ന്യൂഡൽഹി: രാജിക്ക് പിന്നാലെ ഹൈക്കമാൻഡിന് മുന്നിൽ ഉപാധികളുമായി സിദ്ധരാമയ്യ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ അഞ്ച് ആവശ്യങ്ങളാണ് സിദ്ധരാമയ്യ മുന്നോട്ടുവെച്ചത്. രാജിക്ക് പിന്നാലെ പരമാവധി സ്ഥാനങ്ങൾ നേടിയെടുക്കാനാണ് സിദ്ധരാമയ്യ ശ്രമിക്കുന്നത്.

To advertise here,

സുപ്രധാന വകുപ്പ് നൽകി മകൻ യതീന്ദ്രയേയും കൂടെനിൽക്കുന്ന നേതാക്കളേയും മന്ത്രിയാക്കണം എന്നതടക്കമുള്ള അഞ്ച് ആവശ്യങ്ങളാണ് അദ്ദേഹം മുന്നോട്ടുവെച്ചിരിക്കുന്നത്. താൻ പുറത്തുപോയാലും തനിക്കൊപ്പം നിൽക്കുന്ന ആളുകൾ മന്ത്രിസഭയിൽ ഉണ്ടാകണം എന്നതാണ് സിദ്ധരാമയ്യ ഉദ്ദേശിക്കുന്നത്.

രാജ്യസഭാ തിരഞ്ഞെടുപ്പിൽ തന്റെ ഒപ്പമുള്ളവരുടെ സീറ്റുകൾ പരിഗണിക്കണം. സംസ്ഥാനത്തെ നിയമനിർമാണ കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പിൽ തന്റെ വിശ്വസ്തരായ ആളുകൾക്ക് സീറ്റ് നൽകണം. മകൻ യതീന്ദ്ര സിദ്ധരാമയ്യയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണം എന്നിവയാണ് അദ്ദേഹത്തിന്റെ ആവശ്യം.

യതീന്ദ്രയ്ക്ക് നൽകേണ്ട വകുപ്പിനെക്കുറിച്ചും അദ്ദേഹം ഹൈക്കമാൻഡിനോട് സംസാരിച്ചിട്ടുണ്ട്. വ്യവസായ വകുപ്പ്, സാമൂഹികനീതി വകുപ്പ് തുടങ്ങിയവ യതീന്ദ്രയ്ക്ക് നൽകണം എന്ന ആവശ്യമാണ് അദ്ദേഹം മുന്നോട്ടുവെച്ചിട്ടുള്ളത്. അതിനിടെ സിദ്ധരാമയ്യയെ പ്രകീർത്തിച്ചുകൊണ്ട് വൈകാരിക പ്രതികരണം നടത്തി ഡി.കെ. ശിവകുമാറും രംഗത്തെത്തി.

മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച ഉണ്ടാകും. കർണാടക കോൺഗ്രസിലെ എംഎൽഎമാരോടെല്ലാം ശനിയാഴ്ച ബെംഗൂരുവിൽ എത്തിച്ചേരണമെന്ന് നിർദേശമുണ്ട്. ശനിയാഴ്ച ഒരു സ്വകാര്യ ഹോട്ടലിൽവെച്ച് പാർലമെന്ററി പാർട്ടി യോഗം നടക്കും എന്നാണ് വിവരം. അതിനുശേഷമായിരിക്കും നിയമസഭാകക്ഷി നേതാവായി ഡി.കെ. ശിവകുമാറിനെ തിരഞ്ഞെടുക്കുക.

ആദ്യഘട്ടത്തിൽ ഡി.കെ. ശിവകുമാറും രണ്ട് ഉപമുഖ്യമന്ത്രിമാരുമാകും സത്യപ്രതിജ്ഞ ചെയ്യുക. രാജ്യസഭാ തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും മറ്റ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഉണ്ടാവുക എന്നും സ്രോതസ്സുകൾ അറിയിച്ചു.