ഭോപ്പാല്‍: മധ്യപ്രദേശിലെ ജബല്‍പുരില്‍ കത്തോലിക്കാ പുരോഹിതര്‍ക്കും അല്‍മായര്‍ക്കും നേരെയുണ്ടായ ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. രണ്ട് മലയാളി വൈദികര്‍ ഉള്‍പ്പെട്ട സംഘത്തിന് നേരെയാണ് ക്രൂരമായ ആക്രമണമുണ്ടായത്. ജയ് ശ്രീറാം വിളിച്ചെത്തിയ സംഘം മര്‍ദിച്ചുവെന്നും അസഭ്യം പറഞ്ഞുവെന്നും ഫാദര്‍ ഡേവിസും ഫാദര്‍ ജോര്‍ജും വ്യക്തമാക്കി. 

To advertise here,

പോലിസ് സ്റ്റേഷനില്‍ പോലീസുകാര്‍ക്ക് മുന്നിലിട്ടാണ് വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ വൈദികരെ മര്‍ദിച്ചത്. 'ക്രൂരതയും ഗുണ്ടായിസവും ജനാധിപത്യത്തിന് പറ്റിയതല്ല. ഇവിടെ നിയമമുണ്ട്. നിയമത്തിന് എതിരായി ഒന്നും ചെയ്യരുത്. ചെറിയ ഗ്രൂപ്പുകള്‍ വന്ന് അവര്‍ പറയുന്നത് ശരിയാണെന്ന് വാദിക്കുന്നത് വിരോധാഭാസമാണ്. ആ വീഡിയോ കണ്ടാല്‍ ആ ഗ്രൂപ്പുകള്‍ ആരാണെന്ന് മനസിലാകും. കേസുമായി മുന്നോട്ടുപോകാനാണ് തീരുമാനം. ആരെങ്കിലുമൊക്കെ എതിര്‍ത്ത് സംസാരിക്കണം. എല്ലാവരും പേടിച്ചിരുന്നാല്‍ ശരിയാവില്ല.' -ഫാദര്‍ ഡേവിസ് മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.

അതേസമയം, പുരോഹിതര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഡീന്‍ കുര്യാക്കോസ് എംപി ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഡീന്‍ കുര്യാക്കോസ് ഇക്കാര്യം വ്യക്തമാക്കിയത്. സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു. 

ഏപ്രില്‍ ഒന്നിനാണ് ആക്രമണമുണ്ടായത്. ജൂബിലി 2025 ആഘോഷങ്ങളുടെ ഭാഗമായി പള്ളികള്‍ സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു ആക്രമണം. ഇതിന്റെ വീഡിയോ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.