ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത് ബുധനാഴ്ച ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പ് പാര്‍ട്ടിയെ വെട്ടിലാക്കിയിരുന്നു. ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിന്റെ പ്രചാരണം സജീവമായിരിക്കുന്ന സമയത്താണ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയുള്ള ഹരീഷ് റാവത്തിന്റെ പ്രതികരണം. ഇതിന് പിന്നാലെ ഇപ്പോള്‍ ഉത്തരാഖണ്ഡിലെ പാര്‍ട്ടിയുടെ പ്രധാനപ്പെട്ട നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്.

To advertise here,

തിരഞ്ഞെടുപ്പിന്റെ സമുദ്രത്തില്‍ നമുക്ക് നീന്തേണ്ടതുണ്ട്. എന്നിട്ടും സംഘടന തന്നെ അവഗണിക്കുകയാണ്. ഇത് വിചിത്രമല്ലേ. നമുക്ക് സഞ്ചരിക്കേണ്ട സമുദ്രത്തില്‍, അധികാരമുള്ളവര്‍ നിരവധി മുതലകളെ അഴിച്ചുവിട്ടിട്ടുണ്ട്. ഞാന്‍ ആരെയാണോ പിന്തുടരേണ്ടത്, അവരുടെ ആളുകള്‍ എന്റെ കൈയും കാലും കെട്ടിയിട്ടിരിക്കുകയാണെന്ന്‌ ഇപ്പോള്‍ തനിക്ക് തോന്നുകയാണെന്നാണ് ഹരീഷ് റാവത്ത് ട്വിറ്ററില്‍ കുറിക്കുന്നത്. ഇനി വിശ്രമിക്കാനുള്ള സമയമായെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.

ഗാന്ധികുടുംബവുമായി അടുത്തബന്ധമാണ് ഹരീഷ് റാവത്തിനുള്ളത്. എന്നാല്‍ അദ്ദേഹത്തിന്റെ ട്വീറ്റുകള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ കുറ്റപ്പെടുത്തി കൊണ്ടുള്ളതാണെന്നുള്ളത് ഏറെ ശ്രദ്ധേയമാണ്. 

സംസ്ഥാനത്ത്‌ കോണ്‍ഗ്രസിന്റെ ഏറ്റവും ശക്തനായ നേതാവാണ് ഹരീഷ് റാവത്ത്. എന്നിരുന്നാലും, കുറച്ചുകാലമായി അദ്ദേഹം പ്രവര്‍ത്തനങ്ങളില്‍ അത്ര സജീവമായിരുന്നില്ല. കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ്‌ പ്രീതം സിംങുമായി സംഘടനാപരമായ വിഷയങ്ങളില്‍ റാവത്തിന് അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു.

സംസ്ഥാനത്ത് പാര്‍ട്ടിയെ എങ്ങനെ നയിക്കണമെന്ന കാര്യത്തില്‍ ഇരുവര്‍ക്കും അഭിപ്രായവ്യത്യാസമുണ്ടായിരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാവ് ദേവേന്ദ്ര യാദവ് കൂടി രംഗത്തെത്തിയതോടെ സ്ഥിതി കൂടുതല്‍ വഷളായി. രണ്ട് നേതാക്കളും റാവത്തിന്റെ എതിര്‍ ചേരിയിലുള്ളവരായതിനാല്‍ പാര്‍ട്ടി പ്രതീക്ഷിച്ചതിന് വിപരീതമായി കാര്യങ്ങള്‍. 

കോണ്‍ഗ്രസില്‍ ചേരിപ്പോര് രൂക്ഷമാകുകയും മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കലാപ സൂചന നല്‍കുകയും ചെയ്തതോടെ പാര്‍ട്ടി ഹൈക്കമാന്‍ഡ് ഉത്തരാഖണ്ഡിലെ ഉന്നത നേതാക്കളെ വ്യാഴാഴ്ച ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്. ഗണേഷ് ഗോഡിയാല്‍, ദേവേന്ദ്ര യാദവ് തുടങ്ങിയ നേതാക്കള്‍ ഇന്നലെ യോഗം ചേര്‍ന്നിരുന്നു. ഇവരെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. റാവത്തും ഇന്ന് തന്നെ ഡല്‍ഹിയില്‍ എത്തുമെന്നും സൂചനയുണ്ട്.

2022ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുന്നത് തടയാനുള്ള ബിജെപിയുടെ ഗൂഢാലോചനയുടെ ഭാഗമാണ് ഉത്തരാഖണ്ഡിന്റെ ചുമതലയുള്ള എഐസിസി നേതാവ് ദേവേന്ദര്‍ യാദവെന്ന് റാവത്തിന്റെ ഉപദേഷ്ടാവ് സുരീന്ദര്‍ അഗര്‍വാള്‍ അവകാശപ്പെട്ടതും വിവാദമായിരുന്നു.

അതേസമയം റാവത്തിനെ പരിഹസിച്ച് മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംങ് രംഗത്തെത്തി. റാവത്തായിരുന്നു പഞ്ചാബിന്റെ ചുമതലയുള്ള എഐസിസി നേതാവ്. അമരീന്ദര്‍ സിങ്ങിനെ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കി പകരം ചരണ്‍ജിത് സിംഗ് ചന്നിയെ മുഖ്യമന്ത്രിയാക്കാന്‍ റാവത്ത് നിര്‍ണായക പങ്ക് വഹിച്ചിരുന്നു. 

'നിങ്ങള്‍ വിതയ്ക്കുന്നത് നിങ്ങള്‍ കൊയ്യുന്നു! നിങ്ങളുടെ ഭാവി ഉദ്യമങ്ങള്‍ക്ക് എല്ലാ ആശംസകളും (എന്തെങ്കിലും ഉണ്ടെങ്കില്‍) നേരുന്നു' റാവത്തിനെ ടാഗ് ചെയ്തുകൊണ്ട് അമരീന്ദര്‍ പരിഹാസരൂപേണ ട്വീറ്റ് ചെയ്തു.

Content Highlights: Uttarakhand congress leaders summoned to Delhi by highcommand on Harish Rawat issue