
ഡോ. ഉമര്‍(ഇടത്ത്) ചെങ്കോട്ട ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത കാറില്‍ പരിശോധന നടത്തുന്ന ഫൊറന്‍സിക് സംഘം(വലത്ത്) | Photo: x.com/upuknews1 & PTI
ന്യൂഡൽഹി: ചെങ്കോട്ടയിൽ കാർബോംബ് സ്‌ഫോടനം നടത്തിയ ചാവേർ ഡോ. ഉമർ നബി കശ്മീരിലെ കൊടുംഭീകരൻ ബുർഹാൻ വാനിയുടെ വധത്തിന് പ്രതികാരംചെയ്യാനും പദ്ധതിയിട്ടു.
എൻഐഎ കസ്റ്റഡിയിലുള്ളവരെ ചോദ്യംചെയ്തതിൽനിന്നാണ് ഇക്കാര്യം വ്യക്തമായത്. ഭീകരപ്രവർത്തനങ്ങൾ ആസൂത്രണംചെയ്ത ഡോക്ടർമാരുടെ സംഘത്തിന്റെ കമാൻഡറെന്നും അമീർ എന്നും ഉമർ നബി സ്വയം വിശേഷിപ്പിച്ചിരുന്നതായി മറ്റുള്ളവർ മൊഴിനൽകി.
കശ്മീരിലെയും രാജ്യത്തിന്റെ വിവിധഭാഗങ്ങളിലെയും ഒട്ടേറെ ഭീകരാക്രമണങ്ങൾ ആസൂത്രണംചെയ്ത ഹിസ്ബുൽ മുജാഹിദ്ദീൻ ഭീകരൻ ബുർഹാൻ വാനിയെ 2016-ലാണ് സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചത്.
ഭീകരസംഘത്തിൽ ആദ്യമെത്തിയത് ഉമർ നബി
ഹരിയാണ ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിൽ അധ്യാപകനായ ഉമർ നബിയെയാണ് ജയ്‌ഷെ മുഹമ്മദിന്റെ ഇന്ത്യയിലെ റിക്രൂട്ടിങ് ഏജന്റായ മൗലവി ഇർഫാൻ അഹമ്മദ് ആദ്യമായി ഡോക്ടർമാരുടെ ഭീകരസംഘത്തിൽ ചേർത്തത്. പിന്നാലെ ഉമർ നബി ഡോ. മുസമ്മിൽ ഷക്കീലിനെയും ഭാഗമാക്കി.
വിവിധസ്ഥലങ്ങളിൽ ബോംബ് സ്ഫോടനത്തിന് ഉമറിന്റെ താത്‌പര്യപ്രകാരം ഓപ്പറേഷൻ അമീർ എന്ന പേരാണ് നൽകിയത്. ഉമറിന് ഒൻപത് ഭാഷകൾ അറിയാമായിരുന്നെന്നും മുസമിൽ ഷക്കീൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ അന്തരീക്ഷം മുസ്‌ലിങ്ങൾക്ക് നല്ലതല്ലെന്നും വംശഹത്യയ്ക്ക് സാധ്യതയുള്ളതിനാൽ തയ്യാറായിരിക്കണമെന്നും ഉമർ നബി മറ്റുള്ളവരോട് പറഞ്ഞു. ജമ്മു-കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയതും 2023 ജൂലായിൽ ഹരിയാണയിലെ മേവത്-നുഹ് മേഖലയിൽനടന്ന വർഗീയകലാപവും 2023 മാർച്ചിൽ രണ്ടുയുവാക്കളെ പശുക്കടത്താരോപിച്ച് ആൾക്കൂട്ടം കൊന്നതും ഉമറിനെ അലട്ടിയിരുന്നതായും ഷക്കീൽ പറഞ്ഞു.
കാറിലുണ്ടായിരുന്നത് പാതിപൂർത്തിയായ ഐഇഡി
ഫരീദാബാദ് പോലീസ് വളഞ്ഞപ്പോഴാണ് ഉമർ ഡൽഹിയിലേക്ക് രക്ഷപ്പെട്ടത്. കാറിൽ പകുതിപൂർത്തിയായ ഐഇഡി കൊണ്ടുവന്നു. ബോംബ് നിർമാണത്തിൽ നെയിൽ പോളിഷ് റിമൂവറും പൊടിച്ച പഞ്ചസാരയും ഉപയോഗിച്ചു. ഇതാണ് പൊട്ടിത്തെറിച്ചതെന്നാണ് നിഗമനം. ഹരിയാണയിൽനിന്ന് സ്‌ഫോടകവസ്തുക്കൾ കശ്മീരിലെത്തിച്ച് വൻസ്‌ഫോടനമാണ് ലക്ഷ്യമിട്ടത്. ആ പദ്ധതി ഫലിച്ചില്ല. അൽ ഫലാഹ് സർവകലാശാലയിലെ തന്റെ മുറിയിൽ ഉമർ നബി സ്‌ഫോടകവസ്തുക്കളും രാസപ്രവർത്തനങ്ങളും പരീക്ഷിച്ചിരുന്നു. ഉമറിന്റെ സ്യൂട്ട്‌കേസിൽനിന്നു കണ്ടെത്തിയ ബോംബുനിർമാണവസ്തുക്കൾ ഇത് സ്ഥിരീകരിക്കുന്നുണ്ടെന്ന് അന്വേഷണസംഘം അറിയിച്ചു.
Content Highlights: NIA investigation reveals Dr. Umar Nabi planned revenge for Burhan Wani`s death & Delhi Red Fort car bomb attack. Details of terror network.
Published: 26 Nov 2025, 09:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented