
ന്യൂഡൽഹി: 2011-ലെ സെൻസസ് ഡാറ്റയുടെ അടിസ്ഥാനത്തിൽ, തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജനത്തിന് സർക്കാരിന് അധികാരമുണ്ടെന്ന കേരള ഹൈക്കോടതി വിധിക്കെതിരേ മുസ്‌ലിം ലീഗ് സുപ്രീം കോടതിയെ സമീപിച്ചു. കോഴിക്കോട് ജില്ലയിലെ വിവിധ മുൻസിപ്പാലിറ്റികളിലെ ആറ് ലീഗ് നേതാക്കളാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽചെയ്തത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
2011-ലെ സെൻസസ് ഡാറ്റ കാലഹരണപ്പെട്ടതാണെന്ന് ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. ഈ വർഷം പുതിയ സെൻസസ് നടക്കാനിരിക്കെ പഴയ സെൻസസിന്റെ അടിസ്ഥാനത്തിൽ വാർഡ് വിഭജനം നടത്തിയത് തെറ്റാണെന്നാണ് ഹർജിയിലെ ആരോപണം. രാജ്യസഭാംഗം ഹാരിസ് ബീരാൻ മുഖേനെയാണ് മുസ്‌ലിം ലീഗ് നേതാക്കൾ സുപ്രീം കോടതിയിൽ ഹർജി ഫയൽചെയ്തിരിക്കുന്നത്. യുഡിഎഫ് ഭരണത്തിലുള്ള മട്ടന്നൂർ മുനിസിപ്പാലിറ്റിയും കേരള ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തിട്ടുണ്ട്. അഭിഭാഷകനായ അബ്ദുള്ള നസീഹ് ആണ് ഹർജി ഫയൽ ചെയ്തത്. ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പടുവിക്കും മുൻപ് തങ്ങളുടെ വാദം കേൾക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ തടസഹർജി ഫയൽചെയ്തിട്ടുണ്ട്.
കണ്ണൂരിലെ മട്ടന്നൂർ, പാനൂർ, ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റികളിലും കോഴിക്കോട്ടെ മുക്കം, കൊടുവള്ളി, പയ്യോളി, ഫറോക്ക് മുനിസിപ്പാലിറ്റികളിലും പാലക്കാട്ടെ പട്ടാമ്പി മുനിസിപ്പാലിറ്റിയിലും കാസർകോട്ടെ പടന്ന പഞ്ചായത്തിലും നടത്തിയ വാർഡ് വിഭജനം നിയമവിരുദ്ധമെന്ന് കേരള ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ, ഡിവിഷൻ ബെഞ്ച് വാർഡ് പുനർവിഭജനം ശരിവച്ച് ഉത്തരവ് ഇറക്കി. ഇതിനെതിരെയാണ് സുപ്രീം കോടതിയിൽ അപ്പീൽ ഫയൽചെയ്തിരിക്കുന്നത്.
Content Highlights: ward delimitation muslim league approaches supreme court
Published: 03 Mar 2025, 09:07 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented