ന്യൂഡല്‍ഹി: ഇന്ത്യയുടെ 'ടൈഗര്‍ മാന്‍' എന്നറിയപ്പെടുന്ന പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകൻ വാല്‍മീക് ഥാപ്പര്‍ അന്തരിച്ചു. ശനിയാഴ്ച രാവിലെ ഡല്‍ഹിയിലെ കൗടില്യ മാര്‍ഗിലെ വസതിയിലായിരുന്നു അര്‍ബുദരോഗത്തോട് മല്ലിട്ടിരുന്ന ഥാപ്പറിന്റെ അന്ത്യം. 73 വയസ്സായിരുന്നു. ശനിയാഴ്ച മൂന്നരയോടെ ലോധി വൈദ്യുത ശ്മശാനത്തില്‍ ഭൗതികശരീരം സംസ്‌കരിക്കും.
കടുവകളുടെ സംരക്ഷണത്തിനായി പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചു, വന്യജീവി സംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്കായി സ്വന്തം ജീവിതത്തിന്റെ നാല് പതിറ്റാണ്ട് ഥാപ്പര്‍ നീക്കിവെച്ചു. പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്കായി നിലകൊള്ളുന്ന രന്ഥംബോര്‍ ഫൗണ്ടേഷന്റെ സഹസ്ഥാപകനാണ് ഥാപ്പര്‍. വേട്ടയാടലിനെതിരെയുള്ള ശക്തമായ നിയമങ്ങള്‍ക്കും കടുവകളുടെ പ്രകൃത്യാലുള്ള ആവാസകേന്ദ്രങ്ങളുടെ സംരക്ഷണത്തിനും വേണ്ടി നിരന്തരം ശബ്ദമുയര്‍ത്തിയിരുന്ന വ്യക്തിയാണ് ഥാപ്പര്‍.
150-ഓളം സര്‍ക്കാര്‍ പാനലുകളിലും ദൗത്യസേനകളിലും ഥാപ്പര്‍ സേവനമനുഷ്ഠിച്ചുണ്ട്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള നാഷണല്‍ ബോര്‍ഡ് ഓഫ് വൈല്‍ഡ് ലൈഫ് ഇതിലുള്‍പ്പെടുന്നു. സരിസ്‌ക ടൈഗര്‍ റിസര്‍വില്‍ കടുവകളുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ 2005-ല്‍ യുപിഎ സര്‍ക്കാര്‍ രൂപവത്കരിച്ച ടൈഗര്‍ ടാസ്‌ക് ഫോഴ്‌സിലേക്ക് ഥാപ്പര്‍ നിയോഗിക്കപ്പെട്ടു. പരിസ്ഥിതി പ്രവര്‍ത്തകയായ സുനിത നരെയ്‌നായിരുന്നു ടാസ്‌ക് ഫോഴ്‌സിന്റെ അധ്യക്ഷ. കടുവകളുടെ ദീര്‍ഘകാല സംരക്ഷണത്തിനായി വലിയതോതില്‍ ഭൂമി ആവശ്യമുണ്ടെന്ന് ഥാപ്പര്‍ വാദിച്ചിരുന്നു.
വന്യജീവി വിഷയത്തില്‍ മുപ്പതിലധികം പുസ്തകങ്ങള്‍ ഥാപ്പര്‍ രചിച്ചു. നാഷണല്‍ ജിയോഗ്രഫിക് ചാനല്‍, ഡിസ്‌കവറി നെറ്റ്‌വർക്‌സ്, ബിബിസി എന്നിവയ്ക്കുവേണ്ടി ഒരുക്കിയ ഡോക്യുമെന്ററികളിലൂടെ ഇന്ത്യയുടെ വന്യജീവി സമ്പത്ത് ലോകത്തിനു മുന്‍പിലെത്തിക്കുന്നതിലും ഥാപ്പര്‍ നിര്‍ണായക പങ്കുവഹിച്ചു.
പ്രശസ്ത മാധ്യമപ്രവര്‍ത്തകനായിരുന്ന റൊമേഷ് ഥാപ്പറിന്റെ മകനാണ്. ലോകപ്രശസ്ത ചരിത്രകാരി റോമില ഥാപ്പര്‍ പിതൃസഹോദരിയാണ്. ബോളിവുഡ് താരം ശശി കപൂറിന്റെ മകളും തിയറ്റര്‍ ആര്‍ട്ടിസ്റ്റുമായ സഞ്ജന കപൂറാണ് ഭാര്യ. ഇവര്‍ക്ക് ഒരു മകനുണ്ട്.
Content Highlights: Renowned Indian conservationist Valmik Thapar, known as the `Tiger Man of India`, passed away at 73
Published: 31 May 2025, 01:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented