തോപ്പുംപടി: ഇന്ത്യയിൽനിന്നുള്ള ഉത്പന്നങ്ങൾക്കുള്ള തീരുവ 50 ശതമാനമായി ഉയർത്തിയ അമേരിക്കൻ തീരുമാനം ബുധനാഴ്ച നിലവിൽ വന്നതോടെ കേരളത്തിന്റെ സമുദ്രോത്പന്ന മേഖലയിൽ കടുത്ത പ്രതിസന്ധി. അമേരിക്കൻ ഓർഡറുകൾ ധാരാളമുണ്ടായിരുന്നതിനാൽ കോടിക്കണക്കിനു രൂപയുടെ സമുദ്രോത്പന്നങ്ങളാണ് കേരളത്തിലെ കമ്പനികൾ ശേഖരിച്ചുെവച്ചത്. ആറുമാസം മുൻപു തന്നെ അമേരിക്കൻ ഓർഡറുകൾ കേരളത്തിലെ കമ്പനികൾക്ക് ലഭിച്ചിരുന്നു. എന്നാൽ, ഈ ഓർഡറുകളെല്ലാം അമേരിക്ക തത്കാലം മരവിപ്പിച്ചിരിക്കുകയാണ്.
ഓർഡറുകൾ റദ്ദാക്കിയ നിലയിലാണെന്ന് സമുദ്രോത്പന്ന കയറ്റുമതിക്കാർ പറയുന്നു. അമേരിക്കയിലേക്കു മാത്രം പ്രതിവർഷം ഏതാണ്ട് 21,000 കോടിയുടെ സമുദ്രോത്പന്നങ്ങളാണ് കയറ്റി അയയ്ക്കുന്നത്. ഈ വർഷം ഇതിന്റെ പത്ത് ശതമാനത്തിൽ താഴെ മാത്രമാണ് കപ്പലിൽ പോയിട്ടുള്ളത്. ബാക്കിയുള്ളത് അയയ്ക്കാനുണ്ട്. ഇതിൽ അധികവും ചെമ്മീനാണ്. അടുത്ത ആറു മാസത്തേക്ക് കയറ്റി അയയ്ക്കാനുള്ളവ കമ്പനികളുടെ ഗോഡൗണുകളിൽ സൂക്ഷിച്ചിരിക്കുകയാണ്. അമേരിക്കയുടെ തീരുമാനത്തെ തുടർന്ന്, കേരളത്തിൽ നേരത്തേ ശേഖരിച്ചുവെച്ച ചരക്കിന്റെ മൂല്യം ഏതാണ്ട് 50 ശതമാനം കുറഞ്ഞെന്നാണ് കണക്കുകൂട്ടൽ. അമേരിക്കൻ ഓർഡറുകൾ മുന്നിൽ കണ്ട് കോടികളാണ് കയറ്റുമതി കമ്പനികൾ ചെലവാക്കിയത്. അമേരിക്കൻ വാതിലുകളടഞ്ഞതോടെ ഈ നിക്ഷേപം പാഴാകുമെന്ന സ്ഥിതിയാണ്.
ചൈനയും പിന്മാറുന്നു
അമേരിക്കയിലേക്കുള്ള കയറ്റുമതി വലിയ തോതിൽ കുറയുന്നതിനാൽ, ഇന്ത്യൻ ഉത്പന്നങ്ങൾക്ക് വില കുറയുമെന്ന് ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ കണക്കുകൂട്ടുന്നു. ചൈനയും വിയറ്റ്‌നാമും തായ്‌ലാൻഡും നേരത്തേ നൽകിയ ഓർഡറുകളിൽനിന്ന് പിന്മാറുന്നതായി ബിസിനസുകാർ പറയുന്നു. തത്കാലം ചരക്ക് വേണ്ടെന്നാണ് അവരുടെ നിലപാട്. വില കുറയാനുള്ള സാധ്യതയുള്ളതിനാൽ, അതുവരെ കാത്തിരിക്കാനാണ് അവരുടെ നീക്കം.
സഹായം തേടി കയറ്റുമതിക്കാർ
കോടിക്കണക്കിനു രൂപ മുതൽമുടക്കി വാങ്ങിയ സമുദ്രോത്പന്നങ്ങൾ, കയറ്റി അയയ്ക്കാൻ കഴിയാത്ത സാഹചര്യമുള്ളതിനാൽ, സ്ഥാപനങ്ങൾക്ക് കുറഞ്ഞ പലിശനിരക്കിൽ വായ്പകൾ അനുവദിക്കണമെന്ന് സീഫുഡ് എക്സ്‌പോർട്ട് അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രവർത്തന ചെലവിന്റെ 30 ശതമാനമെങ്കിലും വായ്പയായി അനുവദിക്കണമെന്നാണ് അവരുടെ ആവശ്യം. കോവിഡ് കാലത്ത് ഇതുപോലെ പല മേഖലയിലും സർക്കാർ സഹായം നൽകിയിരുന്നു. കോവിഡിനെക്കാൾ കടുത്ത പ്രതിസന്ധിയാണ് ഇപ്പോൾ മേഖല നേരിടുന്നത്. മേഖലയെ പിടിച്ചു നിർത്താൻ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചിട്ടുള്ളതായി സീഫുഡ് എക്സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് അലക്സ് കെ. നൈനാൻ പറഞ്ഞു.
Content Highlights: US Tariff Hike Cripples Kerala's Seafood Export Industry: Orders Frozen, Businesses Face Crisis
Published: 28 Aug 2025, 03:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented