ചെന്നൈ: തമിഴ്‌നാട്ടിൽ നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) അധികാരത്തിൽ വന്നതിന് പിന്നാലെ, തമിഴ്നാട് രാഷ്ട്രീയത്തിലെ സഖ്യകക്ഷികളായ ഡിഎംകെ- വിസികെ(വിടുതലൈ ചിരുതൈകൾ കക്ഷി) നേതാക്കൾ തമ്മിലുള്ള പോര് രൂക്ഷമാകുന്നു. വിസികെയെ ലക്ഷ്യമിട്ട് മുതിർന്ന ഡിഎംകെ നേതാവ് എ. രാജ നടത്തിയ പരിഹാസരൂപേണയുള്ള പരാമർശം വലിയ വിവാദത്തിന് കാരണമായി. പിന്നാലെ സമാധാനശ്രമങ്ങളുമായി മുതിർന്ന നേതാവ് എം.കെ. സ്റ്റാലിനും രംഗത്തെത്തി.
വിവാദ പ്രസ്താവനകൾക്ക് പേരുകേട്ട ഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എ. രാജയാണ് വിവാദ പ്രസ്താവന നടത്തിയത്. 'അയൽക്കാരന്റെ പറമ്പിലേക്ക് ചാഞ്ഞ് അവർക്ക് തേങ്ങ നൽകുന്ന തെങ്ങിനെപ്പോലെ മറ്റുള്ളവർക്ക് ഗുണമുണ്ടാക്കാൻ ശ്രമിക്കുന്നവർക്ക് എന്ത് പേരാണ് നൽകേണ്ടത്' എന്നായിരുന്നു രാജയുടെ പരാമർശം.
'എന്റെ തോട്ടത്തിലെ തെങ്ങ് അയൽക്കാരന്റെ പറമ്പിലേക്ക് ചാഞ്ഞ് അവർക്ക് കരിക്ക് നൽകിയാൽ സാഹിത്യത്തിൽ അതിനെ 'മുറ്റത്തെങ്ങ്' എന്ന് വിളിക്കും; രാഷ്ട്രീയത്തിൽ ഇതിന് എന്ത് പേരാണ് നൽകേണ്ടത്.' രാജ എക്‌സിൽ കുറിച്ചു. 'തമിഴ് വാഴട്ടെ' എന്ന് പറഞ്ഞാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിച്ചത്.
ഇതിൽ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയ വിസികെ, തങ്ങൾ മറ്റ് പാർട്ടികളുടെ ഔദാര്യം കൊണ്ടല്ല വളർന്നതെന്ന് ആവർത്തിച്ചു. തങ്ങളുടെ വിയർപ്പും ചോരയുമാണ് അടിച്ചമർത്തപ്പെട്ടവരുടെ വോട്ട് ബാങ്ക് നിലനിർത്തിയതെന്നും സഖ്യകക്ഷികളുടെ വിജയത്തിന് സഹായിച്ചതെന്നും പാർട്ടി അവകാശപ്പെട്ടു.
'പാർട്ടി മാറ്റത്തെക്കുറിച്ച് സംസാരിക്കാൻ മറ്റ് പാർട്ടികൾക്ക് എന്ത് അവകാശമാണുള്ളത്? കോൺഗ്രസിനെ പരാജയപ്പെടുത്താൻ സംഘപരിവാറുമായി (ബിജെപി) സഖ്യമുണ്ടാക്കിയ ചരിത്രം ആരുടേതാണ്? വാജ്‌പേയി മന്ത്രിസഭയിൽ അംഗമായ ശേഷം അതേ ബിജെപിയെ എതിർത്തത് ആരുടെ സ്വാർത്ഥതയാണ്? തമിഴ്നാട് ഇത്തരം നിരവധി രാഷ്ട്രീയ നാടകങ്ങൾ കണ്ടിട്ടുണ്ട്.' വിസികെ ‘എക്‌സി’ൽ കുറിച്ചു.
സഖ്യകക്ഷികൾ തമ്മിലുള്ള ഈ വാക്‌പോര് മുറുകിയതോടെ മുതിർന്ന ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിൻ സമാധാനാഹ്വാനവുമായി രംഗത്തെത്തി. അനാവശ്യമായ തർക്കങ്ങളിൽ ഏർപ്പെടാതെ മിതത്വം പാലിക്കണമെന്ന് അദ്ദേഹം ഇരുപക്ഷത്തോടും നിർദ്ദേശിച്ചു. ആരെയും വേദനിപ്പിക്കുന്ന തരത്തിലുള്ള കടുത്ത വാക്കുകൾ ഉപയോഗിക്കരുതെന്ന് ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ പാർട്ടി പ്രവർത്തകരോട് അഭ്യർത്ഥിച്ചു. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഒഴിവാക്കാനാണ് ടിവികെ സർക്കാരിനെ പിന്തുണച്ചതെന്നും തങ്ങളുടെ 'സ്വതന്ത്രമായ' തീരുമാനത്തെക്കുറിച്ച് സ്റ്റാലിന് അറിവുണ്ടായിരുന്നുവെന്നും വിസികെയും ഐയുഎംഎല്ലും നേരത്തെ വ്യക്തമാക്കിയിരുന്നു. ഇവർക്ക് പുറമെ ഇടതുപക്ഷ പാർട്ടികളും കോൺഗ്രസും ടിവികെയെ സർക്കാർ രൂപീകരിക്കാൻ പിന്തുണച്ചിരുന്നു.
തിരഞ്ഞെടുപ്പിന് ശേഷം പിന്തുണ പ്രഖ്യാപിച്ച തോൽ തിരുമാവളവൻ നയിക്കുന്ന വിസികെ ഇന്ന് ടിവികെ മന്ത്രിസഭയുടെ ഭാഗമായി. തിണ്ടിവനം മണ്ഡലത്തിൽനിന്ന് വിജയിച്ച വിസികെ നേതാവ് വണ്ണി അരശു, പാപനാശത്ത് നിന്ന് തിരഞ്ഞെടുക്കപ്പെട്ട എ.എം. ഷാജഹാൻ എന്നിവർ മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ സാന്നിധ്യത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിൽ നിന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
ഷാജഹാനെ ന്യൂനപക്ഷ ക്ഷേമ മന്ത്രിയായും വണ്ണി അരശുവിനെ സാമൂഹിക നീതി മന്ത്രിയായും നിയമിച്ചു. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് വരെ ഡിഎംകെയുടെ സഖ്യകക്ഷികളായിരുന്ന വിടുതലൈ ചിരുതൈകൾ കക്ഷിയും ഐയുഎംഎല്ലും, നിയമസഭയിൽ കേവലഭൂരിപക്ഷമായ 118 തികയ്ക്കാൻ കഴിയാതിരുന്ന ടിവികെ സർക്കാരിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.
Content Highlights: DMK's A Raja mocked VCK and IUML for joining the TVK cabinet. VCK retorted that it does not grow at the mercy of other parties. The 2026 government formation required support from VCK and IUML to reach a majority. Vanni Arasu and A M Shahjahan were sworn in as ministers in the TVK-led cabinet.
Published: 22 May 2026, 06:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented