ന്യൂഡൽഹി: തിരുപ്പതി ലഡ്ഡുവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിനോട് റിപ്പോർട്ട് തേടി കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡ. നായിഡുവിന്റെ പരാമർശം വൻ വിവാദങ്ങൾക്ക് വഴിതുറന്നിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി വിഷയത്തിൽ ഇടപെടുകയും റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തത്.

To advertise here,

വൈഎസ്ആർ കോൺ​ഗ്രസ് സർക്കാരിന്റെ കാലത്ത് തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പും മറ്റ് നിലവാരമില്ലാത്ത ചേരുവകളും ഉപയോഗിച്ചെന്നായിരുന്നു നായിഡുവിന്റെ ആരോപണം. ഇതിൽ വിശദാംശം ആരാഞ്ഞ നഡ്ഡ, റിപ്പോർട്ട് ആവശ്യപ്പെടുകയായിരുന്നെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. റിപ്പോർട്ട് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നും നഡ്ഡ മാധ്യമങ്ങളോട് പറഞ്ഞു.

തിരുപ്പതി ലഡ്ഡു നിർമിക്കാനുപയോ​ഗിക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പ്, മത്സ്യ എണ്ണ എന്നിവയുടെ സാന്നിധ്യം ഗുജറാത്ത് ആസ്ഥാനമായുള്ള ലബോറട്ടറി സ്ഥിരീകരിച്ചുവെന്നായിരുന്നു ആരോപണം. ടിഡിപി വക്താവ് അനം വെങ്കട രമണ റെഡ്ഡി പത്രസമ്മേളനത്തിൽ ഗുജറാത്തിലെ നാഷണൽ ഡയറി ഡെവലപ്‌മെൻ്റ് ബോർഡിലെ സെൻ്റർ ഓഫ് അനാലിസിസ് ആൻഡ് ലേണിങ് ഇൻ ലൈവ്‌സ്റ്റോക്ക് ആൻഡ് ഫുഡ് (സിഎഎൽഎഫ്) റിപ്പോർട്ട് പുറത്തുവിടുകയും ചെയ്തിരുന്നു. 

സംഭവം ഭക്തരുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നതും ഹൈന്ദവ ആചാരങ്ങളുടെ ലംഘനവുമാണ് സംഭവിച്ചതെന്ന് ആരോപിച്ച് സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്യപ്പെട്ടിട്ടുണ്ട്. തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പുണ്ടെന്ന ആരോപണം ക്ഷേത്ര ഭരണത്തിലെ വലിയ പിഴവുകളുടെ ലക്ഷണമാണെന്നും ഹിന്ദു ആചാരങ്ങളുടെ പവിത്രത സംരക്ഷിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.