ന്യൂഡൽഹി: യു.പി.ഐ. ഇടപാടുകൾ ഉപഭോക്താക്കൾക്ക് സൗജന്യമായി തുടരുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. റോഡരികിലെ കച്ചവടക്കാരുടെ ചെറിയ ഇടപാടുകളടക്കം ബഹുഭൂരിപക്ഷം വ്യാപാരി ഇടപാടുകളും സൗജന്യമായിരിക്കും. ഭാവിയിലെ വ്യാപാരി നിരക്കുകൾ ചില വിഭാഗങ്ങൾക്കുമാത്രമേ ബാധകമാവൂ എന്നും മന്ത്രി വ്യക്തമാക്കി.

To advertise here,

മർച്ചന്റ് ഡിസ്ലൗണ്ട് റേറ്റ് (എം.ഡി. ആർ.) ചട്ടക്കൂട് ഇതുവരെ അന്തിമമാക്കിയിട്ടില്ല. ഉപഭോക്താക്കൾ യു.പി.ഐ. ചാർജ് നൽകേണ്ട. ഓരോ ഇന്ത്യക്കാരനും ഇടപാട് ചാർജ് നൽകാതെ തത്ക്ഷണ ഡിജിറ്റൽ പെയ്മെ‌ന്റുകൾ നടത്തുന്നത് തുടരാം - നികുതിയും മറ്റു നിയമങ്ങളും ഭേദഗതി ബില്ലിന്മേലുള്ള ചർച്ചയ്ക്ക് രാജ്യസഭയിൽ മറുപടി പറയവേ മന്ത്രി വ്യക്തമാക്കി.

മുൻധനമന്ത്രി പി. ചിദംബരത്തെ നിർമല കളിയാക്കി. യു.പി.ഐ. അവതരിപ്പിച്ചപ്പോൾ മുൻ ധനമന്ത്രിയും സഖ്യകക്ഷികളും അതിനെ കളിയാക്കി. രാജ്യത്തിന്റെ കഴിവിനെ ചോദ്യം ചെയ്തു. ഇന്ന് 11 രാജ്യങ്ങളിൽ യു.പി.ഐ. ലഭ്യമാണെന്നും നിർമലാ സീതാരാമൻ പറഞ്ഞു