ഉത്തരകാശി: നിര്‍മ്മാണത്തിലിരിക്കുന്ന സില്‍ക്യാര തുരങ്കം തകര്‍ന്ന് ഉള്ളില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കുന്നതിനായുള്ള ദൗത്യം തുടരുന്നു. തുരങ്കത്തിനകത്തേക്ക് എത്തിച്ച കുഴലിലൂടെ തൊഴിലാളികളെ പുറത്തെത്തിക്കുന്നതിന് മുന്നോടിയായി പരീക്ഷണ രക്ഷാദൗത്യം നടത്തിയിരിക്കുകയാണ് ദേശീയ ദുരന്ത പ്രതികരണ സേന (എന്‍.ഡി.ആര്‍.എഫ്). ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. 

To advertise here,

തുരങ്കത്തിനുള്ളിലേക്ക് കുഴല്‍ കടത്താനുള്ള ഡ്രില്ലിങ് പുരോഗമിക്കുന്നതിനൊപ്പമാണ് പരീക്ഷണ രക്ഷാദൗത്യം നടത്തിയത്. ചക്രങ്ങള്‍ ഘടിപ്പിച്ച സ്ട്രക്ചറിലാണ് തൊഴിലാളികളെ പുറത്തെത്തിക്കുക. ഇതിനനുസരിച്ച് വലുപ്പമുള്ള കുഴലാണ് തുരങ്കത്തിലേക്ക് കടത്തുന്നത്. ഓരോ തൊഴിലാളിയെയായി സ്ട്രക്ചറില്‍ കിടത്തിയ ശേഷം കയര്‍ കെട്ടി മറുഭാഗത്ത് നിന്ന് വലിച്ചാണ് രക്ഷാദൗത്യം നടത്തുക. 

തുരങ്കം തകര്‍ന്നപ്പോഴുണ്ടായ ലോഹഅവശിഷ്ടങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള ഡ്രില്ലിങ് ഇടയ്ക്കിടെ തടസപ്പെടാന്‍ കാരണം. വെള്ളിയാഴ്ച രാവിലെ പുനരാരംഭിച്ച ഡ്രില്ലിങ് ഇപ്പോഴും പുരോഗമിക്കുകയാണ്. ഭൂഗര്‍ഭ റഡാര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ 46 മീറ്ററിനപ്പുറമുള്ള അടുത്ത അഞ്ച് മീറ്റര്‍ ദൂരത്ത് ലോഹഭാഗങ്ങള്‍ കൊണ്ടുള്ള തടസം ഇല്ല എന്ന് കണ്ടെത്തിയത് ആശ്വാസമാണ്. 

നവംബര്‍ 12-നാണ് ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലുള്ള സില്‍ക്യാരയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കം തകര്‍ന്ന് 41 തൊഴിലാളികള്‍ ഉള്ളില്‍ കുടുങ്ങിയത്. 13 ദിവസമായി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്. ഇവര്‍ക്ക് വിനോദത്തിനായി ചെസ്, ലുഡോ, ചീട്ട് എന്നിവ ലഭ്യമാക്കും. മാനസികപിരിമുറുക്കം കുറയ്ക്കാന്‍ തങ്ങള്‍ കള്ളനും പോലീസും കളിക്കുന്നുണ്ടെന്നും യോഗയും മറ്റ് വ്യായാമങ്ങളും ചെയ്യുന്നുണ്ടെന്നും തൊഴിലാളികള്‍ അറിയിച്ചു.