വഡോദര: പരസ്യമായി സസ്യേതര വിഭവങ്ങള്‍ വില്‍ക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ഗുജറാത്തിലെ വഡോദര മുന്‍സിപ്പല്‍ കോര്‍പറേഷന്‍. നഗരത്തിലെ വഴിയോര കടകളിലും ഭക്ഷണശാലകളിലും വില്‍ക്കുന്ന എല്ലാത്തരം സസ്യേതര വിഭവങ്ങളും പൊതുജനങ്ങള്‍ കാണുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് വഡോദര മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹിതേന്ദ്ര പട്ടേല്‍ വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഇത് മതവികാരവുമായി ബന്ധപ്പെട്ട വിഷയമാണെന്നും ഹിതേന്ദ്ര പട്ടേല്‍ പറഞ്ഞു.
മത്സ്യം, മാംസം, ചിക്കന്‍, മുട്ട എന്നിവയുള്‍പ്പെടെ എല്ലാത്തരം സസ്യേതര വിഭവങ്ങള്‍ വില്‍ക്കുന്ന വഴിയോരക്കച്ചവടക്കാരും റെസ്റ്റോറന്റുകളും ഇവ പൊതുജനങ്ങള്‍ കാണാത്ത രീതിയില്‍ മറക്കണമെന്ന് നഗരസഭയിലെ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ ഹിതേന്ദ്ര പട്ടേല്‍ പറഞ്ഞു. എല്ലാ ഭക്ഷണശാലകളും പ്രത്യേകിച്ച് മത്സ്യം, മാംസം, മുട്ട തുടങ്ങിയവ വില്‍ക്കുന്നവര്‍ ശുചിത്വ കാരണങ്ങളാല്‍ ഭക്ഷണം നന്നായി മൂടിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് അദ്ദേഹം മാധ്യമങ്ങളോടും പറഞ്ഞു. തിരക്കുള്ള പ്രധാന റോഡുകളുടെ സമീപമുള്ള കടകള്‍, ഭക്ഷണം അവിടെ നിന്ന് നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സസ്യേതര വിഭവങ്ങള്‍ ഭക്ഷണം ആരും കാണുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഇത് മതവികാരവുമായി ബന്ധപ്പെട്ടതാണെന്നും സുതാര്യമായ കവര്‍ ഉപയോഗിച്ച് പൊതിഞ്ഞുകൊണ്ട് ഭക്ഷണ സാധനങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ കച്ചവടക്കാരെ അനുവദിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി പട്ടേല്‍ പറഞ്ഞു. മാംസാഹാരം വില്‍പ്പനക്കായി പ്രദര്‍ശിപ്പിക്കുന്നത് വര്‍ഷങ്ങളായി തുടരുന്ന ശീലമായിരിക്കാം. പക്ഷേ അത് തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പച്ചമാംസവും മുട്ടയും വില്‍ക്കുന്ന കടകള്‍ക്കും നിര്‍ദേശം ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.
15 ദിവസത്തിനകം കച്ചവടക്കാന്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അല്ലാത്ത പക്ഷം പിഴ ഈടാക്കുമെന്നുമുള്ള തീരുമാനം നഗസഭ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും പട്ടേല്‍ പറഞ്ഞു. എന്നാല്‍ ഈ തീരുമാനത്തെക്കുറിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് മുനിസിപ്പല്‍ കമ്മീഷണര്‍ ശാലിനി അഗര്‍വാളും ഭരണവിഭാഗത്തിലെ ഉദ്യോഗസ്ഥരും പറഞ്ഞത്. ഇത് സംബന്ധിച്ച് ഔദ്യോഗിക നിര്‍ദേശങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് അഗര്‍വാള്‍ പറഞ്ഞു.
സസ്യേതര വിഭവങ്ങള്‍ വില്‍ക്കുന്ന സ്റ്റാളുകള്‍ മാംസ ഭക്ഷണം മാത്രം വില്‍ക്കുന്ന ഇടങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്നും ഇത്തരം കടകള്‍ പ്രധാന റോഡുകളില്‍ നിന്ന് മാറ്റി സ്ഥാപിക്കണമെന്നും ഗുജറാത്തിലെ രാജ്‌കോട്ട് മേയര്‍ നിര്‍ദ്ദേശം പാസാക്കിയതിന് പിന്നാലെയാണ് വഡോദര മുന്‍സിപ്പല്‍ കോര്‍പറേഷന്റെ നീക്കം.
Content Highlights: Vadodara municipal corporation remove non-vegetarian food from public display: standing panel chief
Published: 12 Nov 2021, 04:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented