ന്യൂഡല്‍ഹി: ഒരു പകലും പകുതി രാത്രിയും നീണ്ട കടുത്ത രാഷ്ട്രീയപ്പോരിനൊടുവിൽ വഖഫ് ബിൽ ലോക്‌സഭ കടന്നു. ബിൽ വ്യവസ്ഥകൾ ഉയർത്തിയും ന്യൂനപക്ഷവിഭാഗങ്ങളോടുള്ള സമീപനം വിചാരണചെയ്തും ആരോപണ-പ്രത്യാരോപണങ്ങൾ ആയുധമാക്കിയും ഭരണ-പ്രതിപക്ഷങ്ങൾ പങ്കെടുത്ത തീപാറിയ വാക്‌യുദ്ധത്തിനുശേഷം ബുധനാഴ്ച അർധരാത്രിയോടെയാണ് ബിൽ പാസാക്കിയത്. 283 അംഗങ്ങൾ ബില്ലിനെ അനുകൂലിച്ചു. അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് തെലുഗുദേശം പാർട്ടി (ടിഡിപി), ജെഡിയു, എൽജെപി, ആർഎൽഡി ഉൾപ്പെടെയുള്ള എൻഡിഎ ഘടകകക്ഷികൾ ബില്ലിനെ പിന്തുണച്ചു. 232 എംപിമാർ എതിർത്ത് വോട്ടുചെയ്തു. 12 മണിക്കൂറിലേറെ ചർച്ച നീണ്ടു. ബിൽ വ്യാഴാഴ്ച രാജ്യസഭ പരിഗണിക്കും. രാജ്യസഭ കടന്നാൽ ബില്ലിന് പാർലമെന്റിന്റെ അംഗീകാരമാകും. തുടർന്ന് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കും.
ബില്ലിനെ പ്രതിപക്ഷ അംഗങ്ങൾ ഒറ്റക്കെട്ടായി എതിർത്തു. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ അവധിക്ക് അപേക്ഷ നൽകി മധുരയിലെത്തിയിരുന്ന സിപിഎം അംഗങ്ങൾ മടങ്ങിയെത്തി ചർച്ചയിലും വോട്ടെടുപ്പിലും പങ്കെടുത്ത് വിയോജിപ്പ് രേഖപ്പെടുത്തി. കേരളത്തിലെ മുനമ്പം വിഷയവും ചർച്ചയ്ക്കിടെ രൂക്ഷമായ വാക്കേറ്റത്തിന് ഇടയാക്കി. കേന്ദ്രമന്ത്രിമാരായ ജോർജ് കുര്യനും സുരേഷ് ഗോപിയും കേരളത്തിൽനിന്നുള്ള മറ്റംഗങ്ങളും തമ്മിൽ രണ്ടുവട്ടം കൊന്പുകോർത്തു. ചർച്ചയ്ക്ക് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരൺ റിജിജുവും മറുപടി നൽകി. പ്രതിപക്ഷഅംഗങ്ങൾ അവതരിപ്പിച്ച ഭേദഗതികളെല്ലാം തള്ളി. സംയുക്ത പാർലമെന്ററി സമിതി (ജെപിസി) നേരത്തേ ശുപാർശചെയ്ത 14 ഭേദഗതികൾ സർക്കാർ നിർദേശമായി ഉൾപ്പെടുത്തിയാണ് ബിൽ പാസാക്കിയത്.
രണ്ട് സുപ്രധാനവ്യവസ്ഥകൾ ചേർത്തു
14 ഭേദഗതികളിൽ നേരത്തേ ബില്ലിന്റെ ഭാഗമല്ലാതിരുന്നതും ജെപിസി നിർദേശിച്ചതുമായ രണ്ട് സുപ്രധാന വ്യവസ്ഥകൾകൂടി ഉൾപ്പെടുത്തി. ഒന്ന്, ആദിവാസി ഭൂമി വഖഫാക്കാൻ പാടില്ല. രണ്ട്, വിവിധ നിയമങ്ങളിലൂടെ ചരിത്രസ്മാരകങ്ങളായി പ്രഖ്യാപിച്ച മന്ദിരങ്ങൾ വഖഫ് സ്വത്താക്കാൻ പാടില്ല. ഇത്തരത്തിൽ വഖഫായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ അവ പുതിയനിയമം നിലവിൽ വരുന്നതോടെ റദ്ദാകും. ഈ രണ്ടു വ്യവസ്ഥകളും സർക്കാർ ഭേദഗതികളിലൂടെ ബില്ലിന്റെ ഭാഗമായി.
Content Highlights: Waqf Amendment Bill Passed in Lok Sabha
Published: 03 Apr 2025, 02:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented