മിര്‍സാപുര്‍: റോഡില്‍ അലഞ്ഞു നടക്കുന്ന കന്നുകാലികളെ പിടികൂടാന്‍ പൊതുമരാമത്ത് വകുപ്പിലെ ജൂനിയര്‍ എന്‍ജിനിയര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയ യു.പി സര്‍ക്കാരിന്റെ നടപടി വിവാദമായി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മിര്‍സാപുര്‍ സന്ദര്‍ശനത്തോട് അനുബന്ധിച്ചാണ് ഉത്തരവ് പുറത്തിറക്കിയത്.

To advertise here,

ജൂനിയര്‍ എന്‍ജിനിയര്‍മാര്‍ പത്തോളം കയറുകളുമായി കീഴുദ്യോഗസ്ഥര്‍ക്കൊപ്പം വിവിധ സ്ഥലങ്ങളില്‍ കാത്തുനില്‍ക്കണമെന്ന് ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു. കന്നുകാലികള്‍ അലഞ്ഞു തിരിയുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കയര്‍കൊണ്ട് കെട്ടി അവയെ റോഡില്‍നിന്ന് നീക്കണം. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ യാത്ര തടസപ്പെടാതിരിക്കാന്‍ ശ്രദ്ധയോടെ പ്രവര്‍ത്തിക്കണമെന്നും റോഡ് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ പുറത്തിറക്കിയ ഉത്തരവില്‍ നിര്‍ദ്ദേശിച്ചിരുന്നു.

റോഡുകളുടെ രൂപകല്‍പ്പനയുടെയും നിര്‍മാണത്തിന്റെയും ചുമതല വഹിക്കുന്ന എട്ട് ഉദ്യോഗസ്ഥര്‍ക്കാണ് കന്നുകാലികളെ പിടികൂടുന്നതിനുള്ള ചുമതല നല്‍കിയതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ടു ചെയ്തു. യു.പി സര്‍ക്കാരിന്റെ ഗംഗാ യാത്ര മിര്‍സാപുരിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദര്‍ശനം. വിവാദ ഉത്തരവ് പിന്‍വലിച്ചതായി അധികൃതര്‍ പിന്നീട് മാധ്യമങ്ങളെ അറിയിച്ചു.

ഇത്തരത്തിലുള്ള നിര്‍ദേശം നല്‍കിയതിന് വിശദീകരണവുമായി പൊതുമരാമത്ത് വകുപ്പ് അധികൃതരും രംഗത്തെത്തിയിട്ടുണ്ട്. സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരത്തിലുള്ള നിര്‍ദേശം നല്‍കിയതെന്നാണ് വിശദീകരണം. യോഗി ആദിത്യനാഥ് യു.പി മുഖ്യമന്ത്രിയായശേഷം കന്നുകാലികളെ വാഹനങ്ങളില്‍ കൊണ്ടുപോകുന്നതിനും വില്‍ക്കുന്നതിനും കര്‍ശനം നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. ഇതോടെ റോഡിലൂടെ കന്നുകാലികള്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്നത് പതിവായി.

Content Highlights: UP orders engineers to catch cows, retracts