോടെ അന്ത്യമായി. വ്യാഴാഴ്ച വൈകീട്ട് ഏഴരയോടെയാണ് ഗവർണർ ആർ.എൻ. രവി സംസ്ഥാന നിയമസഭ പിരിച്ചുവിട്ടുകൊണ്ടുള്ള വിജ്ഞാപനം പുറത്തുവിട്ടത്. ബിജെപിയുടെ നിയമസഭാ കക്ഷിയോഗം നാളെ ചേരും. സുവേന്ദു അധികാരിയെയാണ് നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തിരിക്കുന്നത്.
നിയമസഭയുടെ കാലാവധി ഇന്ന് അർധരാത്രിയോടെ അവസാനിക്കാനിരിക്കെയാണ് വൈകുന്നേരത്തോടെ, 'പൊതുവായ അറിവിലേക്കായി' എന്ന് രേഖപ്പെടുത്തിയ കത്ത് രാജ്ഭവൻ പരസ്യമാക്കിയത്. 'ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 174, ക്ലോസ് (2), സബ്-ക്ലോസ് (ബി) പ്രകാരം എനിക്ക് നൽകിയിട്ടുള്ള അധികാരം വിനിയോഗിച്ച്, 2026 മെയ് 07 മുതൽ പ്രാബല്യത്തിൽ വരുംവിധം പശ്ചിമ ബംഗാൾ നിയമസഭ ഞാൻ ഇതിനാൽ പിരിച്ചുവിടുന്നു.' എന്നാണ് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.
ഭരണഘടനയുടെ ആർട്ടിക്കിൾ 172 അനുസരിച്ച്, അഞ്ചുവർഷത്തെ കാലാവധി കഴിഞ്ഞാൽ നിയമസഭ സ്വയം പിരിച്ചുവിടപ്പെടും. പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത് വരെ നിലവിലെ മന്ത്രിസഭയ്ക്ക് ഒരു കാവൽ മന്ത്രിസഭയായി തുടരാവുന്നതാണ്. 294 അംഗ നിയമസഭയിൽ ബിജെപി 207 സീറ്റുകൾ നേടി മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കിയതോടെയാണ് തൃണമൂൽ കോൺഗ്രസിന്റെ 15 വർഷത്തെ ഭരണത്തിന് അന്ത്യമായത്.
മമതയുടെ നേതൃത്വത്തിലുള്ള പാർട്ടിക്ക് ഇത്തവണ 80 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി കനത്ത പരാജയം നേരിട്ടതിന് പിന്നാലെ ചൊവ്വാഴ്ച വൈകുന്നേരം മമത ബാനർജി നടത്തിയ പ്രഖ്യാപനം വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.
താൻ തിരഞ്ഞെടുപ്പിൽ തോറ്റിട്ടില്ലെന്നും ബിജെപിക്ക് ലഭിച്ച ജനവിധി 'കൊള്ളയുടെ' ഫലമാണെന്നും ആയിരുന്നു മമതയുടെ വാദം. 'ഞാൻ തോറ്റിട്ടില്ല, അതിനാൽ ഞാൻ രാജ്ഭവനിലേക്ക് പോകില്ല. ഞാൻ രാജി സമർപ്പിക്കില്ല.' എന്നാണ് വാർത്താ സമ്മേളനത്തിൽ അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞത്.
ഇത് വലിയ പ്രശ്‌നങ്ങൾക്കാണ് വഴിവെച്ചത്. പ്രതിപക്ഷ മുന്നണി മമതയ്ക്ക് പിന്തുണയുമായി ഒപ്പം നിന്നു, അതേസമയം അവരെ പുറത്താക്കണമെന്ന് ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു. ഇതിനിടെ, പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ വിവിധയിടങ്ങളിൽ അക്രമ സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Content Highlights: Governor RN Ravi dissolved the West Bengal Legislative Assembly on May 7, 2026. The dissolution followed Chief Minister Mamata Banerjee's refusal to resign from her post. The order was issued under the powers conferred by Article 174(2)(b) of the Constitution of India.
Published: 07 May 2026, 07:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented