ന്യൂഡല്‍ഹി: യുഎസ് ചുമത്തിയ 50 ശതമാനം തീരുവ കാര്യമായി ബാധിച്ചു തുടങ്ങിയതിന് പിന്നാലെ മറ്റ് വിപണികളെ ലക്ഷ്യംവെച്ച് ഇന്ത്യന്‍ കയറ്റുമതി മേഖല. ചെമ്മീന്‍, രത്‌ന-സ്വര്‍ണാഭരണങ്ങള്‍, വാഹനങ്ങളുടെ ഘടകങ്ങള്‍, ഇലക്ട്രിക് യന്ത്രങ്ങള്‍ തുടങ്ങിയ മേഖലകളില്‍നിന്നുള്ള കയറ്റുമതിയുടെ ഒരുഭാഗം ഏഷ്യന്‍, യൂറോപ്യന്‍ വിപണികളെ ലക്ഷ്യമാക്കി മാറിയെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസിന്റെ 50 ശതമാനം തീരുവ ഓഗസ്റ്റ് മാസം അവസാനം മുതലാണ് നിലവില്‍ വന്നത്.

To advertise here,

യുഎസിലേക്കുള്ള രത്‌ന-സ്വര്‍ണാഭരണ കയറ്റുമതിയില്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മാസത്തേ അപേക്ഷിച്ച് ഈ സെപ്റ്റംബറില്‍ 76 ശതമാനം ഇടിവാണുണ്ടായിരിക്കുന്നതെന്ന് വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍, ഈ വിഭാഗത്തില്‍നിന്നുള്ള ആകെ കയറ്റുമതിയില്‍ 1.76 ശതമാനം കുറവേ ഉണ്ടായിട്ടുള്ളൂ. ഇതിന് കാരണം യുഎഇ (79%), ഹോങ് കോങ് (11%), ബെല്‍ജിയം (8%) എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിയിലുണ്ടായ വര്‍ധനയാണ്.

വാഹനഘടകങ്ങളുടെ കയറ്റുമതിയിലും സമാനമായ രീതിയാണ് ദൃശ്യമായിട്ടുള്ളത്. സെപ്റ്റംബര്‍ മാസത്തില്‍ യുഎസിലേക്കുള്ള കയറ്റുമതിയില്‍ 12 ശതമാനം കുറവുണ്ടായിട്ടുണ്ട്. എന്നാല്‍ ജര്‍മനി, യുഎഇ, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിയില്‍ വര്‍ധനയുണ്ടാവുകയും ഇത് ആകെ കയറ്റുമതിയില്‍ എട്ടുശതമാനം വര്‍ധനയ്ക്ക് വഴിവെക്കുകയും ചെയ്തിട്ടുണ്ട്. സമുദ്രോത്പന്ന കയറ്റുമതിയില്‍ സെപ്റ്റംബര്‍ മാസത്തില്‍ 25 ശതമാനത്തോളം വളര്‍ച്ചയാണുണ്ടായിട്ടുള്ളത്. ഒക്ടോബറില്‍ 11 ശതമാവും. ചൈന, ജപ്പാന്‍, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളില്‍നിന്നുള്ള ആവശ്യക്കാര്‍ കൂടിയതാണ് ഇതിന് കാരണം.

ഉയര്‍ന്ന താരിഫിനെ തുടര്‍ന്ന് യുഎസ് വിപണിയിലേക്കുള്ള ഇന്ത്യന്‍ ഉത്പന്നങ്ങളുടെ പ്രവേശനം പരിമിതപ്പെട്ടിരിക്കുകയാണ്. എന്നാല്‍ ഈ പരിമിതിയെ മറികടക്കാന്‍ ഏഷ്യന്‍, യൂറോപ്യന്‍ വിപണികളുമായുള്ള ഇന്ത്യയുടെ വാണിജ്യബന്ധം സഹായകമാകുന്നുവെന്നാണ് മേല്‍പ്പറഞ്ഞ കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നിരുന്നാലും ലാഭം കുറഞ്ഞതും തൊഴിലാളികള്‍ ഏറെ വേണ്ടതുമായ പരുത്തിവസ്ത്ര നിര്‍മാണം, തുകല്‍ച്ചെരിപ്പ് നിര്‍മാണം തുടങ്ങിയ മേഖലകള്‍ക്കു നേരെ ചൈനയില്‍നിന്നും ആസിയാന്‍ രാജ്യങ്ങളില്‍നിന്നും കടുത്ത വെല്ലുവിളിയാണ് ഉയരുന്നത്. ചെറു യൂണിറ്റുകള്‍ സാമ്പത്തിക പ്രതിസന്ധിയും നേരിടുന്നുണ്ട്.

സ്‌പോര്‍ട്‌സ് ഗുഡ്‌സ് ഇനത്തില്‍പ്പെട്ട ഉത്പന്നങ്ങള്‍ നാല്‍പ്പതു ശതമാനത്തോളം കയറ്റുമതി ചെയ്തിരുന്നത് യുഎസിലേക്കാണ്. എന്നാല്‍, ഇതിന് മറ്റൊരു വിപണി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഈ മേഖലയില്‍നിന്നുള്ള കയറ്റുമതി ഒക്ടോബര്‍ മാസത്തില്‍ ആറു ശതമാനം കുറഞ്ഞിട്ടുണ്ട്.

വിയറ്റ്‌നാം, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് കടുത്ത വെല്ലുവിളിയാണ് പരുത്തി വസ്ത്ര നിര്‍മാണ മേഖല നേരിടുന്നത്. യുഎഇ, സ്‌പെയിന്‍, ഇറ്റലി, സൗദി അറേബ്യ എന്നിവിടങ്ങളിലേക്ക് ഉയര്‍ന്ന അളവില്‍ കയറ്റുമതി ചെയ്യപ്പെടുന്നുണ്ടെങ്കിലും സെപ്റ്റംബര്‍ മാസത്തില്‍ ആറു ശതമാനത്തിന്റെ ഇടിവുണ്ടായിട്ടുണ്ട്. യുഎസിലേക്കുള്ള കയറ്റുമതി കുറഞ്ഞതിന് പിന്നാലെ തുകല്‍ ചെരിപ്പ് കയറ്റുമതിയിലും ഇടിവുണ്ടായി. പത്തു ശതമാനം കുറവാണുണ്ടായിരിക്കുന്നത്.