പട്‌ന: ബിഹാറിലെ സമസ്തിപുര്‍ ജില്ലയിലെ ശീതള്‍പട്ടി ഗ്രാമത്തിലെ എസ്ആര്‍ കോളേജിന് സമീപം വന്‍തോതില്‍ വിവിപാറ്റ് (വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍) സ്ലിപ്പുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച നടന്ന ആദ്യഘട്ട വോട്ടെടുപ്പിന് മുമ്പ് നടത്തിയ മോക്ക് പോളിനിടെ ഉപയോഗിച്ച സ്ലിപ്പുകളാണിതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ശനിയാഴ്ച അന്വേഷണത്തിന് ഉത്തരവിട്ടു.

To advertise here,

സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന്, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍, സമസ്തിപുര്‍ ജില്ലാ മജിസ്ട്രേറ്റിനോട് സ്ഥലം സന്ദര്‍ശിച്ച് അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ചു.

'സമസ്തിപുര്‍ ജില്ലാ മജിസ്ട്രേറ്റിനോട് സ്ഥലം സന്ദര്‍ശിച്ച് അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇവ മോക്ക് പോളിന്റെ വിവിപാറ്റ് സ്ലിപ്പുകളായതിനാല്‍, തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയ്ക്ക് കോട്ടം സംഭവിച്ചിട്ടില്ല. മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെയും ജില്ലാ മജിസ്ട്രേറ്റ് വിവരം അറിയിച്ചിട്ടുണ്ട്. എന്നിരുന്നാലും, കൃത്യവിലോപത്തിന്റെ പേരില്‍ ബന്ധപ്പെട്ട എആര്‍ഒയെ സസ്പെന്‍ഡ് ചെയ്യുകയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.' തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

എസ്ആര്‍ കോളേജിന് സമീപം അച്ചടിച്ച വിവിപാറ്റ് സ്ലിപ്പുകള്‍ ചിതറിക്കിടക്കുന്നതായി നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ജില്ലാ ഭരണകൂടം നടപടി ആരംഭിച്ചത്. ആദ്യഘട്ട വോട്ടെടുപ്പ് ദിവസം വോട്ടെടുപ്പിന് മുമ്പ് നടത്തിയ മോക്ക് പോള്‍ പ്രക്രിയയുടേതാണ് ഇവയെന്ന് പ്രാഥമിക അന്വേഷണത്തിന് ശേഷം ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

സരൈരഞ്ജന്‍ അസംബ്ലി മണ്ഡലത്തില്‍ ചില വിവിപാറ്റ് സ്ലിപ്പുകള്‍ കണ്ടെത്തിയതായി വിവരം ലഭിച്ചെന്ന് സമസ്തിപുര്‍ ജില്ലാ മജിസ്ട്രേറ്റും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുമായി റോഷന്‍ കുശ്വാഹ പറഞ്ഞു.

'കമ്മീഷനിങ് ആന്‍ഡ് ഡിസ്പാച്ച് സെന്ററിലാണ് ഇവയുണ്ടായിരുന്നത്. പരിശോധനയില്‍, കീറിയെറിഞ്ഞ ധാരാളം സ്ലിപ്പുകള്‍ക്കിടയില്‍, കീറാത്ത കുറച്ച് സ്ലിപ്പുകളും ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ജില്ലാ ഭരണകൂടം ഈ സ്ലിപ്പുകള്‍ കണ്ടുകെട്ടുകയും പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. കൃത്യവിലോപത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും. കണ്ടെടുത്ത സ്ലിപ്പുകളുടെ യഥാര്‍ത്ഥ സ്വഭാവം അന്വേഷണത്തില്‍ വ്യക്തമാകും. ഇത് പൂര്‍ണ്ണമായും ഒരു സാങ്കേതിക കാര്യമാണ്, അന്വേഷണത്തിന് ശേഷം എല്ലാ വിവരങ്ങളും വ്യക്തമാകും.' ജില്ലാ മജിസ്ട്രേറ്റ് വ്യക്തമാക്കി.

'കമ്മീഷനിംഗ് പ്രക്രിയയില്‍, അഞ്ചുശതമാനം വോട്ടിംഗ് മെഷീനുകളില്‍ മോക്ക് പോളുകള്‍ നടത്താറുണ്ട്. പരിശോധനയുടെ ഭാഗമായി ഓരോന്നിലും ഏകദേശം 1,000 വോട്ടുകള്‍ രേഖപ്പെടുത്തും. കൂടാതെ, കമ്മീഷനിംഗ് സമയത്ത്, ശരിയായ ചിഹ്നം ലോഡ് ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനായി ഓരോ സ്ഥാനാര്‍ത്ഥിയുടെയും ബട്ടണ്‍ അമര്‍ത്തും. ഈ മോക്ക് പോളുകള്‍ ധാരാളം വിവിപാറ്റ് സ്ലിപ്പുകള്‍ ഉണ്ടാക്കുന്നു. ഇവയില്‍, കീറിയതും കീറാത്തതുമായ ചില സ്ലിപ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്. വിഷയം അന്വേഷണത്തിലാണ്, ഉത്തരവാദികള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും.' കുശ്വാഹ കൂട്ടിച്ചേര്‍ത്തു.

സിഇസിയുടെ നിര്‍ദ്ദേശപ്രകാരം, തിരഞ്ഞെടുപ്പ് സാമഗ്രികള്‍ കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയ്ക്ക് ബന്ധപ്പെട്ട അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറെ (എആര്‍ഒ) സസ്പെന്‍ഡ് ചെയ്തു. മോക്ക് പോള്‍ സ്ലിപ്പുകള്‍ എങ്ങനെയാണ് അനുചിതമായി ഉപേക്ഷിച്ചതെന്നും അവ നീക്കം ചെയ്യുന്നതില്‍ എന്തെങ്കിലും നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായോ എന്നും കണ്ടെത്താന്‍ ജില്ലാ അധികൃതര്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കണ്ടെത്തലുകള്‍ ഉടന്‍ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കും.