ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ കത്തുകൾ പ്രധാനമന്ത്രിയുടെ മ്യൂസിയത്തിനും ലൈബ്രറിക്കുമായി തിരികെ നൽകണമെന്ന ആവശ്യവുമായി കേന്ദ്ര സാംസ്കാരിക, ടൂറിസം വകുപ്പ്മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ നെഹ്റുവിന്റെ കത്തിടപാടുകളും രേഖകളും ഒരു വ്യക്തിയുടേതല്ലെന്നും ഇത് രാജ്യത്തിന്റേതാണെന്നും വ്യക്തമാക്കിയ ഷെഖാവത്ത് അവ തിരികെ നൽകണമെന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയോട് അഭ്യർഥിച്ചു.
'മുമ്പ് നെഹ്റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി (എൻഎംഎംഎൽ) എന്നറിയപ്പെട്ടിരുന്ന പ്രധാനമന്ത്രിയുടെ മ്യൂസിയം ആൻഡ് ലൈബ്രറി (പിഎംഎംഎൽ) പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ മരണശേഷം സ്ഥാപിക്കപ്പെട്ടതാണ്. മ്യൂസിയവുമായി ബന്ധപ്പെട്ട് കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഒരു സൊസൈറ്റി രൂപീകരിച്ചിരുന്നു, പക്ഷേ, അത് ശരിയായി പ്രവർത്തിച്ചില്ല. പിന്നീട് 2023-ൽ ആണ് എൻഎംഎംഎൽ, പിഎംഎംഎൽ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടത്.' ഷെഖാവത്ത് പറഞ്ഞു.
1970 മുതൽ 1990 വരെയുള്ള 20 വർഷത്തെ കാലയളവിൽ, നെഹ്റുമായി ബന്ധപ്പെട്ട എല്ലാ അനൗദ്യോഗിക രേഖകളും മ്യൂസിയത്തിൽ എത്തിച്ചിരുന്നു; ഇതിൽ നെഹ്റു ആളുകൾക്ക് അയച്ച വ്യക്തിപരമായ കത്തുകൾ, ലഭിച്ച മറുപടികൾ, അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായങ്ങളും കുറിപ്പുകളും ഉൾപ്പെടുന്നു. 'എല്ലാ പ്രധാനമന്ത്രിമാരുടെയും സമാനമായ രേഖകൾ പ്രധാനമന്ത്രിയുടെ മ്യൂസിയത്തിൽ സൂക്ഷിക്കുന്നു. ഏകദേശം 2.5 കോടി രേഖകളുണ്ട്. ഇതിൽ, നാലുലക്ഷം പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റേതാണ്.' ഷെഖാവത്ത് പറഞ്ഞു.
മറ്റ് പ്രധാനമന്ത്രിമാരുടെ രേഖകൾ പ്രധാനമന്ത്രിയുടെ മ്യൂസിയത്തിന്റെ സ്ഥിരം സ്വത്താണെങ്കിലും നെഹ്റുവിന്റെ രേഖകൾ വായ്പയായോ സമ്മാനമായോ നൽകിയതല്ല, മറിച്ച് സുരക്ഷിതമായ സൂക്ഷിപ്പിനായി നൽകിയതാണെന്നും ഷെഖാവത്ത് എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
2008 ഏപ്രിൽ 29-ന്, നെഹ്റുവിന്റെ എല്ലാ സ്വകാര്യ കുടുംബ കത്തുകളും കുറിപ്പുകളും തിരിച്ചെടുക്കാൻ ആഗ്രഹിക്കുന്നതായി അറിയിച്ചുകൊണ്ട് സോണിയ ഗാന്ധിയുടെ നിർദ്ദേശപ്രകാരം, അവരുടെ പ്രതിനിധി എം.വി. രാജൻ മ്യൂസിയത്തിന് ഒരു കത്ത് എഴുതി. തുടർന്ന്, മ്യൂസിയത്തിൽ സുരക്ഷിതമായി സൂക്ഷിച്ചിരുന്ന ഈ രേഖകളിൽനിന്ന്, കുടുംബത്തിന് ആവശ്യമുള്ള കത്തുകൾ അവർക്ക് തിരികെ നൽകാൻ തീരുമാനിച്ചു. അങ്ങനെ, ഏകദേശം 26,000 രേഖകളുള്ള 57 പെട്ടികൾ മ്യൂസിയത്തിൽ നിന്ന് എടുത്തുമാറ്റി.
'അവ തിരികെ നൽകാൻ ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയം പരിശോധിക്കാമെന്ന് സോണിയാ ഗാന്ധിയും പറഞ്ഞിട്ടുണ്ട്. കാരണം, സ്വാഭാവികമായും, ഈ മന്ത്രിതല രേഖകൾ ഒരു വ്യക്തിയുടെ സ്വകാര്യ സ്വത്തായി പരിഗണിക്കാൻ കഴിയില്ല. ഞങ്ങൾ അവർക്ക് രണ്ട് കത്തുകൾ എഴുതിയിട്ടുണ്ട്, അവ തിരികെ നൽകാൻ ഞങ്ങൾ ഒരിക്കൽക്കൂടി അഭ്യർഥിക്കുന്നു.' ഷെഖാവത്ത് പറഞ്ഞു. സാംസ്കാരിക മന്ത്രാലയത്തിന്റെ ഡിജിറ്റലൈസേഷൻ സംരംഭങ്ങളെക്കുറിച്ചും കൈയെഴുത്തുപ്രതികളുടെ സംരക്ഷണത്തെക്കുറിച്ചും
'ഏകദേശം ഒന്നര വർഷം മുമ്പ്, ഞങ്ങൾ ദേശീയ ആർക്കൈവ്സിൽ ഒരു ഡിജിറ്റലൈസേഷൻ മിഷൻ ആരംഭിച്ചു. ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റലൈസേഷൻ പ്രവർത്തനം നടന്നുവരികയാണ് അവിടെ. ലക്ഷക്കണക്കിന് ഫയലുകൾ ഞങ്ങൾ ഡിജിറ്റലൈസ് ചെയ്യുകയും സുരക്ഷിതമാക്കുകയും ചെയ്തു. ചിലത് കൈയെഴുത്തുപ്രതികളാണ്, ചിലത് മരപ്പട്ടകളിലാണ്, ചിലത് സിൽക്ക് പേപ്പറിലാണ്, ചിലത് പേപ്പറിലും. ചിലതിൽ ചിത്രീകരണങ്ങളുമുണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പ് എഴുതാൻ തുടങ്ങിയ നമ്മുടെ രാജ്യത്തിന്റെ ഈ വിലമതിക്കാനാവാത്ത പൈതൃകം സംരക്ഷിക്കാൻ ഞങ്ങൾ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.' അദ്ദേഹം പറഞ്ഞു.
അറിവിന്റെ സമ്പന്നമായ പൈതൃകം അടങ്ങിയ ലക്ഷക്കണക്കിന് കൈയെഴുത്തുപ്രതികൾ പ്രധാനമന്ത്രിയുടെ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ടെന്നും അവ ഡിജിറ്റലൈസ് ചെയ്യുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് പ്രധാനമാണെന്നും മന്ത്രി പറഞ്ഞു. 'ഈ ആവശ്യം തിരിച്ചറിഞ്ഞ്, പ്രധാനമന്ത്രി നരേന്ദ്രമോദി 'ജ്ഞാന ഭാരതം മിഷൻ' ആരംഭിച്ചു. ഞങ്ങൾ ഒരു ദേശീയ സമ്മേളനം സംഘടിപ്പിച്ചു. ഈ മേഖലയിലെ വിദഗ്ധരെയും മറ്റ് പങ്കാളികളെയും ഞങ്ങൾ ക്ഷണിക്കുകയും ചർച്ച നടത്തുകയും ചെയ്തു. ഡിജിറ്റലൈസ് ചെയ്ത ഉള്ളടക്കം സംഭരിക്കാൻ ഞങ്ങൾ ഒരു പോർട്ടൽ സൃഷ്ടിച്ചിട്ടുണ്ട്. ആർക്കും അത് ആക്സസ് ചെയ്യാൻ കഴിയും.' അദ്ദേഹം പറഞ്ഞു.
Content Highlights: Union Minister Gajendra Singh Shekhawat requests Sonia Gandhi to return Jawaharlal Nehru`s letters to the Prime Minister`s Museum, stating they belong to the nation.
Published: 28 Dec 2025, 06:10 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented