ന്യൂഡല്‍ഹി: പാകിസ്താന്റെ ആണവായുധങ്ങള്‍ യുഎസിന്റെ നിയന്ത്രണത്തിലാണെന്നും മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫും യുഎസും തമ്മിലുണ്ടായിരുന്ന ബന്ധത്തേക്കുറിച്ചും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍. ജോണ്‍ കിരിയാക്കോ എന്ന മുന്‍ സിഐഎ ഉദ്യോഗസ്ഥനാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. പാകിസ്താന്റെ ആണവായുധങ്ങളുടെ നിയന്ത്രണം യു.എസിന് കൈമാറിയത് മുഷറഫായിരുന്നുവെന്നും ഇദ്ദേഹം പറയുന്നു. ആണവായുധങ്ങളുടെ നിയന്ത്രണം ഭീകരര്‍ക്ക് ലഭിക്കാതിരിക്കാനാണ് ഈ നീക്കം നടത്തിയിരുന്നതെന്നാണ് ഇദ്ദേഹം പറയുന്നത്. 2002-ല്‍ താന്‍ പാകിസ്താനില്‍ ജോലി ചെയ്യുന്ന സമയത്ത്, പാക് ആണവായുധ ശേഖരം പെന്റഗണാണ് നിയന്ത്രിച്ചിരുന്നതെന്ന് അനൗദ്യോഗികമായി തന്നോട് പറഞ്ഞിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
മുഷറഫിന്റെ സഹകരണമാണ് യുഎസിന് കാര്യങ്ങള്‍ എളുപ്പമാക്കിയത്. 'നമ്മള്‍ ഏകാധിപതികളോടൊപ്പം പ്രവര്‍ത്തിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. കാരണം അപ്പോള്‍ പൊതുജനാഭിപ്രായത്തെക്കുറിച്ചോ മാധ്യമങ്ങളെക്കുറിച്ചോ ആശങ്കപ്പെടേണ്ടതില്ല,' കിരിയാക്കോ പറഞ്ഞു. സൈനികമായും സാമ്പത്തിക സഹായങ്ങളുമായി ദശലക്ഷക്കണക്കിന് ഡോളറാണ് യു.എസ് പാകിസ്താന് ആ സമയത്ത് നല്‍കിയിരുന്നത്. മുഷറഫുമായി ആഴ്ചയില്‍ പലതവണ കൂടിക്കാഴ്ച നടത്തുകയും യുഎസിന് ആവശ്യമുള്ളതെല്ലാം ചെയ്യാന്‍ അദ്ദേഹം അനുവദിക്കുകയും ചെയ്തിരുന്നുവെന്നും കിരിയാക്കോ കൂട്ടിച്ചേര്‍ത്തു.
ഭീകരവാദത്തിന്റെ കാര്യത്തില്‍ മുഷറഫിന് ഇരട്ട നയമായിരുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു. സൈന്യത്തെയും തീവ്രവാദികളെയും സന്തോഷിപ്പിക്കുന്നതിനായി, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ അമേരിക്കയുമായി സഹകരിക്കുന്നതായി നടിക്കുകയും അതേസമയം ഇന്ത്യയ്ക്കെതിരെ ഭീകരപ്രവര്‍ത്തനങ്ങള്‍ തുടരുകയും ചെയ്യുന്ന രീതിയായിരുന്നു മുഷറഫിന്റേത്. ഒരുവശത്ത് യു.എസിനൊപ്പം അല്‍ ഖായിദ യ്‌ക്കെതിരെ നടപടിയെടുക്കുകയും ഇന്ത്യയില്‍ ഭീകരവാദം വളര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു.
അതേസമയം പാകിസ്താന്റെ ആണവായുധങ്ങളുടെ സ്രഷ്ടാവായ എ.ക്യു. ഖാനെ വധിക്കാന്‍ യുഎസ് പദ്ധതിയിട്ടിരുന്നുവെന്നും എന്നാല്‍ സൗദി ഗവണ്‍മെന്റിന്റെ നേരിട്ടുള്ള ഇടപെടല്‍ മൂലം യു.എസ്. അതില്‍ നിന്ന് പിന്മാറിയെന്നും കിരിയാക്കോ വെളിപ്പെടുത്തി. എ.ക്യു. ഖാനെതിരായ നീക്കം നയതന്ത്ര പരാജയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
2001-ലെ പാര്‍ലമെന്റ് ആക്രമണത്തിനും 2008-ലെ മുംബൈ ഭീകരാക്രമണങ്ങള്‍ക്കും ശേഷം ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്ന് യു.എസ്. പ്രതീക്ഷിച്ചിരുന്നുവെങ്കിലും അത് സംഭവിച്ചില്ല. ഇന്ത്യയുടെ ഈ നയത്തെ സിഐഎ 'തന്ത്രപരമായ ക്ഷമ' എന്നാണ് വിശേഷിപ്പിച്ചത്. തിരിച്ചടിക്കാന്‍ എല്ലാ അവകാശവുമുണ്ടായിരുന്നിട്ടും അത് ചെയ്യാതിരുന്നത് വളരെ പക്വമായ വിദേശനയമാണ് ഇന്ത്യയുടേതെന്ന് വൈറ്റ് ഹൗസിലെ ഉദ്യോഗസ്ഥര്‍ ആ സമയത്ത് അഭിപ്രായപ്പെട്ടിരുന്നതായി കിരിയാക്കോ ഓര്‍മ്മിച്ചു. ഇന്ത്യയുടെ സംയമനം ഒരു ആണവയുദ്ധം ഉണ്ടാകുന്നതില്‍ നിന്ന് ലോകത്തെ രക്ഷിച്ചു. എന്നിരുന്നാലും, തന്ത്രപരമായ ക്ഷമയെ ബലഹീനതയായി തെറ്റിദ്ധരിക്കാന്‍ ഇടയാക്കി. അതിനാല്‍ അവര്‍ പ്രതികരിക്കേണ്ടതുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Former CIA officer reveals shocking details about US control over Pakistan`s nuclear weapons and the relationship with ex-President Pervez Musharraf to prevent terror access.
Published: 24 Oct 2025, 10:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented