ന്യൂഡല്‍ഹി: രാജ്യത്ത് അണ്‍ലോക്ക് നാലാം ഘട്ടം സെപ്തംബര്‍ 30ന് പൂര്‍ത്തിയാവും. ഒക്ടോബര്‍ 1ന് ആരംഭിക്കുന്ന അഞ്ചാം ഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് അനൗദ്യോഗിക സൂചനകള്‍. കൺടെയ്ൻമെന്റ് സോണുകള്‍ക്ക് പുറത്താവും ഇളവുകള്‍ ബാധകമാവുക. അടുത്ത രണ്ട് മാസങ്ങള്‍ ഉത്സവകാലമായതിനാല്‍ വ്യാപാരമേഖലയ്ക്കും ഇളവുകള്‍ ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍. 

അണ്‍ലോക്ക് 5.0ല്‍ പ്രതീക്ഷിക്കാവുന്ന ഇളവുകള്‍

അണ്‍ലോക്ക് നാലാം ഘട്ടത്തില്‍ മെട്രോ സര്‍വീസുകള്‍ പുനരാരംഭിക്കാനും ഷോപ്പിങ് മാളുകള്‍, റെസ്റ്റോറന്റുകള്‍, ഹെയര്‍ സലൂണുകള്‍ തുടങ്ങിയവയ്ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്നു. സാമൂഹിക അകലം പാലിച്ച് ഇവയ്ക്ക് തുടര്‍ന്നും പ്രവര്‍ത്തിക്കാം. 

മള്‍ട്ടിപ്ലെക്‌സ് അസോസിയേഷന്റെ നിരന്തരമായ അഭ്യര്‍ഥനപ്രകാരം ഓപ്പണ്‍ എയര്‍ തിയേറ്ററുകള്‍ക്ക് സെപ്തംബര്‍ 21 മുതല്‍ പ്രവര്‍ത്തിക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു. ബംഗാളില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ സാധാരണ തീയേറ്ററുകള്‍ക്കും പരിമിതമായ ആളുകളോടോ തുറന്നുപ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. അഞ്ചാം ഘട്ടത്തില്‍ മറ്റ് സംസ്ഥാനങ്ങളിലും തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കിയേക്കും. 

നാലാം ഘട്ടത്തില്‍ താജ്മഹല്‍ ഉള്‍പ്പെടെ ഏതാനും വിനോദസഞ്ചാരകേന്ദ്രങ്ങല്‍ സഞ്ചാരികള്‍ക്കായി തുറന്നിട്ടുണ്ട്. ഇതോടെ വിനോദസഞ്ചാരമേഖല സാധാരണനിലയിലേക്ക് തിരിച്ചുവരാന്‍ ആരംഭിച്ചു. അഞ്ചാം ഘട്ടത്തില്‍ രാജ്യത്ത് കൂടുതല്‍ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ തുറന്നേക്കും. 

ഒമ്പത് മുതല്‍ 12 വരെ ക്ലാസ്സുകളിലുള്ള വിദ്യാര്‍ഥികള്‍ക്ക് സെപ്തംബര്‍ 21 മുതല്‍  നിയന്ത്രിത രീതിയിൽ അധ്യയനം ആരംഭിച്ചിട്ടുണ്ട്. ഇത് അഞ്ചാം ഘട്ടത്തിലും തുടരും. പ്രൈമറി ക്ലാസ്സുകള്‍ ആരംഭിക്കുന്നത് വൈകുമെന്നാണ് സൂചനകള്‍. 

Content Highlights: Unlock 5.0 Guidelines: More Relaxations Likely in October