ലഖ്‌നൗ: മതപരമായ കേന്ദ്രങ്ങളില്‍നിന്ന് അനധികൃത ഉച്ചഭാഷിണികള്‍ നീക്കം ചെയ്യാന്‍ ഉത്തരവിട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടുത്തിടെ ഉണ്ടായ വര്‍ഗീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണിത്.

To advertise here,

അനധികൃത ഉച്ചഭാഷികള്‍ നീക്കം ചെയ്യുന്നതിന് മുമ്പ് മതനേതാക്കളുമായി സംസാരിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യണമെന്നും യുപി സര്‍ക്കാര്‍ പോലീസിന് നിര്‍ദേശം നല്‍കി. ഉച്ചഭാഷിണികളുടെ ഉപയോഗം മറ്റുള്ളവര്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലാകരുതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞതിന് പിന്നാലെയാണ് നടപടി.

അനധികൃത ഉച്ചഭാഷിണികള്‍ നീക്കം ചെയ്യുന്നത് സംബന്ധിച്ച് ഏപ്രില്‍ 30-നകം റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ ഭരണകൂടങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇത്തരത്തില്‍ 128 ഉച്ചഭാഷിണികള്‍ ഇതുവരെ നീക്കം ചെയ്തു. 17,000 ത്തോളം ഉച്ചഭാഷികളിലെ ശബ്ദം സ്വമേധയാ കുറച്ചിട്ടുണ്ടെന്നും എഡിജിപി പ്രശാന്ത് കുമാര്‍ പറഞ്ഞു.

സാമുദായിക സൗഹാര്‍ദത്തിന്റെ ഭാഗമായി ഝാന്‍സി ജില്ലയിലെ ബഡഗാവിലെ ഏറ്റവും വലിയ ക്ഷേത്രവും പള്ളിയും അതത് സ്ഥലങ്ങളില്‍ നിന്ന് ഉച്ചഭാഷിണികള്‍ നീക്കം ചെയ്തു. ഗാന്ധി ചൗക്കില്‍ സ്ഥിതി ചെയ്യുന്ന രാം ജാന്‍കി ക്ഷേത്രവും സുന്നി ജുമാമസ്ജിദും പരസ്പരം ഏതാനും മീറ്റര്‍ അകലെയുള്ള ഉച്ചഭാഷിണികള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചു.

ഏതെങ്കിലും പ്രത്യേക മതവിഭാഗത്തെ ലക്ഷ്യം വെച്ചുകൊണ്ടല്ല നടപടിയെന്നും യുപി സര്‍ക്കാര്‍ അറിയിച്ചു.