ന്യൂഡൽഹി: ലൗ ജിഹാദിനെതിരേ എന്ന പേരിൽ യു.പിയിലെ ആദിത്യനാഥ് സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിനെതിരെ ഒരുകൂട്ടം മുൻ ഐ.എ.എസ്. ഓഫീസർമാർ. ഈ ഓർഡിനൻസ് സംസ്ഥാനത്തെ വിദ്വേഷ രാഷ്ട്രീയത്തിന്റെയും വിഭാഗീയതയുടെയും മതഭ്രാന്തിന്റെയും കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണെന്ന് 104 മുൻ ഐ.എ.എസ്. ഓഫീസർമാർ ഒപ്പിട്ട കത്തിൽ ആരോപിച്ചു. മുസ്ലിം യുവാക്കൾക്കെതിരെയും സ്വന്തം തിരഞ്ഞെടുപ്പുകൾക്ക് ധൈര്യപ്പെടുന്ന സ്ത്രീകൾക്കെതിരെയും പ്രയോഗിക്കുന്നതിനുള്ള ഒരു വടിയായാണ് പുതിയ ഓർഡിനൻസ് ഉപയോഗിക്കപ്പെടുന്നതെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

നിയമവിരുദ്ധമായ ഓർഡിൻസ് ഉടൻ പിൻവലിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, മുഖ്യമന്ത്രി ആദിത്യനാഥ് അടക്കം എല്ലാ രാഷ്ട്രീയക്കാരും ഇന്ത്യയുടെ ഭരണഘടന വീണ്ടും വായിച്ചു പഠിക്കണമെന്നും കത്തിൽ പറയുന്നു. മുൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ശിവശങ്കർ മേനോൻ, മുൻ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു, പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവ് ടി.കെ.എ. നായർ എന്നിവരടക്കമുള്ള പ്രമുഖർ കത്തിൽ ഒപ്പിട്ടിട്ടുണ്ട്.

ഒരു കാലത്ത് ഗംഗ-യമുന സംസ്കാരങ്ങളുടെ പേരിൽ അറിയപ്പെട്ടിരുന്ന സ്ഥലമാണ് ഉത്തർപ്രദേശ്. എന്നാൽ, ഇപ്പോൾ വിദ്വേഷ രാഷ്ട്രീയത്തിന്റെയും വർഗീയതയുടെയും കേന്ദ്രമായിരിക്കുന്നു. ഭരണസംവിധാനങ്ങളാകെ വർഗീയവിഷത്തിൽ ആണ്ടുപോയിരിക്കുന്നു. ഉത്തർപ്രദേശിലെ യുവജനങ്ങൾക്കെതിരെ ഭരണകൂടം നിരവധി ഹീനമായ അതിക്രമങ്ങൾ നടത്തിയിരിക്കുന്നു. സ്വതന്ത്ര രാജ്യത്തെ സ്വാതന്ത്ര്യമുള്ള പൗരൻമാരായി ഇന്ത്യക്കാർക്ക് ജീവിക്കാൻ സാധിക്കാൻ അവസരമുണ്ടാകണമെന്നും മുഖ്യമന്ത്രിക്കുള്ള കത്തിൽ ആവശ്യപ്പെടുന്നു.

ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ നടക്കുന്ന അതിക്രമ സംഭവങ്ങൾ കത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഏതാനും ദിവസങ്ങൾക്കു മുൻപ് മൊറാദാബാദിൽ ദമ്പതികൾക്കെതിരെ നടന്ന ക്രൂരമായ ആക്രമണം സംബന്ധിച്ച വാർത്തകളും ഉദാഹരണമായി എടുത്തുകാണിച്ചിട്ടുണ്ട്. ലൗ ജിഹാദിന്റെ പേരിൽ യുവാക്കൾ കടുത്ത അതിക്രമങ്ങൾ നേരിടുകയാണെന്നും സംഭവങ്ങൾ എടുത്തു കാട്ടി കത്തിൽ പറയുന്നു.

വ്യത്യസ്ത മതങ്ങളിൽപ്പെട്ട ദമ്പതികളുടെ കേസ് പരിഗണിക്കുമ്പോൾ, പ്രായപൂർത്തിയായ സ്ത്രീക്കും പുരുഷനും സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കുന്നതിനും ജീവിക്കുന്നതിനുമുള്ള അവകാശമുണ്ടെന്ന് അലഹബാദ് ഹൈക്കോടതിയുടെ അടുത്തിടെ ഉണ്ടായ നിരീക്ഷണവും കത്തിൽ എടുത്തു കാട്ടുന്നു. വിവാഹം പോലുള്ള വ്യക്തിയുടെ സ്വകാര്യ വിഷയങ്ങളിൽ ഇടപെടുന്നത് ഗുരുതരമായ കടന്നുകയറ്റമാണെന്നും നേരത്തെ കോടതി വ്യക്തമാക്കിയതും കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

Content Highlights:UP Epicentre Of Politics Of Hate- 104 Ex-IAS Officers To Yogi Adityanath