ശ്രീനഗർ: ജമ്മു കശ്മീർ ഇന്ത്യയുടെ സുപ്രധാന ഭാഗമാണെന്ന് ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ശ്രീനഗറിലെത്തിയ അദ്ദേഹം മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഇക്കാര്യം പറ‍ഞ്ഞത്. മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളിൽ വലിയ പുരോഗതിയുണ്ടെന്നും അമേരിക്കൻ പൗരന്മാർക്ക് ഇവിടേക്ക് വരുന്നതിനായുള്ള യാത്രാവിലക്ക് പുനഃപരിശോധിക്കുന്നത് ആലോചനയിലുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

To advertise here,

‘കശ്മീർ ഇന്ത്യയുടെ സുപ്രധാന ഭാഗമാണ്. ഞാൻ ഇവിടെ ആദ്യമായാണ് വരുന്നത്. വിശ്വസിക്കാനാവാത്തത്ര മനോഹരമായ ഒരു സ്ഥലമാണിത്’, മുഖ്യമന്ത്രി ഒമർ അബ്ദുല്ലയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഗോർ പറഞ്ഞു. ഒമർ അബ്ദുള്ളയുള്ള കൂടിക്കാഴ്ച വളരെ ഊഷ്മളമായിരുന്നുവെന്നും ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്നും ഗോർ പറഞ്ഞു.

കഴിഞ്ഞവർഷം നടന്ന 'ഓപ്പറേഷൻ സിന്ദൂറി'ന് ശേഷം കശ്മീർ സന്ദർശിക്കുന്ന ആദ്യത്തെ ഉന്നത അമേരിക്കൻ നയതന്ത്രജ്ഞനാണ് സെർജിയോ ഗോർ. ദക്ഷിണ-മധ്യേഷ്യയ്ക്കായുള്ള അമേരിക്കൻ പ്രസിഡന്റിന്റെ പ്രത്യേക പ്രതിനിധി കൂടിയാണ് അദ്ദേഹം.

കശ്മീരിലെ സുരക്ഷാ സാഹചര്യം മെച്ചപ്പെടുത്തുന്നതിൽ കേന്ദ്ര സർക്കാരും കശ്മീർ സർക്കാരും വലിയ ചുവടുവെപ്പുകളാണ് നടത്തിയതെന്ന് ഗോർ പ്രശംസിച്ചു. മേഖലയിൽ സുരക്ഷ മെച്ചപ്പെട്ട സാഹചര്യത്തിൽ, അമേരിക്കൻ പൗരന്മാർക്കുള്ള യാത്രാവിലക്കുകൾ പുനഃപരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ  ഔദ്യോഗിക പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ലെങ്കിലും അമേരിക്ക വിഷയം പരിശോധിച്ചുവരികയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

മുമ്പും അമേരിക്കൻ പ്രതിനിധികൾ കശ്മീർ സന്ദർശിച്ചിട്ടുണ്ടെങ്കിലും  കശ്മീർ ഇന്ത്യയുടെ സുപ്രധാന ഭാഗമാണെന്ന പ്രസ്താവനയും യാത്രാവിലക്ക് നീക്കുന്നതിനെക്കുറിച്ചുള്ള സൂചനകളും ഏറെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. സമീപ വർഷങ്ങളിൽ യു.എസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രധാനപ്പെട്ട ഒരു നയതന്ത്ര ഇടപെടലായാണ് ഗോറിന്റെ ഈ സന്ദർശനം വിലയിരുത്തപ്പെടുന്നത്.