ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടിങ് യന്ത്രത്തിന്റെ ബേണ്‍ഡ് മെമ്മറിയും വിവിപാറ്റും തമ്മില്‍ ഒത്തുനോക്കാന്‍ ഇതുവരെ എട്ടു അപേക്ഷകള്‍ ലഭിച്ചതായി കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷന്‍. മൂന്നുവീതം ബി.ജെ.പി- കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളും ഓരോ ഡി.എം.ഡി.കെ, വൈ.എസ്.ആര്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുമാണ് കമ്മിഷനെ സമീപിച്ചത്.
ബി.ജെ.പിയുടെ മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗര്‍, തമിഴ്‌നാട്ടിലെ വെല്ലൂര്‍, തെലങ്കാനയിലെ സഹിറാബാദ് സ്ഥാനാര്‍ഥികളാണ് ആവശ്യമുന്നയിച്ചത്. കോണ്‍ഗ്രസിന്റെ ഛത്തീസ്ഗഢിലെ കന്‍കര്‍, ഹരിയാണയിലെ ഫരീദാബാദ്, കര്‍ണാല്‍ സ്ഥാനാര്‍ഥികളുമാണ് കമ്മിഷനെ സമീപിച്ചത്. വൈ.എസ്.ആര്‍. കോണ്‍ഗ്രസിന്റെ വിഴിയനഗരം സ്ഥാനാര്‍ഥിയും വിരുദുനഗറിലെ ഡി.എം.ഡി.കെ. സ്ഥാനാര്‍ഥിയുമാണ് മറ്റുരണ്ട് ആവശ്യക്കാര്‍.
നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ആന്ധ്രപ്രദേശിലെ രണ്ട് മണ്ഡലങ്ങളിലും ഒഡീഷയിലെ ഒരിടത്തും വിവിപാറ്റ് പരിശോധനയ്ക്ക് സ്ഥാനാര്‍ഥികള്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പുകളില്‍ രണ്ടുമൂന്നും സ്ഥാനത്തെത്തിയ സ്ഥാനാര്‍ഥികള്‍ക്ക് യന്ത്രത്തിന്റെ പ്രോഗ്രാമില്‍ സംശയംതോന്നിയാല്‍ പരിശോധിക്കാന്‍ അവസരം നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ചുശതമാനം ഇ.വി.എമ്മുകള്‍ പരിശോധിക്കാം. അപേക്ഷ ലഭിച്ചാല്‍ ഇ.വി.എം. നിര്‍മാതാക്കളുടെ എന്‍ജിനിയര്‍മാര്‍ ബന്ധപ്പെട്ട യന്ത്രങ്ങള്‍ പരിശോധിക്കണം. പോളിങ് ബൂത്തുകളുടെ സീരിയല്‍ നമ്പറുകള്‍ ഉപയോഗിച്ച് സ്ഥാനാര്‍ഥികള്‍ ഇ.വി.എമ്മുകള്‍ തിരഞ്ഞെടുക്കണം. പരിശോധന നടക്കുമ്പോള്‍ സ്ഥാനാര്‍ഥികള്‍ക്കും പ്രതിനിധികള്‍ക്കും ഹാജരായിരിക്കാം. പരിശോധനയ്ക്കുശേഷം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ പ്രോഗ്രാമിന്റെ ആധികാരികത വിജ്ഞാപനംചെയ്യണം. പരിശോധനയ്ക്കുചെലവാകുന്ന തുക അപേക്ഷനല്‍കുന്ന സ്ഥാനാര്‍ഥി നല്‍കണം.
ക്രമക്കേട് കണ്ടെത്തിയാല്‍ തുക തിരിച്ചുകൊടുക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. മുഴുവന്‍ വി.വി. പാറ്റ് സ്ലിപ്പുകളും ഒത്തുനോക്കണം, വോട്ടെടുപ്പിനുശേഷം വി.വി.പാറ്റ് സ്ലിപ്പ് ബാലറ്റുപെട്ടിയില്‍ നിക്ഷേപിക്കാന്‍ വോട്ടര്‍മാരെ അനുവദിക്കണം, പേപ്പര്‍ ബാലറ്റിലേക്ക് തിരിച്ചുപോകണം എന്നീ ആവശ്യങ്ങളുമായി നല്‍കിയ ഹര്‍ജികള്‍ തള്ളിക്കൊണ്ടുള്ള വിധിയിലായിരുന്നു കോടതിയുടെ നിര്‍ദേശം.
ഇ.വി.എം. യൂണിറ്റ് പരിശോധനയ്ക്കായി 40,000 രൂപയും 18 ശതമാനം ജി.എസ്.ടി.യും കെട്ടിവെക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്. മൈക്രോ കൺട്രോളർ യൂണിറ്റിൽ ഏതെങ്കിലും തരത്തിലുള്ള മാറ്റമോ അട്ടിമറിയോ നടന്നിട്ടുണ്ടോയെന്ന് ഇത്തരത്തിൽ പരിശോധിക്കാം. ഫലം പ്രഖ്യാപിച്ച് 45 ദിവസത്തിനകമാണ് ആവശ്യം ഉന്നയിക്കേണ്ടത്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജൂലായ് 19 വരെ സ്ഥാനാര്‍ഥികള്‍ക്ക് അവസരമുണ്ടാകും.
ഒരു പാർലമെന്റ് മണ്ഡലത്തിലുൾപ്പെട്ട ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ചുശതമാനം ഇ.വി.എം. യൂണിറ്റുകൾ ഇത്തരത്തിൽ പരിശോധിക്കാൻ അനുവദിക്കണമെന്നാണ് സുപ്രീംകോടതി നിർദേശം. ഒരു നിയമസഭാ മണ്ഡലത്തിൽ മൊത്തം ഉപയോഗിക്കുന്ന ഇ.വി.എമ്മുകൾ കണക്കാക്കിയാൽ 400 ബാലറ്റ് യൂണിറ്റുകൾ, 200 കൺട്രോൾ യൂണിറ്റുകൾ, 200 വി.വി. പാറ്റുകൾ എന്നിവയുണ്ടാകും. ഇതിന്റെ അഞ്ച് ശതമാനമാകുമ്പോൾ 20 ബാലറ്റ് യൂണിറ്റുകൾ 10 കൺട്രോൾ യൂണിറ്റുകൾ 10 വി.വി. പാറ്റുകൾ എന്നിവ പരിശോധിക്കാനാകും.
Content Highlights: Lok Sabha elections: EC receives 8 pleas seeking verification of EVMs, VVPAT units
Published: 20 Jun 2024, 06:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented