ലഖ്നൗ: ലോക്സഭാ തിരഞ്ഞെടുപ്പിലെ നിറംമങ്ങിയ പ്രകടനത്തിന്റെ പേരില്‍ ഉത്തര്‍പ്രദേശ് ബി.ജെ.പിയില്‍ അഴിച്ചുപണി ഉണ്ടാവുമെന്ന സൂചനകള്‍ക്കിടെ ഡല്‍ഹിയിലും സംസ്ഥാനത്തും തിരക്കിട്ട ചര്‍ച്ചകള്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജ്ഭവനിലെത്തി ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിനെ കണ്ടു. മന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു യോഗി ഗവര്‍ണറെ കണ്ടെത്.
മാസാവസാനം ആരംഭിക്കാനിരിക്കുന്ന നിയമസഭാ സമ്മേളനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായാണ് യോഗി ഗവര്‍ണറെ കണ്ടതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വരാനിരിക്കുന്ന പത്ത് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ചയെന്നും വിവരമുണ്ട്. മന്ത്രിസഭാ പുനഃസംഘടനയും തള്ളിക്കളയാനാവില്ലെന്നും വിലയിരുത്തലുണ്ട്.
ഉപതിരഞ്ഞെടുപ്പായിരുന്നു മന്ത്രിസഭാ യോഗത്തിന്റെ അജന്‍ഡയെന്ന് ധനമന്ത്രി സുരേഷ് ഖന്ന പറഞ്ഞു. മുഴുവന്‍ സീറ്റുകളിലും തങ്ങള്‍ ജയിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. വികസനപദ്ധതികളും മഴക്കെടുതി നേരിടാനുള്ള മുന്നൊരുക്കങ്ങളും വിലയിരുത്തിയതായി ജല്‍ശക്തി മന്ത്രി സ്വതന്ത്രദേവ് സിങ് അറിയിച്ചു. കന്‍വാര്‍ യാത്രയ്ക്കായുള്ള ഒരുക്കങ്ങളും ചര്‍ച്ചയായതായി വിവരമുണ്ട്.
എം.എല്‍.എമാര്‍ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്നാണ് ഒന്‍പത് മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഇതില്‍ അഖിലേഷ് യാദവ് രാജിവെച്ച കര്‍ഹാളും ഉള്‍പ്പെടുന്നു. ഏഴുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട എസ്.പി. എം.എല്‍.എ. ഇര്ഫാന് സോളങ്കി അയോഗ്യനാക്കപ്പെട്ടതിനെത്തുടര്‍ന്നാണ് ഒരു സീറ്റില്‍ ഉപതിരഞ്ഞെടുപ്പ്.
ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ഡല്‍ഹിയില്‍ ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ യോഗി ആദിത്യനാഥുമായി ഭിന്നതയുണ്ടെന്ന അഭ്യൂഹമുയര്‍ന്നത്. സര്‍ക്കാരിനേക്കാള്‍ വലുതാണ് തനിക്ക് സംഘടന എന്ന അദ്ദേഹത്തിന്റെ പരാമര്‍ശവും ചര്‍ച്ചയായി. പിന്നാലെ നിലപാട് ആവര്‍ത്തിച്ച് അദ്ദേഹം പരസ്യമായി രംഗത്തെത്തി. ആരും പ്രസ്ഥാനത്തേക്കാള്‍ വലുതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേശവ് പ്രസാദ് മൗര്യ നഡ്ഡയെ കണ്ടതിന് പിന്നാലെ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ ഭൂപേന്ദ്ര ചൗധരി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രകടനത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് രാജി സന്നദ്ധത അറിയിച്ചുവെന്ന് സൂചനയുണ്ട്. തുടര്‍നടപടി ആലോചിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. മോദിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച.
Content Highlights: Yogi Adityanath meets Governor Anandiben Patel
Published: 17 Jul 2024, 08:40 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented